Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാർഡിനും യോഗം വേണമെന്ന് വിശ്വസിച്ചിരുന്ന ഇന്ദ്രൻസ്

indrass

സഹപ്രവര്‍ത്തകനായിരുന്ന ആള്‍ ആദ്യമായി ചെയ്ത സിനിമയുടെ പ്രിവ്യൂ കാണാന്‍ പോകുന്നുവെന്നതിനേക്കാള്‍ കൗതുകം ഇന്ദ്രന്‍സ് വരുന്നുണ്ടല്ലോ എന്നതായിരുന്നു. സിനിമയിലെ നായകന്‍ ഇന്ദ്രന്‍സ് ആണ്. ചിത്രം ആളൊരുക്കം. സിനിമയുടെ കഥയെന്തെന്ന് ചങ്ങാതിയായ സംവിധായകന്‍ നേരത്തെ ചെറിയൊരു സൂചന തന്നതോടെ ആളെക്കാണാനുള്ള കൗതുകം ഏറെയായി. ആ സിനിമയോടുള്ള പ്രതീക്ഷയും സത്യത്തില്‍ ഇന്ദ്രന്‍സ് എന്ന അഭിനേതാവിനോടുള്ളതുമായിരുന്നു. 

vc-abhilash-1 അഭിലാഷിനൊപ്പം ഇന്ദ്രൻസ്

തിരുവനന്തപുരത്തെ കലാഭവന്‍ തീയറ്ററിന്റെ മുറ്റത്ത് ചെറിയൊരു ആള്‍ക്കൂട്ടത്തിന്‌റെ നടുവില്‍ പച്ച ഷെയ്ഡിലുള്ളൊരു ജൂബ്ബയൊക്കെയിട്ട് ഇന്ദ്രന്‍സ് നില്‍ക്കുന്നു. ഇന്ദ്രന്‍സിന്‌റെ കോമഡി ആവോളം കണ്ടിട്ടുണ്ട്...ചിരിച്ചു മറിഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം ചെയ്ത കാമ്പുറ്റ കഥാപാത്രങ്ങള്‍ വിരലിലെണ്ണാവുന്നതേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് മനസ്സില്‍ ഇന്ദ്രന്‍സ് ഒരുപാട് തമാശകള്‍ പറഞ്ഞ് ചിരിക്കുന്നൊരു ആളായിരുന്നു. പക്ഷേ യഥാര്‍ഥ ഇന്ദ്രന്‍സ് അങ്ങനയയേല്ലെന്നു അന്നു തോന്നി. വിചാരിച്ചതിനേക്കാള്‍ ചെറിയ ശരീരം, പതിഞ്ഞ പക്വതയാര്‍ന്ന കരുതലുള്ള പതിഞ്ഞ സംസാരം, ഉള്ളില്‍ നിന്നു വരുന്ന പുഞ്ചിരി, അഭിനയങ്ങളില്ലാത്ത, ഔപചാരികതകളില്ലാത്ത ഇന്ദ്രന്‍സ്...സിനിമയില്‍ കണ്ടതിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തം. അതും മനസ്സില്‍ കരുതി തീയറ്ററില്‍ കയറിയപ്പോള്‍ കണ്ടത് ഇത് രണ്ടുമല്ലാത്ത മറ്റൊരാളെ...

മകനെ അന്വേഷിച്ചിറങ്ങുന്ന പപ്പു പിഷാരടിയായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ വേഷമിടുന്നത്. തനിക്കൊട്ടുമേ പരിചയമില്ലാത്തൊരു സിറ്റിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെടുത്ത പഴയൊരു ഫോട്ടോയും ജീവാത്മായ റേഡിയോയും കണ്ണടയും ഒരു സഞ്ചിയുമായി മകനെ അന്വേഷിച്ചിറങ്ങിയ അച്ഛന്‍. വഴിയരികില്‍ തളര്‍ന്നുപോയ അയാളെ ഒരു ഡോക്ടറും ഒരു പത്രപ്രവര്‍ത്തകനും ചേര്‍ന്നു വീണ്ടെടുക്കുന്നു...അതാണ് ആളൊരുക്കം. ഓട്ടന്‍തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ് ജീവിക്കുക തന്നെയായിരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. 

vc-abhilash വി.സി അഭിലാഷ്

ജീവിതത്തിന്റെ പിടിവള്ളികളെല്ലാം നഷ്ടപ്പെട്ടിടത്തിരിക്കുമ്പോഴും ആരുടെയൊക്കെയോ കരുതലില്‍ ജീവിക്കുമ്പോഴും ജനി-മൃതികളുടെയും ഉപേക്ഷിക്കലുകളുടെയും വേദനകള്‍ ആവോളമുള്ള ഓര്‍മ്മകള്‍ കുത്തിനോവിക്കുമ്പോഴും തമാശയും പുഞ്ചിരിയും കൈവിടാത്ത പപ്പു പിഷാരടി. മകന്‍ തിരിച്ചു വരുന്നുവെന്നു സ്വപ്‌നം കാണുന്ന മഴയുള്ളൊരു രാത്രിയില്‍ ചമയങ്ങളിട്ട് മഴയ്ക്കിടയിലൂടെ അവനെ നോക്കി നടക്കുന്ന നേരത്തെ നോട്ടം ഇന്ദ്രന്‍സ് എന്ന നടന്‌റെ അഭിനയത്തികവിന്‌റെ ആഴം പറയുന്നു. നോട്ടം കൊണ്ട് ശബ്ദം കൊണ്ട് നടത്തം കൊണ്ട് അയാള്‍ ജീവിക്കുകയായിരുന്നു. 

ഒരു നവാഗത സംവിധായകന്‍ ഇത്രമേല്‍ ആഴമുള്ളൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോള്‍ അത് ജീവസ്സുറ്റതാകണമെങ്കില്‍ പ്രധാന നടന്‌റെ അഭിനയം അത്രമേല്‍ തികവാര്‍ന്നതാകണം...ഇന്ദ്രന്‍സ് അതിമനോഹരമായി ആ ഉത്തരവാദിത്തം നിറവേറ്റി. അതാണ് ഇപ്പോള്‍ പുരസ്‌കാരമായി തിരികെ വന്നതും. പലവട്ടം അരികിലെത്തി കടന്നുപോയ സംസ്ഥാന അവാര്‍ഡാണ് ഇന്ദ്രന്‍സ് നേടിയെടുത്തത്.

ഓ..അവര്‍ പുതിയ പിള്ളേരാണ്...അതിന്റേതായ ചെറിയ ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്. എന്നെക്കൊണ്ട് കഴിയുന്നതു പോലെ ചെയ്തു അത്രേയുള്ളൂ...സിനിമ കണ്ട ഹാങ് ഓവറിനെ ഒട്ടും അതിശയോക്തിയില്ലാതെ ഇന്ദ്രന്‍സ് നേരിട്ടു. അഭിനയമാണു ജീവന്‍. സിനിമയാണു ജീവിതം തന്നത്. ഞാനൊരു ചെറിയ മനുഷ്യനാണ്. സിനിമയുടെ ലോകത്തും തീര്‍ത്തും ചെറിയൊരാള്‍. ഇങ്ങനെയങ്ങു പോകണം...നല്ല വേഷങ്ങള്‍ ചെയ്യണം അത്രയേയുള്ളൂ ആഗ്രഹം. അവാര്‍ഡുകളോട് ഇന്ദ്രന്‍സിന് പരിഭവമൊന്നുമില്ലായിരുന്നു. പലവട്ടം കയ്യെത്തും ദൂരെ വന്നിട്ടു പോയല്ലോ എന്നു ചോദിച്ചപ്പോള്‍ തീര്‍ത്തും സാധാരണക്കാരനായൊരു മനുഷ്യനെ പോലെ അദ്ദേഹം ഉത്തരം പറഞ്ഞു...

അതൊക്കെ യോഗമാണെന്നാണ് കരുതുന്നത്. വരുമ്പോള്‍ വരട്ടെ. കിട്ടായാല്‍ സന്തോഷം കിട്ടിയില്ലെങ്കില്‍ ഇത്തിരി സങ്കടം കുറച്ചു നേരത്തേക്ക്. അത്രയേയുള്ളൂ. ഞാനിത്ര പോലും ജീവിതത്തില്‍ പ്രതീക്ഷിച്ചിരുന്നതല്ല. അതുകൊണ്ട് സങ്കടങ്ങളൊന്നുമില്ല...പുറത്തേക്കിറങ്ങുമ്പോള്‍ ആളുകളൊക്കെ തിരിച്ചറിയും. നമ്മള്‍ കൊടുക്കാതെ തന്നെ അവരിങ്ങോട്ടൊരു പുഞ്ചിരി തരും. അതിലും വലിയ സന്തോഷമില്ലല്ലോ. നമുക്ക് നേരിട്ടറിയാത്തവരല്ലേ അവര്‍. എന്നെ വ്യക്തിപരമായി അറിയുകയേയില്ല. പക്ഷേ ഏറ്റവുമടുത്തൊരാളെ പോലെ സ്‌നേഹം കാണിക്കും. അതൊക്കെ സിനിമ നടനായതു കൊണ്ടു മാത്രം കിട്ടിയതാണ്...

ചിലര്‍ക്ക് ഞാനൊരു വിചിത്ര വസ്തുവിനെ പോലെയാണ്. ചെറിയ ആളല്ലേ വലുപ്പത്തില്‍. സിനിമയിലാണെങ്കില്‍ അധികവും കോമഡിയും. ഞാന്‍ ശരിക്കും ഇങ്ങനെയാണോ എന്നാവും അവരുടെ ചിന്ത. ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ ഓടി വന്ന് കെട്ടിപ്പിടിക്കും...അയ്യോ ഇന്ദ്രന്‍സേ എന്നു വിളിച്ചു ഒന്നുകൂടി ഉറക്കെ ചിരിക്കും....വീണ്ടും കെട്ടിപ്പിടിക്കും...അതൊക്കെ വലിയ സന്തോഷങ്ങളല്ലേ. 

ആളൊരുക്കത്തിന്‌റെ ടീസര്‍ ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണു പുറത്തുവിട്ടത്. പപ്പു പിഷാരടിയുടെ പ്രണയം പറഞ്ഞ ടീസര്‍. അടാര്‍ ലവിന്റെ കണ്ണിറുക്കലിലും പാട്ടിലും ആ ടീസര്‍ മുങ്ങിപ്പോയി...വീണ്ടും ഒരു രസത്തിന് ഇന്ദ്രന്‍സിനെ വിളിച്ചു. അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതത്തിലെ പ്രണയമറിയാന്‍...

ഓ എന്നെയാരു പ്രണയിക്കാനാണ്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഒന്നാമത് രൂപം അത്രയ്ക്കു വലിയ രസമൊന്നുമില്ല. രണ്ടാമത് പ്രണയത്തെ കുറിച്ച് ചിന്തിച്ചിരിക്കാന്‍ സമയം തരുന്നൊരു ജീവിത സാഹചര്യം ആയിരുന്നില്ല....ജീവിതം നോക്കാനുള്ള നെട്ടോട്ടത്തില്‍ പ്രണയത്തിനു വേണ്ടിയൊന്നും നില്‍ക്കാന്‍ സമയമില്ലായിരുന്നു...ചിലരൊക്കെ പ്രണയിക്കുന്ന കണ്ട് കൊതിച്ചിട്ടുണ്ട് അത്രതന്നെ...

ഇന്ദ്രന്‍സ് മലയാള സിനിമയിലെ ഭൂരിപക്ഷം പ്രേക്ഷകരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തൊരു പ്രതിഭാസമാണെന്ന് അനുമാനിക്കാം...

ഒട്ടുമേ കോമഡിയില്ലാത്ത ജീവിതത്തില്‍ നിന്നു സിനിമയിലേക്കെത്തി കോമഡിയിലൂടെ ഒരായിരം ജീവിതങ്ങളുടെ ചിരിയായി മാറിയ അനേകം കലാകാരന്‍മാരിലൊരാളാണ് ഇന്ദ്രന്‍സ്. അവരുടെ പ്രതിനിധിയാണ്. കണ്ണീരുപ്പുള്ള ജീവിതമുള്ള, ആലങ്കാരികതകള്‍ യഥാര്‍ഥ ജീവിതത്തിനു ചാര്‍ത്തി നല്‍കാത്ത നല്ല കലാകാരന്‍മാരുടെ പ്രതിനിധി...

related stories
Your Rating: