Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഈ തൊണ്ടിമുതലും ദൃക്സാക്ഷിയും ?

dileesh-fahad

‘മഹേഷിന്റെ പ്രതികാരം’ കണ്ട് ആവേശഭരിതനായ പ്രിയദർശൻ സംവിധായകൻ ദിലീഷ് പോത്തനെ വിളിച്ചു. കന്നി ചിത്രം തരംഗമാക്കിയ പുതുമുഖ സംവിധായകന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ ഹിറ്റ് മേക്കറായ പ്രിയൻ സംഭാഷണം അവസാനിപ്പിക്കും മുൻപു മുന്നറിയിപ്പു പോലെ രസകരമായൊരു നിരീക്ഷണം കൂടി പങ്കുവച്ചു. ‘ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയാണു യഥാർഥത്തിൽ അയാളുടെ ആദ്യ സിനിമ’

മഹേഷ് സമ്മാനിച്ച പേരിനും പെരുമയ്ക്കുമൊപ്പം പ്രിയദർശൻ പറഞ്ഞ വാക്കുകളിലെ സമ്മർദം കൂടിയുണ്ടായിരുന്നു ദിലീഷ് പോത്തന്റെ കഴിഞ്ഞ അഞ്ചു മാസത്തിലേറെയായുള്ള ജീവിതത്തിന്.
കോടികൾ കൊയ്ത വൻ ഹിറ്റ് ഒരുക്കിയ സംവിധായകനെത്തേടി അവസരങ്ങളും ഓഫറുകളും ഒഴുകിയെത്തുക സ്വാഭാവികം. കഥകളുമായി പലരുമെത്തി. ദിലീഷും കഥകൾ തേടിപ്പോയി. ഒടുവിൽ പത്രപ്രവർത്തകൻ കൂടിയായ സജീവ് പാഴൂർ പറഞ്ഞ കഥയിലാണു മനസ്സുടക്കിയത്.

‘കമോൺട്രാ ദിലീഷേ..’ എന്നു മാടിവിളിച്ച മറ്റൊരു കഥ. തിരക്കഥയും സജീവ് തന്നെ ഒരുക്കി. ദിലീഷ് സിനിമയ്ക്കു പേരുമിട്ടു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ‘മഹേഷിന്റെ പ്രതികാരം’ പോലെ കഥയിലേക്കു നേരിട്ടു സൂചന നൽകുന്ന വളച്ചുകെട്ടില്ലാത്ത സിംപിളായ പേര്. ഈ സിനിമയും പവർഫുൾ ആവുമെന്ന പ്രതീക്ഷയിലാണു മഹേഷിന്റെ ആരാധകർ. പക്ഷേ, മഹേഷിനെ പൂർണമായും ഉപേക്ഷിച്ചാണു രണ്ടാം സിനിമയ്ക്കായി ഇറങ്ങുന്നതെന്നു ദിലീഷ് വ്യക്തമാക്കുന്നു.

‘മഹേഷിനെക്കുറിച്ച് ഇനി സംസാരിക്കുന്നതിൽ അർഥമില്ല. തികച്ചും വ്യത്യസ്തമായ സിനിമയാണു ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’. പുതിയ സമീപനമായിരിക്കും. ചെറിയ ക്യാൻവാസിലുള്ള സിനിമയാണ്. വലിയ പശ്ചാത്തലമോ സംഭവങ്ങളോ ഇല്ല. ഇടത്തരക്കാരുടെ കഥയാണ്. മറ്റൊരു നാട്ടിൻപുറ സിനിമയെന്നു പറയാം. അതു മാത്രമാണു മഹേഷുമായുള്ള സാമ്യം. ഫഹദ് ഫാസിൽ തന്നെയാണു നായകൻ. മഹേഷിലെ ക്രിസ്പിനെ അവതരിപ്പിച്ച സൗബിൻ, ആർട്ടിസ്റ്റ് ബേബിയെ അവതരിപ്പിച്ച അലൻസിയർ എന്നിവരും ഉണ്ടാവും. മറ്റു താരങ്ങളുടെ കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല. നായിക ഉൾപ്പെടെയുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.’

പുതിയ സിനിമയുടെ ലൊക്കേഷൻ തീരുമാനിച്ചിരിക്കുന്നതു കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രദേശങ്ങളിലാണ്. കരടു രൂപം പൂർത്തിയായ തിരക്കഥ ഫിനിഷിങ് നൽകി എഴുതി പൂർത്തിയാക്കാൻ കാസർകോട്ടേയ്ക്കു തന്നെ പോകാനൊരുങ്ങുകയാണു തിരക്കഥാകൃത്തും സംവിധായകനും.

മഹേഷിന്റെ പ്രതികാരത്തിൽ പശ്ചാത്തലമായ ഇടുക്കിയും ഒരു കഥാപാത്രം പോലെ സിനിമയിൽ നിറഞ്ഞെങ്കിൽ ഈ സിനിമയിൽ അങ്ങനെയില്ലെന്നു സംവിധായകൻ പറഞ്ഞു. ഇതു കേരളത്തിൽ എവിടെയും സംഭവിക്കാവുന്ന കഥയാണ്.

എന്തൊക്കെയായാലും മഹേഷിന്റെ വിജയം നൽകിയ സമ്മർദം ഉണ്ടാവില്ലേ?

‘അതിൽ നിന്നു സ്വതന്ത്രനാവാനാണ് എന്റെ ശ്രമം. പ്രിയദർശൻ പറഞ്ഞതുപോലെ ആദ്യ സിനിമ ചെയ്യുന്ന അതേ മാനസികാവസ്ഥയിലാണു ഞാൻ. അതിന്റെ സമ്മർദവും വേദനയുമെല്ലാമുണ്ട്. മഹേഷിന്റെ പ്രതികാരം ഒരു പരാജയമായിരുന്നെങ്കിലും ഈ സിനിമ ഞാൻ ചെയ്യുമായിരുന്നു’

മഹേഷിന്റെ പ്രതികാരം ടീമിന്റെ രണ്ടാം സിനിമ എന്നാണു പുതു സിനിമ അറിയപ്പെടുന്നതെങ്കിലും ടീമിൽ ചില മാറ്റങ്ങളുണ്ട്. ബിജിബാൽ തന്നെയാണു പുതിയ സിനിമയുടെയും സംഗീത സംവിധായകൻ. എന്നാൽ മറ്റൊരു പ്രമുഖ സംവിധായകനായ രാജീവ് രവിയാണ് ഇത്തവണ ചിത്രം ക്യാമറയിലാക്കുക. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് തോമസുമാണു ചിത്രം നിർമിക്കുന്നത്. ഷൂട്ടിങ് എന്നു തുടങ്ങുമെന്നു തീരുമാനിച്ചിട്ടില്ല. 

Your Rating: