Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന്റെ ശബ്ദം എന്റെ സന്തോഷം: ഷെയിൻ നിഗം

shane-lal

പ്രേക്ഷക പ്രശംസനേടി മഞ്ജുവാര്യർ നായികയായ കെയറോഫ് സൈറ ബാനു തീയറ്ററുകൾ കീഴടക്കുകയാണ്. മഞ്ജുവാര്യരും അമലയും ചിത്രത്തിൽ തകർ‌ത്തഭിനയിച്ചെങ്കിലും ചിത്രത്തിൽ ആളുകൾക്ക് പറയാനുള്ളത് സൈറാബാനുവിന്റെ മകനായി സിനിമയിൽ നിറഞ്ഞു നിന്ന ജോഷ്വാ പീറ്ററെക്കുറിച്ചാണ്. കിസ്മത്തിലൂടെ തിളങ്ങിയ ഷെയിൻ നിഗമാണ് ജോഷ്വാ പീറ്ററായി അഭിനയിച്ചിരിക്കുന്നത്... ഷെയിനിന്റെ വിശേഷങ്ങളിലേക്ക്.

മഞ്ജുവാര്യരും അമലയും തകർത്തഭിനയിച്ചപ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ?

എനിക്ക് കൊമേഴ്സ്യൽ ഫീൽഡിൽ വർക്ക് ചെയ്ത് പരിചയമില്ലായിരുന്നു. നാലഞ്ചു ദിവസം വേണ്ടി വന്നു ഒന്നു സെറ്റായി വരാൻ. അവർ രണ്ടുപേരും വലിയ നടിമാർ. വലിയ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച് പരിചയമുള്ളവർ. അങ്ങനെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഞാനാണെങ്കിൽ ചെറിയ സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. തണുപ്പുള്ളൊരു സ്ഥലത്ത് നിന്നിട്ട് ചൂടുള്ള സ്ഥലത്ത് വരുന്ന അവസ്ഥയായിരുന്നു. പക്ഷേ എല്ലാവരുടേയും പെരുമാറ്റം നല്ലരീതിയിയലായിരുന്നു.

shane-lal-1

ജോഷ്വാ പീറ്ററിനായുള്ള തയ്യാറെടുപ്പുകൾ?

പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ഇല്ലായിരുന്നു. എന്റെ യഥാർഥ സ്വഭാവവുമായി ബന്ധമൊന്നുമില്ലായിരുന്നു ജ്വോഷ്വാ പീറ്റർ എന്ന കഥാപാത്രത്തിന്. ‌അമ്മ വളർത്തിയ മകനുണ്ടാകുന്ന സ്വാഭാവികമായ ഭയങ്ങൾ ജ്വോഷ്വയ്ക്കും ഉണ്ട്. പ്രശ്നങ്ങളിലൊക്കെ പെടാതെ നോക്കും. എപ്പോഴും ജാഗ്രതയുണ്ടാകും. പിന്നെ പുറത്തിറങ്ങി ആളുകളോടൊക്കെ ഇടപഴകാൻ കുറച്ച് മടിയുണ്ടാകും. അമ്മ മാത്രം വളർത്തിയ മകന് കുറച്ച് പ്രത്യേകതകളുണ്ട്. അധികം അലമ്പിനൊന്നും പോകാത്ത ആളായിരിക്കും. പിന്നെ അഭിനയം എന്നു കരുതിയില്ല. ജീവിതത്തിലെ പോലെ ചെയ്യാനാണ് ശ്രമിച്ചത്.  എനിക്ക് ജോഷ്വയെപ്പോലുള്ള കൂട്ടുകാരുണ്ട്. അധികം അടിച്ചു പൊളിക്കാനൊന്നും അവർ പോയി ഞാൻ കണ്ടിട്ടില്ല.

അതുപോലെ ഫോട്ടോഗ്രഫിയൊന്നും എനിക്ക് പരിചയമില്ല. അതിനെക്കുറിച്ചും കുറച്ചൊക്കെസിനിമയ്ക്കു വേണ്ടി പഠിക്കേണ്ടി വന്നു.

shane-manju

ഇൗ ചിത്രത്തിലെത്തുന്നതെങ്ങനെ?

ഇത് ഒന്നരവർഷം മുമ്പ് പ്ലാൻ ചെയ്ത ചിത്രമാണ്. കിസ്മത്ത് ഇറങ്ങുന്നതിനു മുമ്പ് തന്നെ ഇൗ ചിത്രത്തിന്റെ കഥ കേട്ടിരുന്നു. പിന്നെ ചില കാരണങ്ങളാൽ ചിത്രം നീണ്ടുപോയി. കിസ്മത്ത് ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞാണ് ചിത്രം ആരംഭിക്കാമെന്ന് തീരുമാനമാകുന്നത്. 

aby-shane

മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിന് സഹായകമായോ?

ആ ശബ്ദം വളരെ പ്രധാനമാണ്. അച്ഛന്റെ സാമിപ്യമായി ഉള്ളത് ശബ്ദം മാത്രമാണ്. ഇതൊരു കൊച്ചു ചിത്രമാണ്. അദ്ദേഹത്തിന് വേണമെങ്കിൽ ഇൗ ചിത്രം ചെയ്യാതിരിക്കാം. അദ്ദേഹം ഇതിലെ കഥാപാത്രത്തിന് ശബ്ദം നൽകിയതിൽ വളരെ സന്തോഷം.

shane-family

പുതിയ ചിത്രം?

ബി. അജിത്കുമാർ എന്ന ഒരു എഡിറ്ററുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടുത്തത്. അടുത്ത ആഴ്ച ചിത്രം തുടങ്ങും. 

ഇനി സിനിമ തന്നെയാണോ ആഗ്രഹം?

സിനിമ ഇഷ്ടമാണ് അതുകൊണ്ട് ചെയ്യുന്നു. ഡാൻസും ഇഷ്ടമാണ്. സിനിമയെ ഒരു തൊഴിലായി കാണുമ്പോൾ മടുപ്പുതോന്നും. അപ്പോൾ അതിന്റെ സുഖം പോകും. ഭയങ്കര സീരിയസായി പോകും. സിനിമയെ ഒരു കലയായി കാണുന്നു. സ്നേഹിക്കുന്നു.

പഠനം?

ബിടെക് ലാസ്റ്റ് സെമസ്റ്ററാണ്. രാജഗിരി കോളജിലാണ് പഠിക്കുന്നത്

Your Rating: