Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാർഡ് തലയിൽ കയറാൻ അനുവദിച്ചിട്ടില്ല, ജീവിതം മാറിയിട്ടില്ല; രജിഷ

rajisha-vijayan-1

മലയാളസിനിമയിൽ ആദ്യമായിട്ടായിരിക്കും ഒരു നായിക വെറുപ്പിച്ചതിന് നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങുന്നത്. പറഞ്ഞുവരുന്നത് രജിഷയുടെ അനുരാഗകരിക്കിൻ വെള്ളത്തിലെ എലിസബത്തിനെക്കുറിച്ചാണ്. കഴിഞ്ഞവർഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല രജിഷ വിജയന്. ലിയോ തദേവൂസിന്റെ സംവിധാനത്തിൽ വിനിത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാക്കാരനിലെ നായികയാണ് രജിഷ. എലിയെപ്പോലെ  തന്നെ അഭിനയസാധ്യതയുള്ള കഥാപാത്രം കിട്ടിയതിന്റെ സന്തോഷം മറച്ചുവെക്കാതെ രജിഷ മനസുതുറന്നു...

rajisha

∙ വിനീതിന്റെ കൂടെയുള്ള അഭിനയം

വിനീതേട്ടൻ പേരുപോലെ വിനീതനായ ഒരാൾ തന്നെയാണ്. അറിഞ്ഞ് ഇട്ട പേരാണത്. സിനിമയിലെ വിവിധ മേഖലകളിലും അനുഭവസമ്പത്തുള്ളയാള്‍. അതിന്റേതായ ഒരു ഭാവവും ആരോടും അദ്ദേഹം കാണിക്കാറില്ല.  ഒരാളെയും വേദനിപ്പിക്കാതെ എങ്ങനെ ഒരു കാര്യം അറിയിക്കണം, എന്നൊക്കെ  അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞു. 

rajisha

സെറ്റ് മുഴുവൻ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തിരുന്നു. ഒരു കുടുംബം പോലെയായിരുന്നു. ഉദ്ദേശിച്ചതിലും നേരത്തേ  ഷൂട്ടിങ് കഴിഞ്ഞു. ഷൂട്ടിങ്ങ് കഴിയുമ്പോൾ എല്ലാവർക്കും സന്തോഷമാണ് ഉണ്ടാവുക. പക്ഷേ ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ  വിഷമം വന്നു. എല്ലാവരെയും പിരിഞ്ഞുപോകണ്ടേ എന്നോർത്ത്.  സിനിമയുടെ കൂടൂതൽ ഭാഗവും ഷൂട്ട് ചെയ്തത്  എറണാകുളത്തുള്ള ഒരു ഫ്ലാറ്റിൽ ആയിരുന്നു. ഫ്ലാറ്റ് വിട്ടുപോയപ്പോൾ വലിയ സങ്കടമായിരുന്നു. വീട്ടിൽ നിന്നു വിട്ടുപോയതുപോലെയൊരു തോന്നലായിരുന്നു.

rajisha-1

∙ അനുശ്രീയോടൊപ്പം ആദ്യമായിട്ടാണോ അഭിനയിക്കുന്നത്

അനുശ്രീയെ നേരത്തെ മുതൽ അറിയാം. കഥ പറയുമ്പോൾ സംവിധായകനോട് ആദ്യം ചോദിച്ചത്  ഈ ക്യാരക്ടർ ആരാണ് ചെയ്യുന്നതെന്നാണ്. അത്രയ്ക്ക്  നല്ല കഥാപാത്രമായിരുന്നു. അനുവാണ് മനസിലെന്ന് പറഞ്ഞപ്പോൾ സന്തോഷമായി, എന്റെ മനസിലും പെട്ടന്ന് വന്നത് അനുവിന്റെ മുഖമായിരുന്നു. എനിക്കും അനുവിനും തമ്മിലുള്ള സീനുകൾ കുറവായിരുന്നു എങ്കിലും ഉള്ള സമയത്ത് നന്നായി ആസ്വദിച്ചു. അനു സെറ്റിൽ എത്തുമ്പോൾ ഒരുപാട് വേണ്ടപ്പെട്ട ആരോ എത്തിയത് പോലെയുള്ള സന്തോഷമായിരുന്നു.

rajisha-3

∙ രജിഷയുടെ കഥാപാത്രത്തിനെക്കുറിച്ച്

ജോർജേട്ടൻ പൂരം എന്ന സിനിമയിൽ നിന്നും വ്യത്യസ്തമായ ക്യാരക്ടറാണ്. കന്യാസ്ത്രീ ആകാൻ പോകുന്ന കുട്ടിയായിട്ടാണ് അതിൽ അഭിനയിച്ചത്. സാറ എന്നാണ് ഒരു സിനിമാക്കാരനിലെ കഥാപാത്രത്തിന്റെ പേര്. നിഷ്കളങ്കത നിറഞ്ഞ ഒരു ക്യാരക്ടർ ആണ്. ചുറ്റും നടക്കുന്നതിനെക്കുറിച്ച് ഒരു 

rajisha-vijayan-4

അറിവുമില്ല, എന്നാൽ എല്ലാം പോസിറ്റീവ് ആയി കാണുന്ന, എല്ലാം നല്ലതുമാത്രം എന്ന് വിശ്വസിക്കുന്ന ആളാണ് സാറ. 

rajisha-vijayan-3

ആൽബിയെ(വിനീത്) വളരെയധികം ഇഷ്ടപ്പെടുന്ന എന്നാൽ വെറുപ്പിക്കാത്ത  കഥാപാത്രമാണ്. സിനിമയെ സ്വപ്നം കണ്ടുനടക്കുന്ന വ്യക്തിയാണ് വിനീതേട്ടൻ ചെയ്യുന്ന ആൽബിയെന്ന കഥാപാത്രം. എന്നാൽ സിനിമയെക്കുറിച്ച് സാറയ്ക്ക് യാതൊന്നും അറിയില്ല. എങ്കിലും ആൽബി എന്തായാലും ഇതിൽ വിജയിക്കും എന്ന് ശക്തമായി വിശ്വസിക്കുന്ന വ്യക്തിയാണ് . ഒരു പുരുഷന്റെ വിജയത്തിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടായിരിക്കും എന്ന് പറയുന്നതുപോലെ ആൽബിയ്ക്ക് എല്ലാപിന്തുണയും നൽകുന്നത് സാറയാണ്. ആൽബി ഒരു അസിസ്റ്റന്റ് ഡയറക്ടറാണ്. ദാരിദ്ര്യം പിടിച്ച ജീവിതത്തിൽ നിന്നും ഒരു പരാതിപോലും പറയാതെ എല്ലാം ശരിയാകും എന്നുറച്ച് വിശ്വസിച്ച് ജീവിക്കുന്നവരാണ് ആൽബിയും സാറയും. ഇവരുടെ കഥയാണ് ഒരു സിനിമാക്കാരൻ.

rajisha-vijayan-2

സിനിമയ്ക്കുള്ളിലെ സിനിമയാണോ?

അങ്ങനെ പറയാൻ സാധിക്കില്ല. ആൽബിയെന്നു പറയുന്ന ആളുടെ കഥയാണ് ഒരു സിനിമാക്കാരൻ. ആൽബി എന്ന സിനിമാക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന കഥയാണ്  ഒരു സിനിമാക്കാരന്റെ പ്രമേയം. ഉദയനാണ് താരം പോലെ സിനിമ ഫോക്കസ് ചെയ്യുന്ന സിനിമയല്ല. ആൽബിക്കു ചുറ്റും എന്തു സംഭവിക്കും എന്നതാണ് ഇതിന്റെ കഥ . ആൽബിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളാണ് സാറയും, അച്ഛനും പിന്നെ സിനിമയും. ഞങ്ങളുടെ അയൽക്കാരായിട്ടാണ് അനുശ്രീയും വിജയ്ബാബുവും അഭിനയിക്കുന്നത്. ഫ്ലാറ്റിലെ ജീവിതം അവിടെ താമസിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ അതിലൂടെയൊക്കെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമ ഒരു പ്രമേയം മാത്രമേ ആകുന്നുള്ളൂ. സിനിമ മോഹമായി കൊണ്ടുനടക്കുന്നവരുടെ ജീവിതത്തിലൂടെയുള്ള കടന്നുപോക്കാണ് സിനിമാക്കാരൻ.

rajisha

∙ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് എന്തൊക്കെ മാറ്റം വരുത്തി ജീവിതത്തിൽ?

ഒരു സിനിമാക്കാരന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് അവാർഡ് കിട്ടി എന്നറിഞ്ഞത് . സന്തോഷം തോന്നി. ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ജീവിതത്തിൽ എന്നും ഓർക്കുന്ന ദിനമാണത്. സ്ഥിരമായി എല്ലാവരും പറയുന്നതുപോലെയല്ല, ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവാർഡ്. അതിന് ഒരുപാട് കാരണങ്ങളുമുണ്ട്. എന്റെ ആദ്യത്തെ സിനിമയാണ്. ഞാൻ അഭിനയിച്ചതുപോലയുള്ള റോളിന് ഇതുവരെ അവാർഡുകൾ കൊടുത്തിട്ടില്ല. വളരെ ഗൗരവമുള്ള കഥാപാത്രങ്ങൾക്ക് അവാർഡ് കിട്ടിയ ചരിത്രമാണുള്ളത്.  

അനുരാഗ കരിക്കിൻവെള്ളം ജൂറിക്ക് അയച്ചിട്ടുണ്ടെന്നു പോലും അറിയില്ലായിരുന്നു. അവാർഡ് ഒരിക്കലും എന്റെ തലയിൽ കയറാൻ അനുവദിച്ചിട്ടില്ല.  അതിനെക്കുറിച്ച് ചിന്തിച്ചാൽ പിന്നെ അതിൽ തന്നെയായിരിക്കും ജീവിതം. അവാർഡ് ഒരു സംഭവമാണെങ്കിൽപോലും ഞാൻ ഒരു വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്തു, അതിനു  കിട്ടിയ സൂചന മാത്രമായിട്ടാണ് കാണുന്നത്. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണ് എനിക്ക് കിട്ടിയ സംസ്ഥാന അവാർഡ്.

rajisha-vijayan-5

∙ വെറുപ്പിച്ചു കിട്ടിയ അവാർഡ് എന്ന് പറയാമോ?

അനുരാഗകരിക്കിൻ വെള്ളത്തിലെ എലിസബത്ത് അഥവാ എലിയോട് അത്രത്തോളം വെറുപ്പ് പ്രേക്ഷകർക്കുണ്ടോ? തുടക്കത്തിൽ ഞാനും കരുതി ഇത് എന്ത് കഥാപാത്രമാണ്, ഇങ്ങനെയൊക്കെ പെൺകുട്ടികളുണ്ടോയെന്ന്. എന്റെ സംശയം ഞാൻ സംവിധായകനോടും തിരക്കഥാകൃത്തിനോടും പങ്കുവച്ചിരുന്നു. 

അവർക്ക് അറിയാവുന്ന എലി പോലെയുള്ള ഒരുപാട് പെൺകുട്ടികളുണ്ടെന്ന്. എലിയോട് തുടക്കത്തിൽ ഒരു വെറുപ്പ് തോന്നിയാലും പിന്നെ പിന്നെ പ്രേക്ഷകർ എലിയോടൊപ്പം ചേർന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രായമുള്ള ഒരു സ്ത്രീ ഒരിക്കൽ എന്നോട് വന്ന് പറഞ്ഞു മോളേ നീ സിനിമയിൽ എന്തൊക്കെ കാണിച്ചോ എന്റെ കൊച്ചുമകളും അതുപോലെ തന്നെയാണ് പെരുമാറുന്നതെന്ന്. എലിയെപ്പോലെയുള്ള നിരവധി പെൺകുട്ടികളുണ്ട്. ഏറക്കുറെ മിക്കവരും പ്രണയത്തിന്റെ തുടക്കകാലത്ത് എലിയെപ്പോലെ തന്നെയൊക്കയാവും പെരുമാറിയിട്ടുള്ളത്.  സിനിമ ഇറങ്ങിയ സമയത്ത് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കിട്ടിയ പ്രതികരണം സന്തോഷം തരുന്നതായിരുന്നു. ഞാൻ ചെയ്തത് നന്നായിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നത് അവാർഡ് കിട്ടുന്നതിന് തുല്യമായിരുന്നു. 

∙ എലിയെപ്പോലെയാണോ സാറ?

എലിയെപ്പോലെ തന്നെ സ്നേഹിക്കാൻ അറിയാവുന്ന കുട്ടിയാണ് സേറയും. പക്ഷെ അത് ഒരിക്കലും ഒരു വെറുപ്പിക്കൽ അല്ല. ഇഷ്ടപ്പെടുന്ന ആളോടൊപ്പം ഏത് പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്നയാളാണ് സേറ. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രമാണ്.