Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിച്ചിയല്ലേ? അന്നയോട് മോഹന്‍ലാൽ

anna-mohanlal

അങ്കമാലി ഡയറീസിൽ ലിച്ചി ടീച്ചറായി തിളങ്ങിയ അന്ന രേഷ്മ രാജ് വെളിപാടിന്റെ പുസ്തകം എന്ന ലാൽജോസ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുകയാണ്. ലാൽജോസും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇൗ സിനിമയ്ക്കുണ്ട്. സിനിമയുടെ വിശേഷങ്ങൾ നായിക അന്ന രേഷ്മ രാജ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പങ്കുവയ്ക്കുന്നു. 

വെളിപാടിന്റെ പുസ്തകം, റീലീസാകുന്നു, ടെൻഷനുണ്ടോ?

ടെൻഷനല്ല, ശരിക്കും എക്സൈറ്റഡാണ്. ആദ്യത്തെ ഷോയ്ക്ക് പോകുന്നുണ്ട്. പ്രിവ്യു കണ്ടിട്ടില്ല. പ്രേക്ഷകർ എങ്ങനെ ചിത്രത്തെ സ്വീകരിക്കുമെന്നറിയില്ല. നല്ല ആകാംഷയിലാണ് ഞാൻ. ഇത്രയും വലിയ ഒരു ക്രൂവിനൊപ്പം അഭിനയിച്ചത് എങ്ങനെയാണെന്നറിയാൻ ഞാനും കാത്തിരിക്കുകയാണ്. അങ്കമാലി ഡയറീസ് റിലീസാകുമ്പോൾ സ്ക്രീനിൽ ഞാൻ എങ്ങനെയുണ്ടെന്നറിയാനായിരുന്നു ആകാംക്ഷ. അത് കാണാൻ വേണ്ടി മാത്രമാണ് അന്ന് തീയറ്ററിൽ പോയത്. എന്നാൽ ഇതിൽ അങ്ങനെയല്ല. 

anna-reshma-mohanlal-1

വെളിപാടിന്റെ പുസ്തകത്തിലെ കഥാപാത്രം?

വെളിപാടിന്റെ പുസ്തകത്തിൽ മേരി മിസ് എന്ന കഥാപാത്രമാണ് ചെയ്യുന്നത്. രണ്ടു ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ വരുന്നത്. ബാക്കി സസ്പെൻസ്. കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ല. അങ്കമാലി ഡയറീസ് കണ്ടിട്ടാണ് ഇൗ ചിത്രത്തിലേക്ക് ലാൽജോസ് സാർ ക്ഷണിക്കുന്നത്. ലാലേട്ടനോടും ഇൗ കുട്ടി ആ വേഷം ചെയ്താൽ നന്നായിരിക്കുമല്ലേ എന്ന് അഭിപ്രായം ചോദിച്ചെന്നു കേട്ടിരുന്നു. എന്നെ ആദ്യമായി വിളിച്ചു പറയുന്നത് അനീഷ് അങ്കമാലി എന്ന പ്രൊഡക്ഷൻ കൺട്രോളറാണ്. പിന്നീട് ലാൽജോസ് സാറിനെ നേരിട്ട് കാണുകയായിരുന്നു. 

തടി കുറയ്ക്കണമെന്നാഗ്രഹമുണ്ടോ?

ഇത് എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. കണ്ണ് വച്ച് കണ്ണ് വച്ച് ഇപ്പോൾ തടി കുറഞ്ഞു. പണ്ടത്തെപ്പോലെ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. നേരത്തെ ഒരുപാട് മധുരം കഴിക്കുമായിരുന്നു. സ്വീറ്റ്സ് കഴിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. 

anna-reshma-mohanlal-2

ഒാണം സ്പെഷൽ?

ഒാണം സ്പെഷൽ അല്ല, ശരിക്കും  വെളിപാടിന്റെ പുസ്തകം സ്പെഷൽ ആണ്. ഇൗ സിനിമയെ ചുറ്റിപ്പറ്റിയാണ് എന്റെ ഒാണം. 

സിനിമയാണോ ഭാവി പരിപാടി?

ശരിക്കും നഴ്സാണ് ഞാൻ .വിദേശത്തു പോയി ജോലി ചെയ്യണം, പണം സമ്പാദിക്കണമെന്നായിരുന്നു ആഗ്രഹം. അപ്പോഴാണ് സിനിമയിലേക്ക് വന്നത്. നമ്മുടെ നാട്ടിൽ നല്ലരീതിയിൽ ജോലി ചെയ്ത് ജീവിക്കാൻ സാധിക്കുമെങ്കിൽ അതല്ലേ ഭാഗ്യം. സിനിമയിൽ നല്ല അവസരങ്ങൾ വന്നാൽ അത് ചെയ്യും. അല്ലെങ്കിൽ നഴ്സിങ് ജോലിയിലേക്ക് തിരിയും.

രണ്ടു പടത്തിലും ടീച്ചറാണല്ലോ?

അത് ആകസ്മികമായി സംഭവിച്ചതാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ടീച്ചറല്ല വെളിപാടിന്റെ പുസ്തകത്തിൽ. ഇതിൽ പക്കാ കോളജ് അധ്യാപികയാണ്. രണ്ടുചിത്രത്തിന്റേയും ടോൺ വ്യത്യാസമുണ്ട്.

പുതിയ ചിത്രങ്ങൾ?

സന്തോഷ് സൺ ഒാഫ് വിശ്വനാഥൻ ആണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രം. പകുതി ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനാണ് നായകൻ. അജുവർഗീസ്തുടങ്ങിയവർ ചിത്രത്തിലുണ്ട്. സന്തോഷ് ആണ് സംവിധായകൻ. 

ലാൽജോസിന്റെ കൂടെ എക്സ്പീരിയൻസ് ?

ഇടയ്ക്ക് കുറച്ച് വഴക്കൊക്കെ പറയുമെങ്കിലും അദ്ദേഹം സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ധാരണ തരും. ഇതാണ് എന്റെ കഥാപാത്രം. ഇൗ സമയത്ത് ഇങ്ങനെയാണ് ചെയ്യേണ്ടത്. ഇതാണ് എനിക്ക് വേണ്ടതെന്നൊക്കെ പറഞ്ഞുതരും. ഞാൻ എനിക്ക് പറ്റുന്നതു പോലെയൊക്കെ ചെയ്തിട്ടുണ്ട്.

lichy

മോഹൻലാലിനോടൊപ്പമുള്ള അഭിനയം സ്വപ്നം കണ്ടിരുന്നതല്ലേ?

ശരിക്കും പറഞ്ഞാൽ സ്വപ്നം പോലും കാണാൻ കഴിയില്ലല്ലോ അദ്ദേഹത്തോടൊപ്പമുള്ള അഭിനയം. ഞാൻ ഒരു തുടക്കക്കാരിയാണ്. ഇതുപോലൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. ആദ്യം നല്ല ടെൻഷനുണ്ടായിരുന്നു. പിന്നെ അദ്ദേഹം ഭയങ്കര കൂളായിട്ടുള്ള മനുഷ്യനാണ്. കൂടെയുള്ള വരും നല്ല പിന്തുണ നൽകി. പിന്നെ എന്റെ വേഷം എങ്ങനെയെങ്കിലും നന്നാക്കിയാൽ മതിയെന്ന ചിന്തയായിരുന്നു. 

പേര് മാറ്റിയത് വാർത്തയായിരുന്നല്ലോ?

രേഷ്മ രാജ് എന്നായിരുന്നു പേര്. അന്ന രേഷ്മ രാജ് എന്നത് പള്ളിയിലെ പേരാണ്. എനിക്ക് ആപേരിനോട് വളരെ അടുപ്പമുണ്ടായിരുന്നു. അങ്ങനെ അങ്കമാലി ഡയറീസ് കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ആ മാമോദിസ പേര് സ്വീകരിച്ചു. 

ആദ്യമായി ലാലേട്ടൻ പറഞ്ഞത്?

അങ്കമാലി ഡയറീസിലെ ലിച്ചിയല്ലേ. ഞാൻ സിനിമ കണ്ടിരുന്നു. വളരെ നന്നായിട്ടുണ്ട്. സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കിൽ ഞാൻ അഭിപ്രായം പങ്കുവച്ചിരുന്നു എന്നൊക്കെ അദ്ദേഹം പറ‍ഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. 

വിവാഹം?

ഇപ്പോഴൊന്നും നോക്കുന്നില്ല.