ഞാൻ ഫഹദ് ഫാൻ: ഷെയ്ൻ നിഗം

SHARE

മലയാള സിനിമയുടെ ഭാവി വാഗ്ദാനമമെന്ന് നിരൂപകരും ആസ്വാദകരും ഒരേപോലെ വാഴ്ത്തുന്ന യുവതാരമാണ് ഷെയ്ൻ നിഗം. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അതിലൊക്കെ മികച്ച പ്രകടനം കാഴ്ച വച്ച ഷെയ്ൻ ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു. തന്റെ പുതിയ ചിത്രമായ ഇൗട മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുമ്പോഴും അച്ഛനായ അബിയുടെ അപ്രതീക്ഷിത വേർപാടു തീർത്ത മുറിപ്പാട് മാഞ്ഞിട്ടില്ല ഷെയ്നിന്റെ മനസ്സിൽ. 

∙ ഷെയ്ൻ സംസാരപ്രിയനല്ല എന്നു കേൾക്കുന്നു ? 

ഒരാളെ കാണുമ്പോൾ പെട്ടെന്നു പോയി സംസാരിച്ച് പരിചയപ്പെടാൻ മടിയാണ്. പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ എനിക്ക് കുഴപ്പമില്ല. ഇൗടയിൽ തന്നെ ആദ്യത്തെ കുറച്ചു ദിവസം അഭിനയിച്ചു കഴിഞ്ഞാണ് ഞാൻ ഒരു കംഫർട്ട് സോണിലേക്ക് വന്നത്. നിമിഷയുമായി സൗഹൃദത്തിലായതും അതിനു ശേഷമാണ്. സീനുകളെക്കുറിച്ച് പറയാനും വിലയിരുത്താനും നന്നായി അഭിനയിക്കാനുമൊക്കെ അതോടെ സാധിച്ചു. 

eeda-movie-still-shane-nigam-nimisha-sajayan-3

∙ അഭിനയത്തിലേക്കുള്ള വഴി തുറന്നത് ?

അൻവർ എന്ന പടത്തിൽ ഒരു സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയുടെ അസിസ്റ്റന്റായിരുന്നു സൗബിൻ സാഹിർ. അന്നയും റസൂലും എന്ന സിനിമയിൽ സൗബിക്ക അഭിനയിക്കുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. ആ സമയം ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. ആ സിനിമയിൽ അന്നയുടെ സഹോദരൻ കുഞ്ഞുമോന്റെ റോൾ ചെയ്യാൻ ആളെ കിട്ടിയിരുന്നില്ല. അപ്പോഴാണ് രാജീവ് സാറിനോട് എന്റെ പേരു പറയുന്നതും അതിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതും. 

∙ സെല്ക്റ്റീവാണോ ഷെയ്ൻ ?

കിസ്മത് ഒരിക്കലും ഞാൻ തിരഞ്ഞെടുതല്ല. എന്നെ തിരഞ്ഞെടുത്തതാണ്. കിസ്മത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന സമയത്താണ് സൈറാ ഭാനുവിൽ അഭിനയിച്ചത്. ആ ചിത്രത്തിന്റെ കഥ എനിക്ക് ഇഷ്ടമായിരുന്നു. കിസ്മത് ഇറങ്ങുന്നതിന് മുമ്പ് പറവയിലേക്ക്  സൗബിക്ക വിളിക്കുന്നത്. സൗബിക്കയുടെ പടത്തിൽ അഭിനയിക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ലവ എനിക്ക്. അടുത്ത വർഷം കുറച്ച് പടങ്ങളുണ്ട്.  അതൊക്കെ തിരക്കഥ കേട്ട് ഞാൻ തിരഞ്ഞെടുത്ത സിനിമകൾ ആണ്.

∙ ഫഹദുമായി ഷെയ്നിന് പല കാര്യത്തിലും സാമ്യമുണ്ടെന്ന് ചിലരെങ്കിലും പറയുന്നുണ്ട് 

ഫഹദിക്ക ഞാൻ ഏറ്റവും ആദരിക്കുന്ന ആളാണ്. അന്നയും റസൂലും, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകൾ കണ്ടതിനുശേഷം ഫഹദിക്കയുടെ കടുത്ത ആരാധകൻ ആയതാണ്. എന്നെ അദ്ദേഹത്തെ പോലെ നിങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം. പക്ഷേ എന്റെ ചെറിയൊരു അപേക്ഷയാണ്. ആരെയും ആരുമായും താരതമ്യം ചെയ്യരുത്. ആരായാലും അവർക്കൊരു ഇടം കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

∙ അഭിനയത്തിൽ ഇത്രയധികം സ്വാഭാവികത കടന്നു വരുന്നത് എങ്ങനെയാണ് ?

ഒന്നും അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ല. ആ സമയത്ത് ആഗ്രഹിക്കുന്നതായിരിക്കും അഭിനയിക്കുന്നത്. നമ്മുടെ ഉള്ളിലൊരു ആഗ്രഹമുണ്ടായിരിക്കുമല്ലോ. ഇങ്ങനെയൊക്കെ വന്നാൽ നന്നാകും എന്നൊക്കെ. അതിനുവേണ്ടി എന്ത് ചെയ്യാമെന്നുള്ളതാണ് ഞാൻ നോക്കുന്നത്. നമ്മൾ തന്നെ നമ്മളെ പരിശീലിപ്പിക്കുന്ന പ്രവണതയുണ്ടല്ലോ. ഞാൻ അഭിനയിച്ച സിനിമയിലെ പല ഭാഗങ്ങളും പിന്നീട് കണ്ടപ്പോൾ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒാരോന്നായി ശരിയാക്കാൻ ശ്രമിക്കുകയാണ്. 

aby-shane

∙ അഭിനേതാവാകണമെന്ന് ആഗ്രഹിച്ചിരുന്നോ ?

ഞാൻ അഭിനേതാവാകണം എന്ന് ഉള്ളിൽ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതു പുറത്തു പറഞ്ഞിട്ടില്ല. എനിക്കിപ്പോഴും ആഗ്രഹം ഛായാഗ്രഹണം പഠിക്കാനാണ്. കുറച്ച് വർക്കുകൾ ചെയ്യണമെന്നുണ്ട്. ചെറുപ്പം മുതലുള്ള ആഗ്രഹം അതായിരുന്നു. വാപ്പച്ചിക്ക് പോലും സിനിമയിൽ അവസരമില്ലാതിരുന്ന സമയത്താണ് ഞാൻ സിനിമയിലേക്ക് വന്നത്. ഞാൻ ആഗ്രഹിക്കുന്ന ആൾ സംവിധാനം ചെയ്യുന്ന പടത്തിൽ നായകനായി അഭിനയിക്കുക എന്നാൽ അന്ന് അസാധ്യമായ കാര്യമാണ്. എന്റെ പേര് രാജീവ് സാറിനോട് പറഞ്ഞതാണ് സൗബിക്കയാണ്. രാജീവ് സാറിനോടും സൗബിക്കയോടുമാണ് സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതും.

∙ അഭിനയം വിട്ട് ഛായാഗ്രഹണത്തിലേക്ക് മാറുമോ ?

വലിയ ആഗ്രഹമാണ് ഛായാഗ്രഹണം. ബോംബെ വെൽവറ്റിൽ‌ വർക്ക് ചെയ്യാനാണ് ആദ്യം വിളിച്ചിരുന്നു. കോളജിൽ പഠിക്കുന്ന കാലമായിരുന്നു. വേറൊരു സിനിമയുടെ കാര്യവും കോളജിലെ ചില സാങ്കേതിക തടസങ്ങളുമുണ്ടായിരുന്നതുകൊണ്ട് അത് നടന്നില്ല. പഠിച്ചു കഴിഞ്ഞ് ഏറ്റവും കൂടുതൽ വർക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് രാജീവ് സാറിന്റെ കൂടെയാണ്. സമയമാകുമ്പോൾ വീണ്ടും ചോദിക്കണമെന്ന് വിചാരിക്കുന്നു. 

∙ മുന്നോട്ടുള്ള ആഗ്രഹങ്ങൾ ?

നല്ല സിനിമകളിൽ അഭിനയിക്കണം. ഒരു പടം കഴിഞ്ഞ് അടുത്ത പടം എന്ന മട്ടിൽ അഭിനയിച്ചാൽ ഒരു യന്ത്രം പ്രവർത്തിക്കുന്നതു പോലെ പ്രവർത്തിക്കേണ്ടി വരും. അപ്പോൾ ഒരു ക്രിയേറ്റിവിറ്റി ഉണ്ടാകില്ല. എനിക്ക് തന്നെ അത് ഇടയ്ക്ക് അനുഭവപ്പെടാറുണ്ട്. നമ്മൾ ഇഷ്ടപ്പെട്ട് ജോലി ചെയ്യണം. എങ്കിലേ സന്തോഷം ഉണ്ടാവൂ. അത്രയ്ക്കും അനുയോജ്യമായ പടത്തിലേ അഭിനയിക്കുന്നുള്ളൂ. ഒഴിവു കിട്ടുമ്പോൾ പഠിക്കാ‌ന‌ാണ് ആഗ്രഹം. 

∙ വാപ്പച്ചിയുടെ ഉപദേശങ്ങൾ ?

 ഒാരോ സമയത്തും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. പെട്ടെന്ന് ഒന്നോ രണ്ടോ ആയി ഒാർത്തെടുക്കാൻ പറ്റുന്നില്ല. സാഹചര്യം അനുസരിച്ച് വാപ്പച്ചി പല കാര്യങ്ങളും എന്നോട് പങ്കുവച്ചിട്ടുണ്ട്. അത് അങ്ങനെയാണ്. നീ അങ്ങനെ നോക്കിയാൽ നന്നായിരിക്കും എന്നൊക്കെ പറയാറുണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA