sections
MORE

കലിപ്പ് തീരാതെ ജോൺ

john-mammootty
SHARE

ആൻമരിയ കലിപ്പിലാണ് കണ്ടിട്ടുള്ള ആരും അതിലെ ‘കലിപ്പ് മാഷിനെ’ മറക്കാൻ ഇടയില്ല. ആൻ മരിയയെ കലിപ്പിലാക്കിയ ആ മാഷ് ഇപ്പോൾ തിയറ്ററുകളിൽ കയ്യടി നേടുന്നത് മാസ്റ്റർ പീസിലെ റോഷൻ ചെറിയാനായും ആട് 2ലെ മഹേഷ് ഷെട്ടിയായുമാണ്. പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ കഥാപാത്രങ്ങൾക്ക് ജീവൻപകർന്നത് മലയാലപ്പുഴ പൊതീപ്പാട് സ്വദേശിയായ ജോൺ കൈപ്പള്ളിൽ ആണ്. പുതുവർഷത്തിൽ തിയറ്ററുകളിൽ ഒന്നിച്ചെത്തി മികച്ച നിലയിൽ പ്രദർശനം തുടരുന്ന ചിത്രങ്ങളുടെയും ജോൺ കൈപ്പള്ളിലിന്റെയും വിശേഷങ്ങളിലൂടെ....

രണ്ട് ചിത്രങ്ങൾ, രണ്ടും മിന്നുന്ന വിജയം

രണ്ട് സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുക, അവ രണ്ടും മികച്ച വിജയം നേടുക എന്നുള്ളത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. വളരെ നാളത്തെ കഷ്ടപ്പാടിന് ദൈവം തന്ന വലിയ സമ്മാനമായി ഈ രണ്ട് സിനിമകളുടെയും വിജയത്തെ കാണുന്നു.

john-mammootty-4

കൂടുതൽ ചെറുപ്പമായ മമ്മൂക്കയോടൊപ്പം

എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള ചൂടനായ മമ്മൂക്കയുടെ ഇമേജായിരുന്നു എനിക്കും ഉണ്ടായിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച കുറച്ചു ദിവസങ്ങൾകൊണ്ട് എന്റെ കാഴ്ചപ്പാട് ആകെ മാറിപ്പോയി. പുറമെ നോക്കിയാൽ കുറച്ച് ടഫ് ആണെന്നു തോന്നിയാലും അദ്ദേഹം വളരെ കൂളാണ്. ഞങ്ങൾ എട്ട് ചെറുപ്പക്കാരുടെ ഒപ്പം അദ്ദേഹം നിൽക്കുമ്പോഴെല്ലാം ഒൻപതാമത് ഒരാൾ എന്നു മാത്രമേ തോന്നിയിട്ടുള്ളു. പിന്നെ പ്രത്യേകം പറയേണ്ട ഒരു കാര്യമുണ്ട്. മാസ്റ്റർപീസിലെ ഒറ്റ ഫൈറ്റ് സീനിൽ പോലും അദ്ദേഹം ഡ്യൂപ്പുകളുടെ സഹായം തേടിയിട്ടില്ല. ഞങ്ങൾ ചെറുപ്പക്കാരെപോലും ഞെട്ടിക്കുന്ന ആവേശമാണ് അദ്ദേഹത്തിന് ഇപ്പോഴും.

മാസ്റ്റർപീസിലെ വൻ താരനിര

ആൻമരിയ കലിപ്പിലാണ് കണ്ട് ഇഷ്ടപ്പെട്ടാണ് അജയ് വാസുദേവ് ചേട്ടൻ മാസ്റ്റർപീസിലേക്ക് വിളിച്ചത്. 120 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങായിരുന്നു മാസ്റ്റർപീസിന്റേത്. ചെറുപ്പക്കാരുടെ വൻ നിരതന്നെയുണ്ട് ചിത്രത്തിൽ. ശരിക്കും ഞങ്ങളെല്ലാവരും ഒരുപാട് ആസ്വദിച്ചു ചെയ്ത പടമാണിത്. മമ്മൂക്ക ഉൾപ്പെടെയുള്ള എല്ലാവരുടെയും വലിയ പിന്തുണയാണ് ഞങ്ങളെ എല്ലാവരെയും മൽസരിച്ച് അഭിനയിക്കാൻ പ്രേരിപ്പിച്ചത്. അത് സിനിമയുടെ വിജയത്തിൽ വളരെ സഹായിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

john-mammootty-3

മിഥുൻ മാനുവലുമായുള്ള സൗഹൃദം

മിഥുൻ മാനുവലിനെ എനിക്ക് വളരെ മുൻപ് തന്നെ പരിചയമുണ്ട്. ഞങ്ങൾ കൊച്ചിയിൽ ഒന്നിച്ച് താമസിച്ചിട്ടുണ്ട്. മിഥുന്റെ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയാണ് എന്റെ കരിയറിൽ വഴിത്തിരിവായതും.

ആട്  2ലേക്കുള്ള വഴി

അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ വേഷമാണ് ആട് 2ലെ മഹേഷ് ഷെട്ടിയുടേത്. ചിത്രം തുടങ്ങിയപ്പോൾ മുതൽ പലപ്പോഴായി അതിലെ പല വേഷങ്ങൾ ചെയ്യാൻ എന്നെ വിളിച്ചിരുന്നു. എന്നാൽ, അവയെല്ലാം പലകാരണങ്ങളാൽ നീങ്ങിപ്പോവുകയായിരുന്നു.  എന്നാൽ, ഷൂട്ടിങ് തീരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മിഥുൻ വിളിച്ച് മഹേഷ് ഷെട്ടിയുടെ റോൾ ചെയ്യാമോ എന്ന് ചോദിക്കുന്നത്. ആദ്യം ഒന്ന് മടിച്ചെങ്കിലും കൂടുതൽ സീനുകളിൽ ഇല്ലെങ്കിലും മഹേഷ് ഷെട്ടിയുടെ കഥാപാത്രത്തിനുള്ള പ്രധാന്യം മനസ്സിലാക്കിയപ്പോൾ പിന്നെ ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല.

എന്നെ അറിന്താനിൽ അജിത്തിനൊപ്പം

എന്നെ അറിന്താനിൽ വളരെ ചെറിയ ഒരു വേഷമാണ് ഞാൻ ചെയ്തത്. എന്നാൽ, അവിടെ എന്നെ ഞെട്ടിച്ചത് അജിത്തിനോടുള്ള അവിടത്തുകാരുടെ ഭ്രാന്തമായ ആരാധനയാണ്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നാൽപതോളം ഓട്ടോറിക്ഷകളിൽ ഞാൻ കയറി. ഇതിൽ ഒരു 20 എണ്ണത്തിൽ കുറയാതെ അജിത്തിന്റെ ചിത്രം കാണാം. ഏതു പാതിരാത്രിയിലും അജിത്ത് വരുന്നു എന്നറിഞ്ഞാൽ വൻ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാണാൻ എത്തുന്നത്. അങ്ങനെയുള്ള എന്നെ അദ്ദേഹം ഇങ്ങോട്ടു വന്നു പരിചയപ്പെട്ടപ്പോൾ വല്ലാത്ത അദ്ഭുതമാണ് തോന്നിയത്.

john-mammootty-1

മലയാലപ്പുഴയിൽ നിന്നു വെള്ളിത്തിരയിലേക്ക്

സിനിമയിൽ മുഖം കാണിക്കുക എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. ചെറിയ വേഷങ്ങൾ ചെയ്തപ്പോൾ കുറെക്കൂടി നല്ല വേഷങ്ങൾ ചെയ്യണമെന്നായി. സിനിമയിൽ പരിചയക്കാരൊന്നും ഇല്ലാതിരുന്നതുകൊണ്ടു തന്നെ അതത്ര എളുപ്പവുമായിരുന്നില്ല. 

സിനിമ എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ടാണ് ബിടെക്കിനു ശേഷം കൊച്ചിയിൽ ജോലി ചെയ്തതും അവിടെത്തന്നെ താമസമാക്കിയതും. എട്ടു വർഷത്തോളമാകുന്നു സിനിമയിൽ വന്നിട്ട്. ഇപ്പോൾ നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്. ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം ഉടൻ ഉണ്ടാകും.

വിജയങ്ങളുടെ  നെറുകയിൽ നിൽക്കുമ്പോൾ

പുതുവർഷത്തിൽ എനിക്ക് വളരെ മികച്ച രണ്ട് കഥാപാത്രങ്ങളെ നൽകിയ മിഥുൻ മാനുവലിനോടും അജയ് വാസുദേവിനോടുമുള്ള നന്ദി പറ‍ഞ്ഞാൽ തീരാത്തതാണ്. എന്റെ രക്ഷകർത്താക്കളും സുഹൃത്തുക്കളുമെല്ലാം എല്ലായ്പ്പോഴും മികച്ച പിൻതുണയുമായി ഒപ്പം നിന്നിട്ടുണ്ട്. ഇന്ന് ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ അവരുടെ ഒക്കെ പ്രാർഥനയും അനുഗ്രഹവുമാണെന്നാണ് എന്റെ ഉറച്ച വിശ്വാസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA