എന്താ എന്നോട് മിണ്ടാത്തെ..? പൗളിയോട് അന്ന് മമ്മൂട്ടി ചോദിച്ചു

pauly-mammootty
SHARE

പൗളി വൽസണ് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ട യാഥാർഥ്യം. 37 വർഷമായി നാടകരംഗത്തിലൂടെ കലാരംഗത്ത് സജീവമായ പൗളിയ്ക്ക് കിട്ടിയ പൊൻതൂവലാണ് പുരസ്കാരം. ഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിലും പോളി വൽസൺ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പൗളി അഞ്ചുവർഷത്തിനിടെ മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിലെ സഹനടികളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും പൗളി വൽസണെ തേടി എത്തിയിരിക്കുന്നു. അവാർഡിനർഹയാക്കിയ ഈമയൗ, ഒറ്റമുറിവെളിച്ചം എന്നിവയെക്കുറിച്ചും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും പൗളി മനോരമന്യൂസ്ഡോട്ട്കോമിനോട് സംസാരിക്കുന്നു.

അഭിനയിക്കുന്ന സമയത്ത് എപ്പോഴെങ്കിലും അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഈമയൗവിൽ അഭിനയിക്കുമ്പോൾ ഞാൻ ശരിക്കും കരയുകയായിരുന്നു. ആദ്യമൊക്കെ അഭിനയമാണെന്ന് തോന്നിയെങ്കിലും പിന്നെപിന്നെ അതുമറന്ന് കഥാപാത്രമായി മാറുകയായിരുന്നു. യഥാർഥ മരണവീട്ടിൽപ്പെട്ടതുപോലെയായിരുന്നു എന്റെ അവസ്ഥ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും വേണ്ടത് സ്വാഭാവിക അഭിനയമായിരുന്നു. ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അദ്ദേഹം കാണിക്കില്ലായിരുന്നു. അഭിനയം മനസിൽ നിന്നും വരണമെന്ന ശാഠ്യക്കാരനായിരുന്നു. അഭിനേതാക്കളുടെ സ്വാതന്ത്ര്യത്തിന് വിട്ടുതരും. അത്തരമൊരു സ്വാതന്ത്ര്യം ലഭിച്ചതാണ് ഈമയൗവിലെ കഥാപാത്രം മികച്ചതാക്കാൻ സാധിച്ചത്. 

കേവലം 18 ദിവസം കൊണ്ടാണ് പടം തീർത്തത്. കൂടുതലും രാത്രിയിലായിരുന്നു ചിത്രീകരണം. രാത്രി 7ന് തുടങ്ങുന്ന ഷൂട്ടിങ് പുലർച്ചെ നാലര–അഞ്ചാകുമ്പോൾ തീരും. കൃത്യസമയത്ത് തുടങ്ങി കൃത്യസമയത്ത് തീർക്കും. കാണാതെപഠിച്ച് പറയുന്ന തിരക്കഥയല്ല. നമ്മുടെ മനോധർമ്മം പോലെ പറയാം. ചെറിയ തുരുത്തിൽ നടക്കുന്ന കഥയാണ് ഈമയൗ. എന്റെ സ്വദേശം വൈപ്പിനായതുകൊണ്ട് ഈമയൗവിന്റെ കഥാപാശ്ചാത്തലം അപരിചിതമായിരുന്നില്ല. 

ഇൻഫോപാർക്കിലെ ജോലി രാജവച്ചിട്ടാണ് രാഹുൽ റിജി നായർ ഒറ്റമുറി വെളിച്ചം സംവിധാനം ചെയ്യാൻ വന്നത്. ആ കൊച്ചന്റെ പരിശ്രമത്തിന് ഫലം കിട്ടണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ആ സിനിമയുടെ ടീമും വളരെ നല്ല പ്രോത്സാഹനമായിരുന്നു. ഈ രണ്ടുകഥാപാത്രങ്ങൾ ചെയ്യുമ്പോഴും എല്ലാവരും പറയുന്നുണ്ടായിരുന്നു ചേച്ചിക്ക് എന്തെങ്കിലും അവാർഡുണ്ടാകും, ജൂറി പരാമർശമെങ്കിലും ലഭിക്കുമെന്ന്. എല്ലാ കലാകാരന്മാരെയുംപോലെ ഞാനും മനസുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ട്, ചെയ്യുന്ന അധ്വാനത്തിന് എന്തെങ്കിലും കിട്ടിയിരുന്നെങ്കില്ലെന്ന്.

നാടകപശ്ചാത്തലം സിനിമയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

നാടകമാണ് എന്റെ പാഠശാല. 37 കൊല്ലമായി നാടകരംഗത്തുണ്ട്. ഞാനൊരിക്കലും നാടകീയമായി അഭിനയിക്കാറില്ല. നാടകത്തിലായാലും സ്വാഭാവികമായി പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളത്. ഇത് സിനിമയിൽ സഹായിച്ചിട്ടുണ്ട്. നാടകം നമ്മൾ അഭിനയിക്കുന്നത് കാണികളുടെ മുമ്പിലാണ്. കറതീർത്തുള്ള അഭിനയമാണത്. അവിടെ നിന്നും സിനിമയിലേക്ക് എത്തുമ്പോൾ അതിന്റേതായ ഗുണങ്ങളുണ്ട്.

മമ്മൂട്ടിയോടൊപ്പം നാടകത്തിൽ അഭിനയിച്ച ഒരു പഴയകാലമുണ്ടല്ലോ? അതിനെക്കുറിച്ച്?

1975ൽ സബർമതിയെന്ന നാടകത്തിൽ ഞങ്ങളൊന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് കൂട്ടുകാരോടൊപ്പമാണ് മമ്മൂട്ടി അഭിനയിക്കാൻ വന്നത്. ഞാൻ രണ്ടും മൂന്നും നാടകങ്ങളിൽ ഓടിനടന്ന് അഭിനയിക്കുന്ന കാലമാണ്. അന്ന് ഒരുമിച്ച് അഭിനയിച്ചതിനുശേഷം കണ്ടിട്ടില്ല. അദ്ദേഹം സിനിമയിൽ വേരുറപ്പിച്ച് വലിയ നടനായി. ഒരുപാട് കാലത്തിന് ശേഷം പിന്നെ കാണുന്നത് എന്റെ ആദ്യ ചിത്രമായ അണ്ണൻതമ്പിയിലാണ്. 

പുള്ളി അന്നത്തെപ്പോലെ തന്നെ ചെറുപ്പക്കാരനായിട്ടിരിക്കുകയല്ലേ. ഞാനാണെങ്കിൽ പ്രായമായി, മുഖമൊക്കെമാറി. അതുകൊണ്ട് അങ്ങോട്ട് സംസാരിക്കാൻ പോയില്ല. തരിച്ചറിഞ്ഞില്ലെങ്കിൽ നാണക്കേടല്ലേയെന്നോർത്ത് മടിച്ചിരുന്നു. സെറ്റിൽ എന്റെ സംസാരം കേട്ടപ്പോൾ അദ്ദേഹം അവിടെയുള്ളവരോട് ആരാ ആ സംസാരിക്കുന്നത്, ശബ്ദം കേട്ടാൽ അറിയാം അവർ ഒരു പ്രഫഷനാലാണെന്ന് പറഞ്ഞു. അവിടെ നിന്ന ആരോ ആണ് വൈപ്പിൻകാരി പോളി വൽസണെന്ന നാടകക്കാരിയാണെന്നുപറയുന്നത്. അതുകേട്ടിട്ട് അദ്ദേഹം പോളിയോ? എനിക്കറിയാം ഞങ്ങളൊന്നിച്ച് നാടകത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. 

എന്നെ വിളിപ്പിച്ചു. അടുത്തുചെന്നപ്പോൾ എന്താ എന്നെ കണ്ടാൽ മിണ്ടാതെ പോകുവാണോ? എന്ന് ചോദിച്ചു. വിശേഷങ്ങളൊക്കെ ചോദിച്ചു. ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയിൽ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഞങ്ങളൊരുമിച്ച് അഭിനയിക്കുന്നതിന്റെ ചിത്രവും അതിൽ ചേർത്തിട്ടുണ്ട്. എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു. എന്നെക്കുറിച്ചോർക്കുമെന്ന് കരുതിയതേയില്ല. അവാർഡ് കിട്ടിയപ്പോഴും അദ്ദേഹം വിളിച്ച് അഭിനന്ദിച്ചു. കെപിഎസി ലളിതചേച്ചി, സലിംകുമാർ തുടങ്ങി ഒരുപാട് പേർ വിളിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA