ആ ‘ഇര’ ദിലീപ് തന്നെയോ?

SHARE

ആ നടന്റെ ജീവിതമാണോ ഈ സിനിമ.. ഇര എന്ന ചിത്രം ഇറങ്ങുന്നതിനു മുമ്പ് നമുക്കെല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും നവാഗത സംവിധായകനായ സൈജു സദന്‍ സംവിധാനം ചെയ്ത ആ ചിത്രമായ, ഇര തീയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ഇരയ്‌ക്കൊപ്പം ഒരു നവാഗത സംവിധായകനെ കൂടിയാണു മലയാള സിനിമയ്ക്കു ലഭിക്കുന്നത്. സിനിമയ്ക്കു മുന്‍പേയെത്തുന്ന സിനിമ നിരൂപണങ്ങളേയും പ്രേക്ഷകരുടെ ചിന്തകളേയും സിനിമയിലേക്കുള്ള ചുവടുവയ്പ്പിനേയും കുറിച്ച് സൈജു സംസാരിക്കുന്നു...

മധുരപ്പതിനേഴു പിന്നിട്ട സിനിമ യാത്ര...

സംവിധായകന്റെ സ്ഥാനത്ത് ആദ്യമായിട്ടാണെങ്കിലും പതിനേഴു വര്‍ഷത്തിലേറെയായി ഇതും മനസ്സിലിട്ടു നടക്കാന്‍ തുടങ്ങിയിട്ട്. ടിവി പ്രൊഡ്യൂസറായും അവതാരകനായുമൊക്കെയായിട്ടായിരുന്നു തുടക്കം. അന്നു കിട്ടിയ സൗഹൃദങ്ങളായ ഈ വലിയ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത്. സിനിമയുടെ തിരക്കഥാകൃത്തായ നവീന്‍ ജോണ്‍, നിര്‍മാതാക്കളായ ഉദയ കൃഷ്ണ, വൈശാഖ് എന്നിവരൊക്കെ അങ്ങനെയാണു സുഹൃത്തുക്കളായത്. 

dileep-ira-movie
ദിലീപ്, സൈജു

ഇവരുള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത ഒത്തിരിപ്പേരുണ്ട്. വി-ട്രാക്‌സ് ആയിരുന്നു തുടക്കത്തിലെ തട്ടകം. വി-ട്രാക്‌സും തങ്കപ്പന്‍ ചേട്ടനും തുടങ്ങി സിനിമയെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ഓരോ പ്രേക്ഷകരും വരെ എനിക്കൊപ്പം നിന്നവരാണ്. ഇത്രയും നാള്‍ ഇതിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഞാനുള്‍പ്പെടെയുള്ള കുറച്ചു പേരുടേത് മാത്രമായിരുന്നു. ഇപ്പോഴത് ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി. അവരുടെ വര്‍ത്തമാനങ്ങളുടെ ഭാഗമായി. അതിന്‌റെ ത്രില്ലിലാണ് ഞാനിപ്പോള്‍. ചിത്രം കണ്ടിട്ട് എന്നെ അറിയാവുന്ന ഒത്തിരിപ്പേര്‍ വിളിച്ചു. അറിയാത്തവരൊക്കെ വൈശാഖ്, ഉദയകൃഷ്ണ എന്നിവരുടെ നമ്പറിലേക്ക് വിളിച്ച് ചിത്രം ഇഷ്ടമായി എന്നു പറഞ്ഞു. കേട്ടപ്പോള്‍ ഒത്തിരി സന്തോഷം. 

പുലിമുരുകനിലെ അസിസ്റ്റന്‌റ് ഡയറക്ടര്‍

പുലിമുരുകന്റെ സംവിധായകനായ വൈശാഖ് ചേട്ടനും ഞാനും ടിവിയില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ്. അദ്ദേഹം സിനിമയില്‍ സജീവമായപ്പോള്‍ എന്നെയും കൈപിടിച്ചു. അങ്ങനെയാണ് പുലിമുരുകന്‌റെ അസിസ്റ്റന്‌റ് ഡയറക്ടറായത്. അദ്ദേഹം സിനിമ ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ അസിസ്റ്റന്‌റ് ഡയറക്ടറാണ്. അദ്ദേഹം ഉദയകൃഷ്ണയ്‌ക്കൊപ്പം ചേര്‍ന്നൊരു സിനിമ നിര്‍മിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ആദ്യ ചിത്രമായി എന്‌റേത് തിരഞ്ഞെടുക്കാനുള്ള വലിയ മനസ്സ് കാണിച്ചു...നൂറു കോടിയ്ക്കു മേല്‍ നേടിയ ഒരു ചിത്രത്തിന്റെ സംവിധായകനാണ് വൈശാഖ്. ഹിറ്റ് തിരക്കഥകളാണ് ഉദയകൃഷ്ണയുടേത്. എന്നിട്ടും അവര്‍ നവാഗതനായ എന്‌റെ സിനിമയ്ക്കാണ് അവസരം നല്‍കിയത്. നമുക്ക് ഇവന്‌റെ പടം തന്നെ ആയാലോ എന്നു ചോദിച്ച ഉദയ കൃഷ്ണ ചേട്ടനാണ് സിനിമയ്ക്ക് ഇര എന്ന പേര് നിര്‍ദ്ദേശിച്ചതും. 

ട്രെയിലര്‍ കണ്ടപ്പോള്‍ അത് ദിലീപിന്‌ന്റെ ജീവിതവുമായി ബന്ധമുണ്ടെന്നു തോന്നിയല്ലോ

അതെ. അങ്ങനെയൊരു കാര്യമുണ്ടായി. ഈ സിനിമയ്ക്ക് ആ വിഷയവുമായി ഒരു ബന്ധവുമില്ല. ട്രെയിലര്‍ പ്രേക്ഷകരുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കണമല്ലോ. എങ്കിലല്ലേ സിനിമ കാണണം എന്ന് അവര്‍ക്ക് തോന്നൂ. സമകാലിക സംഭവുമായി ബന്ധപ്പെടുത്തി ട്രെയിലര്‍ ചെയ്യുമ്പോള്‍ എളുപ്പത്തില്‍ സിനിമയുടെ ട്രെയിലറിനെ സംവദിക്കാനാകും. അതാണ് അങ്ങനെ ചെയ്തത്. സമകാലീക സംഭവങ്ങള്‍ പലതും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നേയുള്ളൂ.

സമൂഹത്തില്‍ ഇരയാക്കപ്പെടുന്നവര്‍ ഏറെയാണ്. നിയമം കൊണ്ടും സമൂഹം കൊണ്ടും ഇരയാക്കപ്പെടുന്നവര്‍. അവരെയാണ് ഇരയില്‍ കാണാനാകുക. ഇതൊരു റൊമാന്റിക് ത്രില്ലറാണ്. 

നിരൂപണങ്ങളോട്!

നിരൂപണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. തീര്‍ച്ചയായും അത് വേണം. ഒരു സിനിമയുടെ കഥാതന്തുവും ക്ലൈമാക്‌സും വെളിപ്പെടുത്ത തരത്തിലുളള, ശക്തമായ സൂചന നല്‍കുന്ന തരത്തിലുള്ള നിരൂപണങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. ഒരു സിനിമ എന്നു പറയുന്നത് ഒരു മനുഷ്യായുസ്സിന്‌റെ സ്വപ്‌നമാണ്. ഞാന്‍ തന്നെ പതിനേഴു വര്‍ഷമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരു കഥ കഷ്ടപ്പെട്ട് എഴുതി, പിന്നെയതു പലവട്ടം തിരുത്തി, പിന്നെയും എഴുതി, അഭിനേതാക്കളെ കണ്ടുപിടിച്ച് നിര്‍മ്മാതാക്കള്‍ക്കു വേണ്ടി അലഞ്ഞ്, നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ കുറേ നഷ്ടപ്പെടുത്തി, 

ജോലിയൊക്കെ കളഞ്ഞ്, പലപ്പോഴും കുടുംബത്തോടൊക്കെ കലഹിച്ച് സങ്കടപ്പെട്ടൊക്കെയാണ് ഓരോരുത്തരും സിനിമ സംവിധാനം ചെയ്യുന്നതും ആ രംഗത്ത് നിലനില്‍ക്കുന്നതും. സിനിമയെന്ന സ്വപ്‌നത്തിലേക്കുള്ള എത്തിച്ചേരലിന് മാനസികമായും ശാരീരികമായും ഒരുപാട് അധ്വാനം ആവശ്യമാണ്. അതെല്ലാം താണ്ടി ഒരാള്‍ സിനിമയുമായി എത്തുമ്പോള്‍ എസി മുറിയില്‍ ഒരു പേനയും പേപ്പറും കീബോര്‍ഡുമായിരുന്നു എഴുതി അതിനെ നശിപ്പിക്കാന്‍ എളുപ്പമാണ്. അവരോട് ഒന്നും പറയാനില്ല. ഭയവുമില്ല. ഒന്നുമാത്രം ഓര്‍ക്കുക, ഒരുപാടു പേരുടെ വിയര്‍പ്പാണ് ഓരോ ചിത്രവുമെന്ന്. സോഷ്യല്‍ മീഡിയയില്‍ ഒത്തിരി നിരൂപണങ്ങള്‍ കണ്ടു. അത്ര മനോഹരമായിട്ടാണ് ഓരോരുത്തരും എഴുതിയിരിക്കുന്നത്. അവരോടൊക്കെ ഒത്തിരി നന്ദിയുണ്ട്.

മിയയുടെ ലുക്ക്, ഉണ്ണിയും പിന്നെ ഗോകുലും!

കാസ്റ്റിങ് നടത്തി വന്നപ്പോഴേ മിയയുടെ പേരായിരുന്നു മുന്നില്‍. ആ കഥാപാത്രത്തിന് മിയ ഏറെ ചേരുമെന്നു തോന്നി. കഥാപാത്രത്തേയും സിനിമയേയും കുറിച്ച് പറഞ്ഞ് ഞാന്‍ മിയയെ വിളിച്ചു. നീ ഈ ചിത്രത്തില്‍ വേണം എന്നാണ് ആഗ്രഹം എന്നു പറഞ്ഞു. ഞാന്‍ വേറൊന്നും ചോദിച്ചില്ലല്ലോ...സീന്‍സ് അയച്ചു താ എന്നായിരുന്നു മിയയുടെ മറുപടി. അവള്‍ അന്നേരം മറ്റൊരു ചിത്രത്തിന്‌റെ സെറ്റിലായിരുന്നു...സീന്‍ കണ്ടിട്ട് മിയ പറഞ്ഞു,

തീര്‍ച്ചയായും ഞാന്‍ ഉണ്ടാകും. ഞാന്‍ ഇല്ലാതെ ഈ ചിത്രം നടക്കില്ല എന്നെനിക്കറിയാം...അല്ലേ...എന്നു പറഞ്ഞു. ലുക്കിലും അഭിനയത്തിലും തീര്‍ത്തും വ്യത്യസ്തയായൊരു മിയയെ നമുക്ക് കാണാം. 

പിന്നെ ഉണ്ണി മുകുന്ദന്‍. അദ്ദേഹത്തിന്‌റെ നിരവധി ചിത്രങ്ങളും ലുക്കും ഇതിനോടകം കണ്ടതാണ്. എങ്കിലും റൊമാന്‌റിക് ആയ ഒരു പൊലീസ് ഓഫിസറായി ഉണ്ണി ഇതുവരെ എത്തിയിട്ടില്ലല്ലോ. അതിമനോഹരമായാണ് ഉണ്ണി വേഷം കൈകാര്യം ചെയ്തത്. ഓരോ സീനിലും എന്‌റെ മനസ്സിലുള്ളത് മനസ്സിലാക്കി അനായാസമായി പൂര്‍ത്തിയാക്കി.

ഗോകുല്‍ പുതുമുഖമാണ്. പക്ഷേ ഓരോ ചിത്രങ്ങളിലും തന്‌റെ പ്രതിഭ എത്രമാത്രമാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഇവിടെയും അതുപോലെ തന്നെ.

കുടുംബം

കോഴിക്കോട് കുന്നമംഗലത്താണു വീട്. ഭാര്യ സൗമ്യ സിവില്‍ എഞ്ചിനീയറാണ്. മകന്‍ ധ്രുവ്. രണ്ടാമതൊരാളെ പ്രതീക്ഷിച്ചിരിക്കയാണ് ഇപ്പോള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA