sections
MORE

മണിയൻപിള്ള ഒട്ടക മുതലാളി; പിഷാരടി പറയുന്നു

maniyan-ramesh
SHARE

മലയാളത്തിൽ ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി നിർമാതാവ് ഒട്ടക മുതലാളിയായി! ഒട്ടകം മാത്രമല്ല, വിദേശ ഇനങ്ങളടക്കം ലക്ഷക്കണക്കിനു രൂപ വിലയുള്ള ഇരുപതോളം പക്ഷികളും നിർമാതാവിനു സ്വന്തം. ‘പഞ്ചവർണതത്ത’ എന്ന സിനിമയിലൂടെ  മണിയൻ പിള്ള രാജുവിനു കൈവന്ന ഈ സൗഭാഗ്യങ്ങളെക്കുറിച്ചു സംവിധായൻ രമേഷ് പിഷാരടി പറയുന്നതിങ്ങനെ–‘സാധാരണ സിനിമാ ഷൂട്ടിങ് കഴിയുമ്പോൾ പൊലീസ് വേഷവും തൊപ്പിയും ചട്ടിയും പോലുള്ള സാധനങ്ങളാണു നിർമാതാവിനു സെറ്റിൽ നിന്നു  ലഭിക്കുക. പക്ഷേ, രാജു ചേട്ടൻ ഇപ്പോൾ ഒരു  പെറ്റ് ഷോപ്പിന്റെ ഉടമയായിരിക്കുന്നു’

Panchavarna Thatha Location Video

ഒട്ടകവും പക്ഷികളും മാത്രമല്ല,  എലി മുതൽ ആന വരെ നൂറിലേറെ ജീവികളെ അണിനിരത്തിയാണു പിഷാരടി പഞ്ചവർണ തത്ത ഒരുക്കിയിരിക്കുന്നത്. ഇതു മൃഗങ്ങളെക്കുറിച്ചുള്ള ഒരു സിനിമയല്ലെന്നു സംവിധായകൻ വ്യക്തമാക്കുന്നു.

അവരാണു താരങ്ങൾ

‘ഇതിൽ ജയറാമേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രം  ഒരു പെറ്റ്ഷോപ്പ് ഉടമയാണ്. അതിനു വേണ്ടിയാണ് ഈ ജീവികളെല്ലാം. ഒട്ടകത്തെ  കിട്ടാനില്ലാത്തതിനാൽ  ഒരു ലക്ഷം രൂപ മുടക്കി രാജസ്ഥാനിൽ നിന്നു വാങ്ങുകയായിരുന്നു. തിരുവനന്തപുരത്തു പെറ്റ് ഷോപ്പ് നടത്തുന്ന രണ്ടു സുഹൃത്തുക്കളാണ് ഒട്ടകത്തെ വാങ്ങി ലോറിയിൽ എത്തിച്ചത്. കയ്യിലെടുത്താൽ തൂവൽ പൊഴിഞ്ഞു പോകുന്ന കോഴിയടക്കമുള്ള പല പക്ഷികളെയും പല സ്ഥലങ്ങളിൽ നിന്നു വാങ്ങി. പത്തോളം പട്ടികൾ, പൂച്ചകൾ എന്നിവയെ  വാടകയ്ക്കെടുത്തു. ഇവയെയെല്ലാം  ഇണങ്ങാൻ ഷൂട്ടിങ്ങിന് ഒരു മാസം മുൻപു തന്നെ വെള്ളൂരിൽ വാടകയ്ക്കെടുത്ത, വലിയ മുറ്റവും പറമ്പുമുള്ള വീട്ടിൽ കൊണ്ടുവന്നു. പരിപാലിക്കാൻ നാലുപേരുമുണ്ടായിരുന്നു. ജീവികളെ ഷൂട്ടിങ്ങിന് ഉപയോഗിക്കാൻ പ്രതിബന്ധങ്ങൾ പലതാണ്. 

മൃഗസംരക്ഷണ വകുപ്പിൽ നിന്നു മുൻകൂർ അനുമതി വാങ്ങി മാർഗ നിർദേശങ്ങളെല്ലാം കൃത്യമായി പാലിച്ചായിരുന്നു ഷൂട്ടിങ്. സെറ്റിൽ  മൃഗ ഡോക്ടർ  സ്ഥിരമായുണ്ടായിരുന്നു. ഓരോ ഷോട്ടിനു മുൻപും ശേഷവും  ഡോക്ടർ പരിശോധിച്ച് ഇവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നു സാക്ഷ്യപ്പെടുത്തണം. അഭിനേതാക്കൾക്ക് ആഹാരം സമയത്തു കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ, ഈ ജീവികൾക്ക് ആഹാരം വൈകിയാൽ ഡൽഹിയിൽ നിന്നാണ് അന്വേഷണമെത്തുക. അരുമകളായ താരങ്ങളായി തന്നെയാണു രാജു ചേട്ടന്റെ മേൽനോട്ടത്തിൽ അവയെ പരിപാലിച്ചത്. സംവിധായകൻ എന്ന നിലയിൽ വലിയ വെല്ലുവിളിയും രസവും ഈ ജീവികളെ സിനിമയിൽ അഭിനയിപ്പിക്കുന്നതായിരുന്നു. എമു അടക്കം പല ജീവികളെയും വളർത്തിയ ചരിത്രമുള്ള സലിം കുമാർ ചേട്ടൻ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഒട്ടകത്തെ  ചോദിച്ചതാണ്. പക്ഷേ, അതിപ്പോൾ തിരുവനന്തപുരത്തുണ്ട്. പക്ഷികൾ പാലായിലുള്ള എന്റെ സുഹൃത്തിന്റെ വീട്ടിലും. 

80% കോമഡി

ജയറാമേട്ടന്റെ കഥാപാത്രവും  എംഎൽഎ ആയ അച്ഛന്റെ മരണത്തെത്തുടർന്ന് എംഎൽഎ സ്ഥാനം കൈവന്ന കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രവും  തമ്മിലുള്ള ഇടപെടലുകളുടെയും സംഭവങ്ങളുടെയും കഥയാണു  സിനിമ പറയുന്നത്. സുഹൃത്ത് ഹരി പി. നായർക്കൊപ്പം തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ മൃഗങ്ങളുമായി ഇടപഴകാൻ വഴക്കമുള്ള ഒരാൾ എന്ന നിലയിലാണ് ജയറാമേട്ടനെ പെറ്റ് ഷോപ്പ് ഉടമയുടെ റോളിലേക്കു തീരുമാനിച്ചത്. 80% കോമഡി തന്നെയാണു സിനിമ. ബാക്കി 20% സമകാലികമായ ചില കാര്യങ്ങൾ പറയുന്നു. സിനിമ കണ്ടു കഴിഞ്ഞു മടങ്ങുമ്പോൾ മനസ്സിൽ അവശേഷിക്കുന്ന ചിലതുണ്ടാവും. സിനിമ വിഷുവിനു തിയറ്ററിലെത്തും.

jayaram-pisharadi

ഗുരുക്കൻമാരില്ല

മിമിക്രി വേദിയിൽ നിന്നു സിനിമയിൽ എത്തുന്നതു 2007ൽ നസ്രാണി എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ്. എന്നും മിമിക്രിയും ടിവിഷോയും തന്നെയായിരുന്നു മുഖ്യം. ഇതുവരെ ഇരുപതോളം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. സിനിമയ്ക്കു പറ്റിയ ഒരു രസകരമായ കഥ തോന്നിയപ്പോൾ രാജുചേട്ടനോടു  പറയുകയായിരുന്നു. മിമിക്രി സ്കിറ്റുകളും സ്റ്റേജ് ഷോകളും സ്ക്രിപ്റ്റ് എഴുതി ഒരുക്കിയതിന്റെ പരിചയം മാത്രമാണു സംവിധാന രംഗത്തെത്തുമ്പോഴുള്ള കൈമുതൽ. സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയിട്ടുള്ളതൊഴിച്ചാൽ സംവിധാനം ആരുടെ കീഴിലും പഠിച്ചിട്ടില്ല. ഇനിയും സിനിമ സംവിധാനം ചെയ്യുമോ എന്നതൊന്നും ചിന്തിച്ചിട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA