ആന്റിക്രൈസ്റ്റ്, ഈ.മ.യൗ, പിന്നെ ശവം: പി.എഫ് മാത്യൂസ് അഭിമുഖം

pf-mathews-ee-ma-yau
SHARE

ഓര്‍മകളിലെപ്പോഴും പെയ്യുന്ന മഴകളുണ്ടാകും ഓരോ മനുഷ്യനും ...മനസ്സിലെന്നും പെയ്തു കൊണ്ടേയിരിക്കും അത്. അന്നോളം കണ്ടിട്ടില്ലാത്തൊരു മഴ അന്നോളം കൊട്ടിയുണര്‍ത്തിട്ടില്ലാത്തൊരു ഇടിമിന്നല്‍...പിന്നെയും ആ മഴ നനഞ്ഞു കൊണ്ടേയിരിക്കും. ചില സിനിമകളും അതുപോലെയാണ്. മഴയുടെ അകമ്പടിയുള്ള, പ്രേക്ഷകന്റെ ചിന്താപരിസരത്തേയ്ക്ക ചോദ്യങ്ങളെറിഞ്ഞ്...മൗനമായി കടന്നു പോകുന്ന ചിത്രങ്ങള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ അത്തരത്തിലൊരു ചലച്ചിത്ര സൃഷ്ടിയായിരുന്നു. 

അതിനെ ഉദാത്തമെന്നോ അല്ലെന്നോ മികച്ചതെന്നോ മോശമെന്നോ ഒക്കെ വിലയിരുത്താം. പക്ഷേ ആ സിനിമ പകര്‍ന്നു തന്നുപോയൊരു അനുഭൂതി ഇനിയും കണ്ടിറങ്ങിയവരില്‍ നിന്നകന്ന പോയിട്ടില്ല. ആല്‍ബിയുടെ പൊട്ടിയ ക്ലാര്‍നെറ്റിലെ സംഗീതവും വാവച്ചന്‍ മേസ്തിരിയുടെ താറാവും ഈശിയുടെ നോട്ടവും മൗനം പോലും ഈണമായി മാറിയ പശ്ചാത്തല സംഗീതവുമൊന്നും മാഞ്ഞുപോകുന്നില്ല. ചെറിയ ഇടവേള മാത്രം നല്‍കി ആദിമധ്യാന്തം പെയ്ത മഴ പോലെ ഇന്നോളം കണ്ടിട്ടില്ലാത്ത ചലച്ചിത്ര അവതരണമായിരുന്നു സിനിമ. 

തന്റെ മനസ്സിലേക്കു ചേക്കേറുന്ന കഥകളെ ഉപാധികളില്ലാതെ തനിക്കിഷ്ടമുള്ള രീതിയില്‍ മാത്രമേ സിനിമയെടുക്കൂ...എന്നു എന്നേ പ്രഖ്യാപിച്ച സംവിധായകനാണ് ലിജോ. മലയാള സാഹിത്യത്തിലെ പതിവ് ശൈലികളെ തിരുത്തിയെഴുതിയ എഴുത്തുകാരനാണ് പി.എഫ്.മാത്യൂസ്. സാഹിത്യ ലോകം അത്രകണ്ട് ആഘോഷിക്കപ്പെടാത്ത എഴുത്തുകാരനെ ചെറിയ വൃന്ദത്തിനകത്തു നിന്ന് വലിയ കൂട്ടത്തിനു പരിചയപ്പെടുത്തിയത് സിനിമയാണ്. ഇരുവരും ഒന്നുചേര്‍ന്ന സിനിമ ഈ.മ.യൗ തീയറ്ററില്‍ നിന്നും നിരൂപകരില്‍ നിന്നും ഹൃദയം തൊടുന്ന എഴുത്തുകളും മറുപടികളും ചിന്തകളും ഏറ്റുവാങ്ങുമ്പോള്‍ പി.എഫ്.മാത്യൂസ് സംസാരിക്കുകയാണ്. സിനിമ വിജയിച്ചതില്‍ സന്തോഷം എന്നതിനേക്കാള്‍ ആശ്വാസമാണ് എന്നു പറഞ്ഞുകൊണ്ട് പതിവു പോലെ വേറിട്ടൊരു തലത്തിലേക്ക് പി.എഫ്.മാത്യൂസ് പറഞ്ഞു തുടങ്ങുന്നു....

സന്തോഷമല്ല...വലിയ ആശ്വാസം

നമ്മള്‍ നമ്മുടേതായ ചിന്താപരിസരത്തു നിന്ന് ഒരു സൃഷ്ടി, മറ്റുള്ളവരിലേക്ക് അതും വിഭിന്നരായ ഒരു വലിയ കൂട്ടത്തിലേക്കു പകര്‍ന്നു നല്‍കി. അത് അവര്‍ സ്വീകരിക്കുമ്പോള്‍, പ്രേക്ഷകര്‍ അത് ആസ്വദിക്കുമ്പോള്‍, സന്തോഷത്തേക്കാള്‍ ആശ്വാസമാണ് എനിക്കും എനിക്കൊപ്പം നിന്നവര്‍ക്കുമെല്ലാം. സന്തോഷം എന്ന വികാരം അതിനു പിന്നാലെ മാത്രമേ വരുന്നുള്ളൂ. ഇത് അത്രകണ്ട് പതിവ് രീതികളിലുള്ളൊരു കഥയല്ല, അതിനേക്കാളുപരി അത് സിനിമയില്‍ ലിജോ അവതരിപ്പിച്ചിരിക്കുന്ന രീതിയും വേറിട്ടതാണ്. അത് എല്ലാവര്‍ക്കും ഇഷ്ടമാകണം എന്നില്ലല്ലോ. പക്ഷേ നേരെ തിരിച്ചാണ് സംഭവിച്ചത്. 

ee-ma-yau-review-1

ഒരു വലിയ പക്ഷത്തിന് അത് ഇടമായിരിക്കുന്നുവെന്നു മാത്രമല്ല അവര്‍ അതിനെ കുറിച്ച് എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നു. ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് സിനിമ അനുഭവപ്പെട്ടത്. എന്റെ മകന്റെ ഭാര്യ സിനിമ കണ്ട് കഴിഞ്ഞ് എന്നോടു പറഞ്ഞത്...അച്ഛാ എനിക്ക് ആളുകളെ കൂടുതല്‍ സ്‌നേഹിക്കണമെന്നു തോന്നുന്നുവെന്നാണ്. അങ്ങനെ ഓരോ കഥാപാത്രങ്ങളും സിനിമയിലെ മഴയും ക്ലൈമാക്‌സുമൊക്കെ ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് അനുഭവപ്പെട്ടത്. 

അതിനേക്കാളുപരി സിനിമ എന്നെ ആദ്യമേ തന്നെ ഞെട്ടിച്ചു. ആദ്യ കോപ്പി കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സിലുദ്ദേശിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി തീവ്രതയിലാണ് ആ വിഷയത്തെ ലിജോ കൈകാര്യം ചെയ്ത് സിനിമയാക്കിയതെന്നത് വലിയ സന്തോഷം നല്‍കി. 

സിനിമയും സാഹിത്യവും

അത് രണ്ടും ഒത്തുപോകില്ലെന്നാണ് എന്റെ ഒരു അഭിപ്രായം. ഞാനെഴുതിയ തിരക്കഥകള്‍ മുന്‍പും സിനിമയായിട്ടുണ്ട്. അപ്പോഴൊക്കെ കിട്ടിയതിനേക്കാള്‍ സംതൃപ്തിയാണ് ഈ.മ.യൗവില്‍ കണ്ടത്. സിനിമ തീര്‍ത്തും വേറിട്ടൊരു മാധ്യമമാണ്. സാഹിത്യം പോലെയല്ല. ഒരു നോവല്‍ ഞാന്‍ എഴുതുമ്പോള്‍ അവിടെ ഞാന്‍ മാത്രമാണ് തീരുമാനങ്ങളെടുക്കുന്നതും വിധികര്‍ത്താവാകുന്നതുമെല്ലാം. സിനിമയെ സംബന്ധിച്ച് അവിടെ വിവിധ മാധ്യമങ്ങളുടെ സംയോജനമാണ് നടക്കുന്നത്. സംവിധായയനാണ് മേധാവി. ഛായാഗ്രാഹകന്‍, അഭിനേതാക്കള്‍, സംഗീതജ്ഞന്‍, എഡിറ്റര്‍ തുടങ്ങിയ വലിയൊരു കൂട്ടത്തെ ഒന്നിച്ചു നിര്‍ത്തി ഒരു സിനിമ ചെയ്യുമ്പോള്‍ അവിടെ സാഹിത്യത്തിനു മാത്രം മുന്‍തൂക്കം നല്‍കാന്‍ കഴിയില്ല. 

ee-ma-yau-review-3

അതുമാത്രമല്ല, ആ രീതിയിലൊരു സിനിമയെടുത്താല്‍ അത് ചിലപ്പോള്‍ വിരസമായി പോകും എന്നാണ് എനിക്ക് തോന്നുന്നത്. തിരക്കഥ സംവിധായകനു കൈമാറിയാല്‍ പിന്നെ അതില്‍ അധികം ഇടപെടലുകള്‍ക്ക് പോകാറില്ല. സംവിധായകന്‍ ആവശ്യപ്പെട്ടാല്‍, കംഫര്‍ട്ടബിള്‍ ആണെങ്കില്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലും തെറ്റില്ല. ഈ.മ.യൗവിന്റെ സമയത്ത് അങ്ങനെ പല ചര്‍ച്ചകളും കടന്നുവന്നിരുന്നു. ഞങ്ങള്‍ക്കിടയിലെ ചര്‍ച്ചകളില്‍ ഉപാധികളില്ലായിരുന്നു, മത്സരങ്ങളും ഇല്ലായിരുനനു, പിടിവാശികളും ഇല്ലായിരുന്നു. ലിജോ പറയുന്നത് എനിക്കും ഞാന്‍ പറയുന്നതും ലിജോയ്ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ആ സാഹചര്യങ്ങളില്‍ തിരക്കഥകളില്‍ വരുത്തേണ്ട മാറ്റവും അതിനു വേണ്ടുന്ന ചര്‍ച്ചകളും ഒരു പുഴ പോലെ രസകരമായങ്ങു പോകും. അത്രതന്നെ. 

ലിജോയ്‌ക്കൊപ്പം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനാകും മുന്‍പേ എനിക്കറിയാം. ദൂരദര്‍ശന് വേണ്ടി ചെയ്തിരുന്ന ടെലിഫിലിമുകളില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അഭിനയിച്ചിരുന്നു. ആ ഇടയ്ക്ക് ഒരു ദിവസം ലിജോയെ കാണാനിടയായി. അന്ന് ചെറുതാണ് ആള്. പക്ഷേ എന്റെ മുന്‍ വര്‍ക്കുകളെ കുറിച്ചൊക്കെ വളരെ വിശദമായി ലിജോ സംസാരിച്ചിരുന്നു. അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അന്നേ ഞങ്ങള്‍ക്കിടയിലൊരു അടുപ്പമുണ്ടായിരുന്നു. എത്ര വലിയ ഇടവേള വന്നാലും മുറിഞ്ഞു പോകാത്ത സൗഹൃദങ്ങളുണ്ടാകുമല്ലോ..ഇപ്പോള്‍ കണ്ടാലും നമുക്കിഷ്ടമുള്ള കാര്യങ്ങളെ കുറിച്ച് ഒരു ഔപചാരികതയുമില്ലാതെ സംസാരിക്കുവാന്‍ കഴിയുന്നവര്‍. ലിജോ എനിക്ക് അത്തരത്തിലൊരാളായിരുന്നു. 

ലിജോ സിനിമയിലെത്തിയപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു എന്നെങ്കിലും ഞങ്ങളൊരുമിച്ച് സിനിമ ചെയ്യുമെന്ന്. മാത്യൂസ് ചേട്ടാ...നമുക്കൊരു സിനിമ ചെയ്താലോ എന്നു പറഞ്ഞ് ലിജോ അടുത്തു വന്നപ്പോള്‍ എനിക്കൊട്ടും അത്ഭുതം തോന്നിയില്ല. അത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആമേന്‍ പുറത്തിറങ്ങിയപ്പോള്‍ പലരും കരുതിയത് ഞാനാണ് അതിന് തിരക്കഥയെഴുതിയത് എന്നാണ്. ഞാനും ലിജോയും ആദ്യമായി ഒന്നിച്ചത് ആന്റി ക്രൈസ്റ്റ് എന്ന ചിത്രത്തിലായിരുന്നു. അത് നടക്കാതെ പോയി. അതിനു ശേഷം വന്ന ഇടവേളയിലാണ് ലിജോ ഡബിള്‍ ബാരലും അങ്കമാലി ഡയറീസും ചെയ്തത്.

ആന്റി ക്രൈസ്റ്റ് ഇനിയുണ്ടാകുമോ

ഷൂട്ട് തുടങ്ങാൻ അഞ്ച് ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ അത് നടക്കാതെ പോയി. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. അന്തിക്രിസ്തു എന്നു സിനിമയ്ക്കു പേരിട്ടാല്‍ പോരേയെന്നു ഞങ്ങളോടു ചോദിച്ചവരുണ്ട്. ആന്റി ക്രൈസ്റ്റ് എന്ന പേരില്‍ ലോകത്ത് എത്രയോ സിനിമകള്‍ വന്നിരിക്കുന്നു...പക്ഷേ ഇവിടെ...

ഈ.മ.യൗവിലേക്ക്...

ഇടയ്ക്ക് ഞാന്‍ 1986ല്‍ ഇറങ്ങിയ ചാവുനിലം എന്ന എന്റെ നോവല്‍ ഞാന്‍ ലിജോയ്ക്ക് വായിക്കാന്‍ നല്‍കിയിരുന്നു. ആ നോവല്‍ വായിച്ചു കഴിഞ്ഞിട്ടാണ് ലിജോ എന്നോട് ഈ.മ.യൗവിന്റെ കഥ പറയുന്നത്. പക്ഷേ ചാവുനിലമല്ല ഈ.മ.യൗ. ആ നോവലിന്റെ നിഴല്‍ തിരക്കഥ തയ്യാറാക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നു മാത്രം. ഈശി, സബേത്ത് തുടങ്ങിയ പേരുകള്‍ ആ നോവലില്‍ നിന്നെടുത്തിട്ടുണ്ട് എന്നേയുള്ളൂ. ലിജോയ്ക്ക് നോവല്‍ ഒരുപാട് ഇഷ്ടമായി. ആ വായനയുടെ ഒരു തുടര്‍ച്ചയെന്നോണമാണ് ഈ.മ.യ്യൗ വന്നത് എന്നേയുള്ളൂ

ee-ma-yau-review

ചെല്ലാനം പോലൊരു തീരദേശ ഗ്രാമത്തിലേക്ക് സന്ധ്യാസമയത്ത് സഞ്ചിയില്‍ താറാവിനെയും കൊണ്ട് ബസില്‍ വന്നിറങ്ങുന്ന ഒരാള്‍. അന്ന് രാത്രി തന്നെ അദ്ദേഹം മരിക്കുകയും ചെയ്യുന്നുന്നു...ഇവിടെ നിന്നു തുടങ്ങി മരണം പശ്ചാത്തലമാക്കി ഒരു തിരക്കഥ എഴുതാമോ എന്നായിരുന്നു ലിജോയുടെ ചോദ്യം. അവിടെ നിന്നാണ് ഈ.മ.യൗ തുടങ്ങുന്നത്. 

അധികം താമസിയാതെ ഞാന്‍ തിരക്കഥയെഴുത്ത് പൂര്‍ത്തിയാക്കി. ലിജോയ്ക്ക് അത് ഇഷ്ടമാകുമോ ഇല്ലയോ, അത് തന്നെയാണോ ഉദ്ദേശിച്ചത് എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. വായിച്ചു കഴിഞ്ഞ് സന്തോഷവാനായിട്ടാണ് ലിജോ സംസാരിച്ചത്. തീരദേശവും ലത്തീന്‍ കത്തോലിക്കക്കാരന്റെ ജിവിതവും കടലും കാറ്റും കോളും മരണവുമൊക്കെ മുന്‍പേ മനസ്സിലുണ്ടായിരുന്നതു കൊണ്ട് എനിക്ക് വേഗം എഴുത്തിന്റെ പരിസരത്തേയ്ക്കു വരാനും അതിനോടൊപ്പം സഞ്ചരിച്ച് യാത്ര പൂര്‍ത്തിയാക്കാനും സാധിച്ചു.

പടര്‍ന്നുപിടിക്കുന്ന മരണമാണല്ലോ ഈ.മ.യൗവില്‍...പിന്നെ ഈശിയും അയ്യപ്പനും...

പടര്‍ന്നുപിടിക്കുന്ന മരണമെന്ന പ്രയോഗം...ഇഷ്ടമായി. അത് ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് അനുഭവപ്പെട്ടത്. ഈശിയും അയ്യപ്പനും പലയിടത്തും നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. ക്ലൈമാക്‌സ് സീനില്‍ ഈശിയായി വേഷമിട്ട ചെമ്പന്‍ വിനോദും അയ്യപ്പനായി വന്ന വിനായകനും മലയാള സിനിമയില്‍ അപൂര്‍വമായി കാണാനാകുന്ന കഥാപാത്രങ്ങളാണ്.

ചാവുനിലവും പി.എഫ്.മാത്യൂസ് എന്ന രചയിതാവും അത്രകണ്ടങ്ങ് ശ്രദ്ധിക്കപ്പെടാതെ പോയോ...

അത് ശരിയാണ്. അതൊരു കാലഘട്ടത്തിന്റെ കൂടി സാഹചര്യമാണ്. 1986ലാണ് കലാകൗമുദിയില്‍ ചാവുനിലം വരുന്നത്. അന്ന് അതിന് ഏതെങ്കിലും വലിയ രീതിയിലുള്ളൊരു പ്രേക്ഷക പ്രതികരണം കിട്ടിയതായി ഓര്‍ക്കുന്നില്ല. അന്നത്തെ സാഹിത്യലോകം നിളയുടെ തീരത്തും...ഇല്യ കുട്ട്യേ...തുടങ്ങിയ പദപ്രയോഗങ്ങളിലും നില്‍ക്കുന്നതായിരുന്നു. അത് മോശമായിരുന്നുവെന്നല്ല ഒരിക്കലും ഉദ്ദേശിച്ചത്. അത്തരം രചനകള്‍ക്കായിരുന്നു ഏറ്റവും അധികം വായനക്ാര്‍ ഉണ്ടായിരുന്നത്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ചാവുനിലം വന്നത്. 

ee-ma-yau-preview-9

രചനാശൈലിയും അവതരണവുമൊന്നും അങ്ങനെയുള്ളതായിരുന്നില്ല. ചെറിയ ചെറിയ സാഹിത്യ ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട് പോയൊരു നോവലായിരുന്നു അത്. പക്ഷേ കാലംമാറി പുതിയ എഴുത്തുകാരും പുതിയ എഴുത്തിനെ ഇഷ്ടപ്പെടുന്ന, പഴയ കാല രചനകളെ കൂടി ഒരുപാട് സ്‌നേഹിക്കുന്ന പുതിയ കാലത്തെ കുട്ടികള്‍ക്കിടയില്‍ ആ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍മീഡിയയില്‍ മുന്‍പേ ചാവുനിലം പല സമയങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ.മ.യ്യൗ പുറത്തിറങ്ങിയതിനു ശേഷം അതിന്റെ വ്യാപ്തി കൂടി...നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങാന്‍ പോകുന്നു...

പുതിയ കാല കുട്ടികളുമായിട്ടാണല്ലോ കൂട്ട്...

അവര്‍ കുറേ കൂടി ഓപ്പണ്‍ ആണ്. മുന്‍വിധികളില്ല അവര്‍ക്ക്...അതാണ് എനിക്കിഷ്ടപ്പെട്ടത്. സിനിമയുടെ കാര്യത്തിലായാലും സാഹിത്യത്തിലായാലും പുതിയ അവതരണത്തെ നിരീക്ഷിക്കാനും ചര്‍ച്ച ചെയ്യാനും ഇഷ്ടപ്പെട്ടാല്‍ പ്രോത്സാഹിപ്പിക്കാനും മടിയില്ല അവര്‍ക്ക്. 

ശരിക്കും പി.എഫ്.മാത്യൂസ്

എറണാകുളത്താണ് ജനിച്ചതും വളര്‍ന്നതും. കൊച്ചിയോട് ഒരുപാടിഷ്ടം. സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ നിന്ന് ബിരുദം കഴിഞ്ഞ് എഴുത്തുകുത്തുകളും ടെലിഫിലിമുമൊക്കെയായി നടന്നു. ഏജീസ് ഓഫിസില്‍ ജീവനക്കാരനായിരുന്നു. പക്ഷേ ദീര്‍ഘനാള്‍ ലീവില്‍...എന്റെ കുടുംബത്തില്‍ നിന്നാരും സാഹിത്യത്തിലോ സിനിമയിലോ ഇല്ല...ഞാന്‍ മാത്രമാണ് ഇങ്ങനെയായത്....

ഈ.മ.യൗവും ശവവും...

ഏത് സാഹചര്യത്തിലാണ് അവര്‍ക്ക് ശവത്തില്‍ നിന്ന് കോപ്പിയടിച്ചതാണ് ഈ.മ.യൗ എന്ന് പറയാന്‍ തോന്നിയതെന്നത് എനിക്ക് അത്ഭുതമാണ്. കല്യാണം ആസ്പദമാക്കിയൊരു സിനിമയെടുത്താല്‍ പിന്നീട് അതേ പ്രമേയത്തില്‍ വേറെയാരും ചെയ്യാന്‍ പാടില്ലെന്നാണോ. രണ്ടും മരണവീടാണ് കാണിക്കുന്നത്. പക്ഷേ കഥാപാത്രങ്ങളും കഥാതന്തുവിന്റെ ആഴവും അത് സംവദിക്കുന്ന രീതിയും ഛായാഗ്രാഹണവും പശ്ചാത്തല സംഗീതവുമൊക്കെ തമ്മില്‍ എത്ര വലിയ അന്തരമാണുള്ളത്. അത് രണ്ടും കാണുന്നവര്‍ക്ക് അതൊക്കെ മനസ്സിലാകും. അനാവശ്യമായൊരു വിവാദമായിരുന്നു അത്. ഞാന്‍ ശവം കണ്ടിരുന്നു.  പക്ഷേ അവര്‍ പറയുന്നതു പോലെ അതിനെ കുറിച്ച് ഞാനൊരിടത്തും എഴുതിയിരുന്നില്ല...ഞാന്‍ ഇത്തരത്തിലുള്ള എല്ലാ സമാന്തര സിനിമകളും കാണുന്നൊരാളാണ്. ശവം അങ്ങനെ കണ്ടതാണ്. നല്ല ചിത്രമാണ്. അവര്‍ക്കിനിയും നല്ല സിനിമകള്‍ ചെയ്യാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA