'മരണ അഭിനയം': ഈ നടൻ ശവപ്പെട്ടിയിൽ കിടന്നത് 10 ദിവസം

kainagiri-thankaraj
SHARE

ടിക്കറ്റെടുത്തു മരണവീട്ടിൽ പോയ അനുഭവം. വാവച്ചൻ മേസ്തിരി നമ്മുടെ ആരുമല്ലാതിരുന്നിട്ടും ‘ഈ മ യൗ’ എന്ന സിനിമ കണ്ടിറങ്ങിയവർ ആ ആത്മാവിനു വേണ്ടി വിതുമ്പുകയും പ്രാർഥിക്കുകയും ചെയ്തു. മലയാള സിനിമയിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ മൃതദേഹ വേഷം അഭിനയിച്ച കൈനകരി തങ്കരാജ് അങ്ങനെയാണു കയ്യടി നേടുന്നത്. വാവച്ചൻ മേസ്തിരിയുടെ വേഷമിട്ട് തങ്കരാജ് 10 ദിവസം ലൊക്കേഷനിലെ ശവപ്പെട്ടിയിൽ കിടന്നു. 30 വർഷം നാടകത്തിൽ തിളങ്ങിയ തങ്കരാജ് പറയുന്നു, അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ട് മരണം തന്നെ. 

ഒരു രോമം പോലും അനക്കാതെ

35 സിനിമകളിൽ അഭിനയിച്ചെങ്കിലും ‘ഈ മ യൗവാ’ണ് ഒരു ബ്രേക്ക് തന്നതെന്നു പറയുന്നു തങ്കരാജ്. 1980 മുതൽ നാടകമായിരുന്നു പ്രധാന തട്ടകം. നാടകാഭിനയത്തിലെ പരിശീലനം മൃതദേഹമായി അഭിനയിക്കാൻ ഏറെ സഹായകരമായി. ലൊക്കേഷനിലെ അധിക സമയവും ശവപ്പെട്ടിക്ക് ഉള്ളിൽ തന്നെയായിരുന്നു. 

മൃതദേഹമായി കിടക്കുമ്പോൾ ശ്വാസക്രമീകരണം, ചലനം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. സംവിധായകൻ ‘കട്ട്’ പറയുന്ന ഇടവേളകൾ തങ്കരാജ് അതിനുവേണ്ടിയുള്ള പരിശീലനത്തിനാണ് ഉപയോഗിച്ചത്. ശവപ്പെട്ടിയുടെ അടിഭാഗം ഇളകി മൃതദേഹം താഴേയ്ക്കു വീഴുന്ന രംഗത്തിൽ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു ചലനം പോലും കടന്നുവരാതിരിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നെന്നും തങ്കരാജ് പറയുന്നു.

ee-ma-yau-review-1

വേദി വിട്ട് വെള്ളിത്തിര

10000 വേദികളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ അപൂർവം നാടകനടന്മാരിൽ ഒരാളാണ് തങ്കരാജ്. കയർബോർഡിലെയും കെഎസ്ആർടിസിയിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയം മുഖ്യതട്ടകമാക്കുന്നത്. നാടകരംഗത്തെ സംഘടനാപ്രവർത്തനങ്ങളുടെ പേരിൽ വേദിയിൽ വിലക്കു നേരിട്ട കാലത്ത് സിനിമയിൽ അഭിനയിക്കാൻ ചെന്നൈയിലേക്കു വണ്ടികയറി. 

പ്രേംനസീറിന്റെ അച്ഛൻ ആയി വേഷമിട്ട 'ആനപ്പാച്ചൻ' ആയിരുന്നു ആദ്യ ചിത്രം. ‘അച്ചാരം അമ്മിണി ഓശാരം ഓമന’, ‘ഇതാ ഒരു മനുഷ്യൻ’ തുടങ്ങിയ ഏതാനും ചിത്രങ്ങൾ അഭിനയിച്ച ശേഷം കെപിഎസിയുടെ നാടക ട്രൂപ്പിൽ ചേർന്നു. 

ee-ma-yau-4

ഏഴു വർഷത്തിനു ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിതാവ് ജോസ് പെല്ലിശ്ശേരിയുടെ ഉടമസ്ഥതയിലുള്ള ചാലക്കുടി സാരഥിയിൽ ചേർന്നായി നാടകപ്രവർത്തനം. അങ്ങനെ ചെറുപ്പം മുതൽ ലിജോയുമായി പരിചയമുണ്ട്. ഏതാനും വർഷം മുൻപു നാടകപ്രവർത്തനം മതിയാക്കി വീണ്ടും സിനിമയിലേക്ക് എത്തി. 

‘അണ്ണൻ തമ്പി’യായിരുന്നു രണ്ടാം സിനിമാപ്രവേശത്തിനു വഴിയൊരുക്കിയത്. ‘ആമേനി’ൽ കലാഭവൻ മണിയുടെ അനിയനായും വേഷമിട്ടു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ് കൈനകരി തങ്കരാജ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA