ജനങ്ങളെ സേവിക്കാനാണ് പൊലീസ്, നേതാക്കൾക്ക് എസ്കോർട്ട് പോകാനല്ല: മേജർ രവി

major-ravi
SHARE

പൊലീസ് സേനയെ രാഷ്ട്രീയവൽക്കരിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി. ‌വിവിധ കേസുകളിൽ പൊലീസിന്റെ വീഴ്ച തുടർസംഭവമാകുന്ന പശ്ചാത്തലത്തിലാണ് മേജർ രവിയുടെ പ്രതികരണം.  ഭരിക്കുന്ന സർക്കാരിന്റെ ഇഷ്ടാനി​ഷ്ടങ്ങൾക്കനുസരിച്ച് പൊലീസിനെ ഉപയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കു നേരേയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു.

Major Ravi Interview

‘രാഷ്ട്രീയക്കാർക്ക് ഓശാന പാടുന്ന പൊലീസുകാരാണ് ഈ സേനയു‌‌ടെ ശാപം. നേതാക്കളെ പിണക്കി മുമ്പോട്ട് പോകാൻ സാധിക്കില്ലെന്ന തോന്നലാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. പൊലീസുക്കാർക്കിട‌യിലുള്ള ഈ മനോഭാവം മാറാനുള്ള സാഹചര്യം രാഷ്‌്ട്രീയക്കാർ തന്നെ ഒരുക്കണം,’ അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കുക എന്നാതാണ് പൊലീസിന്റെ പ്രാഥമിക കടമ. നേതാക്കൾക്ക് എസ്കോർട്ട് പോവുകയല്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മതി തങ്ങളുടെ സുരക്ഷ എന്നു പറയാനുള്ള ആർജവം നേതാക്കൾക്കുണ്ടാവണമെന്ന് സമീപക്കാലത്തുണ്ടായ ചില സംഭവങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. നേതാക്കളുടെ അധികാര ദുരുപയോഗം അവസാനിപ്പിച്ചാൽ തന്നെ പൊലീസിന്റെ പ്രവർത്തനം ശരിയായ പാതയിലാകുമെന്നും ആദ്ദേഹം പറഞ്ഞു.

ശക്തമായ ഒരു വ്യവസ്ഥയുണ്ടെങ്കിൽ മാത്രമെ പൊലീസ് സേനയിൽ അച്ച‌ടക്കം വരുകയുള്ളു. ഐപിസ് റാങ്കുള്ളവർക്ക് ഒരു നിയമം അല്ലാത്തവർക്ക് മറ്റൊരു നിയമം ​എന്നാണ് ഇപ്പോഴത്തെ അവസ്ഥ. അതിനൊരു മാറ്റം അനിവാര്യമാണെന്ന് മേ‍ജർ രവി അഭിപ്രായപ്പെടുന്നു. 

പട്ടാള വ്യവസ്ഥയിൽ എല്ലാവരും തുല്യരാണ്. മേജറെന്നോ ‌അല്ലാത്തവരോയ‌െന്നുള്ള വ്യത്യാസമില്ല. അവിടെ കോർട്ട് മാർഷ്യലുകളുണ്ട്. ഏതു സർക്കാർ വന്നാലും അതിനൊരു മാറ്റവുമില്ല. പൊലീസിലും അങ്ങനെ വേണമെന്നല്ല. എന്നാൽ ജനങ്ങളോട് അടുത്തു നിൽക്കുന്നവർ എന്നനിലയ്ക്ക് രാഷ്ട്രീയ സ്വാധീനങ്ങൾക്ക് അടിമപ്പെടാതെ പ്രവർത്തിക്കാൻ അവർക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്നവർ എങ്ങനെയാകണമെന്നിനെക്കുറിച്ചും മേജർ രവിയ്ക്കു വ്യക്തമായ കാഴ്ചപാടുണ്ട്. തങ്ങളുടെ വീടിനു കാവൽനിൽക്കാൻ മാത്രമാണ് പൊലീസുകാരെന്ന് തലപ്പത്തിരിക്കുന്ന ചിലർക്കെങ്കിലും ഒരു ധാരണയുണ്ടെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയുള്ളവർ മാറണം. ശക്തമായി നിർദേശങ്ങൾ നൽകാനും കർശനമായ നടപടികൾ എടുക്കാനും പ്രാപ്തിയുള്ള മേധാവികൾ ഉണ്ടായാൽ പൊലീസ് സേനയുടെ ഇപ്പോഴത്തെ അവസ്ഥയിൽ‍ നിന്ന് ഒരു മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

പൊലീസിന്റെ നല്ല പ്രവർത്തനത്തിനു ജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് മേജർ രവി ഓർമ്മപെടുത്തുന്നു. നിയമം അറിയാതെ പൊലീസിനെ മാത്രം പഴിക്കുന്നത് ശരിയായ പ്രവണതയല്ല. ലോ ആന്റ് ഓർഡർ എന്നാൽ നിയമം അടിച്ചേൽപ്പിക്കല്ല.നിയമപരിപാലനമാണ്. അതു ശരിയായി നിർവ്വഹിച്ചെങ്കിൽ മാത്രമെ സ്വസ്ഥമായ സാമൂഹ്യജീവിതം സാധ്യമാകുകയുള്ളു. മേജർ രവി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA