പൃഥ്വിക്കു നൽകിയത് ഇംഗ്ലിഷിൽ തയ്യാറാക്കിയ തിരക്കഥ: അഞ്ജലി മേനോൻ

anjali-menon-koode
SHARE

ബാംഗ്ലൂർ ഡേയ്സിലൂടെ അഞ്ജലി മേനോൻ മലയാള സിനിമാ വ്യവസായത്തെ ഞെട്ടിച്ചിട്ടു വർഷം നാലാവുന്നു. ജനപ്രിയ ചിത്രങ്ങളുടെ തലതൊട്ടപ്പൻമാരായ സംവിധായകർ ഏറെയുണ്ടായിട്ടും ബാംഗ്ലൂർ ഡേയ്സിനോളം പണം വാരിയ മറ്റൊരു മലയാള ചിത്രം അതിനു മുൻപുണ്ടായിട്ടില്ല. 

ലണ്ടൻ ഫിലിം സ്കൂളിൽ പഠിച്ചിറങ്ങി ഗൃഹാതുരത്വത്തിന്റെ മഞ്ചാടിക്കുരുവുമായി അരങ്ങേറ്റം കുറിച്ച്, ഉസ്താദ് ഹോട്ടലിനു രസക്കൂട്ടൊരുക്കിയ അ‍ഞ്ജലിയുടെ വമ്പൻ മാജിക് ആയിരുന്നു ഉത്സവം പോലെ കൊണ്ടാടിയ ബാംഗ്ലൂർ ഡേയ്സ്. അങ്ങനെ മലയാളത്തിലെ ഏക മെഗാ ഹിറ്റ് സംവിധായികയായി അഞ്ജലി.

നാലു വർഷം നീണ്ട ഇടവേള കഴിഞ്ഞ് അഞ്ജലിയും ‘കൂടെ’ അഭിനയം നിർത്തിയിരുന്ന നസ്രിയയും ഒരുമിച്ചു മടങ്ങിയെത്തുന്നു; സിനിമ ‘കൂടെ’. പൃഥ്വിരാജ് നായകനായ ചിത്രത്തിൽ ബാംഗ്ലൂർ ഡേയ്സ് കൂട്ടിൽ നിന്നു പാർവതി തിരുവോത്തുമുണ്ട്. ജൂലൈ ആറിന് 'കൂടെ ' തിയറ്ററുകളിലെത്തും. പുതിയ സിനിമയുടെ പശ്ചാത്തലത്തിൽ അഞ്ജലി മേനോൻസംസാരിക്കുന്നു. 

ഇന്നും അദ്ഭുതം

മകനു രണ്ടു വയസ്സുള്ളപ്പോഴാണു ബാംഗ്ലൂർ ഡേയ്സ് ചെയ്യുന്നത്. അതിനു ശേഷം കുറച്ചു സമയം അവനു വേണ്ടി നീക്കിവയ്ക്കേണ്ടതുണ്ടായിരുന്നു. അതിനിടയിലും പ്രതാപ് പോത്തനുമായി ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള താൽപര്യം നഷ്ടപ്പെട്ടപ്പോൾ ഞാൻ നിർത്തിവച്ചു. പക്ഷേ, ആ സിനിമയുടെ നിർമാതാവായിരുന്ന എം. രഞ്ജിത്ത് പുതിയൊരു സിനിമക്കായി മുന്നോട്ടു വരികയായിരുന്നു. അങ്ങനെയാണ് ഒന്നര വർഷം മുൻപു ‘കൂടെ’ എഴുതി തുടങ്ങുന്നത്. 

koode-movie-nazriya

ബാംഗ്ലൂർ ഡേയ്സ് ചെയ്യുമ്പോൾ എന്റർടെയ്നർ എന്ന നിലയിൽ ആളുകൾക്ക് ഇഷ്ടപ്പെടുമെന്നു തോന്നിയിരുന്നെങ്കിലും ഇത്രയേറെ ഹിറ്റായത് ഇന്നും അദ്ഭുതമാണ്. ആ സിനിമയുടെ ‘എനർജി’ ആണ് ഇത്രയേറെ സ്വീകരിക്കപ്പെടാൻ കാരണമെന്നു തോന്നുന്നു. അഭിനേതാക്കളുടേതു കൂടിയാണത്. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെയതു നമ്മുടേതല്ല എന്നാണ് എന്റെ വിശ്വാസം. ഞാൻ ചിന്തിച്ച പോലെയാവണമെന്നില്ല ഒ‌ാരോരുത്തരും സിനിമ കാണുന്നത്. അതിനാൽ കഴിഞ്ഞ സിനിമയുടെ വലിയ വിജയം അടുത്ത സിനിമക്കായുള്ള ആലോചനയിൽ സമ്മർദമേയായിരുന്നില്ല. 

കാവാലം മാതൃക

കൂടെയുടെ ഷൂട്ടിങ് തുടങ്ങും മുൻപും അഭിനേതാക്കളും മറ്റു ക്രൂവും ഉൾപ്പെടെ ഊട്ടിയിൽ 10 ദിവസത്തെ ക്യാംപ് നടത്തിയിരുന്നു. അവിടുത്തെ നാടക ആർട്ടിസ്റ്റായ വിനു ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു ക്യാംപ്. രസകരമായ കളികളും ആശയ വിനിമയവുമെല്ലാമായി വലുപ്പ ചെറുപ്പമില്ലാതെ ഒരു കുടുംബം പോലെ എല്ലാവരും ഇഴുകിച്ചേരും. ഷൂട്ടിങ്ങിന് ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. 

കാവാലം നാരായണ പണിക്കർ സാറിന്റെ നാടക ക്യാംപിലെ അനുഭവത്തിൽ നിന്നാണു സിനിമയിലേക്ക് ഈ ആശയം കൊണ്ടുവന്നത്. എന്റെ ആദ്യ സിനിമയായ മഞ്ചാടിക്കുരുവിന്റെ തിരക്കഥ വായിച്ചു വേണ്ട നിർദേശങ്ങൾ തന്നതും പാട്ടുകൾ എഴുതിയതും അദ്ദേഹമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും ഞാൻ ചെയ്തിട്ടുണ്ട്. 

koode-movie-prithviraj

വ്യത്യസ്തനായ പൃഥ്വി

പുറത്തു കാണുന്നതിനപ്പുറം ഒരു ‘സോഫ്റ്റ് ആൻഡ് സെൻസിറ്റീവ്’ വശമുണ്ടു പൃഥ്വിരാജിന്. ആ സ്വഭാവ സവിശേഷതയോട് ഏറ്റവും ചേർന്നു നിൽക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിൽ പൃഥ്വി ചെയ്യുന്ന ജോഷ്വാ. ഇതുവരെ കണ്ടതിൽ നിന്നു വ്യത്യസ്തമാണത്. 

അപാരമായ ഓർമ്മശക്തിയുള്ള ആളാണു പൃഥ്വി. തിരക്കഥ ഒരിക്കൽ വായിച്ചാൽ സീനുകളും ഡയലോഗുകളും മറ്റുള്ള കഥാപാത്രങ്ങളുടെ ഡയലോഗും വരെ മനസിൽ ചിത്രം പോലെ വരച്ചിട്ടിരിക്കും. ആ മിടുക്കിന്റെ സാധ്യത കൂടെയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലിഷിൽ തയ്യാറാക്കിയ തിരക്കഥയാണു പൃഥ്വിക്കു വായിക്കാൻ നൽകിയത്. 

ഷൂട്ടിങ് സമയത്ത് പ്രത്യേകം ഡയലോഗ് പറഞ്ഞു കൊടുക്കാതെ ആ സ്വാതന്ത്ര്യം പൃഥ്വിക്കു നൽകുകയായിരുന്നു. ഡയലോഗ് പ്രസന്റേഷനിൽ ആക്ടറിന്റെ സ്വഭാവികമായ ഒരു ഇംപ്രവൈസേഷനുള്ള ആ അവസരം പൃഥ്വി നന്നായി തന്നെ ഉപയോഗിക്കുകയും ചെയ്തു. ജോഷ്വായുടെ കഥയാണു കൂടെ. 

അയാളുടെ ജീവിതവും ചിന്തകളും കുട്ടിക്കാലവുമെല്ലാമാണു കഥാ പശ്ചാത്തലം.യാത്രകളാണു ത്രെഡ്. ഒരു പരിധി വരെ റോഡ് മൂവി എന്നു പറയാം.  ബാംഗ്ലൂർ ഡേയ്സ് യുവത്വത്തിന്റെ ഒരു സിനിമയായിരുന്നെങ്കിൽ 'കൂടെ ' കുടുംബ ചിത്രമാണ്. അതിനിടെ യുവത്വവും നൊസ്റ്റാൾജിയയുമെല്ലാമുണ്ട്. പാർവതി നായികയാവുമ്പോൾ ജോഷ്വായുടെ സഹോദരിയുടെ വേഷമാണു നസ്രിയയ്ക്ക്. 

സംവിധായകൻ രഞ്ജിത്തും പാർവതിയുമാണു മാതാപിതാക്കളുടെ വേഷത്തിൽ. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, ദേവൻ, നിലമ്പൂർ ആയിഷ, പോളി വിൽസൺ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നാടക ആർട്ടിസ്റ്റുകളും പുതുമുഖങ്ങളുമുണ്ട്. നീലഗിരിയിലിലായിരുന്നു പ്രധാന ഷൂട്ടിങ്. കടുത്ത മഞ്ഞിൽ ലൈറ്റിങ് വളരെ വെല്ലുവിളിയായിരുന്നെങ്കിലും ക്യാമറാമാൻ ലിറ്റിൽ സ്വയംപ് അതു നന്നായി കൈകാര്യം ചെയ്തു. 

koode-movie-first-look

നസ്രിയയും പാർവതിയും

ബാംഗ്ലൂർ ഡേയ്സ് സിനിമക്കു ശേഷം മറ്റുള്ളവരെല്ലാം വേറെ സിനിമയുടെ തിരക്കിലായപ്പോൾ ഞാനും നസ്രിയയും മാത്രം സിനിമയിൽ നിന്നൊരു ബ്രേക്ക് എടുക്കുകയായിരുന്നു. ഇടയ്ക്കു വിളിച്ചു ഞങ്ങൾ സമാനമായ കാര്യങ്ങൾ പങ്കിടും. അതിനിടെ വീണ്ടും അഭിനയിക്കാനുള്ള താൽപര്യവും നസ്രിയ പങ്കുവച്ചിരുന്നു. മനസ്സിലൊരു സിനിമയുണ്ട് ആവുമ്പോൾ പറയാമെന്നു മറുപടി നൽകി. ഈ സിനിമ എഴുതിക്കഴിഞ്ഞപ്പോൾ നസ്രിയയെ നേരിട്ടു കണ്ടാണു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞത്. 

ഷൂട്ടിങ്ങിനു മുൻപു ക്യാംപിൽ വരുമ്പോൾ എനിക്കു പഴയതു പോലെ ചെയ്യാനാവുമോ എന്ന ആശങ്കയൊക്കെ പറഞ്ഞെങ്കിലും ക്യാമറയ്ക്കു മുന്നിലെത്തുമ്പോൾ പഴയ നസ്രിയയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടു. കുസൃതിയും രസികത്വമുമെല്ലാം നിറഞ്ഞ കഥാപാത്രം തന്നെയാണ് ഈ സിനിമയിലുമെങ്കിലും അതിനപ്പുറവുമുണ്ട്. 

വളരെ പ്രഫഷനലായ ആർട്ടിസ്റ്റാണു പാർവതി. കൂടെയിൽ പാർവതിക്കു റോളുള്ള കാര്യം ഞാൻ നേരത്തെ പറ‍ഞ്ഞിരുന്നില്ല. അതിനിടെ അടുത്ത സിനിമ ചെയ്യുമ്പോൾ സഹസംവിധായികയായി തന്നെയും കൂട്ടണമെന്നു പാർവതി പറഞ്ഞിരുന്നു. പിന്നീടാണു റോളിന്റെ കാര്യം പറഞ്ഞത്. 

സോഷ്യൽ മീഡിയയിൽ പാർവതിക്കെതിരായ ആക്രമണം ശക്തമായ സമയത്തായിരുന്നു ഷൂട്ടിങ് എങ്കിലും അതൊന്നും അഭിനേത്രി എന്ന നിലയിൽ അവരെ ബാധിച്ചിട്ടേയില്ല. ഒരു പക്ഷേ, മനസ്സിൽ സംഘർഷം വന്നാലും അതിൽ നിന്നുപോലും ഒരു പ്രചോദനം നേടുന്ന കഴിവുണ്ടായിരിക്കാം. വളരെ റിലാക്സ് ആയും ബാഹ്യ ഇടപെടലുകളൊന്നും ഇല്ലാതെയും ജോലി ചെയ്യാവുന്ന ഒരു അന്തരീക്ഷമായിരുന്നു സെറ്റിൽ.

എഴുത്താണു കടുപ്പം

സംവിധാനത്തെക്കാൾ എഴുത്താണു കൂടുതൽ ബുദ്ധിമുട്ട്. ആസ്വാദ്യകരവുമാണത്. പല തവണ തിരക്കഥ പുതുക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്സ് ഒൻപത് തവണയാണ് പുതുക്കിയത്. ഓരോ തവണയും രണ്ടാം പകുതി പൂർണമായി മാറി. അഞ്ചാം ഡ്രാഫ്ടിലാണ് പാർവതി അവതരിപ്പിച്ച സേറ വീൽചെയറിൽ ഇരിക്കുന്ന ഒരു കഥാപാത്രമായത്. 

koode-movie-stills

ഷൂട്ട് തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപും രണ്ടാം പകുതി പൂർണമായി മാറ്റി എഴുതി. സേറക്കും നിവിൻ ചെയ്ത കുട്ടനും ഫൈനൽ ഷെയ്പ്പിങ് വന്നത് അപ്പോഴാണ്. കൂടെയുടെ തിരക്കഥക്കും എട്ട് ഡ്രാഫ്ട് ഉണ്ട്. എഴുതി കഴിഞ്ഞാൽ സിനിമക്കു പുറത്തുള്ള എഴുത്തുകാരും നല്ല വായനക്കാരുമായ ചുരുക്കം സുഹൃത്തുക്കൾക്കു വായിക്കാൻ കൊടുക്കും. അവരുടെ അഭിപ്രായവും പരിഗണിക്കും. എല്ലാ ആർട്ടിസ്റ്റിനും ക്രൂവിനും സൗകര്യപ്രദമായ രീതിയിൽ മലയാളത്തിലും ഇംഗ്ലീഷിലും മംഗ്ലീഷിലും സ്ക്രിപ്റ്റ് തയ്യാറാക്കാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA