ഉള്ളിന്റെയുള്ളിൽ സങ്കടമുണ്ട്: തുറന്നുപറഞ്ഞ് കൊച്ചുപ്രേമൻ

ഖോർഫക്കാൻ: സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്.. ഹാസ്യ നടന്മാരായി എത്തി സ്വഭാവ നടന്മാരായി മികച്ച അഭിനേതാവിനുള്ള ദേശീയ–സംസ്ഥാന അംഗീകാരം നേടിയ അഭിനേതാക്കൾ. ഇവരുടെ കൂട്ടത്തിൽ ഒരാളുടെ പേര് കൂടി എഴുതിച്ചേർക്കേണ്ടതായിരുന്നു–കൊച്ചുപ്രേമൻ.  എം.ബി.പത്മകുമാർ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലെ രാഘവൻ എന്ന ശക്തമായ കഥാപാത്രം കൊച്ചു പ്രേമനെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയാംഗീകാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിച്ചു. 

അമിതാഭ് ബച്ചൻ, മമ്മൂട്ടി എന്നിവരോടൊപ്പം. ഇപ്രാവശ്യം അവാര്‍ഡ് താങ്കൾക്കാണെന്ന് ഡൽഹിയിൽ നിന്ന് പല മാധ്യമങ്ങളും വിളിച്ച് അദ്ദേഹത്തെ അറിയിക്കുക പോലും ചെയ്തിരുന്നു. പക്ഷേ, ഒടുവിൽ അവാർഡ് അമിതാഭ് ബച്ചന് ലഭിച്ചു. കൊച്ചു പ്രേമന്റെ വാക്കുകളിൽ പറഞ്ഞാൽ, അവാർഡ് ചിലർ ആസൂത്രിതമായി തട്ടിപ്പറിച്ചു. ഇന്ത്യയിൽ ഇത്തരത്തിൽ തട്ടിപ്പറികൾ പതിവാണെന്നും ഇൗ ചെറിയ, വലിയ നടൻ പറയുന്നു. യുഎഇയിൽ ചിത്രീകരിച്ച, ജിമ്മി ജോസഫ് സംവിധാനം ചെയ്ത ''ഷവർമ'' എന്ന ചിത്രത്തിലഭിനയിക്കാനെത്തിയ കൊച്ചു പ്രേമൻ മനോരമ ഒാൺലൈനിനോട് തന്റെ സ്വകാര്യ ജീവിതവും അഭിനയ ജീവിതവും മോഹങ്ങളും മോഹഭംഗങ്ങളും വെളിപ്പെടുത്തുന്നു:

പുരസ്കാരങ്ങൾ ചിലർ തട്ടിയെടുക്കുന്നു എന്ന ആരോപണം ഉന്നയിക്കാനുള്ള പ്രധാന കാരണമെന്താണ്?

ദേശീയ അവാർഡ് പട്ടികയിൽ രൂപാന്തരത്തിലെ രാഘവനും അവസാനഘട്ടം വരെയുണ്ടായിരുന്നു എന്നത് തന്ന‍െ എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ കഥാപാത്രവും നേരത്തെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. അതിൽ സുകുമാരി അമ്മയും മോഹൻലാലുമുണ്ട്. ലാലിന് അതിഥി വേഷമായിരുന്നു. ഞാനും സുകുമാരി അമ്മയും തുല്യ പ്രാധാന്യമുള്ള വേഷം ചെയ്തു. ആ വേഷം ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് അടുത്തുവരെ എത്തി. 

അരികിലെത്തിയ അവാർഡുകൾ നഷ്ടപ്പെടുമ്പോൾ പലരും ചോദിച്ചു, ഇതിൽ സങ്കടമില്ലേ എന്ന്. ഒാ, എനിക്ക് സങ്കടമില്ല എന്നാണ് ഇത്തരമൊരവസ്ഥയിൽ പലരും പറയുക. എന്നാൽ ഞാൻ പറയും, സങ്കടമുണ്ട്. മറ്റുള്ളവർ പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. ഉള്ളിന്റെയുള്ളിൽ സങ്കടമുണ്ട്. രൂപാന്തരങ്ങൾ ഗോവ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കഥയാണ് രൂപാന്തരം. 

ആ കഥാപാത്രം അവതരിപ്പിച്ചതോടെ തമാശക്കാരൻ മാത്രമല്ല ഇദ്ദേഹം, അകത്തെന്തോ ഉണ്ടോ എന്ന് സിനിമ പഠിച്ചവർ പറഞ്ഞു. അതൊക്കെ എത്ര ദൂരത്ത് നിൽക്കുന്ന പുരസ്കാരങ്ങളേക്കാളും മികച്ചതായിട്ടാണ് കാണുന്നത്. എങ്കിലും അർഹമായ പുരസ്കാരങ്ങൾ കൈയെത്തും അകലെ നിന്ന് തട്ടിപ്പറിക്കപ്പെടുമ്പോൾ ഏറെ സങ്കടമുണ്ട്. കഴിഞ്ഞ ദേശീയ അവാർഡ് പ്രഖ്യാപന വേളയിൽ ഡൽഹിയിലെ ടെലിവിഷൻ ചാനലുകളിലൊക്കെ കൊച്ചുപ്രേമൻ അവസാന റൗണ്ടിൽ എന്നൊക്കെ എഴുതികാണിച്ചു. അവിടെ നിന്ന് വിളിയും വന്നു–ചേട്ടാ പ്രാർഥിക്കൂ എന്ന്. പ്രതീക്ഷയുണ്ടായിരുന്നു. ഇല്ലെന്ന് പറയുന്നത് കള്ളമാണ്. പ്രാദേശിക അവാര്‍ഡ് വേണമെന്ന് ആഗ്രഹിക്കാത്തവർ പോലുമുണ്ടാകില്ല. പിന്നെന്തിനാണ് കള്ളം പറയുന്നത്? പ്രതീക്ഷിക്കാതെ കിട്ടി എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പ്രതീക്ഷിച്ചിരുന്നു, ഇന്നും പ്രതീക്ഷിക്കുന്നു, ഇനിയും പ്രതീക്ഷിക്കും. ആഗ്രഹിക്കുന്നതിനെന്താ കുഴപ്പം?

കുടുംബ പശ്ചാത്തലം പറഞ്ഞു തുടങ്ങിയാലോ?

തിരുവനന്തപുരം പൂജപ്പുര വലിയവിള സ്വദേശിയായ  എന്റെ യഥാർഥ പേര് കെ.എസ്. പ്രേം കുമാർ എന്നാണ്. നാടകത്തിലഭിനയിക്കുമ്പോഴേ പേര് മാറ്റിയതാണ്. എന്റെ ഈ പ്രകൃതത്തിന് കൊച്ചുപ്രേമൻ നല്ല പേരായിരിക്കും എന്ന് തോന്നി. 

എന്റേത് ഒരു കലാകുടുബമാണ്. അച്ഛൻ കളരമതിൽ ശിവരാമൻ ശാസ്ത്രി. അമ്മ ടി.എസ്.കമലം. സംഗീതത്തിനായിരുന്നു കുടുംബത്തിൽ ഏറ്റവും പ്രാധാന്യം നൽകിയിരുന്നത്. ഞാനൊഴിച്ച് മറ്റെല്ലാവരും സംഗീതം പഠിച്ചവരും ശാസ്ത്രീയമായി പാടുന്നവരുമാണ്. പിന്നെ എങ്ങനെ എനിക്ക് അഭിനയം വന്നു എന്ന് ചോദിച്ചാൽ, എന്‍റെ അമ്മയുടെ അച്ഛൻ അക്കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന നാടകകലാകാരനും നടനും സ്വന്തമായി നാടകസമിതി നടത്തിയിരുന്നയാളുമാണ്. 

അഗസ്റ്റിൻ ജോസഫ്, ഒാച്ചിറ വേലുക്കുട്ടി തുടങ്ങിയ പ്രഗത്ഭരായ നടീനടന്മാർ ആ ട്രൂപ്പിൽ സഹകരിച്ചിരുന്നു. ആ അപ്പൂപ്പന്റെ രക്തമാണ് എന്നിൽ. അന്ന് നാടകത്തിൽ അഭിനയിക്കുന്നവർ സംഗീതം അറിഞ്ഞിരിക്കണമെന്ന് നിബന്ധന കൂടിയുണ്ടായിരുന്നു. അപ്പൂപ്പനും മനോഹരമായി പാടുമായിരുന്നു. അപ്പൂപ്പൻ്റെ പാട്ടൊഴിച്ച് സ്വാഭാവികമായ അഭിനയം എനിക്ക് ലഭിച്ചു.

എന്നായിരുന്നു അഭിനയ രംഗത്തെത്തിയത്?

വളരെ കൊച്ചിലേ, അതായത് പഠിക്കുമ്പോൾ തന്നെ അഭിനയം ആരംഭിച്ചു. എന്റെ അച്ഛൻ ഒരധ്യാപകനായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ നാടക രചന നടത്തിയാണ് ഇൗ രംഗത്തേയ്ക്കുള്ള എന്റെ പ്രവേശനം. ആദ്യ നാടകം അച്ഛനെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു. ഹെ‍ഡ്മാസ്റ്ററായ അച്ഛൻ കാണിക്കുന്ന വീരശൂരത്വങ്ങളും പുള്ളിക്ക് പറ്റുന്ന അബദ്ധങ്ങളും ജ്യോതിഷം കൈകാര്യം ചെയ്യുന്നവർക്ക് പറ്റുന്ന അമളികളും ചേർത്തുകൊണ്ട് എഴുതിയ മുഹൂർത്തം എന്ന നാടകം അന്ന് ഏറെ ചിരിപ്പിച്ചു. 

പല കുട്ടികളും ഇതവതരിപ്പിച്ച് സമ്മാനം നേടി. ഇത് ഇൗരംഗത്ത് ചുവടുറപ്പിക്കാനുള്ള പ്രചോദനമായി. പിന്നെ, എൻ്റെ നാട്ടിൽ ഞാൻ താമസിക്കുന്നിടത്ത് ഒരുപാട് നല്ല അഭിനേതാക്കളും മറ്റു കലാകാരന്മാരുമുണ്ടായിരുന്നു. അവരെയൊക്കെ ഒരുമിപ്പിച്ചുകൊണ്ട് ഉത്സവകാലങ്ങളിലൊക്കെ നാടകങ്ങൾ അവതരിപ്പിച്ചു. അതില് പലരും പിന്നീട് പ്രഗത്ഭരായ അഭിനേതാക്കളായി. ഇത്തരം ഒറ്റ നാടകങ്ങളിലൂടെയാണ് അറിയപ്പെടുന്ന നടന്മാർ ഉണ്ടായതെന്ന് പറയുന്നതിൽ തെറ്റില്ല. എവിടെ പ്രഫഷനൽ നാടകങ്ങളുണ്ടോ അവിടെയെല്ലാം ഞാൻ ഒാടിയെത്തുമായിരുന്നു. പ്രഫഷനൽ നാടക്കാർ ചെയ്യുന്നതെല്ലാം കണ്ടുപഠിച്ചു.  നാല് പെണ്ണും എട്ട് ആണുങ്ങളും വേണമെനന്നതായിരുന്നു അന്നത്തെ അലിഖിത നിയമം. 

അതനുസരിച്ച് 500 രൂപയൊക്കെ കൊടുത്താണ് നടീനടന്മാരെ കൊണ്ടുവരുന്നത്. നാട്ടുകാരിൽ നിന്ന് പിരിവെടുത്തായിരുന്നു ഇത്. അങ്ങനെ നാടകം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു നടി ചോദിച്ചു. ചേട്ടന് പ്രഫഷനൽ നാടകത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന്. ഇന്ന് സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുന്നതുപോലെ ഭാഗ്യമായിരുന്നു അത്. അന്ന് ശ്രീകുമാരൻ തമ്പി സാർ നടത്തുന്ന ഒരു നാടക ട്രൂപ്പുണ്ടായിരുന്നു. കവിതാ സ്റ്റേജ് എന്നായിരുന്നു പേര്. ജഗതി എൻ.കെ.ആചാരി എഴുതിയ ജ്വാലാ മുഖി എന്ന നാടകം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോൾ അതിലൊരു നടൻ പെണങ്ങിപ്പോയി. 

അപ്പോ ആ ക്യാംപിൽ നിന്നാണ് എന്റെ ഇൗ ഒറ്റ നാടകത്തിലേയ്ക്ക് ഇൗ നടി വരുന്നത്. അതിന്റെ പ്രൊ‍ഡ്യൂസർ അവരോട് പറഞ്ഞിരുന്നു, ആരെങ്കിലും ഉണ്ടെങ്കിൽ നോക്കണമെന്ന്. ആ വിവരമാണ് നടി കൈമാറിയത്. പിറ്റേന്ന് തന്നെ സാറിനെ പോയി കണ്ടു. സാർ ക്യാംപിലേയ്ക്ക് പോകാൻ പറഞ്ഞു. പിണങ്ങിപ്പോയ നടന്റെ സീൻ ഞാൻ ഫസ്റ്റീ തന്നെ പ്രോമിറ്റിങ്ങിട്ട് പ്രസൻ്റ് ചെയ്തപ്പോ തന്നെ എല്ലാവർക്കും ഒന്നടങ്കം ഇഷ്ടായി. പിന്നെ, അന്നാണ്, അതുമുതലാണ് പ്രഫഷനൽ നാടക ജീവിതം ആരംഭിക്കുന്നത്. അന്നൊരു പതിനാറ് പതിനേഴ് വയസ്സായിരിക്കും. അന്ന് തുടങ്ങിയതാണ്. 

സിനിമയിലേയ്ക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

ആ നാടകം കണ്ടിട്ടാണ് പിന്നീട് അടൂർ പങ്കജത്തിന്റെ ജീവാ തിയറ്റേഴ്സ് ക്ഷണിക്കുന്നത്. പ്രഗത്ഭരായ അടൂർ പങ്കജം, അടൂർ ഭവാനി, എം.എസ്.തൃപ്പൂണിത്തുറ എന്നിവർ അണിനരന്ന ഹോമം എന്ന നാടകം കേരളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അതും കോമഡിയായിരുന്നു. ഹാസ്യ നാടകത്തിൽ പലപ്പോഴും ഒരാൾ തമാശ പറഞ്ഞുപറഞ്ഞു അവസാനം അയാൾ സീരിയസാകുന്നതാണ് കീഴ് വഴക്കം. 

ചാണ്ടി എന്ന കഥാപാത്രത്തെ ഞാനവതരിപ്പിച്ച ആ നാടകം പത്ത് മുന്നൂറ് സ്റ്റേജുകളിൽ ഒരു വർഷം അവതരിപ്പിച്ചു. അങ്ങനെ രണ്ട് വർഷം ആ ട്രൂപ്പിൽ നിന്നു. പിന്നെ, തോന്നി ഞാൻ ജീവിക്കാനൊക്കെ കൊള്ളാമെന്ന്. ഒാരോ വർഷവും ഭാരിച്ച അഡ്വാൻസൊക്കെ തന്ന് വിളിച്ചുകൊണ്ടുപോകാൻ അന്ന് ആളുണ്ടായിരുന്നു. അങ്ങനെ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് സിനിമയിലേയ്ക്ക് ക്ഷണം വരുന്നത്.

1976ല് മഞ്ഞിലാസിന്റെ ഏഴ് നിറങ്ങൾ എന്ന സിനിമ. അപ്പോ കാർത്തികതിരുനാൾ തിയറ്ററിൽ ഞാനീ പറഞ്ഞ​ ഒറ്റനാടകം കളിക്കുകയാണ്. ആ ഒറ്റനാടകം ഇൻ്റർവെൽ ആയപ്പോ ഒരു താടിക്കാരൻ ഗ്രീൻ റൂമിലേയ്ക്ക് കയറി വന്നു. ആരാണിതിന്റെ സംഘാടകൻ എന്ന് ആരാഞ്ഞപ്പോ ആരോ  എന്റെ പേര് പറഞ്ഞു. എന്നെ വിളിച്ചുമാറ്റി നിർത്തി ചോദിച്ചു. നിങ്ങൾ ആ സ്വാമീടെ ക്യാരക്ടർ ചെയ്തയാളല്ലേ? ആ.. നിങ്ങളെ അന്വേഷിച്ചാ ഞാൻ വന്നത്. എനിക്ക് ആളെ മനസിലായില്ല...?–ഞാൻ ചോദിച്ചു. എന്റെ പേര് ജേസി കുറ്റിക്കാട് എന്ന് മറുപടി. ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബാനറായ മഞ്ഞിലാസിന്റെ സിനിമ. അതിൽ നിങ്ങൾക്ക് യോജിച്ചൊരു ക്യാരക്ടർ ഉണ്ട്, ചെയ്യാമോന്ന് ചോദിച്ചു. 

അങ്ങനെ ചോദിച്ചാ പിന്നെ നമ്മക്ക് നാടകത്തിൽ വല്ല കാര്യവുമുണ്ടോ? വിയർത്തുപോയി ഞാൻ. അന്ന് ഞങ്ങൾക്ക് ടെലിഫോണില്ല. അത്യാവശ്യ കാര്യത്തിന് ഉപയോഗിക്കുന്ന വീട്ടിനടുത്തെ ജംഗ്ഷനിലെ പലവ്യഞ്ജന കടയിലെ ഫോൺ നമ്പർ കൊടുത്തു. അങ്ങനെ കുറേക്കാലം അങ്ങനെ പോയി. സിനിമയെപറ്റി ഒരനക്കവുമില്ല. കറക്ട് ഒരു വർഷം കഴിഞ്ഞപ്പോ ഒരു കോള് വന്നു. അന്ന് പറഞ്ഞ ജേസി കുറ്റിക്കാടാണ് വിളിക്കുന്നത്. ഞാനാ പടത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ പോവുകയാണ്, വരണം. ജോസും വിധുബാലയുമൊക്കെയാണ് പ്രധാന സൂപ്പർ സ്റ്റാറുകൾ. 

അന്ന് അത്രയും ഭാഗ്യവും കഴിവുമുളളവർക്ക് മാത്രമേ സിനിമയിലെത്തുകയുള്ളൂ. അങ്ങനെയൊരു കാലഘട്ടമുണ്ടായിരുന്നു. അങ്ങനെയുള്ള കാലത്താണ് യാതൊരു യജ്ഞവും കൂടാതെ എനിക്ക് സിനിമയിലോട്ട് പ്രവേശനം ലഭിച്ചത്. ഏഴ് നിറങ്ങൾ പടം എടുത്ത മഞ്ഞിലാസ് നിർമിക്കുന്ന സിനിമകളിലേയ്ക്ക് കടന്നുവരാൻ അന്നത്തെ പ്രധാന നടീനടന്മാർ കിണഞ്ഞുശ്രമിച്ച് സാധിക്കാതെ പോവുമായിരുന്നു. ആ ഇതിലാണ് എനിക്ക് അവസരം കിട്ടുന്നത്. ആ പടം നന്നായി പോയി. പിന്നീട് അടുത്ത പടത്തിലേയ്ക്ക് എന്നെ കാസ്റ്റ് ചെയ്തു. അന്ന് സിനിമ നടക്കുന്നത് മൊത്തവും മദ്രാസിലാണ്. പക്ഷേ, മദിരാശി എന്ന് പറയുന്ന സ്ഥലം എൻ്റെ വീട്ടുകാർക്കും നാട്ടുകാർക്കും ഏതാണ്ട് വിദേശ രാജ്യം പോലെയാണ്. അതുകൊണ്ടുതന്നെ വിദേശ രാജ്യത്തേയ്ക്ക് വിടാൻ വീട്ടുകാർക്ക് മടി. അവർ വിട്ടില്ല. വീണ്ടും പഠനവും ചെറിയ ചെറിയ നാടകങ്ങളുമായിട്ടൊക്കെ മുന്നോട്ട് നീങ്ങി.

രണ്ടാം പ്രവേശനമെങ്ങനെയായിരുന്നു?

രാജസേനന്റെ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിൽ ആയിരുന്നു റി എൻട്രി. കുറേ വർഷം കഴിഞ്ഞായിരുന്നു ഇത്–1996ൽ. ഇൗ ചിത്രം ബമ്പർ ഹിറ്റായി. അതിൽ നാല് രാജകുടുംബത്തില്‍ ഒന്നിൽ അച്ഛനും അമ്മയും മകനും ഉൾപ്പെടുന്നതിൽ അച്ഛൻ ഞാനായിരുന്നു. മകനായി നാദിർഷ അഭിനയിച്ചു. അതിൻ്റെ വിജയം എന്നെ സിനിമയിലേയ്ക്ക് കൂടുതൽ അടുപ്പിച്ചു സിനിമകൾ കിട്ടി. അന്നു തൊട്ട് ഇന്നുവരെ സിനിമാ രംഗത്ത് എനിക്ക് തിരിഞ്ഞുനോക്കേണ്ട അവസ്ഥ വന്നിട്ടില്ല. നൂറ്റമ്പതോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു.  സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997) ചലച്ചിത്രതാരം എന്ന പരിവേഷം സമ്മാനിച്ചു. ജയരാജിന്റെ തിളക്ക (2003)ത്തിലെ വെളിച്ചപ്പാട് വഴിത്തിരിവുണ്ടാക്കി. 

പുതിയ കാലത്ത് രംഗത്ത് പിടിച്ചു നിൽക്കാൻ പ്രയാസമുണ്ടാകുന്നുണ്ടോ?

ഒരിക്കലുമില്ല. എന്റെ കാലഘട്ടത്തിൽ വന്ന നടീനടന്മാർ പലരും വന്നുപോയി. സ്ഥായിയായി നിൽക്കാതെയും, നിന്നിട്ട് പോയവരുമുണ്ട്. എന്തുകൊണ്ടോ ജീവിതത്തിൽ ഇന്നുവരെ കിട്ടാത്ത അംഗീകാരമാണ് സിനിമാ രംഗത്ത് തന്നെ പിടിച്ചുനിൽക്കാൻ പറ്റുന്നു എന്നുള്ളത്. മറ്റു പുരസ്കാരങ്ങളേക്കാൾ ഏറ്റവും വിലമതിക്കുന്നത് ഇതാണ്. ഇങ്ങനെ തന്നെ ആരോഗ്യമുള്ളിടത്തോളം കാലം മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. രാജീവ് അഞ്ചലിന്റെ ഗുരു എന്ന ചിത്രത്തിൽ(1997) വേറിട്ട ഒരു കഥാപാത്രം അവതരിപ്പിക്കാനും സാധിച്ചു.

വളരെ പ്രത്യേകതയുള്ള സംവിധായകനാണ് രാജീവ്. എന്നിൽ ഒരു പക്കാ വില്ലനെ കണ്ടെത്തുക എന്ന് പറയുന്ന, ഒരു പക്ഷേ, എന്നെ പ്രതീക്ഷിക്കുന്നവർക്ക് ചിരി വരാം. അല്ലെങ്കിൽ അയ്യേ എന്ന് വയ്ക്കാം. പുള്ളി വില്ലനോ എന്ന് ചോദിച്ചേക്കാം. ഗുരു കണ്ടവർ എന്റെ ക്യാരക്ടർ മറക്കില്ല. അതിലൊരു മുഖ്യപുരോഹിതതൻ. അദ്ദേഹമാണ് ഇലാമൽ പഴം പിഴിഞ്ഞ് മോഹൻലാലിന് കൊടുക്കുന്നത്. അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്ന അത്തരമൊരു ദുഷ്ട പ്രവൃത്തി ചെയ്യുന്ന പുരോഹിതന്റെ വേഷം. 

അതും ‍ജനങ്ങളിൽ ഇയ്യാക്ക് തമാശ വേഷങ്ങൾ മാത്രമല്ല, ചെയ്യാൻ പറ്റുന്നതെന്ന് വ്യക്തമായ സൂചന നൽകി. അന്നത്തെ കാലത്ത് ഒരു സിനിമാ നടനെ അംഗീകരിക്കുക സത്യൻ അന്തിക്കാടിനെ പോലുള്ളവരുടെ സിനിമകളിൽ അഭിനയിക്കുമ്പോഴായിരുന്നു. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ മഞ്ജുവാര്യരും ജയറാമും ഞാനും തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് അഭിനയിച്ചത്. അങ്ങനെ വന്നപ്പോ ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങി. തുടരെ സിനിമകൾ വന്നു. 

ഒഴിച്ചുകൂടാനാകാത്ത മാറ്റമുണ്ടായത് തിളക്കം(2003) എന്ന സിനിമയിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചതോടെയാണ്. ആ വേഷവും ഒരു ബമ്പർ ഹിറ്റായി. എവിടെ ചെന്നാലും ആ കഥാപാത്രങ്ങളെക്കുറിച്ച് പരാമർശമുണ്ടാകും. അന്നത്തെ തമാശ നടന്മാരുടെ പട്ടികയിൽ വരികയും പ്രധാനിയാകാനും അതോടുകൂടി കഴിഞ്ഞു.  പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം അശോക് നാഥ് സംവിധാനം ചെയ്ത മിഴികൾ സാക്ഷിയിൽ അതുപോലെ നല്ലൊരു വേഷം ലഭിച്ചു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രഫ.ഡിങ്കൻ ആണ് പ്രതീക്ഷയുള്ള പുതിയ പടം. 

ഗൾഫുമായി, പ്രത്യേകിച്ച് യുഎഇയുമായുള്ള ബന്ധം?

ഒട്ടേറെ മലയാളികളുടെ പോറ്റമ്മ നാടാണല്ലോ ഇത്. എനിക്കും വളരെ ഇഷ്ടമാണ്. എന്റെ ബന്ധുക്കൾ കുറേ പേരുണ്ട്. ഇവിടെയെത്തിയാൽ അവരൊക്കെയും കാണാൻ വരും. കുറച്ചുകാലം മുൻപ് ദുബായിൽ മുഴു പടം ചെയ്തു. പേർഷ്യക്കാരൻ. അതിൽ 90 വയസുള്ള മുസ് ലിം വൃദ്ധനായിരുന്നു. നന്നായി ചെയ്തിരുന്നുവെങ്കിലും പക്ഷേ, അത് പ്രേക്ഷകർ കാണാതെ പോയി. അങ്ങനെ നിർഭാഗ്യങ്ങൾ ഒത്തിരി. ആ പടമൊക്കെ പനോരമയ്ക്ക് പോയിരുന്നെങ്കിൽ എൻ്റെ ക്യാരക്ടർ ശ്രദ്ധിക്കപ്പെട്ടേനെ. അത് സംഭവിച്ചില്ല. എങ്കിൽ തന്നെയും ആയുരാരോഗ്യമുള്ളിടത്തോളം എന്നെ നിലനിർത്തിക്കൊണ്ടുപോരുന്ന പ്രേക്ഷകരോടും എനിക്ക് അവസരം തന്ന നിർമാതാക്കളോടും സംവിധായകരോടും നന്ദിയുണ്ട്. അങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം. അല്ലെങ്കിൽ തന്നെ എന്നെപ്പോലൊരാൾക്ക് ഇൗ വിദേശ രാജ്യത്ത് വന്ന് ഒരു ടെലിസിനിമ ചെയ്യാൻ സാധിച്ചല്ലോ.

കഥാപാത്രങ്ങളെ തിരഞ്ഞടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്?

എന്നെ വിളിക്കുമ്പോ ഇന്ന വേഷമെന്ന് പറയേണ്ടതില്ല. എല്ലാ വേഷവും ചെയ്യാനാണ്  ആഗ്രഹം. വിളിക്കുന്ന ആളിൻ്റെ വാക്കിന്റെ ഒരു ബലമുണ്ട്. കോൺഫിഡൻസുണ്ടാകും. പിന്നീടാണ് കഥ ശ്രദ്ധിക്കുന്നത്. അവിടെ നമ്മൾ റെമ്യൂനറേഷന്റെ കാര്യത്തിലോ മറ്റോ തർക്കിക്കില്ല. അല്ലാതെ റെമ്യൂനറേഷൻ, തങ്ങൾക്ക് വേണ്ട ആർടിസ്റ്റുകൾ വേണമെന്നൊക്കെ പറയുന്നത് ഒാരോരുത്തരുടെയും താത്പര്യമാണ്. ഏതായാലും അങ്ങനെയൊരു ശീലം എനിക്കില്ല. അതുകൊണ്ട് നേരത്തെ പറഞ്ഞപോലെ നടക്കാനും സംസാരിക്കാനും കഴിവുള്ളിടത്തോളം അഭിനയം തുടരാനാണ് ആഗ്രഹം.

സിനിമയിലെ ന്യൂ ജനറേഷനെക്കുറിച്ച് എന്താണഭിപ്രായം?

മുതിർന്നവരെ ഇത്രയധികം ബഹുമാനിക്കുന്ന ചെറുപ്പക്കാരെ ഞാൻ കണ്ടിട്ടില്ല.  നമ്മുടെ സീനിയറായിട്ടുള്ള സംവിധായകരൊക്കെ എത്രയോ കാലപ്പഴക്കം കൊണ്ടാണ് എന്തെങ്കിലുമായത്. ഇത് ഒരൊറ്റ പടം കൊണ്ടാണ് എല്ലാം മാറിമറിയുന്നത്. അത്തരം ചെറുപ്പക്കാരെ ഞാനേറെ ബഹുമാനിക്കുന്നു. അത് കണ്ടില്ല എന്ന് നടിക്കാനാവില്ല. ഒരു പടം നന്നായി, അടുത്ത പടം പോക്കായിരിക്കാം. പക്ഷേ, അവരുടെ ഡെഡിക്കേഷൻ പറയാതെ വയ്യ. 

പിന്നെ അഭിനയത്തിന്റെ കാര്യം. ഞാനഭിനയിക്കുന്ന പടം പോലും അധികം കാണാറില്ല. എന്നാൽ, അടുത്തകാലത്ത് കമ്മട്ടിപ്പാടം എന്ന ചിത്രം ഫെസ്റ്റിവലിൽ കണ്ടപ്പോ അത്ഭുതപ്പെട്ടുപോയി. അതിൽ  പാസ്സിങ് ഷോട്ടിൽ പോലും ചെറുപ്പക്കാർ എത്ര മനോഹമരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്!. അതിലഭിനയിച്ച എല്ലാ നടന്മാർക്കും മികച്ച അഭിനേതാവിനുള്ള പ്രൈസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. അത്രയും കഴിവുള്ളവരാണവർ. 

വിനായകന്റെ അച്ഛനായി അഭിനയിച്ച നടൻ എത്ര രസകരമായാണ് കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോയത്. ആ കോളനിയിലുള്ളയാളാണ് അവരൊക്കെ. അവിടെയൊക്കെ അവർ നമ്മുടെ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന‍് എത്ര നന്നായി യോജിച്ചുപോകുന്നു. വിനായകന്റെ കൂടെ ഞാൻ ഒട്ടേറെ സിനിമയിലഭിനയിച്ചു. കമ്മട്ടിപ്പാടത്തിൽ വിനായകനും പുതുമുഖ നടൻ മണിയും എത്രയോ നാളത്തെ പരിശീലനം നേടി അഭിനയിച്ച പോലെ നമുക്ക് ഫീൽ ചെയ്യുന്നു. അത്ര അനായാസമാണ് അവരുടെ അഭിനയം. ഇൗ അടുത്തകാലത്തെ മിക്ക പടങ്ങളും നന്നായി. 

എങ്കിലും ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ നിൽക്കുന്ന ആ ലെവലിലേയ്ക്ക് എത്ര പേർ വന്നിട്ടുണ്ട് എന്നത് നോക്കേണ്ടതുണ്ട്. ഇന്ന് എനിക്ക് ഇഷ്ടപ്പെട്ട മോഹൻലാൽ കഴിഞ്ഞാൽ ചെറുപ്പക്കാരുടെ കൂട്ടത്തിൽ ഞാനിഷ്ടപ്പെടുന്നത് ഫഹദ് ഫാസിലിനെയാണ്. എന്തൊരു പെർഫോമൻസാണ് അദ്ദേഹത്തിന്റേത്. അങ്ങനെ അഭിനയിക്കുന്നവർ മാത്രമേ മുന്നിലേയ്ക്ക് വരുന്നുള്ളൂ. അതുപോലെ കഴിവുള്ള നടീനടന്മാർ നമ്മുടെ സീരിയലുകളിൽ പോലുമുണ്ട്. 

ഞങ്ങളുടെയൊക്കെ കാലത്ത് ഒരു പെൺകുട്ടിയെ കിട്ടുക എന്നത് വലിയ പ്രയാസമായിരുന്നു. ഇന്ന് ഒരു സീരിയലിൽ തന്നെ പത്തിരുപത് നടിമാരാണ് ഉള്ളത്. അതും വലിയ വിദ്യാഭ്യാസമുള്ളവർ. അങ്ങനെയൊരു ഗുണമുണ്ട്, ഇന്ന് സിനിമയ്ക്കായാലും സീരിയലിലായാലും. എന്നെപ്പോലുള്ള പഴയ ആൾക്കാർക്ക് പറഞ്ഞുനിൽക്കാനോ, പിടിച്ചുനിൽക്കാനോ കഴിയാത്തത്ര മിടുക്കന്മാരാണവർ. മികച്ച നടീനടന്മാരും സാങ്കേതിക വിദഗ്ധരാലും സമ്പന്നമാണ് ഇന്ന് സിനിമയും സീരിയലുകളും. 

എന്നിട്ടും, ഇന്നും മമ്മൂട്ടിയും മോഹൻലാലുമാണല്ലോ നിറഞ്ഞുനിൽക്കുന്നത്?

അതു ശരിയാണ്. ഇന്ന് അന്നത്തെ പോലെ അത്ര ഒഴുക്ക് വരുന്നില്ല. അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പല അഭിനേതാക്കൾക്കും സെലക്ടീവാകാൻ സാധിക്കാത്തിന് കാരണമുണ്ട്. ഇന്ന് ഒരു പടം വിജയിച്ചാ അതിനെ ചുവടുപിടിച്ചുള്ള സിനിമകളാണ് വരുന്നത്. എങ്കിലും സ്വാഭാവികത ഇത്തിരി കൂടിപ്പോകുന്നില്ലേ എന്ന് തോന്നിപ്പോകുന്നു. അഭിനയിക്കേണ്ടിടത്ത് അഭിനയിച്ചേ പറ്റൂ. അതിനെയാണല്ലോ അഭിനയം എന്ന് പറയുന്നത്. അല്ലെങ്കിൽ വെറുതെ സംസാരിച്ചാ മതിയല്ലോ. പല സീനുകളിലൊക്കെ വേണ്ടത്രെ കനമോ മറ്റോ ഇല്ല. അതങ്ങനെ ഇൗസിയായിപ്പോകുന്നു. അത് നീക്കിവച്ചാ ന്യൂജൻ ചിത്രങ്ങൾക്ക് പിന്നിലുള്ളവർ മിടുക്കന്മാർ തന്നെ. ന്യൂ ജനറേഷൻ എപ്പോഴുമുണ്ടായിക്കൊണ്ടിരിക്കുന്നു. ഒരിക്കൽ ഞങ്ങളും ന്യൂ ജനറേഷനായിരുന്നു. സിനിമയും അങ്ങനെ. പത്മരാജന്റെ സിനിമ വന്നപ്പോ അതും ന്യൂജനായി. 

പുതു സംവിധായകരിൽ ആരിലാണ് ഏറ്റവും കൂടുതൽ പ്രതീക്ഷ?

പുതിയ സിനികളെടുക്കുന്നവരിൽ പലരുടെയും പേരുകളോ മറ്റോ എനിക്കറിഞ്ഞുകൂടാ. എങ്കിലും കമ്മട്ടിപ്പാടം എടുത്ത രാജീവ് രവിയിൽ ഏറെ പ്രതീക്ഷകളുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. പുതിയ നടീനടന്മാർ വന്നു പ്രേമേട്ടൻ എപ്പോ വന്നു എന്നൊക്കെ ചോദിക്കുമ്പം ഞാൻ ബബ്ബബ്ബ അടിക്കും. ഇതാരാ?

അത്രയും ബഹുമാനം അവർ സീനിയേഴ്സിനെ ബഹുമാനിക്കുന്നു. അതേ സമയം സീനിയർ പലും വെയിറ്റിട്ടിരിക്കും. പുതിയ തലമുറ ഉയർന്നുവരുന്നതിൽ സന്തോഷം. എന്നാൽ ആവർത്തനമാകാതെ അവർ തന്നെ ശ്രദ്ധിക്കുക. എന്ന് പറഞ്ഞാ പലരും മറ്റുള്ളവരുടെ പടം കാണാറില്ല. അവരവരുടേത് മാത്രമേ കാണുന്നുള്ളൂ. ആ സ്വഭാവം മാറ്റണം. ഇന്ന് ഹിറ്റായ പാട്ടുകൾ പലതും പഴയ കാലഘട്ടത്തിലെ മധുര സംഗീതം കലർന്നതാണ്. ഉദാഹരണം കാറ്റേ കാറ്റേ.. നീ പോകാ മരത്തിൽ.. എന്ന ഗാനം. അങ്കമാലി ഡയറീസിലെ പാട്ടും പഴേ ട്യൂണാണ്. അരിസ്റ്റോ സുരേഷ് പാടിയ മുത്തേ പൊന്നേ എന്ന പാട്ടുവരെ ഇന്ന് ഹിറ്റായി വരണമെങ്കിൽ, അത് സാധാരണ പാടാൻ അറിഞ്ഞുകൂടാത്തവർക്ക് വരെ പാടാനാകുന്നതുകൊണ്ടാണ് ഹിറ്റായത്. 

ഭാര്യയും സിനിമാ– സീരിയൽ നടിയാണല്ലോ. പ്രണയവിവാഹമായിരുന്നോ?

ഭാര്യയുടെ പേര് ഗിരിജാ പ്രേമൻ. പ്രണയമായിരുന്നെന്ന് പറയാനാകില്ല. നാടകരംഗത്ത് നിന്നായിരുന്നു പരിചയപ്പെട്ടത്. പരസ്പരം വീട്ടുകാർ അറിഞ്ഞുകൊണ്ടുള്ള വിവാഹം. തിരുവനന്തപുരം സംഗീത അക്കാദമിയിൽ നൃത്ത വിദ്യാർഥിനിയായിരുന്നു. പഠനം മുഴുപ്പിക്കാനായില്ല. മകൻ ഹരികൃഷ്ണൻ. ടെക്നോപാർക്കിൽ എൻജിനീയറാണ്. ചെറിയ കുടുംബം സന്തുഷ്ട കുടുംബം. 

തിരിഞ്ഞു നോക്കുമ്പോൾ  എന്തു തോന്നുന്നു?

മൂന്നര പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത്. സാമ്പത്തിക നേട്ടത്തേക്കാളും വലുത്, ഇന്ന് എവിടെ  ചെന്നാലും എന്നെ അറിയുന്ന ഒരാളുണ്ടാകും എന്നതാണ്. മലയാളികളുള്ള സ്ഥലത്തൊക്കെ. അതാണ് ഏറ്റവും വലിയ സമ്പത്ത്. സാധാരണ ചുറ്റുപാടുകളിൽ നിന്ന് വന്നവരായിരിക്കും ഏറ്റവും മികച്ച അഭിനേതാക്കൾ എന്നാണ് എന്റെ അഭിപ്രായം. സത്യൻ സാർ  ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായിരുന്നു. അദ്ദേഹം സാധാരണ കുടുംബത്തിൽ ജനിച്ചു. അധ്യാപകനും പൊലീസുമായിരുന്നു. ഞങ്ങളുടെ വീട്ടിനടുത്തായിരുന്നു താമസം. ഇന്നും സാധാരണ കുടുംബത്തിൽ നിന്നുള്ള വരാണ് മികച്ചുനിൽക്കുന്നത്. ഉദാഹരണത്തിന് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി. അന്നേ എന്റെ മനസിലുണ്ടായിരുന്നു, ഇൗ കുട്ടി മലയാളത്തിലെ അറിയപ്പെടുന്ന നടിയായി മാറുമെന്ന്. 

ഏറ്റവും സന്തോഷവും ദുഃഖവും തോന്നിയതെപ്പോൾ?

സമ്മിശ്രമാണ്. ആദ്യാവസരം, ഒാരോ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, അതിന്റെ പേരിൽ ആളുകൾ വിളിക്കുമ്പോ, അപരിചിതനായ ഒരാൾ തിരിച്ചറിയുമ്പം ഒക്കെ സന്തോഷം. എവിടെ ചെന്നാലും ഒരു കസേരയുണ്ടാകും, എന്നെപ്പോലെ ഉള്ള ഒരാളിന്. അംഗീകാരങ്ങൾ കൈയെത്താ ദൂരത്ത് നിന്ന് തട്ടിത്തെറിപ്പിക്കുന്നത് ദുഃഖിപ്പിക്കുന്നു.

'ഷവർമ' എന്ന ഹ്രസ്വ ചിത്രത്തിലേയ്ക്ക് എത്തപ്പെട്ടതെങ്ങനെ?

ദുബായിൽ നിന്ന് യുവസംവിധായകൻ ജിമ്മി ജോസഫ് ഒരു ദിവസം വിളിക്കുകയായിരുന്നു. ഹ്രസ്വചിത്രമെന്നത് എനിക്ക് പ്രശ്നമല്ലായിരുന്നു. നേരത്തെ പറഞ്ഞപോലെ, ആ ചെറുപ്പക്കാരന്റെ വിളിയിലെ ആത്മാർഥത എന്നെ മറ്റൊന്നും ചിന്തിപ്പിക്കാതെ യെസ് പറയിപ്പിച്ചു. ഷവർമയിലെ ഖാദർ ഹാജി എന്ന കഫ്റ്റീരിയ ഉടമയുടെ റോൾ അതീവ രസകരമാണ്. എന്റെ മാനറിസങ്ങളുമായി യോജിച്ചു പോകുന്ന കഥാ സന്ദർഭങ്ങൾ ഏറെയുണ്ട്. ഗൾഫിലെ ഒരു സാധാരണക്കാരനായ യുവാവിന്റെ ജീവിത കഥയാണ്. ഇതുവരെ കാണാത്ത മനസ്സിൽ തട്ടുന്ന പ്രമേയമുള്ള വ്യത്യസ്തമായ ഇൗ അരമണിക്കൂർ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.