sections
MORE

ജയസൂര്യ എന്ന ‘നടി’; ഷംന കാസിം പറയുന്നു

jayasurya-shamna
SHARE

തിരശീലയിൽ സിനിമ അവസാനിച്ചിട്ടും മേരിക്കുട്ടിയുടെ ഉള്ളുലച്ചിലുകൾ കൂടെ വന്ന അനുഭവം ഓർത്തെടുക്കുകയാണ് നർത്തകിയും നടിയുമായ ഷംന കാസിം. നിരവധി ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുള്ള ഷംന ചിത്രം കണ്ട് ആദ്യം വിളിച്ചത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെ ആയിരുന്നു. 'ഈ സിനിമയിൽ പലയിടങ്ങളിലും എനിക്ക് ജാനുവിനെ അനുഭവിക്കാൻ കഴിഞ്ഞു,' ഷംന പറയുന്നു.   

'എനിക്കവരെ കെട്ടിപ്പിടിക്കാൻ തോന്നി'

മേരിക്കുട്ടിയെ കണ്ട് ഇറങ്ങിയ പാടെ ഞാൻ വിളിച്ചത് ജാനുവിനെ (ജാൻമണി) ആണ്. എനിക്കവരെ കെട്ടിപ്പിടിക്കാൻ തോന്നി. ഞാനവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഉറക്കെ പറയാൻ തോന്നി. ജാനു എന്റെ അടുത്ത സുഹൃത്താണ്... എനിക്ക് എന്റെ സഹോദരിയെപ്പോലെയാണ്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരിയുള്ള ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. ഈ സിനിമയിൽ പലയിടങ്ങളിലും എനിക്ക് ജാനുവിനെ അനുഭവിക്കാൻ കഴിഞ്ഞു. 

ജയസൂര്യ എന്ന 'നടി'

ചിത്രത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. ജയേട്ടൻ വലിയൊരു മനുഷ്യനാണ്. ജയസൂര്യ എന്ന 'നടൻ' ആണ് മേരിക്കുട്ടിയിൽ അഭിനയിച്ചതെന്ന് ഒരിക്കലും തോന്നില്ല. താനൊരു നായകനാണ്, പുരുഷനാണ് എന്നൊക്കെയുള്ള ചിന്ത ജയേട്ടൻ മറികടന്നിട്ടുണ്ട്. വളരെ സൂക്ഷ്മമായ അഭിനയത്തിന്റെ തലങ്ങളുണ്ട് ആ കഥാപാത്രത്തിൽ. മേരിക്കുട്ടിയിൽ ഉടനീളം ഈ സൂക്ഷ്മത ചോരാതെയാണ് ജയേട്ടൻ അഭിനയിച്ചിരിക്കുന്നത്. അതിൽ അമിതാഭിനയം ഇല്ല. സിനിമ കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണം മേരിക്കുട്ടി യഥാർത്ഥത്തിൽ ഷീറോ ആയതുകൊണ്ടാണ്. 

ആ രംഗം കണ്ണ് നനയിച്ചു

ലോക്കപ്പിൽ കിടക്കുന്ന മേരിക്കുട്ടി എന്റെ കണ്ണ് നനയിച്ചു. ലോക്കപ്പിലിരുന്ന് മുഖത്ത് അടിച്ച് കരയുന്ന മേരിക്കുട്ടിയുണ്ട്. ആ രംഗം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. സിനിമ കഴിഞ്ഞ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല. അത്രയും സ്വാധീനിച്ചിരുന്നു ആ സിനിമ. 

അവർ എന്റെ ഷീറോസ്

ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഒരുപാട് സമയം ചെലവഴിക്കുന്ന ആളാണ് ഞാൻ. എന്റെ മേക്കപ്പ് ആർട്ടിസ്റ്റുകളൊക്കെ ഇവരാണ്. എനിക്കവരെ ഇനി ഷീറോ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. 

കൂട്ടത്തിൽ ഒരാൾ തന്നെ

എല്ലാവർക്കും അവരവരുടെ നാട്ടിൽ നിന്ന് പണിയെടുക്കണം എന്നാണ് ആഗ്രഹം. പക്ഷേ, ട്രാൻസ് വിഭാഗത്തിൽപ്പെടുന്നവരുടെ അവസ്ഥ വ്യത്യസ്തമാണ്. വീട്ടുകാർക്കോ ബന്ധുക്കൾക്കോ യാതൊരു പ്രശ്നവും ഉണ്ടാവരുതെന്ന് കരുതി അവർ സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പോവുകയാണ്. ഞാനെന്നും അവരെ എന്റെ കൂട്ടത്തിലൊരാളായാണ് കണ്ടിട്ടുള്ളത്. പലപ്പോഴും ഷൂട്ടിംഗിന് പോകുമ്പോൾ ഞാൻ എന്റെ മുറി അവരുമായി ഷെയർ ചെയ്യാറുണ്ട്. അവർ അങ്ങനെയായത് അവരുടെ തെറ്റാണോ? അല്ല. അതൊരു തെറ്റു പോലുമല്ല. അവർക്ക് അർഹിക്കുന്ന പരിഗണനയും തൊഴിലും നൽകിയാൽ അവർക്ക് ശരീരം വിൽക്കേണ്ടി വരില്ല. 

കേൾക്കാറുള്ളത് നെഗറ്റീവ് കമന്റുകൾ

ട്രാൻസ്ജെൻഡേഴ്സിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വയ്ക്കുമ്പോൾ പലതരം നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. ഞാനത് കാര്യമാക്കാറില്ല. എത്രയോ സ്ത്രീകൾ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടുന്നു. അതിൽ തെറ്റായി ഒന്നുമില്ല. പിന്നെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് എന്തിനാണ്? അവരും നമ്മുടെ കൂട്ടത്തിലുള്ളവരാണ്. അവരെ മാറ്റി നിറുത്തേണ്ട ആവശ്യമില്ല. ട്രാൻസ്ജെൻഡേഴ്സ് മാത്രമല്ല മറ്റുള്ളവരും കണ്ടിരിക്കേണ്ട സിനിമയാണ്.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA