പാർവതിയെ ലക്ഷ്യമിട്ടു; എന്നെ ബലിയാടാക്കി

മോഹിച്ച് സംവിധാനം ചെയ്ത സിനിമ തിയറ്ററിലെത്തിയപ്പോൾ സൈബർ കേന്ദ്രങ്ങളിൽനിന്ന് ഒളിയാക്രമണങ്ങളുണ്ടായെന്ന് ‘മൈ സ്റ്റോറി’യുടെ സംവിധായിക റോഷ്നി ദിനകർ. സ്ത്രീയെന്ന പരിഗണന ഒരിടത്തുനിന്നും ലഭിച്ചില്ലെന്നും അമ്മയും ഡബ്ല്യുസിസിയും ആരും സഹായിച്ചില്ലെന്നും റോഷ്നി പറയുന്നു. നടി പാർവതിക്കെതിരെ നടന്ന സൈബർപോരിൽ താനും തന്റെ സിനിമയും ബലിയാടായെന്നും അവർ ആരോപിക്കുന്നു. 

‘മൈ സ്റ്റോറി’യെ ബോധപൂർവം തോൽപിക്കുന്നുവെന്നാണോ? 

വ്യക്തിപരമായി എനിക്കെതിരെ ചീത്തവിളിയില്ല. ഫെയ്സ്‌ബുക്കിലും വാട്സാപ്പിലും നിരന്തരം മെസേജുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ പടം ഞങ്ങൾ പൊളിക്കും, അവളുടെ അഹങ്കാരത്തിനു ഞങ്ങൾ ഇങ്ങനെ പകരം വീട്ടും എന്ന മട്ടിലുള്ള മെസേജുകൾ. നടി പാർവതിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ എന്റെ ചിത്രവും എന്റെ പരിശ്രമവും പ്രതീക്ഷയുമെല്ലാമാണു തകർന്നത്. 

ഇതിനു പിന്നിലാരാണ്? 

എനിക്കാരെയുമറിയില്ല. സ്വന്തം നാട്ടിൽ സംവിധാനത്തിനു തുടക്കം കുറിക്കാൻ കൊച്ചിയിലെത്തിയ ബെംഗളൂരു മലയാളിയാണു ഞാൻ. അമ്മയുമായും ഡബ്ല്യുസിസിയുമായും ഒന്നും എനിക്കു ബന്ധമില്ല. അവർ തമ്മിലുള്ള തർക്കങ്ങളിലൊന്നും എനിക്കു റോളില്ല. ഇത്തരം പ്രശ്നങ്ങൾ എന്റെ ചിത്രത്തെ ബാധിച്ചു എന്നതാണു സത്യം. 

ചിത്രത്തിന്റെ നിർമാണഘട്ടം മുതൽ പ്രതിസന്ധിയായിരുന്നുവെന്നു കേട്ടല്ലോ, അതെന്താണ്? 

18 കോടി രൂപ മുടക്കിയ ചിത്രമാണിത്. പടം തുടങ്ങിയ കാലം മുതൽ പ്രതിസന്ധികൾ അലട്ടിക്കൊണ്ടേയിരുന്നു. ഒരു സ്ത്രീയെന്ന പരിഗണനപോലും പലപ്പോഴും കിട്ടിയില്ല. 2016 നവംബർ ഒന്നിനു ചിത്രീകരണം തുടങ്ങി ഡിസംബർ 16ന് ആദ്യ ഷെഡ്യൂൾ തീർത്തു. 

ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലുമായാണു ചിത്രീകരണം പ്ലാൻ ചെയ്തത്. എന്നാൽ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു നായകന്റെ ഡേറ്റ് കിട്ടുന്നേയില്ല. പൃഥ്വി അപ്പോഴേക്കും മറ്റു ചിത്രങ്ങളിൽ സജീവമായിരുന്നു. 

ഇതു ചിത്രീകരണത്തെ ബാധിച്ചോ? 

11 കോടി ഇതിനകം മുടക്കിയ ശേഷമാണു പടം നിലച്ചതെന്നോർക്കണം. ഒന്നിലും മൂന്നിലും പഠിക്കുന്ന മക്കളെ ഹോസ്റ്റലിൽ നിർത്തേണ്ടിവന്നു. അതിനിടെ അമ്മയ്ക്കു കാൻസറാണെന്നറിഞ്ഞ സങ്കടവും. ഫിലിം ചേംബറിൽ പരാതി നൽകാൻ പൃഥ്വി തന്നെയാണെന്നെ ഉപദേശിച്ചത്. അതനുസരിക്കുകയും ചെയ്തു. അവരെല്ലാം ഇടപെട്ടിട്ടും കടുകിട അനുകൂല നിലപാട് എവിടെനിന്നും കിട്ടിയില്ല. 

അങ്ങനെയാണു മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു കാര്യം അറിയിച്ചത്. ഇതിനിടെ ഫിലിം ചേബറും ഇടപെട്ടു. അതോടെ കാര്യങ്ങൾക്കു വേഗമേറി. 2017 ഒക്ടോബർ 21 മുതൽ നവംബർ മൂന്നു വരെയും 2018 ജനുവരി 26 മുതൽ ഫെബ്രുവരി 21 വരെയും പൃഥ്വിയെ കിട്ടിയതോടെ യൂറോപ്യൻ ചിത്രീകരണം പൂർത്തിയാക്കി. 

ഡബ്ല്യുസിസി നിങ്ങളെ സഹായിച്ചില്ലേ? 

എന്നെ ആരും സഹായിച്ചില്ല. പാർവതിക്കു നേരെയുള്ള ആക്രമണത്തിന്റെ ബലിയാടാണു ഞാൻ. പാർവതിയെ സഹായിക്കാനായിട്ടെങ്കിലും അവർ എന്റെ പടത്തെ അനുഭാവത്തോടെ സമീപിച്ചിരുന്നെങ്കിൽ അത്രമേൽ വ്യഥ എനിക്കുണ്ടാകില്ലായിരുന്നു. വനിതകളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുന്ന സംഘടനയാണെന്നാണു ഞാനറിഞ്ഞത്. പക്ഷേ, ഇത്രമേൽ ആക്രമണം ഈ ചിത്രത്തിനു നേരെ ഉണ്ടായിട്ടും അവരാരും ഇതുവരെ വന്നില്ല. 

പ്രമോഷൻ പരിപാടികളിലും താരങ്ങളെ കണ്ടില്ലല്ലോ? 

ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നേരിടുന്നതിനിടെ പ്രമോഷൻ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കാര്യമായി സാധിച്ചില്ല. പാർവതി വിദേശത്താണ്. ഓൺലൈനിൽ വന്നു സഹായിക്കാമെന്നാണു പാർവതിയുടെ നിലപാട്. പൃഥ്വി മറ്റു തിരക്കുകളിലാണ്. ഒരു ക്യാമറ അയച്ചാൽ അഭിമുഖം അനുവദിക്കാമെന്നു പൃഥ്വി സമ്മതിച്ചിട്ടുണ്ട്. മറ്റു പ്രമോഷൻ പരിപാടികളൊന്നും ആലോചിച്ചിട്ടില്ല.