ലൂസിഫർ; ആകാംക്ഷയോടെ പൗളി വൽസനും

pauly-mohanlal
SHARE

മുപ്പത്തിയേഴ് വർഷം മുൻപ് ഒരു നാടക വേദിയിൽനിന്നു തുടങ്ങിയതാണ് ഈ യാത്ര. ചെറുതായിരുന്നില്ല, അരങ്ങിൽ നിന്ന് അഭ്രപാളിയിലേക്കുള്ള ദൂരം. ആ യാത്ര ഇപ്പോൾ അഞ്ജലി മേനോന് 'കൂടെ' എത്തിയിരിക്കുകയാണ്. 'ഇമയൗ'വിലെ പെണ്ണമ്മയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടി. കൊച്ചി വൈപ്പിൻകരക്കാരി പൗളി വൽസൻ. അഭിനയം കേവലം ജീവനോപാധിയോ, താത്പര്യമോ മാത്രമല്ല. മറിച്ച് അതിനൊരു രാഷ്ട്രീയമുണ്ട്. ഒപ്പം കൃത്യമായ നിലപാടുകളും.

അഭിനയ ജീവിതം തുടങ്ങിയ നാൾ മുതൽ ഒരു മോഹമുണ്ടായിരുന്നു. ആ ആഗ്രഹം സഫലമാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് പൗളി . 'കൂടെ' ക്ക് ശേഷം അതിനുള്ള തയ്യാറെടുപ്പിലാണ്. അഭിനയ ജീവിതത്തിലെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒപ്പം നിലപാടുകളും പങ്കുവയ്ക്കുകയാണ് പൗളി.

വനിതകളുടെ 'കൂടെ'

സ്ത്രീകളുടെകൂടെ ജോലിചെയ്യുമ്പോൾ നമുക്കൊരു സ്വാതന്ത്യ്രം കിട്ടിയ പോലെ തോന്നും. അങ്ങനെയൊരു അവസ്ഥയായിരുന്നു അഞ്ജലി മേനോന്റെ 'കൂടെ' യിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്നത്. അത്രയും സ്വാതന്ത്ര്യം. ഊട്ടിയിലായിരുന്നു ഭൂരിഭാഗം ചിത്രീകരണവും. എന്തെങ്കിലും തെറ്റുപറ്റിയാൽ അഞ്ജലി അത് സ്നേഹം നിറച്ച വാക്കുകളാൽ തിരുത്തിത്തരും. അത് പകർന്നു തരുന്ന ഉൗർജം ചെറുതല്ല. അഞ്ജലി മേനോന്റെ പെരുമാറ്റം, അത്, മറക്കാനാവില്ല. എല്ലാവരോടും നല്ല പെരുമാറ്റം, എന്തുകാര്യവും നമുക്ക് തുറന്നുചോദിക്കാം. ഒരുപക്ഷെ, പുരുഷന്മാരാണ് ആ സ്ഥാനത്തെങ്കിൽ ഇത്രയും സ്വാതന്ത്ര്യത്തോടെ മനസ്സ് തുറക്കാൻ കഴിയുമോ എന്ന് അറിയില്ല. കൂടെയുടെ സെറ്റിൽ കൂടുതൽ പെൺകുട്ടികളായിരുന്നു. അമ്മയും മക്കളും ഒത്തുചേരുന്ന ഒരു പെൺകുടുംബം പോലെയായിരുന്നു ആ സെറ്റിലെ ജീവതം. അത്രയ്ക്ക് ആസ്വദിച്ചു ആ സെറ്റ്.

സിനിമയിലെ വനിതാ സംഘടനയെ കുറിച്ച്

സിനിമയിൽ വനിതാ സംഘടന വേണമോ എന്ന് ചോദിച്ചാൽ വേണം എന്ന് തന്നെയാണ് അഭിപ്രായം. കാരണം, നമുക്കൊരു കൂട്ടായ്മയുണ്ടാകുമ്പോൾ അതിന്റെ സുരക്ഷിതത്വം വേറെതന്നെയാണ്. പുരുഷൻമാരുള്ള സംഘടനയിലേക്കാൾ കൂടുതൽ അഭിപ്രായ സ്വാതന്ത്യ്രം ആ സംഘടനയിൽ സ്ത്രീകൾക്ക് ലഭിക്കുമെന്നു തന്നെയാണ് എന്റെ വിലയിരുത്തൽ. എല്ലാ സംഘടനയും ആവശ്യമാണ്. അത് 'അമ്മ'യായാലും , 'ഡബ്ലിയുസിസി' യായാലും. ഒന്നും ഒന്നിൽ നിന്നും വേറിട്ടു നിൽക്കേണ്ടതല്ല. രണ്ടും ഒരുമിച്ച് മുന്നോട്ട് പോകേണ്ടവ. 'അമ്മ' എന്ന സംഘടന പുരുഷന്മാരും സ്ത്രീകളുമുള്ള സംഘടനയാണല്ലോ.ഒരു കുടുംബം പോലെയാണ് ആ സംഘടനയെന്നാണ് എനിക്ക് അറിയാൻ കഴി‍ഞ്ഞത്. അതുപോലെ തന്നെയാണ് ഡബ്ലിയുസിസിയും.

ഡബ്ലിയുസിസി കൃത്യമായി വനിതകളുടെ കാര്യങ്ങളിൽ ഇടപെടുന്നതായാണ് മനസ്സിലാക്കാൻ സാധിച്ചത്. സ്ത്രീകളായതുകൊണ്ട് സ്ത്രീകൾക്ക് അവിടെ നല്ല സ്വാതന്ത്ര്യം ലഭിക്കും. അതുകൊണ്ട് അങ്ങനെയൊരു സംഘടന തീർച്ചയായും വേണം എന്ന് തന്നെയാണ് അഭിപ്രായം

പെൺകുട്ടികൾ കൂടുതൽ വരണം

സിനിമയിലേക്ക് പെൺകുട്ടികൾ കൂടുതൽ കടന്നുവരണം. സംവിധാന രംഗത്തേക്കും മറ്റും. അതൊരു പ്രത്യേക സന്തോഷമാണ് ഉണ്ടാക്കുന്നത്. മറ്റ് മേഖലകളിലെല്ലാം സ്ത്രീകൾ മുൻപന്തിയിലേക്ക് എത്തിക്കഴിഞ്ഞു. 'കൂടെ'യുടെ സെറ്റ് അത്തരത്തിലുള്ള അനുഭവമായിരുന്നു സമ്മാനിച്ചത്. സംവിധാനം ചെയ്യുന്നത് സ്ത്രീ. കൂടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകള്‍. അങ്ങനെയൊരു പെൺ ലോകമായിരുന്നു അത്. സിനിമയുടെ സാങ്കേതിക രംഗത്തേക്ക് കൂടി കൂടുതൽ സ്ത്രീകൾ കടന്നുവരണം. സിനിമ അത്ര പെട്ടന്ന് ചെയ്യാൻ കഴിയുന്ന ഒന്ന് അല്ല. പക്ഷെ, ശ്രമിച്ചാൽ നമുക്ക് ഇതാ ഇങ്ങനെ ഒരുപാട് അഞ്ജലിമാരെ കാണാലോ. അങ്ങനെ സിനിമയിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരുന്നത് നമുക്ക് അഭിമാനമാണ്. പുതിയ തലമുറയിലെ കുട്ടികളൊക്കെ സിനിമയുടെ സാങ്കേതികത്വത്തിലേക്കും മറ്റും കൂടുതൽ കടന്നുവരട്ടെ എന്നാണ് ആഗ്രഹം.

പ്രതീക്ഷകളുടെ 'ലൂസിഫര്‍'

മോഹന്‍ലാലിന്റെ കൂടെ ഒരു പടം ചെയ്യണമെന്ന് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിൽ വരുന്ന ലൂസിഫറിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. അതിൽ എനിക്കും ഒരു റോളുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എത്രയോ നാളത്തെ കാത്തിരിപ്പാണ് മോഹൻലാലിനൊപ്പം ഒരു സിനിമ. ആറ് ദിവസത്തിന്റെ ഷൂട്ടിങിന് വേണ്ടി വിളിച്ചിട്ടുണ്ട്. അതിൽ മോഹൻലാലുമൊത്ത് ഒരു ഡയലോഗ് പറയാനുള്ള ഭാഗ്യമുണ്ടാകണേ, എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാർഥന

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA