ഈ 'കിനാവള്ളിക്കഥ' ഉണ്ടാക്കിയത് ഇവരാണ്

kinavalli-script
SHARE

പുതുമുഖങ്ങളെ അണിനിരത്തി സുഗീത് സംവിധാനം ചെയ്ത കിനാവള്ളി നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ പറവൂരിൽ രണ്ടു ചെറുപ്പക്കാർ അതീവ സന്തോഷത്തിലാണ്. കൈവിട്ടു പോയേക്കാവുന്ന ഒരു വിഷയം പറഞ്ഞു ഫലിപ്പിച്ചു ആളുകളുടെ കയ്യടി നേടിയ ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനും. കിനാവള്ളിയെന്ന 'കള്ളക്കഥ'യുടെ തിരക്കഥ ഒരുക്കിയത് ഇവർ ഇരുവരും ചേർന്നാണ്. 

മലയാളത്തിലെ ഇരട്ട തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലേക്ക് കിനാവള്ളിയിലൂടെ ഈ ചെറുപ്പക്കാരും ഇടം നേടിക്കഴിഞ്ഞു. സിനിമയെന്ന വലിയ സ്വപ്നം കണ്ടു വളർന്ന ഇവർ 'കിനാവള്ളി'യിലേക്ക് എത്തിച്ചേർന്നത് യാദൃശ്ചികമായിരുന്നില്ല. ഈ സിനിമാ പരസരങ്ങളിൽ ഇവർ ഉണ്ടായിരുന്നു. സ്വന്തമായി ഒരു സിനിമ ചെയ്യുകയെന്ന മോഹത്തിലേക്ക് എത്തിച്ചേരുന്നതിനിടയിൽ ആദ്യം സംഭവിച്ചത് കിനാവള്ളി. ആ യാത്രയെക്കുറിച്ച് ഇരുവരും മനോരമ ഓൺലൈനിനോട് പങ്കു വച്ചു. 

കഥ തുടങ്ങിയത് ഇങ്ങനെ

സംവിധായകൻ സുഗീതിന്റെ സഹായിയായി സിനിമയിൽ തുടക്കം കുറിച്ച ശ്യാം ശീതൾ സ്വന്തമായൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സിനിമയ്ക്ക് തിരക്കഥ എഴുതാനാണ് സുഹൃത്തായ വിഷ്ണു രാമചന്ദ്രനെ ക്ഷണിച്ചതും. അതിനിടയിൽ കിനാവള്ളിയുടെ തിരക്കഥ ഒരുക്കാൻ സുഗീത് ശ്യാമിനെ വിളിക്കുകയായിരുന്നു. ശ്യാമിനൊപ്പം വിഷ്ണുവും തിരക്കഥയിൽ പങ്കാളികളായി. 

പ്രേതകഥകൾ ഇവിടെ സേഫ്

മറ്റു പലർക്കും പ്രേത സിനിമ അൽപം കൈവിട്ട കളിയാണെങ്കിൽ ശ്യാമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആത്മവിശ്വാസമുള്ള രീതിയാണ് ഇത്. ഇത്തരം സിനിമകളെപ്പറ്റി നല്ല രീതിയിൽ പഠനവും നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രേത സിനിമ ശ്യാമിനെ‌ പേടിപ്പിച്ചില്ല. വിഷ്ണുവും കട്ടയ്ക്ക് നിന്നപ്പോൾ തിരക്കഥ എഴുതൽ രസകരമായി. സ്വതന്ത്ര സംവിധായകനായി ആദ്യമായി ചെയ്യാൻ ആഗ്രഹമുള്ളതും ഒരു ഹോററർ വിഷയമാണെന്ന് ശ്യാം വ്യക്തമാക്കുന്നു. 

ഇല്ലാക്കഥയുടെ ഫാന്റസി

സിനിമയുടെ ടാഗ് ലൈൻ തന്നെ ഇതൊരു ഇല്ലാക്കഥയാണ് എന്ന് വിളിച്ചു പറയുന്നുണ്ട്. ഇതൊരു ഫാന്റസിയാണ്. സാധാരണ സിനിമകളെ കാണുന്ന പോലെ ഇതിനെ സമീപക്കരുതെന്ന് തിരക്കഥാകൃത്തായ ശ്യാം പറയുന്നു. നുണയാണെന്ന് അറിഞ്ഞിട്ടും ആസ്വദിക്കുന്ന കള്ളക്കഥ പോലെ സിനിമ ആസ്വദിക്കാം. മലയാളത്തിലുണ്ടായിട്ടുള്ള പ്രേതസിനിമകളുടെ ക്ലൈമാക്സിൽ നിന്ന് വ്യത്യസ്തമായ ഒന്ന് ഈ സിനിമയിലുണ്ട്, വിഷ്ണു കൂട്ടിച്ചേർത്തു.

സിനിമ തന്നെ വഴി

പ്രൊഫഷണൽ നഴ്സ് ആണെങ്കിലും സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയിലേക്ക് എത്തിയതാണ് ശ്യാം ശീതൾ. സിനിമാ ഭ്രാന്ത് തലയ്ക്കു പിടിച്ചു, സിനിമയിൽ അസിസ്റ്റന്റ് ആകാനെത്തിയ ചെറുപ്പക്കാരനാണ് വിഷ്ണു. രണ്ടുപേർക്കും ആവോളമുള്ളത് സിനിമയോടുള്ള അവസാനിക്കാത്ത ഇഷ്ടമാണ്. അതുതന്നെയാണ് ഇവരുടെ കൈമുതലും. ആ ചങ്കുറപ്പിൽ ഇവരുടെ സ്വപ്നസിനിമ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ സുഹൃത്തുക്കൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA