ആ ഗോസിപ്പ് ഷേമയ്ക്ക് ഇഷ്ടപ്പെട്ടില്ല: അനൂപ് മേനോൻ

SHARE

എല്ലാവരും വേനൽക്കാലത്താണ് ഷിംലയിൽ പോകുന്നത്. നമുക്ക് മഞ്ഞുകാലത്തു പോയാലോ...? അനൂപ് മേനോന്റെ ചോദ്യങ്ങളോട് നോ പറയുന്ന ശീലം ഭാര്യ ഷേമയ്‌ക്കില്ല. ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് നാർഖണ്ഡ. മഞ്ഞ് വരച്ചിട്ട വെളുത്ത ലാൻഡ്സ്‌കേപ്പിനു നടുവിലൂടെ അനൂപും ഷേമയും ചണ്ഡിഗഡിൽനിന്ന് കാറിൽ നാർഖണ്ഡയിലേക്കു പുറപ്പെട്ടു. തലയ്ക്ക് വെളിവുള്ളവരാരും ആ സമയത്ത് ഇങ്ങനെയൊരു യാത്രയ്ക്ക് പോകില്ല.

18 വുഡൻ കോട്ടജുള്ള റിസോർട്ടിൽ ആകെയുള്ളത് രണ്ട് അതിഥികൾ മാത്രം. പിറ്റേന്നു രാത്രി അടുത്ത കോട്ടജിൽ ഒരു വെളിച്ചം കണ്ടു. രണ്ട് അതിഥികൾ കൂടി. അന്ന് അത്താഴത്തിന് അവരുമുണ്ടായിരുന്നു. അവരുടെ പെരുമാറ്റം കണ്ടിട്ട് ഭാര്യയും ഭർത്താവും ആകാൻ സാധ്യതയില്ലെന്നായിരുന്നു അനൂപിന്റെ നിരീക്ഷണം. 

anoop-menon-shema

ആ ഗോസിപ്പ് ഷേമയ്ക്ക് ഇഷ്ടപ്പെട്ടില്ല. അടുത്ത അത്താഴത്തിന് അവർ പരിചയപ്പെട്ടു. പെൺകുട്ടി ഡൽഹിയിൽ മെഴുകുതിരി ഡിസൈനറാണ്. യുവാവ് പാരിസിൽ ഷെഫാണ്. ജീവിതം പറഞ്ഞുവന്നപ്പോൾ അവർ ഒരു അനുഭവം പറഞ്ഞു. ദാലും റൊട്ടിയും ചിക്കനും നിരത്തിയ മേശയ്ക്കു ചുറ്റുമിരുന്ന് അവർ ആ കഥ പങ്കിട്ടു.

കഥയിലെ ഒരു നിമിഷം, ഒരു മെഴുതിരിനാളം പോലെ അനൂപിന്റെ മനസ്സിൽ കെടാതെ കിടന്നു. സുഗന്ധം പരത്തുന്ന മെഴുതിരിപോലെ ആ കഥ അനൂപ് തിരക്കഥയാക്കി. അനൂപ് മേനോനും മിയയും കേന്ദ്രകഥാപാത്രങ്ങളായി ഇപ്പോഴതു സിനിമയുമായി – ‘എന്റെ മെഴുതിരി അത്താഴങ്ങൾ’. സൂരജ് ടോം ആണ് ചിത്രത്തിന്റെ സംവിധായകൻ. നാലു വർഷത്തിനു ശേഷം തിരക്കഥയെഴുതുമ്പോൾ കൂടുതൽ ഫ്രഷ്‌നസ്, ജീവിതത്തിനു കൂടുതൽ ഭംഗി. അനൂപ് മേനോൻ പറയുന്നു:

ട്രിവാൻഡ്രം ലോഡ്‌ജ്, ബ്യൂട്ടിഫുൾ എന്നീ സിനിമകൾ വലിയ വിജയം നേടിയിട്ടും എഴുത്തിൽ ഇത്ര വലിയ ഇടവേള...?

നീ നന്നായി എഴുതും. പക്ഷേ, നിന്നിലെ അഭിനേതാവിനെ കളയരുതെന്ന് എന്നോടു പറഞ്ഞതു രഞ്‌ജിയേട്ടനാണ്. ഞാൻ വീണ്ടും വീണ്ടും എഴുതിയെങ്കിൽ വിരസമായിപ്പോയേനെ. ഈ കാലയളവിൽ ഞാൻ നല്ലതും ചീത്തയുമായ ഇരുപതു സിനിമകളിൽ അഭിനയിച്ചു. എന്റെ യാത്രകളെക്കുറിച്ച് ഭ്രമയാത്രികൻ എന്നൊരു പുസ്‌തകമെഴുതി. 

anoop-shema

മെഴുതിരി അത്താഴങ്ങളുടെ പ്രിവ്യു കണ്ട് വികെപി (സംവിധായകൻ വി.കെ.പ്രകാശ്) പറഞ്ഞത് ഇത് ട്രിവാൻഡ്രം ലോഡ്‌ജിനെക്കാളും ബ്യൂട്ടിഫുളിനെക്കാളും മനോഹരമായിരിക്കുന്നു എന്നാണ്. ഇതൊരു വലിയ സിനിമയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. എന്നാൽ ഇതു നിങ്ങളെ സന്തോഷവാനാക്കും എന്നു ഞാൻ ഉറപ്പുതരുന്നു. 

ഷിംലയിൽ വച്ച് ഇട്ട പേരാണോ ‘മെഴുതിരി അത്താഴങ്ങൾ...’

ചുവന്ന മെഴുകുതിരി ഈ സിനിമയിലെ ഒരു പ്രധാന ക്യാരക്ടർ ആണ്. അതൊരു മെറ്റഫർ ആയി നിൽക്കുകയാണ്. ചിത്രത്തിൽ മിയയുടെ നായിക അഞ്ജലി മെഴുകുതിരി ഡിസൈനറാണ്. കാൻഡിൽ ഡിസൈനിങ് വളരെ ക്രിയേറ്റീവായൊരു ജോലിയാണ്. ഡൽഹിയിൽ നടി ട്വിങ്കിൾ ഖന്നയ്‌ക്ക് ഇതിന്റെ ഒരു ഷോപ്പുണ്ട്. നിങ്ങളുടെ മൂഡിനു ചേർന്ന സുഗന്ധമുള്ള മെഴുകുതിരികൾ ശിൽപഭംഗിയോടെ ലഭിക്കുന്ന കടയാണത്.

വിവാഹശേഷം അനൂപ് കൂടുതൽ റൊമാന്റിക് ആയോ?

പ്രണയത്തിന്റെ ഏറ്റക്കുറച്ചിലൊന്നും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. പ്രണയത്തിനു ശേഷം സൗഹൃദത്തിന്റെ ഒരു ഇടം കണ്ടെത്തുന്നതിനെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. നിങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചാലോ നിങ്ങൾ പ്രണയം തുടർന്നാലോ ഈ സ്‌പേസ് പ്രധാനമാണ്. പരസ്‌പര ബഹുമാനത്തിന്റെ ഇടം. 

ente-mezhuthiri-athazhangal-review-1

ഇതൊരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ്. ഇതിന്റെ പാട്ടൊരുക്കാൻ ഞാനും എം.ജയചന്ദ്രനും റഫീക്ക് അഹമ്മദും നിർമാതാവും നോബിളും സൂരജുമെല്ലാം ചേർന്ന് കൊച്ചിയിൽ കായൽതീരത്ത് പത്തുദിവസം ഒരുമിച്ചിരുന്നു. അത്ര ഭംഗിയുള്ള പാട്ടുകളാണിതിൽ.

സീരിയലിൽ നിന്ന് സിനിമയിലേയ്ക്ക്

ഏറ്റവും വലിയ പാഠശാലയാണ് സീരിയൽ. അത് ഒട്ടും മോശമായിട്ടുള്ള രംഗമല്ല. സീരിയൽ പശ്ചാത്തലത്തിൽ എനിക്ക് ഇപ്പോഴും അഭിമാനമുണ്ട്. സീരിയൽ രംഗത്തുനിന്ന് വരുന്നത് കൊണ്ട് പലരുടെയും അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. സീരിയൽ താരങ്ങളോട് സിനിമാക്കാർക്ക് തന്നെ ഒരു അകൽച്ച ഉണ്ടായിരുന്നു.

ente-mezhuthiri-athazhangal-review

രണ്ട് വർഷത്തോളം സീരിയല്‍ ചെയ്യാതിരുന്നിട്ടാണ് സിനിമയിലേയ്ക്ക് വരുന്നത്. എന്റെ കരിയറിൽ വഴിത്തിരിവായ സിനിമ തിരക്കഥയാണ്. കാട്ടുചെമ്പകത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പക്ഷേ അഭിനേതാവെന്ന നിലയിൽ എന്നെ സിനിമയിലേക്ക് കൂടുതൽ കൊണ്ടുവരുന്നത് ‘തിരക്കഥ’യാണ്. 

തിരക്കഥ എഴുത്തിന്റെ രീതി എന്താണ്?

എന്റെ രീതി കോമിക്കലാണ്. വൺലൈൻ മാത്രമേ ഷൂട്ട് ടൈമിലുണ്ടാകൂ. ഫുൾ സിനിമ എഡിറ്റഡായി മനസ്സിൽ കണ്ടിട്ടാണ് വൺലൈനുണ്ടാക്കുന്നത്. ഡയലോഗ് എഴുതുന്നത് സെറ്റിൽവച്ചാണ്. എല്ലാ സിനിമയ്ക്കും അങ്ങനെയാണ് എഴുതിയിരിക്കുന്നത്. വൺലൈൻ ഞാൻ എപ്പോഴും മിനുക്കും. എടുക്കുന്ന സീനുകൾ പൂർണമായി ചിത്രത്തിലുണ്ടാകും. ചിത്രത്തിന് ആവശ്യമുള്ളതേ എഴുതൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA