നിലപാടുകൾ വ്യക്തമാക്കി മംമ്ത; അഭിമുഖം

mamta-neeli
SHARE

മംമ്ത മോഹൻദാസ് എന്ന പേര് മലയാളിക്ക് സുപരിചിതമായിട്ട് 13 വർഷം പിന്നിട്ടിരിക്കുന്നു. സിനിമയിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ മംമ്ത കാൻസർ എന്ന രോഗത്തെ മറികടന്നതു വഴി ഒരുപാട് ആളുകൾക്കാണ് പ്രതീക്ഷയുടെ ഉൗർജം പകർന്നത്. ജീവിതത്തിൽ താനൊരു ശക്തയായ സ്ത്രീയാണെന്ന് പണ്ടേ തെളിയിച്ച നടി ശക്തയായ ഒരു സ്ത്രീ കഥാപാത്രവുമായി വീണ്ടും എത്തുകയാണ്. നീലി എന്ന പുതിയ ഹോറർ സിനിമയിലെ പ്രധാന കഥാപാത്രമാകുന്നതിന്റെ സന്തോഷം മംമ്ത പങ്കു വയ്ക്കുന്നു. 

എന്താണ് നീലി ? 

എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ് നീലി. വളരെ കാലത്തിനു ശേഷമാണ് ഒരു സിനിമയിലെ പ്രധാന കഥാപാത്രമായി എനിക്ക് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. മാത്രമല്ല ഹൊറർ പശ്ചാത്തലത്തിലുള്ള എന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. 

Neeli Release Promo

കള്ളിയങ്കാട്ട് നീലിയുടെ കഥയാണോ ഇൗ സിനിമ ?

കള്ളിയങ്കാട്ട് നീലിയുമായി ഇൗ നീലിക്ക് ബന്ധമൊന്നുമില്ല. പക്ഷെ ഇൗ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഞാൻ ആ പഴയ സിനിമ കണ്ടിരുന്നു. ഇൗ ചിത്രത്തിൽ അഭിനയിക്കുന്നതിന് അതെന്നെ ഒരുപാട് സഹായിച്ചു. സാധാരണക്കാരിയായ എന്നാൽ ശക്തയായ ഒരു കഥാപാത്രമാണ് നീലി. 

പൃഥ്വിരാജ് നിർമിക്കുന്ന നയൻ എന്ന ചിത്രത്തിലും പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറിലും അഭിനയിക്കുന്നു എന്നു കേൾക്കുന്നു ?

നയൻ എന്ന ചിത്രത്തിലെ എന്റെ ഭാഗങ്ങളുടെ ഷൂട്ട് പൂർത്തിയായി കഴിഞ്ഞു. 8 വർഷം മുമ്പ് അൻവർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഞാനും പൃഥ്വിയും മണാലിയിൽ‌ പോയിരുന്നു. അവിടെ തന്നെയായിരുന്നു നയനിന്റെയും ഷൂട്ടിങ്ങ്. സെല്ലുലോയ്ഡിന്റെ സമയത്താണ് കമൽ സാറിന്റെ മകനും ഇൗ ചിത്രത്തിന്റെ സംവിധായകനുമായ ജെനുസുമായി പരിചയപ്പെടുന്നത്. 

neeli-mamta

പൃഥ്വിയുടെ ആദ്യ സ്വതന്ത്ര നിർമാണ സംരംഭം മലയാള സിനിമയിൽ അധികമാരും കൈ വയ്ക്കാത്ത മേഖലയിലാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഇൗ ചിത്രത്തിലെ ഷാൻ റഹ്മാൻ ഇൗണമിട്ട ഒരു പാട്ടും അതിമനോഹരമാണ്. ലൂസിഫറിനെക്കുറിച്ച് പൃഥ്വി എന്നോട് സംസാരിച്ചിരുന്നു. പക്ഷെ അതെക്കുറിച്ച് തൽക്കാലം ഒന്നും പറയാറായിട്ടില്ല. 

മലയാള സിനിമയിൽ അടുത്ത നടന്ന ചില സംഭവവികാസങ്ങളെ സംബന്ധിച്ച് മംമ്ത നടത്തി എന്നു പറയപ്പെടുന്ന പരാമർശം വിവാദമായിരുന്നു. അതെക്കുറിച്ച് ?

അതെക്കുറിച്ച് ഞാൻ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയതാണ്. ഇനിയും അതെക്കുറിച്ച് പറയാൻ ഞാനാഗ്രഹിക്കുന്നില്ല. ഇത്തരം പ്രശന്ങ്ങളൊക്കെ പരിഹരിച്ച് പരാമൾശനങ്ങളൊക്കെ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

mamta-neeli1

13 വർഷമായി സിനിമയിൽ സജീവമാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് സിനിമയിലെ വളർച്ച എത്രത്തോളം പ്രയാസകരമാണ് ?

ഇൗ ലോകത്തിൽ ഒരു സ്ത്രീക്ക് അനേകം വെല്ലുവിളികൾ നേരിടേണ്ടി വരും. അതുപോലെ സിനിമയിലും ഉണ്ടാകും. ഇന്നലെ വരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ചെയ്യുന്നതിൽ സ്ത്രീകൾക്ക് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയല്ല. സമൂഹത്തിലെ അസന്തുലിതാവസ്ഥ തന്നെയാണ് സിനിമയിലും പ്രതിഫലിക്കുന്നത്. 

ഇന്നത്തെ സ്ത്രീകൾക്ക് ഒരുപാട് പുതിയ കഥകൾ പറയാനുണ്ടാകും. അതും സമൂഹത്തിലെ മാറ്റത്തിന്റെ പ്രതിഫലനം തന്നെയാണ്. മാനസികമായും ശാരീരികമായുമുള്ള എതിർപ്പിനെ മറികടന്ന് വളരാനുള്ള സ്വാതന്ത്ര്യം അവർ ആഗ്രഹിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ടുള്ള കഥകൾ സിനിമയിലുണ്ടാവണം. 

ഒരു സ്ത്രീ പ്രധാന കഥാപാത്രമാകുന്ന ശക്തമായ തിരക്കഥകൾ ഉണ്ടാകുമ്പോൾ വളരെ കുറച്ച് നിർമാതാക്കൾ മാത്രമാണ് മുന്നോട്ടു വരിക. ലാഭമില്ല എന്നതാണ് അവരുടെ വാദം. എനിക്ക് വ്യക്തിപരമായി അത്തരം പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ സ്ത്രീകൾ പുരുഷന്മാരെ എങ്ങനെ വിശ്വസിക്കുന്നുവോ അതു പോലെ നിങ്ങൾ ഞങ്ങളെയും വിശ്വസിക്കുക. അതു മാത്രമാണ് ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA