Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എനിക്ക് കിട്ടിയ നായകവേഷമായിരുന്നു രമണൻ’

ramanan-harisree-ashokan

ഉണ്ണിയും രമണനും ഗംഗാധരൻ മുതലാളിയും മലയാളം പറയുന്ന നിരവധി പഞ്ചാബികളുമൊക്കെയായി ‘പഞ്ചാബിഹൗസ്’ എന്ന സിനിമ ഇറങ്ങിയിട്ട് ഇന്നേയ്ക്ക് 20 വർഷം പൂർത്തിയാവുകയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രമണൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ഹരിശ്രീ അശോകനെ ഈ സന്ദർഭത്തിൽ മറക്കാൻ കഴിയില്ല. അശോകനും ദിലീപും കൊച്ചിൻ ഹനീഫയും ചേർന്ന കൂട്ടുകെട്ട് ആ സിനിമയുടെ വിജയത്തിന് വലിയൊരു കാരണമായി.

20 വർഷങ്ങൾക്കിപ്പുറം എറണാകുളം ടൗൺഹാളില്‍ വച്ച് ഹരിശ്രീ അശോകനോട് സംസാരിക്കുമ്പോൾ മറ്റൊരു യാദൃച്ഛികത കൂടിയുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി’ എന്ന സിനിമയുടെ പൂജയ്ക്കു ശേഷം, പുതിയൊരു തുടക്കത്തിൽ നിന്നാണ് പഞ്ചാബി ഹൗസിന്റെ 20 വർഷത്തെക്കുറിച്ച് ‌‌‌‌‌‌‌പറഞ്ഞുതുടങ്ങുന്നത്.

‘അതുക്കുംമേലെ’യുള്ള സ്ക്രിപ്റ്റും സിനിമയും

പഞ്ചാബി ഹൗസ് എന്ന സിനിമ ഇറങ്ങിയിട്ട് 20 വർഷം ആവുകയാണ്. 1998 സെപ്റ്റംബർ നാലിനാണ് ആ സിനിമ ഇറങ്ങിയത്. ഇരുപത് വർഷമല്ല, 200 വർഷം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നും ആ സിനിമ മായില്ല എന്നാണ് എനിക്ക് തോന്നുന്നത്. വേറെ ഒരു ഭാഷയിൽ പറഞ്ഞാൽ ‘അതുക്കുംമേലെ’യുള്ള സ്ക്രിപ്റ്റും സിനിമയും ആണിത്. 

PUNJABI HOUSE COMEDY PART 5

ഞാന്‍ അഭിനയിച്ച സിനിമകളിൽ ഇതിലും മികച്ചത് ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. കാരണം ലോകത്ത് എവിടെ ചെന്നാലും അവിടെയുള്ള മലയാളികൾ എല്ലാം ഒരേശബ്ദത്തിൽ പറയുന്ന വാക്കുകളിൽ ഒന്നാണ് പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രവും സിനിമയും. ആ സിനിമയ്ക്ക് 20 വർഷം തികയുന്ന ദിവസം സിനിമയെ സ്നേഹിച്ച ആ കഥാപാത്രത്തെ വലുതാക്കിയ എല്ലാ മലയാളികളോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. 

പക്ഷേ, നന്ദി പറയുക എന്ന രണ്ടക്ഷരത്തിലൂടെ തീരുന്നതല്ല എല്ലാം. എന്നെ സ്നേഹിക്കുന്ന, മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇനിയും പഞ്ചാബി ഹൗസ് പോലെ മനസിൽ തങ്ങിനിർത്തുന്ന സിനിമകൾ വളർത്താനുള്ള മനസ്സ് ഉണ്ടാകണം. അതിനുള്ള കരുത്ത് ഞങ്ങൾക്കും ഉണ്ടാകട്ടെ എന്നും പ്രാർഥിക്കുന്നു. രമണനെ മനസ്സിൽ താലോലിക്കുന്ന എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി. 

രമണൻ എന്ന ഹീറോ

രമണൻ എന്ന കഥാപാത്രം അന്ന് എനിക്ക് നായകൻ ആയിരുന്നു. ഞാൻ ചെയ്ത സിനിമകളിലെ ഒരു ഹീറോ. അത് ഇന്നും ജനങ്ങളുടെ മനസിൽ നിൽക്കുന്നുവെന്ന് പറയുമ്പോൾ വലിയ കാര്യമാണ്. അതുപോലെയുള്ള വേഷം ഇനിയും നിങ്ങൾ ചെയ്യുന്നില്ലേ എന്നും അങ്ങനെയുള്ള വേഷം ചെയ്തൂടെ എന്നും ചോദിക്കുക എന്നത് എനിക്ക് അന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്. ഇന്നും ആ കഥാപാത്രം മായാതെ നിൽക്കുന്നുവെന്ന സന്തോഷം തന്നെയാണ് അത് അവതരിപ്പിച്ചപ്പോഴും എനിക്ക് ലഭിച്ചത്. ഇരുപത് വർഷം കഴിഞ്ഞിട്ടും പഞ്ചാബി ഹൗസിനെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും ചോദിക്കുമ്പോൾ അതു തന്നെ ഏറ്റവും വലിയ സന്തോഷമാണ്. കാരണം മറ്റൊരു സിനിമയെ കുറിച്ചും ആരും ചോദിച്ചിട്ടില്ല. 

വരട്ടെ സോണിയ വരട്ടെ

സംവിധായകന്റെ റോളിൽ

വിചാരിച്ചതു പോലെ ഒരു കഥ ലഭിച്ചതോടെയാണ് സിനിമ സംവിധായകൻ എന്ന പുതിയ വേഷത്തിൽ എത്തുന്നത്. ഈ മാസം പത്താം തിയതി സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’ എന്ന സിനിമയിലൂടെ ചെറിയ ഒരു കഥ പറയുകയാണ്. എത്ര തമാശകളിലൂടെ കഥ പറഞ്ഞാലും അതിനുള്ളിൽ ഒരു നൊമ്പരം ഉണ്ടാകും. അല്ലെങ്കിൽ ഒരു കഥയില്ലെങ്കിൽ അത് ജനങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കില്ല. അതുതന്നെയാണ് തമാശയിലൂടെ കഥ പറഞ്ഞ പഞ്ചാബി ഹൗസ് ജനങ്ങളുടെ മനസിൽ തങ്ങി നിൽക്കുന്നത്. നമ്മൾ എത്ര തമാശ കാണിച്ചാലും അതിനുള്ളിൽ ഒരു നൊമ്പരം ഉണ്ടെങ്കിൽ അതു നിലനിൽക്കും. അതുകൊണ്ടാണ് ചാർളി ചാപ്ലിന്റെ സിനിമകൾ നമ്മുടെ മനസിൽ നിലനിൽക്കുന്നത്. ജീവിതവുമായി ബന്ധപ്പെട്ട നൊമ്പരങ്ങൾ അതിലുണ്ടാകും. അതു തന്നെയാണ് ഞാനും പിന്തുടരുന്നത്. 

ഒരു നൊമ്പരമുള്ള തമാശ ചിത്രമാണിത്. അഞ്ചു കൂട്ടുകാരുടെ, അവരുടെ കുടുംബങ്ങളുടെ നൊമ്പരമാണ്. എന്നാൽ, സൗഹൃദത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. കൂട്ടുകെട്ട് എന്നു പറയുന്നത് എന്താണെന്ന് തമാശയുടെ രസചരടിലൂടെ പറയുന്നതാണ് സിനിമ. മനോഹരമായ ട്വിസ്റ്റുകളും ക്ലൈമാക്സുമായി അവസാനിക്കുന്ന നല്ലൊരു സിനിമയായിരിക്കും ഇത്. കുറേകാലമായി ഒരു കഥയ്ക്ക് വേണ്ടി തപ്പി നടക്കുന്നത് ഇപ്പോഴാണ് അത് കിട്ടിയത്. അതിനാലാണ് ഇപ്പോൾ സംവിധായകന്റെ കുപ്പായം അണിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.