ടി.പി.ഫെല്ലിനി, ആ പേരിലുണ്ടൊരു കാര്യം; ‘തീവണ്ടി’ സംവിധായകൻ

tp-fellini
SHARE

ഫ്രഞ്ച്-ഇറ്റാലിയൻ നവതരംഗ സിനിമകളുടെ കടുത്ത ആരാധകനായിരുന്നു കോഴിക്കോട് സ്വദേശി ഡോക്ടർ ടി.പി.നാസർ. രണ്ടാമത്തെ മകൻ ഉണ്ടായപ്പോൾ പേരിടാൻ അതുകൊണ്ടു രണ്ടാമതൊന്ന് ആലോചിച്ചില്ല. ഫെല്ലിനി; ലോക സിനിമയിലെ വിശ്രുതൻമാരിൽ ഒരാളുടെ പേര്. ഈ പേരിന്റെ വലുപ്പം കൊണ്ടെങ്കിലും മകൻ വലുതാകുമ്പോൾ സംവിധായകനാകട്ടെ എന്ന ചെറിയൊരു ആഗ്രഹം നാസർ ഉള്ളിൽ സൂക്ഷിച്ചിരുന്നു. ടി.പി.ഫെല്ലിനി എന്ന സംവിധായകൻ ‘തീവണ്ടി’ എന്ന ആദ്യസിനിമയുമായി എത്തുമ്പോൾ വാപ്പയുടെ ആ ആഗ്രഹം കൂടിയാണു നിറവേറപ്പെടുന്നത്. 

‘തീവണ്ടി’ ഡീസൽ എൻജിനാണോ, ഇലക്ട്രിക്കൽ എൻജിനാണോ?

ട്രെയിനുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. ഇതു നാട്ടിൻപുറത്തു നടക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലം പോലെ ഗ്രാമീണ നിഷ്‌കളങ്കതയുടെയും രാഷ്ട്രീയ നർമത്തിന്റെയും ചേരുവ ചേർത്ത ഒരു കുഞ്ഞുസിനിമ. നായകൻ ഒരു നിരന്തര പുകവലിക്കാരനാണ്. അങ്ങനെയുള്ളവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ പുകവണ്ടിയെന്നും തീവണ്ടിയെന്നുമൊക്കെ വിളിക്കാറുണ്ടല്ലോ. അതു സിനിമയുടെ പേരായി മാറിയെന്നു മാത്രം.

പുകവലിക്കാരനായ നായകനെന്ന ഇമേജിനെ ടൊവീനോ ഏതു  തരത്തിലാണ് സമീപിച്ചത്?

പുതിയകാലത്തെ സിനിമയും നടന്മാരും അങ്ങനെ ഇമേജിനെ ഭയക്കുന്നവരാണെന്നു തോന്നിയിട്ടില്ല. നല്ല സിനിമ മാത്രമാണു മുന്നിലുള്ളത്. കഥയുടെ പലപല ആലോചനകളിൽനിന്നു ടൊവീനോ തന്നെയാണ് ഈ സബ്ജക്ട് ചെയ്യാം എന്ന ധൈര്യം നൽകി ഒപ്പം നിന്നത്. പിന്നെ, ടൊവീനോ അവതരിപ്പിക്കുന്ന ബിനീഷ് എന്ന കഥാപാത്രം ഒരു നിരന്തര പുകവലിക്കാരൻ ആണെന്നു മാത്രമേയുള്ളു. സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നതു മറ്റൊരു രസകരമായ വിഷയമാണ്. 

theevandi-tovino

പിതാവ് ഒരു മഹാനായ സംവിധായകന്റെ  പേര് ഇട്ടതിനാൽ സംവിധായകനായി മാറേണ്ടത് അനിവാര്യമായിരുന്നോ?

വാപ്പ നല്ലൊരു സിനിമാ സ്‌നേഹിയായതുകൊണ്ട് ഇറ്റാലിയൻ സംവിധായകനായ ഫ്രെഡറിക്കോ ഫെല്ലിനിയുടെ പേര് എനിക്കിട്ടു എന്നു മാത്രമേയുള്ളു. അതിന്റെ പേരിൽ നീ നിർബന്ധമായും സിനിമാക്കാരനാവണമെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സൗദിയിലായിരുന്നു ഞാൻ സ്‌കൂൾ വിദ്യാഭ്യാസം ചെയ്തത്. അക്കാലത്തു ലോക സിനിമകളുടെ കസെറ്റുകൾ വാപ്പ കൊണ്ടുവന്നു തരുമായിരുന്നു. പിന്നീടു താൽപര്യം ആ വഴിക്കായി. അതിനിടയിൽ എൻജിനീയറിങ് പൂർത്തിയാക്കി. അപ്പോഴേക്കും സിനിമ തന്നെയാണു തട്ടകമെന്ന് ഉറപ്പിച്ചിരുന്നു. ഡൽഹി ഏഷ്യൻ ഫിലിം അക്കാദമിയിലെ പഠനത്തിനു ശേഷമാണു ശ്യാമപ്രസാദിന്റെ സംവിധാന സഹായിയായി ചേരുന്നത്. 

theevandi-release

സംവിധായകൻ ഉൾപ്പെടെ പിന്നണിയിൽ ഒട്ടേറെ പുതുമുഖങ്ങൾ?

മൂന്നു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് ‘തീവണ്ടി’. ഒപ്പം ഊർജവും പ്രോൽസാഹനവുമായി ഒട്ടേറെ പേർ നിന്നു. അതിൽ പലരും എന്റെ ആദ്യ സിനിമയിലും പങ്കാളികളാണ്. ക്യാമറാമാൻ ഗൗതം ശങ്കർ, സംഗീതസംവിധായകൻ കൈലാസ് മേനോൻ എന്നിവരടക്കം പുതുമുഖങ്ങളാണ് തീവണ്ടിയിലുള്ളത്. നായികയായി എത്തുന്നത് സംയുക്താ മേനോൻ. സെക്കൻഡ് ഷോ, കൂതറ തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ വിനി വിശ്വലാലാണു തീവണ്ടിയുടെ രചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA