എന്റെ നായികയാകാൻ പല മുൻനിര നടിമാർക്കും സമ്മതമല്ലായിരുന്നു: തുറന്നു പറഞ്ഞ് ജോജു

joju
SHARE

‘ജോസഫ്’ എന്ന ചിത്രത്തിൽ തന്റെ നായികയാകാൻ മലയാളത്തിലെ പല മുൻനിര നടിമാരും ‘നോ’ പറഞ്ഞത് ഇപ്പോൾ എത്ര നന്നായെന്നാണ് ജോജു ജോർജ് ആലോചിക്കുന്നത്. പുതുമുഖങ്ങളായ രണ്ടു നടിമാർക്ക് അതിലൂടെ അവസരം ലഭിച്ചല്ലോ. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ഇന്നു നിർമാതാവും നായകനുമായി നിൽക്കുന്ന ജോജുവിന്റെ നേട്ടങ്ങളുടെ നെടുന്തൂണും ഈ പോസിറ്റീവ് ഊർജം തന്നെ. 

ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നായകനിലേക്ക് എന്തു ദൂരം? 

ദൈവാനുഗ്രഹത്തിന്റെ ദൂരമെന്നേ ഞാൻ പറയൂ. ഞാൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ എത്തുന്ന കാലത്തുതന്നെ വിലയേറിയ സഹസംവിധായകനാണ് എം. പത്മകുമാർ. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ നായകനാകാൻ കഴിഞ്ഞത് ഭാഗ്യം. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ സംവിധായകൻ സനൽകുമാർ ശശിധരന്റെ ‘ചോല’ എന്ന സിനിമയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒട്ടേറെ പാഠങ്ങൾ നൽകി. ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സമ്മർദങ്ങൾ ഏറെയാണെന്നാണ് എനിക്കു തോന്നുന്നത്. ശ്രദ്ധ മുഴുവൻ നമ്മിലേക്കു തിരിയുന്നു. ശ്രദ്ധാകേന്ദ്രമാകുന്നത് എനിക്കു വലിയ പേടിയാണ്. സ്വഭാവനടനാകുമ്പോൾ ആ പ്രശ്നങ്ങളില്ല. അതുകൊണ്ടു തന്നെ ഇനി അടുത്തൊന്നും നായകനാകാനില്ല. 

ജോസഫിലേക്കുള്ള വഴിയും വെല്ലുവിളിയും? 

joseph-joju

‘ജോസഫ്’ എനിക്കു ചുറ്റും ഏറെ നാളായി കറങ്ങിനടന്ന പ്രോജക്ടാണ്. തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി കഥ പറഞ്ഞപ്പോൾ പേടിയോടെയാണ് അതു കേട്ടിരുന്നത്. അത്രയും ത്രില്ലർ സ്വഭാവമാണ് ചിത്രത്തിന്. പിന്നീടു പലകാരണങ്ങളാൽ പ്രോജക്ട് നടന്നില്ല. പല മുൻനിര നടിമാരും, നടന്മാരും ഞാൻ നായകനായ ചിത്രത്തിൽ അഭിനയിക്കാൻ വിമുഖത കാട്ടിയിരുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പുതിയ കഴിവുറ്റ കലാകാരന്മാർക്ക് അതുകാരണം അവസരം ലഭിച്ചല്ലോ എന്ന സന്തോഷം ഇപ്പോഴുണ്ട്. 

ജോസഫ് നൽകുന്ന സന്തോഷം എന്തൊക്കെ? 

ഒന്നാമത് ഞാൻ ഏറ്റവും ബഹുമാനിക്കുന്ന പപ്പേട്ടന്റെ ചിത്രത്തിലൂടെ നായകനാകാൻ കഴിഞ്ഞത്. രണ്ടാമത് എന്റെ ശരിക്കുള്ള പേര് ജോസഫ് എന്നാണ്. അതേ പേരിലുള്ള ചിത്രത്തിൽ ആദ്യമായി നായകനായി അഭിനയിക്കാൻ സാധിച്ചതും ഏറെ സന്തോഷം നൽകുന്നു. സമൂഹത്തിലെ ഭീകരമായ ഒരു വിഷയമാണ് ജോസഫ് കൈകാര്യം ചെയ്യുന്നത്. ഒരു പൊലീസുകാരൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതും ചിത്രത്തിനു ഗുണകരമായിട്ടുണ്ട്.

നായകനായി, നിർമാതാവായി. എന്നാണ് സംവിധാനം? 

തൽക്കാലം പ്രതീക്ഷിക്കേണ്ട. അത്രയും സമ്മർദം താങ്ങാനുള്ള ശേഷി എനിക്കില്ല. കൂടാതെ അഭിനയിച്ചു കൊതി തീർന്നിട്ടുമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA