sections
MORE

‘രണ്ടു നായികമാരല്ലേ, അനു സിത്താരയുമായി ഈഗോ ആകുമെന്ന് പറഞ്ഞു’

nimisha-sajayan-anu
SHARE

അഭിനയം പഠിച്ച് സിനിമയിലെത്തിയ നടിയാണ് നിമിഷ സജയൻ. നിമിഷയാണോ നായിക...എങ്കിൽ ആ ചിത്രത്തിനൊരു നിലപാടുണ്ടാകും എന്നൊരു വിശ്വാസ്യത വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കാനുമായി. പുതിയ ചിത്രം, കുപ്രസിദ്ധ പയ്യനിൽ ൽ ഹന്ന എന്ന അഭിഭാഷകയായാണ് നിമിഷയെത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ അഭിനയത്തിന് കണ്ണുനനയിച്ച നല്ല വാക്കുകളും നേടാനായി. നിമിഷ സംസാരിക്കുന്നു...

 

മോളേ...ആ നോട്ടം ശരിയായിട്ടില്ല

തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടിട്ടാണ് മധു ചേട്ടൻ എന്നെ ഇൗ ചിത്രത്തിലേക്കു വിളിച്ചത്. തൊണ്ടിമുതലിലെ ശ്രീജയുടെ മുഖത്ത് ദേഷ്യവുമുണ്ട് നിഷ്കളങ്കതയുമുണ്ട്.  അതാണ് എന്റെ ഹന്നയിലും വേണ്ടതെന്നും മധുചേട്ടൻ പറഞ്ഞു...ഇതു ചെയ്യാമോ കോൺഫിഡൻസ് ഉണ്ടോ എന്നു ചോദിച്ചു. ഞാൻ തിരിച്ചു ചോദിച്ചു, ചെയ്യിപ്പിച്ച് എടുക്കാനാകുമോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, നമുക്കൊരു ടീം ആയിട്ടു ചെയ്യാം. പോന്നോളൂ എന്ന്. അങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ഇൗട കഴിഞ്ഞതിനു ശേഷം ഉടനെ തന്നെ ഇൗ സിനിമയിലേക്ക് എത്തുകയായിരുന്നു.

madhupal-nimisha

ഒരു ക്രൈം ത്രില്ലർ ആണ് എന്നു മാത്രമാണ് സിനിമയെക്കുറിച്ച് പറഞ്ഞിരുന്നത്. ഹന്ന എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞ പോലെ ചെയ്യിപ്പിച്ചെടുക്കുക തന്നെയായിരുന്നു. ടേക്കിൽ എന്തെങ്കിലും ശരിയാകാതെ വന്നാൽ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരി മാത്രം വരും എന്നിട്ടു പറയും അമ്മൂനെ കൊണ്ടു കഴിയും...എന്ന്. ആ വാക്കുകൾ വലിയ കോൺഫിഡൻസ് ആയിരുന്നു. 

എന്താണ് നമ്മളിൽ നിന്നു വേണ്ടതെന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാം. അതിനനുസരിച്ച് ഒാരോ കാര്യങ്ങൾ വിശദീകരിച്ചു തരുകയും ചെയ്യും. അപ്പോൾ നമുക്ക് ടെൻഷൻ വേണ്ട. ചിലപ്പോൾ ടേക്ക് റിപ്പീറ്റ് ചെയ്യും....അന്നേരം ചോദിക്കുമ്പോൾ പറയും ഇല്ല മോളേ...ആ നോട്ടം ശരിയായിട്ടില്ല എന്ന്. ഹന്ന എങ്ങനെയായിരിക്കണം എന്ന്, അതായത് ക്ഷീണിച്ചിട്ടാണോ സങ്കടപ്പെട്ടിട്ടാണോ ആശങ്ക നിറഞ്ഞാണോ ഉള്ളത് എന്ന് പറഞ്ഞു തരും. അതനുസരിച്ച് ചെയ്താൽ മതി. എങ്കിലും ഒത്തിരി റീ ടേക്ക് എടുക്കേണ്ടി വന്നിട്ടില്ല. 

ഞാൻ അല്ല ഹന്ന!

ഞാനും ഹന്നയുമായി വലിയ ബന്ധമൊന്നുമില്ല. അങ്ങനെയായിരുന്നെങ്കിൽ ഭയങ്കര ജോളി ആയിപ്പോയേനെ. ഞാൻ ഇതുവരെ ചെയ്ത ഒരു കഥാപാത്രങ്ങളിലും ഞാൻ ഇല്ല. പക്ഷേ എനിക്കിഷ്ടമുള്ള കാരക്ടറുകളും മൂല്യങ്ങളും ഒക്കെയുള്ളവരായിരുന്നു അവരെല്ലാം. അങ്ങനെയുള്ള കഥാപാത്രങ്ങളോടാണ് കൂടുതൽ ഇഷ്ടവും. ഹന്ന നമ്മളിൽ എല്ലാവരിലുമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അവരവരുടെ പ്രൊഫഷനിൽ മുന്നേറണം എന്നു കൊതിക്കാത്ത ആരുമുണ്ടാകില്ല. അതിന് പ്രതിസന്ധികൾ ഒരുപാടുണ്ടാകും. 

നിന്നെക്കൊണ്ട് അത് കഴിയില്ല എന്നു പറയുന്നവരായിരിക്കും ചുറ്റിലുമുള്ളത്. ആ പ്രൊഫഷനിലെ സീനിയേഴ്സ് ഒക്കെ പരുക്കനായി പെരുമാറുന്നവർ ആയിരിക്കും. അതൊക്കെ നമ്മളെ മാനസികമായി ബാധിക്കുമെങ്കിലും നമ്മുടെ ആത്മാർഥത ഒരിക്കൽ വിജയം കയ്യിൽ തരും. സിനിമയിൽ ഞാൻ പരിചയപ്പെട്ട സീനിയേഴ്സ് ഒന്നും ഹന്നയുടേത് പോലെ ആയിരുന്നില്ല. പക്ഷേ പ്രൊഫഷന്റെ കാര്യത്തിൽ ഹന്നയുടെ മനസ്സു തന്നെയാണ് എനിക്കുള്ളത്. 

കുട്ടനച്ഛന്റെ കോൾ!

എല്ലാ റിവ്യൂകളും നമ്മളെ സന്തോഷിപ്പിക്കും. അതാണ് അന്നു സിനിമ കണ്ടിറങ്ങിയ സമയത്ത് കണ്ണുനിറഞ്ഞു പോയത്. കുറേ ആളുകൾ വിളിച്ചിരുന്നു സിനിമയിൽ നിന്നും അല്ലാതെയും. അതിൽ ഏറ്റവും സന്തോഷം തോന്നിയത് കുട്ടനച്ഛന്റെ(വിജയരാഘവൻ) കോൾ ആയിരുന്നു. എന്നെക്കുറിച്ച് ആളുകൾ നല്ലതു പറയുന്നത് കേൾക്കാൻ അദ്ദേഹത്തിന് വലിയ സന്തോഷമാണ്. എനിക്ക് അത്രയും പ്രിയപ്പെട്ടൊരാളാണ് അദ്ദേഹം അങ്ങനെയുള്ളൊരാളിൽ നിന്നുള്ള കോൾ അത്രമാത്രം സ്പെഷൽ ആണല്ലോ. അതു തന്നെയാണ് ഇതുവരെ കിട്ടിയ ഏറ്റവും സന്തോഷം നൽകിയ റിവ്യൂവും.

സെലക്ടീവ് ആണല്ലോ

ഒരിക്കലുമല്ല. സിനിമയെ വളരെ സീരിയസ് ആയിട്ടാണ് കാണുന്നത്. ആ രീതിയിലാണ് ഒാരോ ഒാഫറുകളേയും സമീപിക്കാറ്. അത്രയേയുള്ളൂ. സിനിമ വളരെ സംശുദ്ധമായൊരു കലാരൂപമാണ്. അത് സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെ മൂല്യം കൂടുകയേയുള്ളൂ. എന്നെക്കൊണ്ടു ചിന്തിപ്പിക്കുകയും തിരിച്ചറിവുകൾ പകരുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന കുറേ സിനിമകളുണ്ട്. അത്തരം സിനിമകളോട് വലിയ ഇഷ്ടമാണ്. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതൊക്കെ സ്വാധീനിച്ചിരിക്കാം. ഹന്നയെ അവതരിപ്പിക്കുമ്പോൾ ഒരു നൂറു ചിന്തകളാണ് മനസ്സിൽ കൂടെ പോകുന്നത്. ഞാൻ ഒരിക്കലും ഹന്ന അല്ല. പക്ഷേ ഹന്ന എന്നെ ഒരുപാട് സ്വാധീനിക്കുന്നു. അത്തരം വേഷങ്ങൾ ഇഷ്ടമാണ്. 

eeda-movie

എന്നിലേക്ക് വന്ന സിനിമകളിൽ എനിക്ക് ചെയ്യാനാകും എന്നു തോന്നിയത് സെലക്ട് ചെയ്യുകയായിരുന്നു. അത് ഏതൊരു ആർടിസ്റ്റും ചെയ്യുന്നതല്ലേ. അത്രേയുള്ളൂ. ആദ്യത്തെ സിനിമ നമ്മുടെ ചോയ്സ് ആയിരിക്കില്ലല്ലോ. സിനിമയിൽ എൻട്രി നോക്കുന്ന ആരും അങ്ങനയേ ചെയ്യുകയുള്ളൂ. പിന്നെ വന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും. അതിലെ കാമറാമാൻ രാജീവ് ചേട്ടൻ(രാജീവ് രവി) പറഞ്ഞിട്ടാണ് ഇൗട എന്ന ചിത്രത്തിലേക്ക് ഞാൻ എത്തുന്നത്. അദ്ദേഹം പറഞ്ഞാൽ പിന്നെ എനിക്കു വേറെ ഒന്നും ചിന്തിക്കേണ്ടതില്ല. നല്ല ചിത്രം തന്നെയായിരിക്കും. ഇനി റിലീസ് ചെയ്യാനുള്ളത് സനൽ കുമാർ ശശിധരന്റെ ചോല എന്ന ചിത്രമാണ്. 

ജഡ്ജ് ചോദിച്ചു ചൂരൽ വേണോ എന്ന്!

ഹന്ന എന്ന അഭിഭാഷകയാകാൻ മധു ചേട്ടൻ കോടതികളിലൊക്കെ കൊണ്ടുപോയിരുന്നു. എന്നോട് ആദ്യമേ പറഞ്ഞു, സിനിമയിൽ കണ്ടതൊന്നുമല്ല റിയൽ കോടതി. ശരിക്കുള്ള കോടതി കാണുക തന്നെ വേണം എന്ന്. അത് വളരെ ശരിയായിരുന്നു. സിനിമയിൽ കണ്ടപോലെ തീപ്പൊരി പാറുന്ന കോടതിയൊന്നും ആയിരുന്നില്ല. അവിടെ എല്ലാവരും വളരെ കൂൾ ആയിരുന്നു. എനിക്ക് കുറച്ച് അഭിഭാഷകരെ ഒക്കെ പരിചയപ്പെടുത്തിത്തന്നു മധു ചേട്ടൻ. ഞാനാണെങ്കിൽ പതിവു പോലെ എല്ലായിടത്തേയും പോലെ കോടതിയിലിരുന്ന് സംസാരം തന്നെയായിരുന്നു. അന്നേരം ജഡ്ജ് ചോദിക്കുകയും ചെയ്തു...ചൂരൽ വേണോ എന്ന്. അങ്ങനെയാണ് എന്റെ കാര്യം. ഇതൊക്കെയാണെങ്കിലും ഷൂട്ടിങ് സമയത്ത് വലിയ ടെൻഷൻ ഉണ്ടായിരുന്നു. എനിക്കൊപ്പം ഇരുന്നവരിൽ പലരും ശരിക്കുള്ള അഭിഭാഷകർ തന്നെയായിരുന്നു. മാത്രവുമല്ല കൂടെ അഭിനയിക്കുന്നവർ വേണു ചേട്ടനെ പോലെ വളരെ മുതിർന്ന അഭിനേതാക്കളും. ഒറ്റ ടേക്കിൽ തന്നെ അവർ അവരുടെ ഭാഗം ശരിയാക്കിയിരുന്നു. പക്ഷേ വേണു ചേട്ടനും മധു ചേട്ടനെ പോലെ തന്നെയായിരുന്നു. മോളെ കൊണ്ടു കഴിയും...ഇതിലും നന്നായി ചെയ്യാനാകും ഇങ്ങനെ ചെയ്താൽ നന്നാകും...എന്നൊക്കെ പറഞ്ഞ് ഒപ്പം നിന്നിരുന്നു.

nimisha-sajayan-anu-1

രണ്ടു നായികമാരാണല്ലോ...

അതെ, അതെല്ലാവരും പറയുമായിരുന്നു ഇൗഗോ ആകും മിക്കവാറും എന്ന്. പക്ഷേ ഞാനും അനു ചേച്ചിയും നല്ല കൂട്ടായി ആദ്യമേ തന്നെ. എന്റെ മമ്മിയും എനിക്കൊപ്പം സെറ്റിൽ ഉണ്ടായിരുന്നു. മമ്മി പറയുമായിരുന്നു രണ്ടു പേരും എന്റെ മക്കളെ പോലയാണ്, ഇതുപോലെത്തെ കുട്ടികളെ കിട്ടിയാൽ മതിയെന്ന്. ഫിലിമിൽ നിന്ന് എനിക്ക് കിട്ടിയ ചേച്ചിയും കൂട്ടുകാരിയുമൊക്കെയാണ് അനു സിത്താര. എന്നെ വന്ന് ഒരുക്കുകയും ഭക്ഷണം വാരിത്തരികയുമൊക്കെ ചെയ്യുമായിരുന്നു ആള്. അത്രയ്ക്ക് കൂട്ടായിരുന്നു. സാധാരണ രണ്ടു നായികമാർ വന്നാൽ അവർക്കിടയിലൊരു ചെറിയ ഇൗഗോ വരാറുണ്ട്, വരും എന്നൊക്കെയായിരുന്നു സെറ്റിലെ സംസാരം. ഞങ്ങൾ അതൊക്കെ തിരുത്തിക്കൊടുത്തു.

നൃത്ത ചുവടുകളുമായി അനു സിത്താരയും നിമിഷയും | Anu Sithara & Nimisha Sajayan Dancing together

എന്റെ ഹോബി തന്നെ പ്രൊഫഷനായി

ഫിലിം ബാക്ക്ഗ്രൗണ്ട് ഉള്ളൊരു വീട്ടിൽ നിന്നേയല്ല വരുന്നത്. സിനിമയാണ് ഇഷ്ടം എന്നു പറഞ്ഞപ്പോൾ ആരും തന്നെ എതിർത്തുമില്ല. എന്റെ ഇഷ്ടം എന്താണോ അതിനൊപ്പം പോയ്ക്കൊള്ളുവെന്ന് പറഞ്ഞു. അതിപ്പോഴായാലും ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും അവർ ഇടപെടാറില്ല. ഞാനല്ലേ ചെയ്യുന്നത്,തെരഞ്ഞെടുപ്പും എന്റേതാകട്ടെ എന്നൊരു നിലപാടിലാണ് മമ്മിയും ഡാഡിയുമെല്ലാം. 

എന്റെ ഹോബി എന്നും സിനിമ കാണൽ തന്നെയായിരുന്നു. എങ്ങനെയാണ് ഇത്രയും ഇഷ്ടം വന്നത് എന്നതിന് കുറേ കാരണങ്ങളുണ്ട്. എന്റെ ഹോബി തന്നെ എന്റെ പ്രൊഫഷനും ആയതുകൊണ്ട് എനിക്കൊരിക്കലും ഇതുവരെ ചെയ്ത ഒരിക്കലും ഒരു ബോറിങ് തോന്നിയിട്ടില്ല. 

സിനിമയില്ലെങ്കിൽ!

രാവിലെ എഴുന്നേൽക്കും ഭക്ഷണം കഴിച്ചാൽ ഉടനെ സിനിമ കാണും. കുറച്ചു നേരം വരയ്ക്കും. അപ്പോഴേക്കും ഉച്ചയ്ക്ക് കഴിക്കാനുള്ള സമയം ആകും. അതുകഴിഞ്ഞാൽ എന്തെങ്കിലും വായിക്കാനുണ്ടാകും. പിന്നെ വൈകുന്നേരം പുതിയ റിലീസ് എന്തെങ്കിലും ഉണ്ടെങ്കിൽ ലുലുവിൽ പോയി സിനിമ കാണും. തിരിച്ചു വരും. വീണ്ടും സിനിമ. ഒരു 12-12.30 ഒക്കെ ആകുമ്പോൾ ഉറങ്ങും. ഇതാണ് എന്റെ ഒരു ഡേ. സിനിമയോട്ഭ്രാന്താണ്. ഭക്ഷണം വീക്നെസ് ആണ്. 

അയ്യോ! അതെന്നെക്കൊണ്ടു പറ്റുമെന്നു തോന്നുന്നില്ല!

വീട്ടിൽ എന്നും പറയാറുണ്ട് ഫിറ്റ്നസ് നോക്കണം, രാവിലെ ഒാടണം എന്നൊക്കെ. സാധാരണ നടിമാരൊക്കെ അങ്ങനെ ആണല്ലോ. പക്ഷേ സത്യം പറഞ്ഞാൽ എനിക്ക് എന്നെ ആ ലെവലിൽ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നെക്കൊണ്ട് ഇൗ ഫിറ്റ്നസ് പരിപാടി നടക്കുമെന്നു തോന്നുന്നില്ല. അതുപോലെ എനിക്കു കിട്ടിയ കഥാപാത്രങ്ങളെല്ലാം സാധാരണ പെൺകുട്ടികളോ സ്ത്രീകളോ ആയിരുന്നു. അവർക്കു വേണ്ടി പ്രത്യേകിച്ച് ഫിറ്റ്നസ് ഒന്നും നോക്കേണ്ടതില്ലല്ലോ. അങ്ങനെയൊരു കഥാപാത്രം വന്നാൽ അപ്പോൾ നോക്കാം. പിന്നെ എന്നെക്കൊണ്ട് മരംചുറ്റി പ്രണയം പറ്റുമെന്നു തോന്നുന്നില്ല. സത്യമായിട്ടും അതിന് എനിക്ക് കഴിയുമെന്നു വിചാരിക്കുന്നില്ല. ഇൗടയിലെ നന്ദുവിന്റെയും അമ്മുവിന്റെയും പ്രണയം വേറെ ഒരു തലത്തിലുള്ളതായിരുന്നു. തീവ്രമായ പ്രണയം. ഒരു നോട്ടത്തിൽ പോലും അതുണ്ടായിരുന്നു. അത്തരം പ്രണയങ്ങൾ ഒരുപാടിഷ്ടമാണ്.

ഇഷ്ടം!

സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കാനാണ് ഏറെയിഷ്ടം. ഒന്നിന്റെ തുടർച്ചയാകും മറ്റൊന്ന്.  അടൂർ സാറിന്റെ ഒരു പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്. അതിൽ നിന്ന് സത്യജിത് റേയുടെ ഒരു പുസ്തകത്തെ കുറിച്ചറിയാനായി. ഇനി അതാണ് വായിക്കുക. കുറേ സിനിമകൾ ഇഷ്ടമാണ്. എങ്കിലും മലയാളത്തിൽ ഏറ്റവും കൊതിപ്പിച്ച കഥാപാത്രങ്ങൾ രണ്ടും മഞ്ജു ചേച്ചി ചെയ്തതാണ്. കൻമദത്തിലെ ഭാനുവും കണ്ണെഴുതി പൊട്ടും തൊട്ട് എന്നതിലെ ഭദ്രയും. സൈക്കോ ത്രില്ലറുകൾ ചെയ്യാനാണ് എനിക്കേറ്റവും ആഗ്രഹം. 

മാറ്റങ്ങൾ വരട്ടെ!

സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ധാരളം ചർച്ചകൾ നടക്കുന്ന ഒരു സമയമാണ്. നല്ല മാറ്റങ്ങൾ വരട്ടെ. പക്ഷേ എനിക്ക് അതിലൊന്നും തന്നെ പറയാനില്ല. കാരണം സിനിമയിൽ വന്നിട്ട് എനിക്ക് ഇന്നേവരെ എന്തെങ്കിലുമൊരു മോശം അനുഭവം എനിക്കുണ്ടായിട്ടില്ല. ആദ്യ ചിത്രം തൊട്ട് ഇന്നേവരെ എല്ലാവരും വളരെ സൗഹൃദപരമായി പെരുമാറുന്ന കൂട്ടത്തിലാണ്. നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും, അത് എങ്ങനെ ഏറ്റവും നന്നായി അവതരിപ്പിക്കണം എന്നതിനെ കുറിച്ചും സംസാരിക്കുന്ന സെറ്റിലെ നിമിഷങ്ങളെല്ലാം സന്തോഷകരമാക്കുന്ന സംഘങ്ങൾക്കൊപ്പമാണ് ഇതുവരെ പ്രവർത്തിച്ചത്.

nimisha-sajayan-crying

ഇൗ സിനിമയുടെ സെറ്റിലാണെങ്കിൽ സിദ്ധിഖ് ഇക്കയും വേണു അച്ഛനും കുട്ടനച്ഛനുമൊക്കെ ഒാരോ സീനിനെയും എങ്ങനെ സമീപിക്കണം എന്നൊക്കെ വിശദമായി പറഞ്ഞു തരും. വളരെ സ്നേഹത്തോടെ സംസാരിക്കും. സിനിമയ്ക്ക് നല്ല നിരൂപണങ്ങൾ വന്നപ്പോഴും മൂന്നാളും വിളിച്ചിരുന്നു. ടൊവിച്ചായൻ(ടൊവിനോ) ആയിരുന്നു ഏറ്റവും രസം. അദ്ദേഹം ഭക്ഷണം പാചകം ചെയ്യും. ഇടയ്ക്ക് ചേച്ചിയും കുഞ്ഞും വരും. അന്നേരം ഞാനും മമ്മിയും ഒപ്പം കൂടും. ഒരുപാട് സ്നേഹം നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെല്ലാം. അങ്ങനെയൊരു സാഹചര്യത്തിൽ നിൽക്കുന്ന ഞാൻ മറ്റെന്തു പറയാനാണ്. നമുക്ക് അങ്ങനെയൊരു കാര്യം അനുഭവത്തിൽ വരാത്ത സ്ഥിതിക്ക് അതേപ്പറ്റി ഒന്നും പറയാനില്ല. എന്തു മാറ്റം വന്നാലും അത് നല്ലതിനാകട്ടെ. 

ഒന്നുമാത്രമേ എനിക്കറിയൂ. സിനിമ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ്. അതിൽ നടിയായി മാത്രമേ ഭാഗമാകൂ എന്നില്ല. നടിയായി വന്നപ്പോൾ ഇനിയും മുന്നോട്ടേക്ക് ഒരുപാട് പ്രതീക്ഷകൾ പകരുന്ന അനുഭവമാണുണ്ടായത്. അതുകൊണ്ട് സിനിമയുടെ ഏത് തലത്തിൽ നിൽക്കാനും താൽപര്യമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA