sections
MORE

ആ ജഡ്ജിവേഷം എന്റെ ഗുരുദക്ഷിണ: മധുപാൽ

madhupal-suresh-kumar
SHARE

കേരള സമൂഹത്തിന്റെ സമകാലിക അടയാളപ്പെടുത്തലാണ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രം. ചിലപ്പോഴെങ്കിലും നമ്മൾ കടന്നു പോകുന്ന നിസഹായവസ്ഥകളുണ്ട് ഈ ചിത്രത്തിൽ. കെട്ടിച്ചമച്ച കേസുകളിൽപ്പെട്ട് അപ്രത്യക്ഷരാകുന്ന ജീവിതങ്ങളുടെ നിസഹായവസ്ഥകളുണ്ട്. ദുരഭിമാനക്കൊലകളുടെ വേദനകളുണ്ട്. സ്വന്തം രാജ്യത്ത് അപരത്വഭാരം പേറേണ്ടി വരുന്നവരുടെ ഭയപ്പാടുണ്ട്. പരിഹസിച്ചില്ലാതാക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ആത്മാഭിമാനത്തോടെ പൊരുതി ജീവിക്കാൻ ശ്രമിക്കുന്നവരുടെ അതിജീവനമുണ്ട്. ഒരിക്കൽക്കൂടി സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം മലയാളത്തിൽ ജനിച്ചിരിക്കുന്നു. 

ഗുരുത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. കാർക്കശ്യത്തോടെയെങ്കിലും പക്ഷം പിടിക്കാതെ, നീതിയിലേക്ക് തെളിയുന്ന വെളിച്ചത്തെ കെടാത സൂക്ഷിക്കുന്ന ജഡ്ജിയും സ്വന്തം കക്ഷിക്കായി എന്തു നീതികേടും ഉളുപ്പില്ലാതെ ചെയ്യാൻ തയ്യാറാകുന്ന സീനിയർ അഭിഭാഷകനും ഗുരുവിന്റെ വ്യത്യസ്ത രൂപങ്ങളാണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. നെടുമുടി വേണു എന്ന അഭിനേതാവിനെ ഒരിക്കൽക്കൂടി മലയാളികൾ അംഗീകരിച്ചപ്പോൾ അമ്പരന്നത് നിർമാതാവ് എന്ന ലേബലിൽ പ്രേക്ഷകർക്ക് സുപരിചിതനായ സുരേഷ് കുമാറിന്റെ വേഷപ്പകർച്ച കണ്ടിട്ടാണ്. 'ആ ജഡ്ജിവേഷം എന്റെ ഗുരുദക്ഷിണ'യാണ്, മധുപാൽ പറയുന്നു. ഒപ്പം നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ചുള്ള അഭിനന്ദനങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയുന്നു. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:       

ആ സന്തോഷമാണെന്റെ ഗുരുത്വം

സുരേഷ് കുമാർ എന്ന നിർമാതാവിൽ ഒരു അഭിനേതാവുണ്ടെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാൻ നന്നായി ബുദ്ധിമുട്ടി. ഈ സിനിമയുടെ തിരക്കഥ പൂർത്തിയായ സമയത്തു തന്നെ ഞാൻ അദ്ദേഹത്തോട് ഈ വേഷത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതൊന്നും നടക്കില്ല എന്നാണ് അദ്ദേഹം അപ്പോൾ പറഞ്ഞത്. അതുകഴിഞ്ഞാണ് അദ്ദേഹം രാമലീലയിൽ അഭിനയിക്കുന്നത്. അപ്പോൾ എനിക്ക് ധൈര്യമായി. ഒരു സിനിമയിൽ അഭിനയിക്കാം എന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് വേറൊരു പടത്തിൽ അഭിനയിച്ചു കൂടാ, എന്ന് നിർബന്ധം പിടിച്ചപ്പോഴാണ് അദ്ദേഹം ആ കഥാപാത്രം വന്നു ചെയ്തത്. 

Oru Kuprasidha Payyan Malayalam Movie Official Trailer | V Cinemas | Tovino Thomas | Madhupal

ഇപ്പോൾ അദ്ദേഹം ആറേഴു സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. മകളെക്കാൾ തിരക്കുള്ള നടനായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. സുരേഷ് കുമാർ നിർമിച്ച കാശ്മീരം എന്ന സിനിമയിലാണ് ഞാനാദ്യമായി അഭിനയിക്കുന്നത്. സ്വാഭാവികമായും എനിക്ക് അദ്ദേഹത്തിനായി നൽകാൻ കഴിയുന്ന ഗുരുദക്ഷിണയാണ് ചിത്രത്തിലെ ജഡ്ജിയുടെ വേഷം. അത് വെറുതെയായില്ല. ഗംഭീര വേഷമായെന്ന് കേരളത്തിലെ ജനങ്ങൾ പറയുമ്പോഴുണ്ടാകുന്ന സന്തോഷമാണ് ഞാൻ ഗുരുത്വം എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്.

കോടതിയിൽ ചെലവിട്ടത് മണിക്കൂറുകൾ

2015 മുതൽ ഈ സിനിമ മനസിലുണ്ട്. ഓരോ സിനിമയുടെയും ഒരുക്കങ്ങൾക്ക് അതനുസരിച്ചുള്ള സമയം വേണം. അല്ലാതെ മനഃപൂർവം സിനിമ വൈകിപ്പിക്കുന്നതല്ല. റിട്ട. ജസ്റ്റിസ് കമാൽ പാഷ ചിത്രം കണ്ടിട്ട് പറഞ്ഞത് കൃത്യമായി കോടതി കാണാൻ പറ്റി എന്നാണ്. മലയാള സിനിമയിൽ ഇങ്ങനെയൊരു കോടതി ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കോടതി രംഗങ്ങളിൽ പെർഫെക്ഷൻ കൊണ്ടുവരാൻ നല്ല പണിയായിരുന്നു. 

കാരണം, ചില സമയത്ത് അത് ഡ്രൈ ആയിരിക്കും. എന്നാൽ, ഓരോ നിമിഷവും അടുത്തത് എന്താകും നടക്കുക എന്ന ആകാംക്ഷ ഉണ്ടാക്കാൻ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്നു മനസിലാകുന്നത്. ഇതിനായി ഒരുപാടു മണിക്കൂറുകൾ കോടതികളിൽ ചെലവഴിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിൽ നെഗറ്റീവ് കമന്റുകളും ഉണ്ട്. ഞാൻ ഏറ്റവും കുറഞ്ഞത് ഒരു കോടതിയെങ്കിലും കാണണം എന്നു ഉപദേശിക്കുന്ന തരത്തിലുള്ള കമന്റുകൾ. അവരോട് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, അവർ ഒരിക്കലെങ്കിലും കോടതി കാണട്ടെ. കോടതി കണ്ടാൽ മാത്രമേ അതെന്താണെന്ന് മനസിലാകൂ.

അജയന് ഇത്രയും മസിൽ വേണമായിരുന്നോ?

ടൊവീനോയുടെ ആ ശരീരം അങ്ങനെ തന്നെ വേണമെന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. ഓരോ മനുഷ്യന്റെ ജീവിതത്തിലും ഓരോ അജയനുണ്ട്. ഏറ്റവും മെലിഞ്ഞ മനുഷ്യൻ അല്ലെങ്കിൽ ഏറ്റവും ദുർബലനായ മനുഷ്യൻ ഒരു തടിച്ച മനുഷ്യനെ കേറി ആക്രമിക്കുന്നത് നമ്മൾ നിത്യജീവിതത്തിൽ കണ്ടിട്ടുണ്ട്. ഏറ്റവും ബലവാനെന്ന് കരുതുന്ന മനുഷ്യന് ഒരു ചെറിയ ശരീരമുള്ള ആളെ കീഴ്പ്പെടുത്താൻ കഴിയാതെ വരുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഒരാളുടെ ശരീരവും മനസും ഒരുപോലെ പ്രാധാന്യമുള്ളതാണ്. അജയൻ അന്തർമുഖനായ ഒരു വ്യക്തിയാണ്. അയാൾ എങ്ങനെയൊക്കെ പെരുമാറുമെന്നും പ്രതികരിക്കുമെന്നും ഒരു പിടുത്തവും ഇല്ല. അയാൾ നന്നായി അധ്വാനിച്ചാണ് ജീവിക്കുന്നത്. എപ്പോഴൊക്കെയോ അയാൾ സ്വയം ഉള്ളിലേക്ക് വലിയുന്നു. മറ്റു ചിലപ്പോൾ ശക്തമായി പ്രതികരിക്കുന്നു. അജയന്റെ ശരീരം അങ്ങനെ തന്നെ വേണമായിരുന്നു.  

ടൊവീനോ ഒരു നടനായി

ടൊവീനോ തോമസ് എന്ന നടൻ മാത്രമേ എന്നോടൊപ്പം ഉണ്ടായിരുന്നുള്ളൂ. ടൊവീനോ എന്ന താരം അവിടെയില്ലായിരുന്നു. അജയൻ ആയി അയാൾ അഭിനയിച്ചിട്ടില്ല, പെരുമാറുകയായിരുന്നു. അജയനായി ജീവിക്കുകയായിരുന്നു. ഒരു നടൻ ആ രീതിയിൽ ആക്ടിങ് പൊട്ടൻഷ്യൽ കാണിക്കുന്നു എന്നതിലാണ് ടൊവീനോയുടെ മഹത്വം. ടൊവീനോ എന്ന നടനിൽ അജയനെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. അത് ആ നടന്റെ കൂടെ വിജയമാണ്. 

oru-kuprasidha-payyan-review

ആ കഥാപാത്രത്തിന്റെ കുഞ്ഞു വികാരങ്ങൾ പോലും പറഞ്ഞുകൊടുക്കാനേ സംവിധായകൻ എന്ന നിലയിൽ എനിക്ക് സാധിക്കൂ. അത് ശരീരത്തിലൂടെ അഭിനയത്തിലൂടെ പുറത്തു കൊണ്ടുവരാൻ അദ്ദേഹം തന്നെ വിചാരിക്കണം. ടൊവീനോയെ എനിക്കു തുടക്കം മുതലേ അറിയാം. ഈ സിനിമയുടെ തിരക്കഥ എഴുതുന്നതിനിടയിൽ പലപ്പോഴായി അയാളെ കണ്ടിരുന്നു. എന്നാൽ ഫൈനൽ ഡ്രാഫ്റ്റ് ആയതിനു ശേഷമാണ് ഈ കഥ ടൊവീനോയോട് പറയുന്നത്. വളരെ സങ്കീർണമായ കഥാപാത്രം ഏറ്റവും മനോഹരമായി അയാൾ ചെയ്തു. 

നായകനിലും നായികയിലും ഒതുങ്ങാത്ത കാഴ്ചകൾ

ഒരു ചലച്ചിത്രകാരൻ അയാളുടെ കാഴ്ചപ്പാടുകളാണ് ദൃശ്യവൽക്കരിക്കുന്നത്. എന്തൊക്കെ തിരക്കഥയിൽ എഴുതി വച്ചാലും ആത്യന്തികമായി ആ രംഗങ്ങൾ ചിത്രീകരിക്കപ്പെടുമ്പോൾ അതെങ്ങനെ വരണം എന്ന് തീരുമാനിക്കുന്നത് ഒരു പരിധി വരെ സംവിധായകനാണ്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സ്പെയ്സ് നൽകിയാണ് ദൃശ്യവൽക്കരിക്കുന്നത്. ഒരു കഥാപാത്രത്തിൽ മാത്രമല്ല സിനിമയുടെ ശ്രദ്ധ. ആ ഫോകസ് മാറിക്കൊണ്ടിരിക്കും. തിയറ്റർ വിട്ടുകഴിഞ്ഞാലും ഈ കഥാപാത്രങ്ങളെല്ലാം മനസിൽ കിടക്കും. അത് മെയ്ക്കിംഗിൽ സംഭവിക്കുന്ന ഒന്നാണ്. ഇത് ഉൾക്കൊണ്ടാണ് ഞാൻ ഒരു കഥയെയും സമീപിക്കുന്നത്. 

madhupal-nimisha

അജയന്റെ കേസ് നടത്തുന്നതിന് ഒരു സീനിയർ അഭിഭാഷകനെ നിയോഗിക്കാനോ അല്ലെങ്കിൽ ആ കഥാപാത്രം ചെയ്യാൻ കുറച്ചുകൂടി സുപരിചിതമായ ഒരു മുഖം ഉപയോഗിക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഇത്രയും ഇംപാക്ട് ഉണ്ടാവില്ലായിരുന്നു. സാധാരണ മട്ടിൽ ആകരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. എഴുതി വന്നപ്പോൾ, ഏറ്റവും ജൂനിയറായ ഒരാളുടെ ആദ്യ കേസായി മാറുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന വഴികളിലൂടെ ആയിരിക്കില്ല സിനിമ നമ്മെ കൊണ്ടു പോവുക. പ്രേക്ഷകന്റെ മനസ് സഞ്ചരിക്കുന്ന വഴികളിലൂടെ തന്നെ സിനിമ സഞ്ചരിക്കണമെന്നില്ലല്ലോ! 

ഒരു സംഭവത്തിൽ ഒതുങ്ങുന്നതല്ല  ഈ  സിനിമ

ഒരു സംഭവം മാത്രമല്ല സിനിമയിലേക്ക് നയിച്ചത്. യഥാർത്ഥത്തിൽ സംഭവിച്ച നിരവധി കാര്യങ്ങൾ ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. സുന്ദരിയമ്മ കൊലക്കേസ് അതിലൊന്നു മാത്രമാണ്. അതുപോലെ ആയിരം കൊലക്കേസുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ പലപ്പോഴായി പ്രതികളാക്കപ്പെടുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അരികുവൽക്കരിക്കപ്പെടുന്ന ആളുകളെ ക്രിമിനലുകളാക്കി ചിത്രീകരിക്കുന്നു. നമ്മുടെ ചുറ്റുപാടും അനുദിനം സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിൽ കണ്ടതും കേട്ടതും വായിച്ചതുമായി കൊലപാതക കഥകൾ ചേർത്തുപിടിക്കുകയാണ് കുപ്രസിദ്ധ പയ്യനിൽ. 

പൊലീസ് എങ്ങനെയാണ് പ്രതികളെ സൃഷ്ടിക്കുന്നത്, ദുരഭിമാനക്കൊല, പുരുഷന്മാർക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, മുസ്ലീം അപരവൽക്കരണം എന്നിങ്ങനെ മറ്റ് സാമൂഹ്യപ്രശ്നങ്ങളും പ്രമേയമാകുന്നുണ്ട്. ഇതെല്ലാം പ്രേക്ഷകർ മനസിലാക്കിയെന്ന് വ്യക്തമാക്കുന്നതാണ് എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. അവർക്ക് പെട്ടെന്ന് അത്തരം സംഭവങ്ങളെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നുണ്ട്. സിനിമ കണ്ടിട്ട് എന്നോടു സംസാരിച്ച പ്രമുഖ അഭിഭാഷകരും, ജഡ്ജിമാരും പൊലീസ് ഉദ്യോഗസ്ഥരും ഇതൊക്കെ നടക്കുന്നതാണെന്ന് സമ്മതിക്കുന്നു. അവർ പറയുന്നത്, ഇതൊന്നും നിയന്ത്രിക്കാനായി ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാവാറുണ്ടെന്നാണ്. പലതരം സമ്മർദ്ദങ്ങൾ അതിന് കാരണമാകാം. പൊലീസിന് മേലും അത്തരത്തിൽ സമ്മർദ്ദങ്ങളുണ്ട്. 

ജീവൻ ജോബ് തോമസ് എന്ന തിരക്കഥാകൃത്ത്

ജീവൻ എന്റെ സുഹൃത്താണ്. തെളിവില്ലാതെ പോകുന്ന കൊലപാതകങ്ങൾ കാണുന്നു, പ്രതിയെ കണ്ടെത്താൻ കഴിയാതെ വരുന്നു, പിന്നെ പെട്ടെന്നൊരു ദിവസം ഒരു പ്രതിയുണ്ടാകുന്നു ... ഇവയൊക്കെ തുടർച്ചയായി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ഈ കഥയിലേക്ക് വരുന്നത്. ഇതേ  സമയത്താണ് ജീവൻ ഒരു ലേഖനത്തിൽ ഇത്തരമൊരു വിഷയം എഴുതുന്നത്. എനിക്ക് ജീവനെ അറിയാവുന്നതുകൊണ്ട് ഞാൻ ഇക്കാര്യം നേരിൽ സംസാരിച്ചു. അങ്ങനെയാണ് ഈ വിഷയം ഒരു തിരക്കഥയുടെ രൂപത്തിലേക്ക് മാറ്റപ്പെടുന്നത്. 

ഭരണഘടനയിലുള്ള വിശ്വാസം നഷ്ടപ്പെടരുത്

പൊലീസ്, കോടതി, വ്യവഹാരം ഇവയൊക്കെ എന്റെ സിനിമകളിൽ ആവർത്തിച്ച് പ്രമേയമാകുന്നത് ഒരു തരത്തിൽ പറഞ്ഞാൽ യാദൃശ്ചികമാണ്. നമുക്ക് വിശ്വാസമുള്ള രണ്ടേ രണ്ടു കാര്യങ്ങളാണ് പൊലീസും നീതിന്യായ വ്യവസ്ഥയും. അതിനോടുള്ള വിശ്വാസം നമുക്ക് ഒരിക്കലും നശിച്ചിട്ടില്ല. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ഞാനും സിനിമയെടുക്കുന്നത്. നമ്മുടെ നിയമങ്ങളും നമുക്ക് കിട്ടുന്ന നീതിയുമെല്ലാം കൃത്യമായി നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. ഒരു സാമൂഹ്യജീവി എന്ന നിലയിൽ നമുക്ക് നിലനിൽക്കാൻ അവകാശം നൽകുന്നതും ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയാണ്. 

എവിടെയൊക്കെയോ നിഷേധങ്ങൾ കാണുമ്പോഴാണ് അതിനെപ്പറ്റി സംസാരിക്കണമെന്ന് തോന്നുന്നത്. അത് തുടർച്ചയായി സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സങ്കടമാണ് ഇത്തരം കഥകളിലേക്ക് എന്നെഎത്തിക്കുന്നത്. മാത്രമല്ല, ജനങ്ങൾക്ക് ഭരണഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോകരുത് എന്ന ആഗ്രഹം കൊണ്ടും കൂടിയാണ് ഞാൻ വീണ്ടും ഇതുപോലുള്ള പ്രമേയങ്ങൾ സിനിമയാക്കുന്നത്. ഒഴിമുറിയിൽ മൗലിക അവകാശങ്ങളായിരുന്നു ചർച്ച ചെയ്തത്. തലപ്പാവും ഒരു കൊലപാതക കഥയാണ്. ആ കൊലപാതകം പൊലീസുകാർ ചെയ്തതാണ്. നിവൃത്തികേടു കൊണ്ട് മൂടി വയ്ക്കപ്പെട്ട രഹസ്യങ്ങൾ ഇനിയുമുണ്ടാകാം.          

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA