sections
MORE

ആ തിരക്കഥ മോഷ്ടിച്ചതാണോ? ജോസഫിന്റെ തിരക്കഥാകൃത്തിനു ചിലത് പറയാനുണ്ട്

joseph-script-writer-shahi-kabeer
SHARE

കാക്കി കുപ്പായത്തിനുള്ളിൽ ഒരു കഥാഹൃദയമുണ്ടെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് ഷാഹി കബീർ എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ. കോട്ടയത്ത് സിവിൽ പൊലീസ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്ന ഷാഹിയെ മറ്റൊരു തരത്തിൽ പരിചയപ്പെടുത്തിയാൽ മലയാളികൾക്ക് പെട്ടെന്നു മനസിലാകും. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ജോസഫ് എന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് ഷാഹിയാണ്. 

വർഷങ്ങളായി കൊണ്ടു നടന്ന സിനിമാസ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷം ആസ്വദിക്കുന്നതിനിടയിലാണ് അവിചാരിതമായി മറ്റൊരു ആരോപണം ഷാഹി നേരിടേണ്ടി വന്നത്. ഷാഹി എഴുതിയ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് നന്ദകുമാർ എന്ന യുവാവ് രംഗത്തെത്തി. അത് വാർത്തയുമായി. ചെയ്ത കാര്യങ്ങളിൽ നൂറ്റൊന്നു ശതമാനം ഉറപ്പുണ്ടായിരുന്നതിനാൽ അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നു തന്നെ ഷാഹി ഉറപ്പിച്ചു. അതോടെ നന്ദകുമാർ നിലപാടു മാറ്റി. ഫെയ്സ്ബുക്കിൽ ഇട്ടിരുന്ന പോസ്റ്റും മുക്കി. "ജോസഫ് പരാജയപ്പെട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു ആരോപണം അയാൾ ഉന്നയിക്കുമായിരുന്നോ?" ഷാഹി ചോദിക്കുന്നു. ജോസഫ് എന്ന കഥ രൂപപ്പെട്ട വഴികളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും ഷാഹി കബീർ മനസ്സുതുറന്നു. മനോരമ ഓൺലൈനിനു അനുവദിച്ച പ്രത്യക അഭിമുഖത്തിൽ നിന്ന്:  

ആരോപണങ്ങൾ അടിസ്ഥാനരഹിതം

ഒരുപാടു കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ ഒരുക്കുന്നത്. അതൊന്നും ഓർക്കാതെ, ഒരു തോന്നലിന്റെ പേരിൽ ഫെയ്സ്ബുക്കിൽ 'തിരക്കഥ മോഷ്ടിച്ചു' എന്നൊക്കെ പോസ്റ്റ് ഇടുന്നത് വളരെ വേദനിപ്പിക്കുന്നതാണ്. ഈ ആശയം പലരുടെയും മനസ്സിൽ വരാൻ സാധ്യതയുള്ളതാണ്. എന്നാൽ, എന്റെ കഥ പോയി, തിരക്കഥ മോഷ്ടിച്ചു, സംഭാഷണങ്ങൾ പോലും അതുപോലെ എന്നൊക്കെ പറഞ്ഞ് പോസ്റ്റിടുന്നത് വളരെ മോശമാണ്. നമ്മൾ ചിന്തിക്കുന്ന പോലെ ലോകത്ത് നിരവധി പേർ ചിന്തിക്കുന്നുണ്ട്. നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ പലർക്കും മനസിൽ തോന്നാവുന്ന ആശയമാണ് സിനിമയിലുള്ളത്. പക്ഷേ, യാതൊരു അടിസ്ഥാനവുമില്ലാതെ അത് മോഷണമാണ് എന്ന് ആരോപിക്കുന്നത് ശരിയല്ല. 

കേസുമായി മുന്നോട്ട്

ഇതുപോലുള്ള ആരോപണങ്ങൾ പല സിനിമകൾ ഇറങ്ങുമ്പോൾ ഉണ്ടാകാറുണ്ട്. ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധ നേടാനാണ് ഇവരുടെ ശ്രമം. അതെല്ലാം രണ്ടാമതൊന്നു അന്വേഷിക്കുക പോലും ചെയ്യാതെ പല മാധ്യമങ്ങളും വാർത്തയാക്കും. ഞാൻ കേസ് കൊടുക്കും എന്നു പറഞ്ഞതുകൊണ്ടാണ് അയാൾ പിൻവാങ്ങിയത്. കാരണം അയാൾ പറയുന്നതിൽ അടിസ്ഥാനമില്ലെന്ന് അയാൾക്കറിയാം. അയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ പറഞ്ഞെങ്കിലും അതു സംബന്ധിച്ച വാർത്തകളൊക്കെ അങ്ങനെ തന്നെ ഇപ്പോഴും മാധ്യമങ്ങളിലുണ്ട്. ഇനി ഇതുപോലെ വേറൊരു സിനിമയ്ക്കു സംഭവിക്കരുത്. അതുകൊണ്ട്, കേസു കൊടുക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. 

ഈ കഥ പിറന്നത് ഇങ്ങനെ

കുറച്ചു വർഷങ്ങൾക്കു മുൻപ് കോട്ടയം മെഡിക്കൽ കോളജിലെ സൈക്കാട്രി വാർഡിൽ നിന്ന് ഒരു പ്രതി ചാടിപ്പോയ സംഭവം ഉണ്ടായിരുന്നു. അന്നു ഞങ്ങൾ പൊലീസുകാർക്കെല്ലാം വാട്ട്സാപ്പിൽ പ്രതിയുടെ ഫോട്ടോ സഹിതം മെസേജ് വന്നു. ഇയാളെ കണ്ടുപിടിക്കാൻ വഴി ആലോചിച്ചുകൊണ്ടിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന വേറൊരു പൊലീസുകാരൻ ഒരു ആശയം പറഞ്ഞു. പണ്ടു സ്ക്വാഡിൽ ഉണ്ടായിരുന്ന ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനോടു സഹായം ചോദിക്കാമെന്ന്. പുള്ളിയെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഈ പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് സൂചന തന്നു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അദ്ദേഹത്തിൽ നിന്നുള്ള സൂചനകളുടെ സഹായത്താലാണ് അന്ന് ഞങ്ങൾ പ്രതിയെ പിടികൂടിയത്. അതും പ്രതി ചാടിപ്പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ. ഈ സംഭവം എന്റെ മനസ്സിൽ കിടന്നു. സർവീസിൽ നിന്ന് വിരമിച്ചിട്ടും കുറ്റവാളികളെക്കുറിച്ച് കൃത്യമായ അറിവുകൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥരുണ്ട് എന്ന തിരിച്ചറിവ് വളരെയേറെ ആവേശം പകരുന്നതായിരുന്നു. ആ കഥാപാത്രത്തെ ഞാൻ മനസിൽ സൂക്ഷിച്ചു വച്ചു. 

joseph-script-writer-shahi-kabeer-3

ഇടവേളകളിലെ കഥയെഴുത്ത്

അതിനിടയ്ക്കാണ് അമ്പിളി ഫാത്തിമ എന്ന പെൺകുട്ടി മരണമടയുന്നത്. മഞ്ജു വാര്യരൊക്കെ ആ പെൺകുട്ടിയുടെ ചികിത്സയ്ക്ക് സഹായിച്ചിരുന്നു. ഹൃദയവും ശ്വാസകോശവും മാറ്റി വച്ചിട്ടും ആ പെൺകുട്ടിയ്ക്ക് അധികകാലം ജീവിയ്ക്കാനായില്ല. ആ സംഭവവും എന്നെ സ്വാധീനിച്ചു. ഈ സംഭവങ്ങളിൽ നിന്നൊക്കെയാണ് സിനിമയ്ക്കുള്ള കഥ പരുവപ്പെടുന്നത്. കഥയുടെ ഒരു രൂപം മനസിലേക്കു വന്നപ്പോൾ പൊലീസിലുള്ള സുഹൃത്തുക്കളോട് ഞാൻ ഈ കാര്യം സൂചിപ്പിച്ചു. അവരിൽ നിന്ന് നല്ല പ്രോത്സാഹനമാണ് എനിക്ക് ലഭിച്ചത്. അങ്ങനെ ഡ്യൂട്ടിയുടെ ഇടവേളകളിലും ഒഴിവുസമയങ്ങളിലും ഇരുന്ന് ഞാൻ കഥ തയ്യാറാക്കി. 

ജോജുവായിരുന്നു മനസ്സിൽ

എനിക്കാണെങ്കിൽ സിനിമയുമായി ഒരു ബന്ധമില്ല. എന്റെ സുഹൃത്തിന്റെ ഒരു ചേട്ടൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ജിത്തു അഷറഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ആദ്യം അദ്ദേഹത്തോടു കഥ പറഞ്ഞു. ലുക്കാചുപ്പി ഒക്കെ ഞാൻ കണ്ട സമയമായിരുന്നു. ജോജുവാണ് മനസിലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ജോജുവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കി തന്നു. ജോജുവിനെ പോയി കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ തിരക്കഥ എഴുതാൻ തുടങ്ങുന്നത്. മൂന്നരവർഷം മുൻപാണ് ഇതൊക്കെ സംഭവിക്കുന്നത്. അന്ന് ജോജു അധികം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടില്ല. 

സംവിധാനം അത്ര എളുപ്പമല്ല

ഇടവേളയിൽ ഞാൻ ഒരു സിനിമയിൽ അസിസ്റ്റ് ചെയ്യാൻ പോയി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ. സത്യത്തിൽ ജോസഫ് എന്ന സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യാം എന്ന ആശയമായിരുന്നു അന്നു മനസിൽ. അതിനൊരു സഹായമാകും എന്നു കരുതിയാണ് അസിസ്റ്റ് ചെയ്യാൻ പോയത്. അതിനു മുൻപ് ഞാനൊരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു. എന്നാൽ തൊണ്ടിമുതലിൽ അസിസ്റ്റ് ചെയ്യാൻ പോയപ്പോൾ മനസിലായി സിനിമ സംവിധാനം ചെയ്യുക എന്നു പറഞ്ഞാൽ വിചാരിച്ച പോലെ അത്ര എളുപ്പമല്ലെന്ന്. അതുകൊണ്ട് ആ പദ്ധതി വേണ്ടെന്നു വച്ചു. പിന്നീട് ആലപ്പുഴയിലെ അഭിലാഷ് എന്ന എന്റെ സുഹൃത്ത് വഴിയാണ് പപ്പേട്ടനെ (സംവിധായകൻ പത്മകുമാർ) സമീപിക്കുന്നത്. 

joseph-script-writer-shahi-kabeer-1

ഞാൻ ചെയ്യാതിരുന്നത് നന്നായി

പപ്പേട്ടനെ കണ്ട് തിരക്കഥ നൽകിയെങ്കിലും എനിക്ക് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം വായിച്ചുനോക്കുമോ എന്നു പോലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ കോൾ വന്നു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെട്ടെന്നും സിനിമ പെട്ടെന്നു തന്നെ ചെയ്യാമെന്നും പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. സിനിമ എന്ന എന്റെ സ്വപ്നം അങ്ങനെ യാഥാർഥ്യമാവുകയായിരുന്നു. ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് സിനിമ തിയറ്ററിൽ കണ്ടപ്പോൾ മനസ്സിൽ വന്നത് ഒറ്റ കാര്യമാണ്. ഈ സിനിമ ഞാൻ സംവിധാനം ചെയ്യാതിരുന്നത് നന്നായി എന്ന്. പപ്പേട്ടൻ അത്രയ്ക്ക് മനോഹരമായാണ് ജോസഫ് ദൃശ്യവൽക്കരിച്ചത്. 

വില്ലനായി പ്രളയം

ജോസഫിന്റെ ചിത്രീകരണം തൊടുപുഴയിൽ നടക്കുന്നതിനിടയിലാണ് പ്രളയം വന്നത്. അന്ന് ഞങ്ങളെല്ലാവരും മാനസികമായി വല്ലാത്ത അവസ്ഥയിലായി. ഇത്രയും കാലത്തെ കഷ്ടപ്പാടൊക്കെ വെറുതെയാകുമോ എന്നു പോലും തോന്നി. നിന്ന നിൽപിൽ താമസിച്ചിരുന്ന സ്ഥലമൊക്കെ ഒഴിഞ്ഞു പോരേണ്ടി വന്നു. സിനിമാ യൂണിറ്റിലെ ആളുകൾ താമസിച്ചിരുന്ന ലോഡ്ജിലൊക്കെ വെള്ളം കയറി. ആ ദിവസങ്ങളിൽ വലിയ ടെൻഷൻ അനുഭവിച്ചു. പിന്നെ മഴയൊക്കെ കഴിഞ്ഞ് ഒരു ഇടവേള എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജോജു സിനിമയുടെ തുടക്കം മുതൽ ശക്തമായി തന്നെ കൂടെയുണ്ടായിരുന്നു. ഈ പ്രതിസന്ധികളിലൊക്കെ അദ്ദേഹം ഒപ്പം നിന്നു. 

പൊലീസ് കട്ട സപ്പോർട്ട്

പൊലീസ് ഡിപ്പാർട്മെന്റിൽ നിന്ന് എനിക്ക് എപ്പോഴും പ്രോത്സാഹനമാണ് ലഭിച്ചിട്ടുള്ളത്. സിനിമ കണ്ട് നിരവധി ഉദ്യോഗസ്ഥർ എന്റെ നമ്പർ കണ്ടെത്തി വിളിച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷന്റെ ഒരു മാഗസിൻ ഉണ്ട്. അതിന്റെ ചീഫ് എഡിറ്റർ എന്നെ വിളിച്ചു. അദ്ദേഹത്തെയൊന്നും എനിക്ക് നേരിട്ട് പരിചയമില്ല. അദ്ദേഹം സ്വന്തം പേജിൽ ഈ സിനിമയെക്കുറിച്ച് എഴുതുകയും എല്ലാ പൊലീസുകാരും പോയി കാണണമെന്ന് പറയുകയും ചെയ്തിരുന്നു. അതൊക്കെ സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA