സുന്ദരിയമ്മ കൊലക്കേസ്; സിനിമയും യാഥാർഥ്യവും

kuprasidha-payyan-reel-real
SHARE

ടൊവിനോ തോമസ് നായകനായ പുതിയ കുറ്റാന്വേഷണ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യൻ,' സമൂഹവും പൊലീസും ചേർന്ന് എങ്ങനെ ഒരു നിരപരാധിയെ കൊലപാതകിയായി ചിത്രീകരിക്കുന്നു എന്നാണ് വിശദീകരിക്കുന്നത്. ചിത്രത്തിന്റെ ഒടുക്കം, സംസ്ഥാനത്തെ ഞെട്ടിച്ച ഒരു പാതിരാക്കൊലക്കേസിൽ തന്റെ നിഷ്കളങ്കത തെളിക്കുന്ന നായകൻ ജയിൽമോചിതനായി തിരിച്ചെത്തി തന്റെ പ്രണയിനിയോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്നു. 

പക്ഷേ സിനിമയോളം സുന്ദരമല്ല പലപ്പോഴും യഥാർത്ഥ ജീവിതം. മധുപാൽ സംവിധാനം ചെയ്ത ഈ സിനിമയ്ക്കു ആധാരം 2012ൽ കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച കോഴിക്കോട് മീഞ്ചന്തയ്ക്ക് അടുത്ത് നടന്ന 'സുന്ദരിയമ്മ കൊലക്കേസ്' ആണ്. വട്ടക്കിണറിനടുത്ത് തന്റെ ഒറ്റമുറിവീട്ടിൽ തനിച്ച് താമസിച്ചിരുന്ന സുന്ദരിയമ്മ എന്ന 69–കാരിയെ വെളുപ്പിനു ഒന്നര മണിയോടെ ഓടു പൊളിച്ച് കടന്ന അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. 

jayesh-tovino
ജയേഷ്, ടൊവിനോ

സാഹചര്യ തെളിവുകളോടെ ക്രൈം ബ്രാഞ്ച് കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ജയേഷ് എന്ന ചെറുപ്പക്കാരൻ ഒന്നര കൊല്ലത്തോളം കോഴിക്കോട് ജില്ലാ ജയിലിൽ കഴിച്ച് കൂട്ടി.  ചിത്രത്തിൽ 30കാരനായ ജയേഷ് എന്ന ചെറുപ്പക്കാരന്റെ കഥാപാത്രം ചെയ്തത് ടൊവീനോ തോമസ് ആണ്.

സംഭവത്തിന് ആറു വർഷങ്ങൾക്കിപ്പുറം, സിനിമയിറങ്ങി രണ്ടാഴ്ചയോളം കഴിയുമ്പോൾ, സുന്ദരിയമ്മ കൊലക്കേസിലെ യാഥാർഥ്യവും, അന്നു കോടതി വെറുതെ വിട്ട ജയേഷ് എന്ന ചെറുപ്പക്കാരനെയും മറ്റു കഥാപാത്രങ്ങളെയും തിരക്കി ഓൺമനോരമ യാത്ര തിരിക്കുന്നു...

ഇന്നും നിഗൂഢമായ കൊലപാതകം

2012 ജൂലായ് 21നു വെളുപ്പിനു 1:30 മണിയോടെയാണ് ജയേഷിന്റെ വിധി മാറ്റിയെഴുതിയ ആ സംഭവം നടക്കുന്നത്. കോഴിക്കോട് വട്ടക്കിണർ ഗ്രാമം നടുക്കത്തോടെ സുന്ദരിയമ്മയുടെ നിലവിളി കേട്ടുണർന്നു. ഓടിക്കൂടിയ അയൽക്കാർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന സുന്ദരിയമ്മയെ ആണ്. ഓടു പൊളിച്ചിറങ്ങിയ അജ്ഞാതനായ കൊലപാതകി അവരെ വെട്ടുകത്തി കൊണ്ട് തലയ്ക്കും നെഞ്ചിനും ഇരുകൈകളിലും വെട്ടിയിരുന്നു. നാട്ടുകാർ അവരെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മൂന്ന് മണിക്കൂറിനുള്ളിൽ സുന്ദരിയമ്മ മരണമടഞ്ഞു. 

Tovino is not the killer, then who murdered Sundariyamma?

കൊയമ്പത്തൂരിൽ നിന്ന് തന്റെ സഹോദരിയോടൊപ്പം ചെറുപ്രായത്തിൽ തന്നെ കേരളത്തിലേക്കു കുടിയേറിയ സുന്ദരിയമ്മ, ഭർത്താവുമായി വേർപിരിഞ്ഞ ശേഷം തന്റെ രണ്ട് പെൺമക്കളേയും തനിയെ വളർത്തി വിവാഹം കഴിച്ചയ്ക്കുകയായിരുന്നു. മൂത്ത മകളെ വയനാട്ടിലേക്കും ഇളയമകളെ കൊയമ്പത്തൂരിലേക്കുമാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. 

മലബാറിന്റെ മനസ്സാക്ഷിയെ നടുക്കിയ അരുംകൊല അന്വേഷിച്ച് തുടങ്ങിയത് പന്നിയക്കര ലോക്കൽ പൊലീസ് ആണ്. കവർച്ച ലക്ഷ്യമാക്കിയുള്ള കൊലപാതകം ആയായിരുന്നു ആദ്യം വിലയിരുത്തിയതെങ്കിലും സുന്ദരിയമ്മയുടെ വീട്ടിൽ നിന്നും പണമോ സ്വർണമോ മറ്റ് വിലപിടിപ്പുള്ള ഒന്നും തന്നെയോ കളവു പോയിരുന്നില്ല. മാത്രമല്ല ഒരു കവർച്ചാശ്രമം നടന്ന യാതൊരു ലക്ഷണവും ആ വീട്ടിൽ ഉണ്ടായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് അന്നത്തെ കസബ സർക്കിൾ ഇൻസ്‌പെക്ടർ പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ അടക്കം 120ഓളം പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഒടുക്കം, തുമ്പില്ലാത്ത കേസായി പ്രഖ്യാപിച്ച് 2013 ജൂണിൽ ലോക്കൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 

sundhariyamma-2
സുന്ദരിയമ്മ (ഇടത്), ചിത്രത്തിൽ സുന്ദരിമയമ്മയെ അവതരിപ്പിച്ച നടി ശരണ്യ പൊൻവണ്ണൻ (വലത്)

ഇതിനു ശേഷമാണ് സർക്കാർ സുന്ദരിയമ്മ കൊലക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പ്രതീക്ഷയ്ക്കു വിപരീതമായി വളരെ ചുരുങ്ങിയ സമയം കൊണ്ട് അവശ്യമായ തെളിവുകളോടെ തന്നെ ക്രൈംബ്രാഞ്ച് 'പ്രതി'യെ അറസ്റ്റ് ചെയ്തു. മീഞ്ചന്തയ്ക്ക് അടുത്തുള്ള 'സിറ്റി ലൈറ്റ്' ഹോട്ടലിൽ വെയ്റ്റർ ആയ 30–കാരൻ ജയേഷ് ആണ് അറസ്റ്റിലായത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ജയേഷിന്റെ അലമാരിയിൽ നിന്നും കണ്ടെടുത്ത സുന്ദരിയമ്മയുടെ സ്വർണാഭരണങ്ങൾ, മണിപ്പേഴ്‌സ് തുടങ്ങി സകല സാഹചര്യത്തെളിവുകളോടും കൂടെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്ത ജയേഷ് ഒന്നര കൊല്ലത്തോളം കോഴിക്കോട് ജില്ലാജയിലിൽ കഴിച്ച് കൂട്ടി. 

കള്ളക്കളി പൊളിയുമ്പോൾ..

ജയേഷിന് സുന്ദരിയമ്മയോട് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും പ്രണയം നടിച്ച് സുന്ദരിയമ്മയുടെ പണവും സ്വർണവും ജയേഷ് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നും ശ്രമം പാഴാകുമെന്ന് കണ്ടപ്പോൾ കൊന്നുകളഞ്ഞുവെന്നും ആയിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. 

എന്നാൽ ക്രൈംബ്രാഞ്ചിന്റെ കരുത്തുറ്റ തിരക്കഥയിലെ ചേർച്ചക്കുറവുകളും വസ്തുതാവിരുദ്ധതയും ജയേഷിന്റെ അഭിഭാഷകൻ എം. അനിൽകുമാർ വെളിച്ചത്തു കൊണ്ടുവരികയായിരുന്നു. മണിക്കൂറുകൾ നീണ്ട ക്രോസ് വിസ്താരങ്ങളിലൂടെ അനിൽകുമാർ വാദിഭാഗത്തെ മുഴുവൻ സാക്ഷികളെയും മുട്ടുകുത്തിച്ചു. ഗത്യന്തരമില്ലാതെ, 2014 ഒക്ടോബർ 14നു, ഒന്നരക്കൊല്ലത്തെ തടവിന് ശേഷം കോടതി, ജയേഷിനെ 'തെളിവുകളുടെ അഭാവത്തിൽ നിരപരാധിയായി പ്രഖ്യാപിച്ച്' വെറുതെ വിട്ടു. 

siby
സർക്കിൾ ഇൻസ്പെക്ടർ പി. പ്രമോദ് (വലത്), സിനിമയിൽ ഇതേവേഷം ചെയ്ത നടൻ സിബി തോമസ്

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇ.പി. പൃഥ്വീരാജനിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും ആ സംഖ്യ നഷ്ടപരിഹാരമായി ജയേഷിന് നൽകാനും കോടതി വിധിച്ചു. കേരളാപൊലീസിന് വലിയ തിരിച്ചടിയായ സുന്ദരിയമ്മ കൊലക്കേസ്, പക്ഷെ ഇന്നും തെളിയിക്കപ്പെടാതെ തുടരുന്നു. യഥാർഥ കൊലയാളി ആർക്കും പിടികൊടുക്കാതെ സമൂഹത്തിൽ ഇപ്പോഴും ചുറ്റിനടക്കുന്നു. 

കൊലക്കേസ് തിരക്കഥയാകുമ്പോൾ..

ജയേഷിനെ കോടതി വെറുതെവിട്ടത്തിനു പിന്നാലെ സാഹിത്യകാരൻ ജീവൻ ജോബ് തോമസ് മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യവാരികയിൽ ഒരു ലേഖനം എഴുതി. വ്യവസ്ഥിതി എങ്ങനെ ഒരു നിരപരാധിയായ ചെറുപ്പക്കാരനെ കൊലപാതകിയുടെ വേഷം കെട്ടിക്കുന്നു എന്നതായിരുന്നു ലേഖനത്തിന്റെ പൊരുൾ. 2014ൽ ഈ ലേഖനം വായിക്കാനിടയായ സംവിധായകൻ മധുപാൽ, സംഭവത്തെ കേന്ദ്രീകരിച്ച് തന്റെ അടുത്ത സിനിമയ്ക്കായി ഒരു തിരക്കഥ രചിക്കാൻ ജീവൻ ജോബ് തോമസിനെ സമീപിച്ചു. നാലു വർഷങ്ങൾക്കിപ്പുറം ടൊവിനോ നായകനായ 'ഒരു കുപ്രസിദ്ധ പയ്യൻ' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 

ജയേഷോ ജബ്ബാറോ?

കേസ് കോടതിയിൽ എത്തിയപ്പോഴാണ് തന്റെ ജനനത്തെ സംബന്ധിച്ച ഒരു സുപ്രധാന വിവരം ജയേഷ് മനസ്സിലാക്കുന്നത്. ജയേഷ് യഥാർത്ഥത്തിൽ ഒരു മുസ്ളീം ആണെന്നും അയാളുടെ ശരിക്കുള്ള പേര് ജബ്ബാർ എന്നാണെന്നും വാദിഭാഗം അഭിഭാഷകൻ സി. സുഗതൻ കോടതിയിൽ ആരോപിക്കുകയായിരുന്നു. ഇതു കേട്ട് ഞെട്ടിയ ജയേഷ് എതിർക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ അമ്മ, സുമതിയമ്മ ഈ വാദം ശരിവയ്ക്കുന്ന മൊഴി കോടതി മുൻപാകെ നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് വരാന്തയിൽ ഒരു മുസ്ളീം സ്ത്രീ പെറ്റിട്ടു കടന്നുകളഞ്ഞ കുഞ്ഞിനെ, അഞ്ച് പെണ്മക്കളുടെ അമ്മയായ താൻ ദത്തെടുത്ത് സ്വന്തം മകനായി വളർത്തുകയായിരുന്നു എന്ന് സുമതിയമ്മ കോടതിയിൽ വെളിപ്പെടുത്തി. 

ബാബുവെന്ന് വിളിപ്പേരിട്ട്, അനാഥനാണെന്ന് അറിയിക്കാതെയാണ് സുമതി ജയേഷിനെ വളർത്തിയത്. ഏഴാംക്ലാസ് വരെ സ്‌കൂൾവിദ്യാഭ്യാസം നേടിയ ജയേഷ് 12 വയസ്സുള്ളപ്പോൾ ജോലിയന്വേഷിച്ച് വീട് വിട്ടു ഓടിപ്പോകുകയായിരുന്നു. പിന്നീട് അലഞ്ഞുനടന്ന ജയേഷിനെ പൊലീസ് കണ്ടെത്തി ഒരു ജുവനൈൽ ഹോമിൽ ആക്കി. കുറച്ച് മാസങ്ങൾ അവിടെ തങ്ങിയ ശേഷം സുമതിയമ്മയും മക്കളും തേടിയെത്തി, ഇനി സ്‌കൂളിൽ പോകാൻ നിർബന്ധിക്കില്ല എന്ന വ്യവസ്ഥയോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. 

പിന്നീട് സുമതിയമ്മയുടെ സഹോദരനാണ് ജയേഷിനെ കോഴിക്കോട് ടൗണിലേക്ക് കൂട്ടിക്കൊണ്ട് വന്ന്, ഹോട്ടലുകളിൽ വെയ്റ്റർ ആയും ക്ളീനിങ് സ്റ്റാഫ് ആയുമെല്ലാം ജോലി ശരിയാക്കി കൊടുത്തത്. ഇതേ അമ്മാവനാണ് കുറച്ച് വർഷങ്ങൾക്ക് ശേഷം ജയേഷിനെ സിറ്റി ലൈറ്റ് ഹോട്ടലിന്റെ ഉടമയായ ജലീലിന്റെ അടുത്ത് എത്തിക്കുന്നതും. ആറ് വർഷത്തോളം ജയേഷ്, ആ ഹോട്ടലിൽ വെയ്റ്റർ ആയി ജോലി ചെയ്തു. തൊഴിലാളികൾക്കായി അടുക്കളയുടെ പിന്നിൽ ജലീൽ കെട്ടിക്കൊടുത്ത ടെന്റിൽ ആയിരുന്നു ജയേഷിന്റെ താമസം. ചെലവ് കഴിച്ച് ബാക്കി പൈസ ജയേഷ് അമ്മയ്ക്ക് കൊടുക്കാറും ഉണ്ടായിരുന്നു. 

"എനിക്കാരും ഉണ്ടായിരുന്നില്ല. ഓർമ വച്ച കാലം തൊട്ട് ഒറ്റയ്ക്ക് ആയിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആരും എന്നെ സ്നേഹിച്ചിട്ടില്ല," ജയേഷ് ഓൺമനോരമയോട് പറഞ്ഞു.  സുന്ദരിയമ്മയും ആയുള്ള ആത്മബന്ധം സിറ്റി ലൈറ്റ് ഹോട്ടലിൽ ഇഡലി സപ്ലൈ ചെയ്തിരുന്നത് സുന്ദരിയമ്മയായിരുന്നു. ഇഡലിയും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി ഭക്ഷണശാലകളിൽ സപ്ലൈ ചെയ്താണ് അവർ ജീവിച്ചിരുന്നത്. 

"ഞാനാണ് എന്നും രാവിലെ ഇഡ്ഡലിയെടുക്കാൻ സുന്ദരിയമ്മയുടെ വീട്ടിൽ പോയിരുന്നത്," ജയേഷ് പറഞ്ഞു. ആൺമക്കൾ ഇല്ലാത്ത സുന്ദരിയമ്മയ്ക്ക് ജയേഷിനോട് ഒരു പ്രത്യേകതാത്പര്യം ഉണ്ടായിരുന്നു. അയാളെ ഒരമ്മയെ പോലെ ശകാരിക്കാനും ഉപദേശിക്കാനുമെല്ലാം അവർ അധികാരം കാണിച്ചു. ഇടയ്ക്ക്, ജയേഷ് തനിക്ക് ജനിക്കാതെ പോയ മകൻ ആണെന്ന് പറയുകയും തന്റെ പെണ്മക്കൾക്ക് എഴുതുന്ന കത്തുകളിൽ അയാളെ കുറിച്ച് പ്രതിപാദികാനും അവർ മടി കാണിച്ചില്ല. തിരിച്ച്, ചന്തയിൽ നിന്ന് അരിച്ചാക്ക് താങ്ങിക്കൊണ്ട് വരാനും മറ്റും ജയേഷ് സുന്ദരിയമ്മയെ സഹായിച്ചു. സുന്ദരിയമ്മ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ജയേഷിനെ ഒപ്പമിരുത്തി ഊട്ടി. 

jayesh-life

"ഒരർത്ഥത്തിൽ ഞങ്ങൾ രണ്ടാളും അനാഥർ തന്നെയായിരുന്നു. അമ്മയുടെ മക്കളെയെല്ലാം കുറെ ദൂരെക്കാണ് കെട്ടിച്ചയച്ചിരിക്കുന്നത്. ഒറ്റയ്ക്കു താമസിക്കാൻ അമ്മയ്ക്ക് പേടിയുണ്ടായിരുന്നു. ഞാൻ ഉള്ളത് അമ്മയ്ക്ക് വലിയ ആശ്വാസം ആയിരുന്നു," ജയേഷ് പറഞ്ഞു.

ഈ കാലയളവിൽ ജയേഷിന്റെ വളർത്തമ്മ അയാൾക്കായി ഒരു കല്യാണാലോചനയും ഉറപ്പിച്ചിരുന്നു. ഹോട്ടലിൽ ജയേഷ് നൈറ്റ് ഡ്യൂട്ടിയിൽ ജോലി ചെയ്യുന്ന ഒരു ദിവസമാണ് രണ്ട് പേർ ഓടിക്കയറിവന്ന് സുന്ദരിയമ്മയ്ക്ക് വെട്ടേറ്റ വിവരം ഹോട്ടലുടമ ജലീലിനെ അറിയിക്കുന്നത്.

"ഞാനാകെ ഞെട്ടിപ്പോയി.. അമ്മ ചോരയിൽ കുളിച്ച് അനങ്ങാനാകാതെ കിടക്കുന്നത് എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല! ഞാൻ പിന്നെ രണ്ട് ദിവസത്തേക്ക് അവരുടെ വീടിന്റെ ഭാഗത്തേക്ക് ഒന്നും പോയില്ല. ജോലി കഴിഞ്ഞ് ബാക്കിയുള്ള നേരം ടെന്റിലെ കട്ടിലിൽ കിടന്ന് കരഞ്ഞു.." ജയേഷ് പറഞ്ഞു.

തുമ്പില്ലാത്ത കൊലക്കേസ്

കേസിലെ പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നൽകിയ സർക്കിൾ ഇൻസ്‌പെക്ടർ പി. പ്രമോദ്, താൻ ചോദ്യം ചെയ്ത നൂറിൽ കൂടുതൽ പേരുടെ പട്ടികയിൽ ജയേഷിനെ മാത്രം കൃത്യമായി ഓർത്തു വച്ചിരുന്നു. സുന്ദരിയമ്മയെ സംബന്ധിച്ച് മറ്റാരും നൽകാത്ത ചില സുപ്രധാന വിവരങ്ങൾ നൽകിയത് ജയേഷ് അത്രേ. "ജയേഷ് ഒരു സാധുവായ ചെറുപ്പക്കാരൻ ആയിരുന്നെന്നാണ് എനിക്ക് തോന്നിയത്. അയാൾ സുന്ദരിയമ്മയുടെ മരണത്തോടെ ആകെ പതറിപ്പോയൊരുന്നു. ഏറെ വികാരാധീനനായാണ് അയാൾ അന്ന് മൊഴി നൽകിയത്," പ്രമോദ് ഓർക്കുന്നു. 

സുന്ദരിയമ്മയ്ക്ക് ജീവിതത്തിൽ കാര്യമായ ദുഃഖങ്ങൾ എന്തോ ഉണ്ടായിരുന്നു എന്നും അവർ സുരക്ഷിതയല്ല എന്ന തോന്നൽ അവർക്കുണ്ടായിരുന്നു എന്നുമെല്ലാം ജയേഷ് പൊലീസിനോട് പറഞ്ഞു. എന്നിട്ടും കേസിൽ ലോക്കൽ പൊലീസിന് തുമ്പുണ്ടാക്കാൻ കഴിയാതെ സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 

"സംഭവസ്ഥലത്ത് നിന്നും ഒരു വിധം എല്ലാ വിലപ്പെട്ട വസ്തുക്കളും ഞങ്ങൾ കണ്ടെടുത്തിരുന്നു. കൊലയ്ക്ക് ആധാരമായ ഒരൊറ്റ വസ്തു പോലും വിട്ടുപോയിട്ടില്ല എന്ന് ഞാൻ ഉറപ്പ് വരുത്തിയിരുന്നു," പ്രമോദ് ഓർത്തെടുത്തു.

ക്രൈംബ്രാഞ്ചിന്റെ (കു)ബുദ്ധി

2013ലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഇ.പി. പൃഥ്വീരാജൻ ലോക്കൽ പൊലീസ് കണ്ടെടുത്ത ഓരോ വസ്തുവും പുനഃപരിശോധിച്ച്, മൊഴി രേഖപ്പെടുത്തിയ സകല സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്തു. സുന്ദരിയമ്മയുമായി ജയേഷ് പുലർത്തിയ വ്യക്തിബന്ധം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ജയേഷിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. 

sujith
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇ.പി. പൃഥ്വീരാജൻ (വലത്), സിനിമയിൽ ഈ വേഷം ചെയ്ത നടന്‍ സുജിത്ത് ശങ്കർ (ഇടത്)

"ക്രൈംബ്രാഞ്ച് എന്നെ നിരവധി തവണ ചോദ്യം ചെയ്തു. അവർ എന്നെ മർദ്ദിച്ച് അവശനാക്കി. ചോദിച്ച ചോദ്യം തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.." ജയേഷ് ഓർക്കുന്നു - "എനിക്ക് സുന്ദരിയമ്മയുമായി അവിഹിതം ഉണ്ടായിരുന്നില്ലേ എന്നവർ ചോദിച്ചു. ഞാൻ അവരെ അമ്മയെപ്പോലെയാണ് കണ്ടിരുന്നത് എന്നെത്ര പറഞ്ഞിട്ടും അവർ കേട്ടില്ല. കുറെ ഇടിച്ചിട്ടും ഞാൻ പറയാതായപ്പോൾ അവർ പറഞ്ഞ് തന്ന കുറെ വരികൾ ക്യാമറയ്ക്ക് മുന്നിൽ പറയാൻ എന്നെ അവർ നിർബന്ധിച്ചു. സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ പറഞ്ഞുപോയി.." 

കൊലക്കത്തി

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനോട് യോജിക്കുന്ന രീതിയിൽ ഉള്ള ഒരു പുതിയ വെട്ടുകത്തി വാങ്ങി, അതിൽ തന്നെക്കൊണ്ട് മുറുകെ പിടിപ്പിച്ച്, അടുത്തുള്ള ഒരു അമ്പലക്കുളത്തിലേക്ക് ഒരു രാത്രി എറിയുകയായിരുന്നു എന്ന് ജയേഷ് വെളിപ്പെടുത്തി. താൻ ആ കത്തി ഉപയോഗിച്ചാണ് സുന്ദരിയമ്മയെ കൊലപ്പെടുത്തിയത് എന്ന് ജയേഷ്, പൊലീസിന്റെ ഭീഷണിക്ക് വഴങ്ങി വിഡിയോ ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞു.

കൊല നടന്ന രാത്രി സിറ്റി ലൈറ്റ് ഹോട്ടലുടമ ജലീൽ നല്ലപോലെ ഓർക്കുന്നു. "ജയേഷ് ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്നു. അവൻ ഹോട്ടൽ വൃത്തിയാക്കുകയും രാത്രി വരുന്ന കസ്റ്റമേഴ്‌സിനുള്ള കട്ടൻചായ അടിക്കുകയും ആയിരുന്നു. അവനെ പത്ത് വർഷത്തിനു മേലെയായി എനിക്കറിയാം. അവൻ കൊലപാതകമൊന്നും ചെയ്യില്ല എന്ന് എനിക്കറിഞ്ഞുകൂടെ.." ജലീൽ പറഞ്ഞു. 

payyan-movie

എങ്കിലും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രൈംബ്രാഞ്ച് ജലീലിനെക്കൊണ്ട് ജയേഷിനെതിരെ മൊഴി നൽകിച്ചു. ആ മൊഴി പിന്നീട് കോടതിയിൽ എത്തിയപ്പോൾ ജലീൽ മനസ്സാക്ഷിയുടെ പേരിൽ തിരുത്തുകയും ചെയ്തു. 

അനിൽകുമാറിന്റെ യജ്ഞം

സുന്ദരിയമ്മ കൊലക്കേസ് ജയേഷിനെപ്പോലെ മറ്റൊരാൾക്ക് കൂടി അഗ്നിപരീക്ഷയായിരുന്നു - പ്രതിഭാഗം വക്കീൽ എം. അനിൽകുമാറിന്. കോഴിക്കോട്ട്കാരനായ അനിൽ 2002–ലാണ് അഭിഭാഷനായി എൻറോൾ ചെയ്യുന്നത്. കോഴിക്കോട്ടെ പ്രശസ്ത അഭിഭാഷകനായിരുന്ന അഡ്വക്കേറ്റ് ഭാസ്കരൻ നായരുടെ ജൂനിയർ ആയി അനിൽ ജോലിയാരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ഭാസ്കരൻ നായർ മരണപ്പെട്ടു. സ്വന്തമായി പേരെടുക്കുകയല്ലാതെ അനിലിന് വേറെ നിവൃത്തിയും ഇല്ലാതെയായി. 

nimisha-anil
അഭിഭാഷകൻ എം. അനിൽകുമാർ (വലത്), ഇതേ വേഷം സിനിമയിൽ അവതരിപ്പിച്ച നടി നിമിഷ സജയൻ (ഇടത്)

ഒരു ദരിദ്രകുടുംബത്തിലെ അംഗമായ അനിലിന് വീട്ടിൽ അച്ഛനും അമ്മയും മൂന്ന് ഇളയസഹോദരിമാരും ഉണ്ടായിരുന്നു. "അച്ഛന് കള്ളുചെത്ത് ആയിരുന്നു. അമ്മയ്ക്ക് ജോലിയൊന്നും ഇല്ല. പെങ്ങന്മാരെ വിവാഹം ചെയ്ത് അയക്കണമായിരുന്നു.  ലോ കോളജിൽ പഠിക്കുന്ന കാലത്ത് പാൻക്രിയാസിൽ ഒരു അസുഖം വന്നു.  ലേക്‌ഷോർ ആശുപത്രിയിൽ എനിക്കു സർജറി ചെയ്തിരുന്നു.. അതോടെ നാടുമുഴുവൻ കടമായി. പരിചയമുള്ള എല്ലാവരുടെ കൈയിൽ നിന്നും അച്ഛൻ കടം വാങ്ങിയിരുന്നു. എന്നിട്ടും തുച്ഛമായ ദിവസാവരുമാനം വച്ച് എന്റെ ആഗ്രഹത്തിന് നിയമപഠനം പൂർത്തിയാക്കിച്ചു. ഞാൻ എന്നും വീട്ടുകാർക്ക് ഒരു ബാധ്യതയായിരുന്നു. അതുകൊണ്ട് ഒരു കേസെങ്കിലും ജയിച്ച് പേരെടുക്കുക മാത്രമായിരുന്നു എന്റെ മുന്നിലുള്ള വഴി," അനിൽകുമാർ പറയുന്നു. 

കേസൊന്നും ഇല്ലെങ്കിലും എന്നും അനിൽ കോഴിക്കോട് സെഷൻസ് കോടതിയിൽ പോകുമായിരുന്നു. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയിൽ അംഗമായി, പ്രതികൾക്ക് നിയമസഹായം നൽകാനും മറ്റും ആരംഭിച്ചു. ഫീസൊന്നും ലഭിച്ചില്ലെങ്കിലും സുസ്ഥിരമായൊരു ജോലിയിലേക്കുള്ള ചവിട്ടുപാടിയായി അനിൽ അതിനെക്കണ്ടു. 

ഓരോ രണ്ടാഴ്ചയിലും കോടതിയിൽ ഹാജറാക്കപ്പെട്ടിരുന്ന ജയേഷിന്റെ മുഖം അനിൽകുമാർ ശ്രദ്ധിച്ചിരുന്നു. "ഞാനല്ല കൊന്നത്. നുണപരിശോധനാ നടത്തിനോക്ക്.." എന്നെല്ലാം ജയേഷ് കോടതിയിൽ കരഞ്ഞു പറയുമായിരുന്നു. കേസിൽ താത്പര്യം തോന്നി തുടങ്ങിയ സമയത്ത് മജിസ്‌ട്രേറ്റ് റ്റിറ്റി ജോർജ് ആണ് അനിൽകുമാറിനെ ജയേഷിന് നിയമസഹായം നൽകാൻ ചുമതലപ്പെടുത്തിയത്. പക്ഷെ അനിലിന്റെ മുന്നിലുള്ള ദൗത്യം ചെറുതായിരുന്നില്ല. കേസ് ക്രൈംബ്രാഞ്ച് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിയിക്കാൻ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. 

nedumudy
പബ്ലിക് പ്രോസിക്യൂട്ടർ സി. സുഗതൻ (വലത്), സിനിമയിൽ ഈ വേഷം ചെയ്ത നടൻ നെടുമുടി വേണു (ഇടത്)

വാദിഭാഗം അഭിഭാഷകൻ സി സുഗതൻ കോടതിയിൽ ഹാജരാക്കിയ രേഖകളിൽ നിന്നുമാണ് ജയേഷിനെ പ്രസവിച്ചത് ഒരു മുസ്ലിം സ്ത്രീയാണെന്ന് ബോധ്യപ്പെട്ടത്. ജബ്ബാർ എന്നാണ് ശരിയായ നാമം എന്ന് വാദം വന്നപ്പോൾ അതിനെ എതിർക്കാൻ ജയേഷിനോ അനിലിനോ കഴിഞ്ഞില്ല. 

ജയേഷിന് സ്വന്തം വയസ്സ് പോലും കൃത്യമായി അറിയില്ലായിരുന്നു എന്നത് അനിലിനെ കുഴക്കി. പ്രതിയുടെ ചരിത്രം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് 29 വയസ്സ് എന്ന് അനുമാനിച്ചത്. "എന്റെ കക്ഷിക്ക് വാദങ്ങളെക്കാൾ കൂടുതൽ അനിശ്ചിതത്വങ്ങളാണ് ഉണ്ടായിരുന്നത്. നിരപരാധിത്വം പോയിട്ട് സ്വന്തം വ്യക്തിത്വം തെളിയിക്കാൻ പോലും അയാളുടെ കൈയിൽ രേഖകൾ ഉണ്ടായിരുന്നില്ല. ഞാൻ കൊന്നിട്ടില്ല എന്നല്ലാതെ മറ്റൊന്നും ജയേഷിന് പറയാനും ഉണ്ടായിരുന്നില്ല. അതോടെ, ഒരാളുടെ നിരപരാധിത്വം തെളിയിക്കേണ്ട എന്റെ മുന്നിൽ, വാദിഭാഗത്തുള്ള 39 സാക്ഷികളുടെ മൊഴി തെറ്റാണെന്ന് തെളിയിക്കൽ മാത്രമായി ഏക വഴി," അനിൽ പറയുന്നു. 

ഇരട്ടിപ്പണി

തെളിവിനായി അനിൽകുമാർ കേസിലെ എല്ലാ സാക്ഷികളെ കാണുകയും സംഭവം നടന്ന സ്ഥലവും സന്ദർശിക്കുകയുണ്ടായി. കോടതിമുറിയിൽ സാക്ഷികളെ മണിക്കൂറുകളോളം ക്രോസ്‌വിസ്താരം ചെയ്തു. പലപ്പോഴും പതറിപ്പോയെങ്കിലും ഓരോ സാക്ഷിമൊഴികളായി അനിൽകുമാർ പൊളിച്ചു. "എന്റെ കരിയറിലെ തന്നെ ഏറ്റവും നീണ്ട വിസ്താരമായിരുന്നു ഫോറൻസിക് സർജൻ ഡോക്ക്റ്റർ കൃഷ്ണകുമാറുമായുള്ളത്. ഒന്നര മണിക്കൂറോളം ചോദ്യങ്ങൾ തിരിച്ചും മറിച്ചും പലയാവർത്തി ചോദിച്ച്, ഡോക്ക്ടറെക്കൊണ്ട് രേഖപ്പെടുത്തിയ മൊഴി തിരുത്തിപ്പറയിച്ചു," ഒരു ചിരിയോടെ അനിൽകുമാർ ഓർത്തെടുത്തു. 

ലോക്കൽ പൊലീസ് സുന്ദരിയമ്മയുടെ വീട്ടിൽ നിന്നും  കണ്ടെടുത്തതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള സ്വർണാഭരണങ്ങളും പേഴ്‌സും എങ്ങനെ ക്രൈംബ്രാഞ്ച് ജയേഷിന്റെ അലമാരയിൽ നിന്ന് വീണ്ടും കണ്ടെടുത്തു എന്നതായിരുന്നു അനിൽ ഉന്നയിച്ച സുപ്രധാനചോദ്യം. പ്രാഥമിക അന്വേഷണം നടത്തിയ സിഐ പി പ്രമോദിന്റെ സഹായത്തോടെ അനിൽ ക്രൈംബ്രാഞ്ച് വാദം തെറ്റെന്ന് തെളിയിച്ചു. താൻ തെളിക്കാൻ സാധിക്കാതെ വിട്ട കേസ് ക്രൈംബ്രാഞ്ച് നിമിഷനേരം കൊണ്ട് തെളിയിച്ച് ലോക്കൽ പൊലീസിന്റെ കഴിവിനെ ചോദ്യം ചെയ്ത സാഹചര്യത്തിൽ, പ്രമോദ് അനിൽകുമാറിന് സകല സഹകരണവും വാഗ്ദാനം ചെയ്തു. ആഭരണങ്ങൾ താൻ സുന്ദരിയമ്മയുടെ വീട്ടിൽ നിന്നും തന്നെയാണ് കണ്ടെടുത്തത് എന്ന് കോടതിയിൽ ഉറപ്പിച്ച് പറഞ്ഞു. കൂടാതെ, തന്റെ തൊഴിലാളിയോട് കാണിച്ച അപമര്യാദയിൽ പശ്ചാത്തപിച്ച ജലീൽ, സംഭവസമയത്ത് ജയേഷ് തന്റെ കൂടെ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നും മൊഴി തിരുത്തി. 

judge
സ്പെഷൽ ജഡ്ജ് എസ്‍.കൃഷ്ണകുമാർ (വലത്), സിനിമയിൽ ജഡ്ജിയായി വേഷമിട്ട നടൻ സുരേഷ് കുമാർ (ഇടത്)

"കൊലക്കത്തിയിന്മേൽ ചോരക്കറ ഇല്ലായിരുന്നുവെന്നും ഹാജരാക്കിയിരിക്കുന്നത് ഒന്നര വർഷം പഴക്കമുള്ള കത്തി അല്ലെന്നും കെമിക്കൽ എക്‌സാമിനർ കോടതിയിൽ സമ്മതിച്ചു. ഇതോടെ ക്രൈംബ്രാഞ്ച് ഒരുക്കിയത് കൃത്രിമമായ തിരക്കഥയാണെന്ന എന്റെ വാദം കോടതിയ്ക്ക് വിശ്വാസമായി. ജയേഷ് നിരപരാധിയാണെന്ന് ഞാൻ ഒരിക്കലും വാദിച്ചില്ല. പകരം സാക്ഷിമൊഴികൾ എല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ചെയ്തത്," അനിൽ കൂട്ടിച്ചേർത്തു. 

അങ്ങനെ, 2014 ഒക്ടോബർ 14നു മാറാട് സെഷൻസ് കോർട്ട് സ്‌പെഷൽ ജഡ്ജ് എസ്. കൃഷ്ണകുമാർ, മതിയായ തെളിവുകളുടെ അസാനിധ്യത്തിൽ ജയേഷിനെ വെറുതെ വിട്ടു. ക്രൈംബ്രാഞ്ചിന്റെ കള്ളക്കളിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കോടതി, അന്വേഷണഉദ്യോഗസ്ഥനിൽ നിന്നും ഒരുലക്ഷം രൂപ പിഴ ഈടാക്കി ആ തുക ജയേഷിന് നഷ്ടപരിഹാരമായി നൽകാനും വിധിച്ചു. 

വാദിഭാഗം വക്കീലിന്റെ സീനിയോറിറ്റി

വാദിഭാഗം അഭിഭാഷകൻ സി. സുഗതൻ ഈ കേസിൽ വല്ലാത്ത ആത്മവിശ്വാസം പുലർത്തിയിരുന്നു. കേസിൽ ഉണ്ടാകുന്ന ഓരോ പുരോഗതിയും അദ്ദേഹം മാധ്യമങ്ങളെ തെര്യപ്പെടുത്തുകയും കേസ് ജനശ്രദ്ധയിൽ പിടിച്ച് നിർത്തുകയും ചെയ്തിരുന്നു. 

"എനിക്കാണെങ്കിൽ ക്യാമറ കാണുന്നതെ പേടിയാണ്. അതുകൊണ്ടാണ് വിധി വരുന്ന ദിവസം സ്‌കൂട്ടർ ഓടിച്ച് കോടതിയിൽ എത്തിയ ഞാൻ, അവിടെ തടിച്ചുകൂടിയ മാധ്യമപ്പടയെ കണ്ടപ്പോൾ സ്‌കൂട്ടർ പുറമെ പാർക്ക് ചെയ്ത് കോട്ട് മടക്കിക്കുത്തി കോടതിയുടെ പിന്നിലെ മതിൽ ചാടി അകത്ത് കടന്നത്. കേസ് ഫയലുകൾ കൊണ്ട് മുഖം മറച്ച് ഒരു കണക്കിന് അകത്തെത്തിയത് എങ്ങനെയെന്ന് എനിക്ക് മാത്രം അറിയാം," അനിൽകുമാർ ഒരു ചിരിയോടെ ഓർത്തെടുക്കുന്നു.

ആദ്യം വിളിച്ചത് ജയേഷിന്റെ കേസാണ്. വളരെ ചുരുക്കത്തിൽ വിധി പറഞ്ഞവസാനിപ്പിച്ച മജിസ്‌ട്രേറ്റ് വിധിയുടെ പകർപ്പ് ക്ലെറിക്കൽ സ്റ്റാഫിന് കൈമാറി. "ഒരു കൂട്ടം ആളുകൾ പിന്നിൽ കയ്യടിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. പേടിച്ച് വിറച്ച് ഇരിക്കുന്ന എനിക്ക് ഞാൻ കേസ് ജയിച്ചെന്ന് പറഞ്ഞ് തന്നത് ഒരു സുഹൃത്താണ്. പിന്നെയും കുറെ സമയം അവിടെ തരിച്ചിരുന്ന ശേഷമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്ക് കൈവന്നത്," അനിൽ പറഞ്ഞു. 

anilkumar
ജയേഷിനെ വെറുതെ വിട്ടുവെന്ന കോടതി വിധി വന്നതിനു ശേഷം മാധ്യമങ്ങളെ കാണുന്ന അഭിഭാഷകൻ എം. അനിൽകുമാർ

ഇപ്പോൾ വളാഞ്ചേരി സിഐ ആയി സേവനമനുഷ്ഠിക്കുന്ന പ്രമോദ് ഈ വിധിയെ വൈകിയെത്തിയ നീതിയായി കാണുന്നു. "എത്ര കാലം സത്യമൊളിച്ച് വെയ്ക്കാൻ സാധിക്കും? എന്റെ ജൂറിസ്ഡിക്ഷനിൽ ഇന്നും തെളിയാത്ത കിടക്കുന്ന കേസാണ് സുന്ദരിയമ്മ കൊലക്കേസ്. തെറ്റായി കേസൊതുക്കുന്നതിലും ഭേദം അത് തെളിയാത്തതു തന്നെയാണ്," പ്രമോദ് പറയുന്നു.

പക്ഷെ ഇന്ന് കോഴിക്കോട് നോർത്തിൽ എസിപിയായ ഡിവൈഎസ്പി ഇപി പൃഥ്വീരാജൻ താൻ തയാറാക്കിയ കുറ്റപത്രത്തിൽ ഇന്നും ഉറച്ച് നിൽക്കുന്നു. "കേസിലെ വിധിയ്‌ക്കെതിരെ ഞാൻ അപ്പീൽ പോയിട്ടുണ്ട്. ഡിപ്പാർട്മെന്റിൽ മുഖച്ഛായ തകർത്ത ഒരു കേസാണ് ഇത്. തർക്കത്തിലുള്ള വിധിയോട് കൂടിയ ഒരു കേസിനെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനില്ല," പൃഥ്വീരാജൻ ഓൺമനോരമയോട് പറഞ്ഞു. 

ജയേഷിന്റെ വിധി

ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയുടെ ഒടുക്കം നായകനായ അജയൻ കുറ്റവിമുക്തനായി തിരിച്ചെത്തുമ്പോൾ അയാളുടെ കാമുകിയും ഹോട്ടലുടമയും സുഹൃത്തുക്കളുമെല്ലാം അയാളെ സ്വീകരിച്ച് ചേർത്തു നിർത്തുന്നുണ്ട്. നിർഭാഗ്യവശാൽ അജയന് ലഭിച്ച ഈ കാവ്യനീതി യഥാർത്ഥ ജീവിതത്തിൽ ജയേഷിന് കൈവന്നില്ല. കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ജയേഷിനെ പരിചയക്കാർ എല്ലാം ആട്ടിയോടിക്കുകയാണ് ഉണ്ടായത്. 

"ആദ്യം ഞാൻ സുമതിയമ്മയുടെ അടുത്തേക്കാണ് പോയത്. ഒന്നരക്കൊള്ളത്തോളം ഞാൻ അനുഭവിച്ച പീഡനം എനിക്ക് അമ്മയോട് തുറന്ന് പറഞ്ഞ് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. പക്ഷെ അമ്മ എന്നെ സ്വീകരിച്ചില്ല. എന്നെ വീടിനകത്ത് കയറാൻ പോലും അനുവദിച്ചില്ല. പിന്നെ ഞാൻ പോയത് ഹോട്ടലിലേക്കാണ്. അവിടെയും ആരും എന്നെ അടുപ്പിച്ചില്ല. കോഴിക്കോട്ടെ ഒരു ഹോട്ടലുടമയും എനിക്ക് ജോലി തരാൻ പോലും തയാറായില്ല. തുടർന്നുള്ള കുറെ ദിവസങ്ങൾ ഞാൻ കടത്തിണ്ണയിലും പെരുവഴിയിലുമാണ് ചെലവഴിച്ചത്," ജയേഷ് കണ്ണീരോടെ ഓർക്കുന്നു. 

ജയേഷിന്റെ നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങിയിരുന്നു. അയാൾക്ക് ഇന്നൊരു സ്ഥിരവരുമാനമോ താമസസ്ഥലമോ ഇല്ല. കൂടാതെ നാട്ടിൽ നടക്കുന്ന സകല പെറ്റിക്കേസുകളിലും പൊലീസ് ജയേഷിനെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്യും. 

tovino-kuprasidha-payyan-scene

"ഒരിക്കൽ ഒരു കല്യാണവീട്ടിൽ നിന്ന് സ്വർണം കളവ് പോയ കേസിൽ എന്നെ അറസ്റ്റ് ചെയ്ത് വീണ്ടും സെഷൻസ് കോടതിയിൽ ഹാജരാക്കി. പിന്നീട് പരാതിക്കാരൻ സ്വർണം കിട്ടിയെന്ന് പറഞ്ഞ് കേസ് പിൻവലിച്ചു. ഒരിക്കൽ കുറ്റക്കാരൻ ആയിക്കണ്ടാൽ എന്നും നമ്മളെ ആളുകൾ കുറ്റക്കാരൻ ആയേ കാണു. ഇനിയൊരു ചെറുപ്പക്കാരനും എന്റെ വിധി വരരുതെ എന്നെ എനിക്ക് പ്രാർഥനയേയുള്ളൂ," ജയേഷ് പറഞ്ഞു. 

ഇപ്പോൾ ജയേഷ് കോഴിക്കോട് ഗുദാം ഹോട്ടലിൽ വെയ്റ്റർ ആണ്. നല്ലൊരു ജോലിയും സമാധാനപരമായ ഒരു കുടുംബജീവിതവും അയാൾ സ്വപ്നം കാണുന്നു.  അതേ സമയം, ഈ ഒരൊറ്റ കേസ് കൊണ്ട് പേരെടുത്ത അഡ്വക്കേറ്റ് അനിൽകുമാർ ഇന്ന് കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ആണ്. സഹപ്രവർത്തകയായ ക്രിമിനൽ അഭിഭാഷകയെ തന്നെ വിവാഹം ചെയ്ത  അനിൽ, സഹധർമിണിയോടൊപ്പം കോഴിക്കോട് ലീഗൽ കൺസൾട്ടൻസി ഓഫീസ് നടത്തുന്നു. 

(സുന്ദരിയമ്മയുടെ പെണ്മക്കളുമായി ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതികമായ കാരണങ്ങൾ മൂലം സാധിച്ചില്ല.) Read in English

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA