ഈ.മ.യൗ. മലയാളത്തിന്റെ അഭിമാനം: ദിലീഷ് പോത്തൻ പറയുന്നു

dileesh
SHARE

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്കാര നിറവിൽ നിൽക്കുമ്പോൾ അവർക്കൊപ്പം ആഹ്ലാദം പങ്കു വയ്ക്കുകയാണ് സംവിധായകനും അഭിനേതാവുമായ ദിലീഷ് പോത്തൻ. ഈ.മ.യൗവിലെ വികാരിയായ ഫാദർ സക്കറിയ പാറപ്പുറത്തെ ഏറ്റവും തന്മയത്തോടെ അവതരിപ്പിച്ച് ചെമ്പൻ വിനോദിന്റെ ഈശിയ്ക്കൊപ്പം കട്ടയ്ക്കു നിന്ന ദിലീഷ് പോത്തന്, സുഹൃത്തുക്കളുടെ പുരസ്കാരലബ്ധി അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ് സമ്മാനിച്ചത്. 'കൂടുതൽ മികച്ച സിനിമകൾ ഉണ്ടാകുന്നതിന് ഈ സിനിമയും പുരസ്കാരവും പ്രചോദനമാകും,' ദിലീഷ് പോത്തൻ പറയുന്നു. 

ലിജോയുടെ മികച്ച സിനിമ

"ഞാൻ അഭിനയിച്ചോ ഇല്ലയോ എന്നതല്ല, ഈ.മ.യൗ പോലുള്ള സിനിമ മലയാളത്തിൽ വന്നതിൽ അഭിമാനം ഉള്ള വ്യക്തിയാണ് ഞാൻ. ഒരു മലയാളി എന്ന നിലയിലും ഒരു ചലച്ചിത്രകാരൻ എന്ന നിലയിലും അക്കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. ആ സിനിമ സ്ക്രീനിൽ കണ്ടപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച സിനിമയായിട്ടു തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതു തന്നെ തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്. വളരെ രസകരമായ അനുഭവമായിരുന്നു ചിത്രവും അതിന്റെ ചിത്രീകരണവും. പി.എഫ് മാത്യൂസ് സാറിന്റെ തിരക്കഥയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും വലിയൊരു ഭാഗ്യമാണ്. അതിനേക്കാളുപരി, ലിജോയുടെ മികച്ച സിനിമ എന്നതാണ് ഏറെ സന്തോഷവും അഭിമാനവും സമ്മാനിക്കുന്നത്," ദിലീഷ് പോത്തൻ പറഞ്ഞു. 

സൗഹൃദത്തിന്റെ വൈബ്

"ചെമ്പൻ വിനോദുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ ഏറെ ആസ്വദിച്ചാണ് പൂർത്തിയാക്കിയത്. ഞങ്ങളുടെ സൗഹൃദം അഭിനയത്തെ എളുപ്പമാക്കി. പരസ്പരം ഓരോ കാര്യങ്ങളും കൈമാറുന്നതിന് സൗഹൃദം സഹായിച്ചു. കഥാപാത്രങ്ങളായി നിൽക്കുമ്പോഴും അത് സഹായകരമായിരുന്നു. ഞങ്ങളുടെ കോമ്പിനേഷനിൽ അത്തരമൊരു വൈബ് ഉണ്ടായിരുന്നു എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്." ദിലീഷ് പോത്തൻ ഓർത്തെടുത്തു. 

നന്നായി എഴുതപ്പെട്ട കഥാപാത്രം

"നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങളായിരുന്നു എല്ലാം. നന്നായി എഴുതപ്പെടുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാനും എളുപ്പമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നു എനിക്കു തോന്നിയിട്ടില്ല. ഈ.മ.യൗവിലെ വികാരിയച്ചനൊക്കെ നന്നായി എഴുതി വയ്ക്കപ്പെട്ട ഒരു കഥാപാത്രമാണ്. ലിജോയും ചെമ്പനും ഷൈജു ഖാലിദും വിനായകനും ഒക്കെ ചേർന്നുള്ള ഒരു കൂട്ടായ്മയോടൊപ്പം പ്രവർത്തിക്കുമ്പോൾ വളരെ എളുപ്പമായിരുന്നു," ദിലീഷ് പറഞ്ഞു. 

ലിജോയ്ക്കൊപ്പം ആദ്യം

ആദ്യമായാണ് ഞാൻ ലിജോയുടെ സിനിമയിൽ അഭിനയിക്കുന്നത്. ഞങ്ങൾ ഒരേ കാലത്ത് സിനിമയിൽ പ്രവർത്തിച്ചു തുടങ്ങിയവരാണ്. എനിക്ക് ലിജോയുടെ വർക്ക് പാറ്റേൺ ഒരു സംവിധായകൻ എന്ന നിലയിൽ അടുത്തു നിന്നു നോക്കിക്കാണാൻ സാധിച്ചു. അതെല്ലാം സിനിമയുടെ രസമുള്ള അനുഭവങ്ങളാണ്, ദിലീഷ് പോത്തൻ പറഞ്ഞു നിറുത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA