ഒരേ സമയം മനുഷ്യനും മൃഗവുമാകുന്നവൻ: ഒടിയനെക്കുറിച്ച് വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ

odiyan-shrikumar-1
SHARE

മലയാളിപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. കാത്തിരിപ്പിനു വിരാമമിട്ട് ഒടിവിദ്യകൾ കാട്ടാൻ ഒടിയൻ നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാലും മഞ്ജുവാര്യരും പ്രകാശ്‌രാജും ഒന്നിക്കുന്ന ചിത്രം ഇതിനോടകം നൂറുകോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞുവെന്നാണ് സംവിധായകന്‍റെ അവകാശവാദം. ചിത്രത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളും സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ പങ്കുവെക്കുന്നു.

ഈ അടുത്തകാലത്തൊന്നും പ്രേക്ഷകർ ഒരു ചിത്രത്തിനായി ഇത്രയേറെ കാത്തിരുന്നിട്ടില്ല. സംവിധായകൻ എന്ന നിലയിൽ താങ്കളുടെ പ്രതീക്ഷൾ എന്തെല്ലാമാണ്?

ഒടിയനെക്കുറിച്ച് എനിക്ക് ഒരുപാടു പ്രതീക്ഷകളുണ്ട്. ഒടിയൻ ഒരേസമയം സ്വപ്നവും ദുഃസ്വപ്നവുമാണ്. പ്രതിഭയുള്ള അഭിനേതാക്കളുടെ സംഗമമാണ് ഒടിയൻ. അതുകൊണ്ട് പ്രേക്ഷകർക്ക് ഒരുപാടു പ്രതീക്ഷയുണ്ടാകും. അതു സഫലീകരിക്കാൻ പറ്റുമോയെന്ന ആകാംക്ഷയുണ്ട്. എന്റെ കഴിവിന്റെ പരമാവധി സിനിമ മനോഹരമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ബാക്കിയൊക്കെ ജനങ്ങൾ വിധിയെഴുതട്ടെ.

പാലക്കാടൻ ഗ്രാമങ്ങളിലുള്ള ഒടിയൻ എന്ന മിത്തിനെ പൂർണമായും ആശ്രയിച്ചാണോ സിനിമ?

ഒടിയന്റെ വകഭേദമായ മാടൻ, മറുത തുടങ്ങിയവയെക്കുറിച്ചുള്ള കഥകൾ മധ്യകേരളത്തിലും കോട്ടയം ഭാഗങ്ങളിലുമൊക്കെ സുലഭമായിട്ടുണ്ട്. ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചും ഇത്തരം കഥാപാത്രങ്ങളുണ്ടെന്ന് സിനിമയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചു. ഒടിയൻ എന്ന പ്രത്യേകവിഭാഗത്തെക്കുറിച്ചുള്ള കഥകൾ കൂടുതൽ പ്രചാരത്തിലുള്ളത് പാലക്കാടിന്റെ കിഴക്കൻ ഭാഗങ്ങളിലാണ്. കൊല്ലങ്കോട്, ആലത്തൂർ തുടങ്ങിയ മേഖലകളിൽ മുത്തശ്ശിക്കഥകളിലെ സ്ഥിരം കഥാപാത്രമാണ് ഒടിയൻ.

എന്റെ കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോഴൊക്കെ അമ്മ ഒടിയൻ പിടിക്കാൻ വരുമെന്നു പറഞ്ഞ് ഭയപ്പെടുത്താറുണ്ടായിരുന്നു. സിനിമയുടെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്റെയും സ്വദേശം പാലക്കാടാണ്. അദ്ദേഹത്തിനും ഒടിയൻ എന്ന മിത്ത് ഏറെ സുപരിചിതമാണ്. ഞങ്ങൾ രണ്ടുപേരും കേട്ടു വളർന്ന കഥകളിൽ നിന്നാണ് ഒടിയൻ ഉണ്ടാകുന്നത്. എന്നാൽ കേവലം കെട്ടുകഥയെ മാത്രം ആശ്രയിച്ചല്ല സിനിമയെടുത്തിരിക്കുന്നത്. അതിൽനിന്നു യുക്തിപരമായ ആശയങ്ങൾക്കൂടി കണ്ടെടുത്താണ് ഒടിയൻ എടുത്തിരിക്കുന്നത്. മൃഗരൂപം ധരിക്കാൻ സാധിക്കുന്ന മനുഷ്യരാണ് ഒടിയന്മാർ എന്നാണ് പഴങ്കഥകൾ. ഈ രംഗങ്ങൾ ചിത്രീകരിക്കാൻ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ട്. സിനിമയിൽ അറുപതു ശതമാനം ഗ്രാഫിക്സുണ്ട്. എന്നാൽ അതൊരിക്കലും കഥയിൽ മുഴച്ചുനിൽക്കുന്നതായിരിക്കില്ല. കഥയും ഗ്രാഫിക്സും ഇഴചേർന്നാണ് മുന്നോട്ടു പോകുന്നത്.

odiyan-shrikumar-hari

ആദ്യമായാണ് മോഹൻലാൽ ഒരു സിനിമയ്ക്കുവേണ്ടി ശരീരഭാരം കുറയ്ക്കുന്നത്. അതിനെക്കുറിച്ച്?

മോഹൻലാലിന്റെ അഭിനയജീവിതത്തിൽ ഇന്നേവരെ ഒരു കഥാപാത്രത്തിനുവേണ്ടി ഇത്രയേറെ ശാരീരികമാറ്റം വരുത്തിയിട്ടില്ല. സംവിധായകൻ എന്ന നിലയിൽ എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ് ഒടിയനിലെ ഈ പരിണാമം. അദ്ദേഹത്തോടു കഥ പറയുന്ന സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു ഒടിയൻ മാണിക്യന്റെ ചെറുപ്പത്തെക്കുറിച്ച് എന്റെ മനസ്സിൽ ഈ രൂപമാണെന്ന്. ഒരു സ്കെച്ച് അദ്ദേഹത്തെ കാണിച്ചിരുന്നു. അതുകണ്ടിട്ട് അദ്ദേഹം തന്നെയാണ് എന്നാൽപ്പിന്നെ ഈ രീതിയിൽ ആകാമെന്നു പറയുന്നത്. തടി കുറയ്ക്കുന്നതിനെക്കുറിച്ച് തർക്കമോ വാഗ്വാദമോ ഒന്നും നടന്നിട്ടില്ല.

ഒരു അഭിനേതാവ് എന്ന നിലയിൽ 200 ശതമാനം ആത്മാർഥതയാണ് അദ്ദേഹം പുലർത്തിയത്. ഒടിയൻ മാണിക്യൻ ഒരു കായികതാരത്തിന്റെ അത്രയും കായികക്ഷമതയുള്ള വ്യക്തിയാണ്. ആ കഥാപാത്രത്തിന്റെ മുപ്പതുകളിലാണ് അയാൾ കൂടുതൽ ഒടിവിദ്യകൾ കാണിക്കുന്നത്. ആ സമയത്ത് ഓട്ടവും ചാട്ടവുമൊക്കെ അനിവാര്യമാണ്. അത്തരമൊരു ശാരീരിക അവസ്ഥയിലേക്കു മാറാൻ മോഹൻലാൽ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ട്രെയിനറെ കണ്ടെത്തിയത്. ഈ രൂപമാറ്റപ്രക്രിയയിൽ ഒരുപാടു വേദനകളും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. പക്ഷേ അപ്പോഴൊന്നും ഇടയ്ക്കുവെച്ച് ഉദ്യമം ഉപേക്ഷിക്കാതെ അദ്ദേഹം ഒപ്പം നിന്നു. ഭക്ഷണനിയന്ത്രണമൊക്കെ വളരെ കൃത്യമായിട്ടാണ് അദ്ദേഹം പാലിച്ചത്.

odiyan-wriyer-harkrishnan-3

സിനിമ ഇപ്പോൾത്തന്നെ 100 കോടി ക്ലബിൽ കയറി എന്നു പറയുന്നത് വിശ്വസിക്കാൻ മടിക്കുന്നവരുണ്ട്?

ഈ സമയത്ത് 100 കോടി ക്ലബ് എന്ന നേട്ടത്തിൽ അവിശ്വാസവും സംശയവും പ്രകടിപ്പിക്കുകയല്ല, പകരം, സന്തോഷിക്കുകയാണു വേണ്ടത്. മലയാളഭാഷയ്ക്കും മലയാളസിനിമയ്ക്കും കിട്ടുന്ന അംഗീകാരമാണിത്. ജിസിസി രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം റിലീസിന്റെ അന്നുതന്നെ എത്തുന്നത്. രജനീകാന്തിന്റെ 2.0യ്ക്ക് പോലും കിട്ടാത്ത നേട്ടമാണത്. 35 ഓളം രാജ്യങ്ങളിലാണ് ഒടിയൻ ഒരേ ദിവസം റിലീസ് ചെയ്യുന്നത്; അതും മലയാളത്തിൽത്തന്നെ.

ഇംഗ്ലിഷ് സബ്ടൈറ്റിലോടെ ഒരു മലയാളസിനിമ ഇംഗ്ലണ്ടിൽ പ്രദർശിപ്പിക്കുന്നത് ആദ്യമായാണ്. അവിടെയെല്ലാം ആദ്യദിവസം ബുക്കിങ്ങായിക്കഴിഞ്ഞു. അപ്പോൾപ്പിന്നെ 100 കോടി ക്ലബിൽ കയറി എന്നുപറയുന്നതിൽ എന്തിനാണ് സംശയം പ്രകടിപ്പിക്കുന്നത്? സിനിമയുടെ റീമേയ്ക്ക്, സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയിൽ നിന്നുള്ള വരുമാനവുമുണ്ട്. ഒടിയനിലൂടെ പുതിയൊരു മാർക്കറ്റാണ് മലയാളസിനിമയ്ക്കു ലഭിക്കുന്നത്. മലയാളത്തിൽ ഇത്തരം ബിഗ്ബജറ്റ് ചിത്രങ്ങൾ ഇറക്കാൻ നിർമാതാക്കളും സംവിധായകരും വരുംകാലങ്ങളിൽ തയാറാകും.

പരസ്യരംഗത്തെ അനുഭവപരിചയം എത്രമാത്രം സഹായകമായി?

odiyan-mohanlal-latest-2

പരസ്യചിത്രീകരണത്തിന്റെ ഭാഗമായി നേരത്തെതന്നെ ഒടിയനിലെ താരങ്ങളുമായി സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് അപരിചിതത്വം തോന്നിയിട്ടില്ല. എങ്കിലും ഇത്രയും നീണ്ടകാലം ഇതാദ്യമായിട്ടാണ്. മോഹൻലാലിനൊപ്പം തന്നെ 200 ൽ അധികം ദിവസങ്ങളാണ് സഹകരിച്ചത്. വലിയ താരങ്ങളുമായി ഇടപഴകുന്നതിൽ പരസ്യരംഗത്തെ അനുഭവപരിചയം സഹായിച്ചിട്ടുണ്ട്. സംവിധായകനായെങ്കിലും ഇപ്പോഴും പരസ്യരംഗത്തുനിന്നു മാറിയെന്ന തോന്നൽ വന്നിട്ടില്ല. സിനിമയുടെ സംവിധാനജോലികൾ അവസാനിച്ച ശേഷം പ്രമോഷൻ ജോലികൾക്കായി ഞാൻ തന്നെയാണ് ഇറങ്ങിയത്. പരസ്യരംഗത്തെ അനുഭവം ഇതിനേറെ ഗുണം ചെയ്തിട്ടുണ്ട്.

ഇരുവറിന് ശേഷം മോഹൻലാലും പ്രകാശ്‌രാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ. അതിനെക്കുറിച്ച്?

ഇരുപത്, ഇരുപത്തിയൊന്ന് വർഷങ്ങൾക്കു ശേഷമാണ് ഈ രണ്ടു താരങ്ങളും ഒന്നിക്കുന്നത്. ഇരുവരെയും വീണ്ടും ഒരേ സ്ക്രീനിൽ കൊണ്ടുവരാൻ സാധിച്ചതും എന്റെ വലിയൊരു ഭാഗ്യമായാണ് കണക്കാക്കുന്നത്. ഒരു സന്ധ്യാനേരത്താണ് ഇരുവരും ഒരുമിക്കുന്ന ആദ്യ ഷോട്ട് ചിത്രീകരിച്ചത്. സിനിമയെക്കുറിച്ച് പ്രകാശ്‌രാജിനോടു പറഞ്ഞപ്പോൾ അദ്ദേഹവും ഏറെ ആവേശത്തോടെയാണു സ്വീകരിച്ചത്.

odiyan-movie-manju

മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം അദ്ദേഹത്തിനും ഉണ്ടായിരുന്നു. ഒടിയനിലെ വില്ലൻ അതിശക്തനാണ്. ഒരു ഹീറോ സൂപ്പർ ഹീറോയാകുന്നത് വില്ലൻ കൂടുതൽ ശക്തനാകുമ്പോഴാണ്. അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ എന്തുകൊണ്ടും യോജിച്ചത് പ്രകാശ് രാജ് തന്നെയാണ്. സഹഅഭിനേതാവ് നന്നായി അഭിനയിച്ചാൽ അതിൽ ഒരുപടി മുന്നിൽ നിൽക്കാൻ പരിശ്രമിക്കുന്ന അഭിനേതാവാണ് മോഹൻലാൽ. പ്രകാശ്‌രാജ് വില്ലനായി എത്തിയപ്പോൾ ആ കൊടുക്കൽവാങ്ങൽ കൂടുതൽ നന്നാകുകയാണ് ചെയ്തത്.

ശബ്ദസാന്നിധ്യമായി മമ്മൂട്ടി ഒടിയനിൽ എത്തുന്നത് എങ്ങനെയാണ്?

ഒടിയനെ പ്രേക്ഷകർക്കു പരിചയപ്പെടുത്താൻ മമ്മൂട്ടിയോളം ശബ്ദഗാംഭീര്യമുള്ള അഭിനേതാവില്ല. അദ്ദേഹത്തിന്റെ ഡബ്ബിങ്ങിനുള്ള കഴിവിനെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണല്ലോ. ഒടിയനെക്കുറിച്ച് മറ്റാരു വിവരണം നൽകിയാലും മമ്മൂട്ടിയുടെ അത്ര നന്നാകില്ല. ഈ വിഷയം അദ്ദേഹത്തോടു പറഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം തയാറായത്.

പഴയ മഞ്ജു വാരിയരെ വീണ്ടും കാണാനുള്ള അവസരം കൂടിയാണോ ഒടിയൻ?

മഞ്ജു വാരിയരെ വീണ്ടും സിനിമയിലേക്കു കൊണ്ടുവന്ന ക്രെഡിറ്റിനൊപ്പം, തിരിച്ചുവരവിൽ മഞ്ജുവിന് ഏറ്റവും മികച്ച കഥാപാത്രത്തെ നൽകിയെന്ന ക്രെഡിറ്റും ഞാൻ എടുക്കുകയാണ്. മഞ്ജുവിന്റെ തിരിച്ചുവരവിൽ എല്ലാവരും ചോദിക്കുന്ന കാര്യമാണ് പഴയ മഞ്ജുവാര്യർ എവിടെയെന്ന്? പണ്ട് മഞ്ജു അഭിനയിച്ച കഥാപാത്രങ്ങൾ അത്രമേൽ ആഴത്തിലുള്ളവയായിരുന്നു. തിരിച്ചുവരവിൽ കന്മദം പോലെയോ കണ്ണെഴുതി പൊട്ടും തൊട്ട് പോലെയോ ഒരു വേഷം മഞ്ജുവിന് ലഭിച്ചിട്ടില്ല. ആ കുറവ് നികത്തുന്നതായിരിക്കും ഒടിയൻ. പ്രഭ എന്ന കഥാപാത്രം ഉറപ്പായും പഴയ മഞ്ജുവിന്റെ തിരിച്ചുവരവു കൂടിയായിരിക്കും.

odiyan
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA