‘പ്രേമമെന്ന വാക്ക് മിണ്ടിയതിന് അച്ഛൻ കൽപന ചേച്ചിയെ അടിച്ചു: വായിൽ നിന്ന് ചോര വന്നു’

SHARE

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നായകന്മാർക്ക് അന്നും ഇന്നും മലയാളസിനിമയിൽ ദൗർലഭ്യമില്ല. എന്നാൽ ഫലിതം നന്നായി കൈകാര്യം ചെയ്യുന്ന നായികമാർ മലയാളത്തിൽ കുറവാണ്. പക്ഷേ ഒരുകാലത്ത് ആ വാദത്തിന് ആക്ഷേപമായിരുന്നു ഉർവശി എന്ന നടി. സൗന്ദര്യത്തെക്കാളുപരി തന്റെ അഭിനയശേഷി കൊണ്ട് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ ഉർവശിയും മലയാളികളുടെ പ്രിയപ്പെട്ട ‘സൂപ്പർമാൻ’ യുവതാരം ടൊവീനോ തോമസും ഒരുമിച്ചഭിനയിക്കുന്ന സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ഒരുമിച്ചുള്ള സിനിമയുടെ വിശേഷങ്ങൾ പങ്കു വയ്ക്കാൻ ഇരുവരും ഒന്നിച്ചപ്പോൾ പിറന്നത് രണ്ടു തലമുറകൾ സംഗമിക്കുന്ന തമാശകളുടെ പുതിയ ഏട്.  

ഉർവശി: അച്ചുവിന്റെ അമ്മയിലേതു പോലെയുള്ള അമ്മ കഥാപാത്രങ്ങൾ കുറച്ചെണ്ണം ചെയ്തു. പക്ഷേ ഇങ്ങനെയൊരു ഉമ്മ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി. അങ്ങനത്തെ ഒരു ഉമ്മയാണ് ഇൗ സിനിമയിലെ ഉമ്മ. അമ്മയെ അന്വേഷിച്ചു നടക്കുന്ന ഒരു മകൻ ആ മകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അമ്മ. ടൊവിനോയുടെ ഏറ്റവും വ്യത്യസ്തമായ ഒരു സിനിമ ആയിരിക്കും . കായികബലമുള്ള കഥാപാത്രം ചെയ്യുന്ന ഒരു ആളിന്റെ  രൂപമാണ് ടൊവീനോയ്ക്ക്. പക്ഷേ എന്റെ കൂടെ അഭിനയിച്ച ടൊവിനോ തോമസിന് 15 വയസ്സേ ഉള്ളൂ. ടൊവീനോയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ഇത്. 

ടൊവീനോ: ഞാൻ സീനിയറായിട്ടുള്ള ആളുകളുടെ ഒപ്പം കുറച്ചേ അഭിനയിച്ചിട്ടുള്ളൂ. മലയാള സിനിമ എന്തായിരുന്നു എന്നതിന്റെ ഒരു രൂപം കിട്ടിയത് നിങ്ങളോടൊക്കെ സംസാരിച്ചതിനു ശേഷമാണ്. നിങ്ങളൊക്കെ പറഞ്ഞപ്പോഴാണ് അന്നത്തെ സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമൊക്കെ മനസ്സിലാകുന്നത്. എന്റെ ഉമ്മാന്റെ വീട് എന്ന പേര് കേട്ടപ്പോൾ എന്തോ ഭയങ്കര സീരിയസ് ക്ലാസിക് സിനിമ ആകും എന്നാണ് പലരും വിചാരിച്ചിരുന്നത്. ടീസർ കണ്ടപ്പോളാണ് മനസിലായത് ഇതാണ് പടം എന്ന്. ലൊക്കേഷൻസ് എല്ലാം നല്ലതായിരുന്നു. കുറേ ദിവസം ദിവസം ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമായിരുന്നു ഷൂട്ട്. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഷൂട്ട് ഉണ്ടായിരുന്നു. 

ഉർവശി: ഇൗ ചിത്രത്തിന്റേത് ഗൗരവുമുള്ള കഥയാണ്. ഗൗരവമുള്ള കഥ എന്ന് പറയുന്നത് ബന്ധങ്ങൾ പറയുന്ന കഥയ്ക്കാണ്. സ്നേഹം ഉള്ളിടത്താണല്ലോ വഴക്കും കരച്ചിലും എല്ലാം ഉണ്ടാകുന്നത്. അതെല്ലാം പ്രസന്നമായ ഭാഷയിലാണ് ഉപയോഗിച്ചിരിക്കുന്നത്. കോമഡിയ്ക്കായിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ജീവിതത്തിലെ അനുഭവങ്ങൾ കോമാളിത്തരമായിപ്പോകുന്നു എന്നുള്ളതാണ്. 

tovino-urvashi

ടൊവീനോ: തിരക്കഥയിൽ ഇല്ലാത്ത ഡയലോഗുകൾ ആണ് നമ്മൾ പറഞ്ഞിരിക്കുന്നത്. ഡബ്ബിങ് സമയത്ത് കാണുമ്പോൾ ഭയങ്കര അതിശയമായിട്ടാണ്  തോന്നുന്നത്. സംവിധായകൻ നന്നായി ആസ്വദിച്ച് ചെയ്ത ഒരു സിനിമയാണ് ഇത്.  അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു കൗതുകമാണ്. കുറച്ച് നിഷ്കളങ്കത, കുറച്ച് കള്ളത്തരം, കുറച്ച് സ്നേഹം അതാണ് ഡയറക്ടർ ജോസ്. ജോസ് എന്റെ ചേട്ടന്റെ സീനിയർ ആയിട്ട് എൻജിനിയറിംങ് കോളജിൽ പഠിച്ചതാണ്. ഓസ്ട്രേലിയയിൽ പോയി ഫിലിം മേക്കിങ് പഠിച്ച ആളാണ്. എന്റെ ഉമ്മാന്റെ പേരിന്റെ തിരക്കഥ ഓസ്ട്രേലിയയിൽ ഫിലിം മേക്കിങ്ങിൽ ഫൈനൽ പ്രൊജക്ട് ആയി ചെയ്ത് അവിടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയതാണ് അദ്ദേഹം. 

ഉർവശി: നാലു വർഷം മുമ്പാണ് ഇൗ തിരക്കഥ ജോസ് എന്നോട് പറയുന്നത്‌. എന്നെ പരിചയമില്ലായിരുന്നു ജോസിന്. ഒരു ഷൂട്ടിങ് ലൊക്കേഷനിലെ സ്റ്റുഡിയോയിൽ വന്നാണ് സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കുന്നത്. ഒരു പരിചയവുമില്ലാതെ എന്റെ മുമ്പിൽ ആത്മവിശ്വാസത്തോടുകൂടിയാണ് അദ്ദേഹം വന്നത്. അപ്പോൾ തന്നെ തീരുമാനിച്ചു ഈ സിനിമ ഇദ്ദേഹം എന്നെടുത്താലും ഇതിൽ അഭിനയിക്കും എന്ന് ഞാൻ പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എടുത്തുപറയേണ്ടത്, ലക്ഷ്യം കാണും എന്ന ചിന്ത ഉള്ള ആളാണ് ജോസ്. എല്ലാ വർഷവും ജോസ് ഓർമിപ്പിക്കും സിനിമയുടെ കാര്യം. ഒടുവിൽ  ഇപ്പോഴാണ് എല്ലാം ഒത്തു വന്നതും സിനിമ ശരിയായതും. 

ടൊവീനോ: എന്റെ അപ്പൻ ഐസിയുവിൽ കിടക്കുന്ന സമയത്താണ് ജോസ് കഥ പറയാൻ വരുന്നത്. ‌ആശുപത്രിയുടെ സമീപമുള്ള ഇന്ത്യൻ കോഫി ഹൗസിൽ വച്ചാണ് ജോസിനെ കണ്ടുമുട്ടുന്നത്. നോ പറഞ്ഞു വിട്ടേക്കാം എന്നോർത്താണ് കഥ കേൾക്കാൻ ഇരുന്നത്. ഹമീദ് എന്നു പറയുന്ന കഥാപാത്രം എങ്ങനെ ഇരിക്കണം, അയാളിടുന്ന ഡ്രസിന്റെ കളർ, റൂമിന്റെ ഭിത്തിയുടെ കളർ എന്തായിരിക്കണം എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ബുക്കുമായാണ് ജോസ് വന്നത്. അദ്ദേഹം ചില്ലറക്കാരനല്ല എന്ന് അപ്പോൾ തന്നെ മനസ്സിലായി, ഞാൻ സമ്മതവും മൂളി. 

ഉർവശി:  ഷൂട്ടിങ് താമസിച്ചാലോ അല്ലെങ്കിൽ മാറ്റി വച്ചാലോ ഒക്കെ ജോസ് എന്നെ സോപ്പിടും. മേഡം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ്. ഞങ്ങളുടെ കാലത്ത് സിനിമയ്ക്ക് ടൈമിങ്ങ് എന്ന് പറയുന്ന സമ്പ്രദായമില്ല. സിനിമ ഇത്രമണിക്ക് തുടങ്ങി ഇത്രമണിക്ക് തീരും എന്നത് എന്റെ കരിയറിൽ ഈ ഒരു ജനറേഷൻ വന്നതിനുശേഷമാണ് അറിയുന്നത്. ഞങ്ങളുടെ കാലത്ത് ഷൂട്ടിങ് എത്രമണിക്ക് തുടങ്ങുവോ അപ്പോൾ പോകണം. തീരുമ്പോൾ തിരികെ വരാം. അല്ലാതെ സമയപരിധി ഇല്ല. 

ഇപ്പോൾ നമുക്ക്  സംഘടനകൾ ഉണ്ട്. നല്ല കാര്യങ്ങൾ നിർദ്ദേശിക്കാനും പരാതിപ്പെടാനും ഒക്കെ ഉള്ള സംഘടന, എങ്കിൽ പോലും  ഇപ്പോഴും മലയാളത്തിന്റെ സമയമല്ല മറ്റുഭാഷകളിൽ. തമിഴിൽ രാവിലെ മുതൽ വൈകുന്നേരം ഇത്രമണിവരെ മാത്രമേ താരങ്ങൾ അഭിനയിക്കുകയുള്ളൂ. സീനിയർ ആർട്ടിസ്റ്റുകൾ ആരും ആറു മണിക്ക് ശേഷം ജോലി ചെയ്യാറില്ല.  

ടൊവീനോ: നമ്മുടേത് ചെറിയ ഇൻഡസ്ട്രിയാണ്. ചെറിയ ബജറ്റിൽ‌ നല്ല സിനിമകൾ ചെയ്യുന്ന നമ്മൾ മത്സരിക്കുന്നത് 1500 കോടിയുടെ പടവുമായിട്ടാണ്. ഇന്ത്യയിൽ ആണെങ്കിൽ 100–150 കോടിയുടെ പടവുമായിട്ട്. പക്ഷേ ഇപ്പോഴും സംസാരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും നല്ല ഇൻഡസ്ട്രികളിൽ ഒന്ന് മലയാളം തന്നെയാണ്. ചെറിയ ബജറ്റിൽ വലിയ സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ കൂടുതൽ പണി എടുക്കേണ്ടിവരും. അതുകൊണ്ടാണ് അവരുമായി മത്സരിച്ച് സിനിമ എടുക്കാൻ പറ്റുന്നത്.

ഉർവശി: സത്യം പറഞ്ഞാൽ ഒരു വിദേശ സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയ ആളാണ് ടൊവിനോ. പ്രശംസിച്ചു പറയുന്നതല്ല, വിമർശിച്ചു തന്നെ പറയുന്നതാണ്.വേഷച്ചേർച്ചയാണ് ഏറ്റവും വലിയ ഭാഗ്യം. മമ്മൂക്കയ്ക്ക് ആ ഭാഗ്യം ഉണ്ട്. ഏതു കഥാപാത്രമാണെങ്കിലും അതുമായി മാച്ച് ചെയ്യും. ഹ്യൂമർ ടൊവീനോയ്ക്ക് നന്നായി വഴങ്ങും. ഈ പടത്തിൽ അഭിനയിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് ടൊവീനോയ്ക്ക് അതിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടേണ്ടിവരുന്നില്ല എന്നുള്ളതാണ്. വളരെ നിസാരമായിട്ട് ചെയ്യുന്നു. പിന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യവും ടൊവിനോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ടൊവീനോ:  ഞാൻ ഒരു ഇരിങ്ങാലക്കുടക്കാരനാണ്. കൈലിമുണ്ട് ഒക്കെ ഉടുത്ത് നടക്കുന്ന ആളാണ് അല്ലാതെ ജീൻസും ഷൂവും ഇട്ടു നടക്കുന്ന ആളല്ല. ഇപ്പോഴാണ് സീനിയർ സംവിധായകരുടെ പടത്തിൽ അഭിനയിക്കുന്നത്. സിനിമാ മേഖലയിലേക്ക് വന്ന കാലത്ത് പുതിയ സംവിധായകരുടെ പടമായിരുന്നു കൂടുതലും. നല്ല ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് എനിക്ക് തോന്നാറുള്ളത് എന്റേയും കൂടെ അഭിനയം നന്നാവണം എന്നാണ്. ഞാൻ ഒരു മോശം അഭിനേതാവെങ്കിൽ കൂടി മറ്റു സീനിയർ നടീനടന്മാരുടെ കൂടെ അഭിയിക്കുമ്പോൾ എന്റെ അഭിനയം മെച്ചപ്പെടുകയാണ് ചെയ്യുന്നത്.

ഉർവശി : ചില സംവിധായകരുടെ  പടം ചെയ്യുമ്പോൾ ചില ആർട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കുമ്പോൾ അങ്ങനെയുണ്ടാവും. ഉദാഹരണത്തിന് മീര അല്ലാതെ വേറെ ആര് അഭിനയിച്ചാലും അച്ചുവിന്റെ അമ്മ എന്ന സിനിമ നന്നാകില്ല എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അഭിനയത്തിന് ഒരു താളമുണ്ട്. ഒരു ചേർച്ചയുണ്ട്.

ആ പടം തീരുന്നത് വരെ ഒരു ആത്മാവുമായി ബന്ധപ്പെടുന്ന കാര്യമാണ്. ഈ പടത്തിൽ അഭിനയിക്കുമ്പോൾ‌ വളർന്നു വരുന്ന സൂപ്പർസ്റ്റാറിന്റെ കൂടെയാണ് അഭിനയിക്കുന്നത് എന്നൊന്നും എന്റെ മനസിലില്ലായിരുന്നു. കമൽ സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തുകൊണ്ട് അത് വിജയിക്കുന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം ആ കഥാപാത്രമായിട്ട് തന്നെ അദ്ദേഹം നിൽക്കും. ഒരു ആത്മബന്ധം തോന്നിപ്പിക്കുന്ന തരത്തിലുള്ള അഭിനയമായിരുന്നു ടൊവിനോയൊടൊപ്പമുള്ളതും. 

ടൊവീനോ: വളരെ ശരിയാണ്. ഞാനും അത്തരത്തിൽ ഇൗ സിനിമ ആസ്വദിച്ചു. തീവണ്ടിയൊക്കെ ഇറങ്ങിയ സമയത്ത് ഭയങ്കര ടെൻഷനുണ്ടായിരുന്നു. എങ്ങനെയാണ് ആളുകൾ ഏറ്റെടുക്കുക എന്ന്. വലിയ ടെൻഷൻ ഇല്ലാതിരുന്ന സിനിമ ഗോദയായിരുന്നു. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ആയിരിക്കും എന്നു ഉറപ്പായിരുന്നു. അതേ ഉറപ്പായിരുന്നു ഈ സിനിമ ചെയ്തപ്പോഴും. സിനിമയുടെ ഓരോ ഘട്ടത്തിലും എഡിറ്റർക്കും, മ്യൂസിക് ഡയറക്ടറും എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഡബ്ബ് ചെയ്യുന്ന സമയത്ത് പടം കാണുമ്പോൾ ഒരു പിടി മുകളിൽ സിനിമ വർക്ക് ആയിട്ടുണ്ട് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. പിന്നെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു ‘യു’ പടം വരികയാണ്. 

ഉർവശി: എന്റെ അഭിപ്രായത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായാലും അമ്മ, മക്കൾ സഹോദരങ്ങൾ എന്നിങ്ങനെയുള്ള ബന്ധങ്ങൾക്ക് ഒരു കാലത്തും മാറ്റമുണ്ടാകില്ല. അങ്ങനെ പറയുന്ന കഥകൾ ഏതു കാലത്താണെങ്കിലും വിജയിക്കും. 100ശതമാനം കുടുംബപ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും എന്റെ ഉമ്മാന്റെ  പേര്. പിന്നെ ചുംബനത്തിന്റെ കാര്യം. 25 വർഷങ്ങൾക്ക് മുമ്പ് വളരെ നിസാരമായിട്ട് കമൽഹാസൻ ചെയ്താണ് ഇൗ ചുംബനം. ബോളിവുഡ് സിനിമയിൽ പോലും ചുംബനം ഇല്ലാതിരുന്ന സമയത്താണ് അദ്ദേഹം ചുംബന സീനിൽ അഭിനയിച്ചത്. പിന്നെ ചുംബന സമരം നടന്ന നാടല്ലേ ഇത് ? 

ടൊവീനോ: ഒരു 25 സിനിമയിലെങ്കിലും ഞാൻ അഭിനയിച്ചു. ആകെ രണ്ടോ മൂന്നോ പടത്തിലാണ് ഉമ്മ വെച്ചത്. ആളുകൾ ഇതിനെ ഇത്രയ്ക്കു ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ. മറ്റു സിനിമകളിലൊക്കെ ഫൈറ്റും, ഇമോഷനും ഒക്കെ ഉള്ളതുപോലെ ഇതും ‘എക്സപ്രെഷൻ ഓഫ് ലൗ’ ആയി കണ്ടാൽ പോരെ. ഒരു നായകൻ വില്ലനെ അടിച്ചും ഇടിച്ചും വെട്ടിയും ഒക്കെ കൊല്ലുന്നത് കൈയ്യടിയോടെ ഏറ്റുവാങ്ങുന്ന പ്രേക്ഷകർക്ക്, ഒരു നായകൻ നായികയെ ചുംബിക്കുന്ന സീൻ കാണുമ്പോഴേക്കും അത് കുടുംബപ്രേക്ഷകർക്ക് കാണാൻ പറ്റാത്തതായി, യുവാക്കളെ വഴിതെറ്റിക്കുന്നതായി എന്നൊക്കെ പറയുന്നത് ശരിയാണോ ? ഈ ഉമ്മ മാത്രം അവരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതൊരു കപട സദാചാരം അല്ലേ ? ആ കഥാപാത്രം ആവശ്യപ്പെടുന്നതു കൊണ്ട് മാത്രം ചെയ്യുന്നതാണ്.

അല്ലാതെ സിനിമയെ കുറച്ച് സ്പൈസി ആക്കാം എന്ന് വിചാരിച്ചിട്ടൊന്നും ഉമ്മ ഒരു സിനിമയിലും കൂട്ടിച്ചേർക്കുന്നതല്ല.. ലിപ്‌ലോക് സീൻ അവിടെ ഇല്ലാതെ ഒന്നു ചിന്തിച്ചു നോക്കിയാൽ എന്തായിരിക്കും ? ആ സിനിമയുടെ  പൂർണതയ്ക്കു വേണ്ടി അങ്ങനെ ചെയ്യണ്ടേ ? നായകൻ വില്ലനെ കൊല്ലുമ്പോൾ ആണ് ആൾക്കാർക്ക് സിനിമ പൂർത്തീകരിച്ചതായി  തോന്നുന്നത്. പ്രണയത്തിന്റെ പൂർത്തീകരണത്തിനായാണ് ചുംബനം എന്നു മനസ്സിലാക്കിയാൽ പോരെ ?

ഉർവശി: പഴയ മനസുള്ള ആളുകൾ അങ്ങനെ വിചാരിക്കില്ല. പണ്ട് അടുത്ത് മക്കളൊക്കെ ഇരിക്കുമ്പോൾ ഇത്തരം സീനുകൾ വരുമ്പോൾ എണീറ്റ് ഓടണോ എന്നൊരു ചിന്ത വരും പലർക്കും. അതുകൊണ്ടാവാം ചുംബനം ഉള്ള സിനിമകൾ ആളുകൾ എതിർക്കുന്നത്. ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്. പണ്ട് സിനിമയുടെ വിഡിയോ കാസറ്റ് കൊണ്ടുവന്ന് വീട്ടിൽ  ഇടുമായിരുന്നു. എന്റെ ആങ്ങള കൂട്ടുകാരുടെ കയ്യിൽ നിന്നും കിങ് കോങ് പോലുള്ള ഇംഗ്ലീഷ് സിനിമകളുടെ സിഡി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ഇടും. അതിനുള്ളിൽ ചില സംഗതികൾ വരും. 

ഇത് ആങ്ങള നേരത്തെ തന്നെ കൂട്ടുകാരുടെ വീട്ടിൽ ഇട്ട് കാണും എവിടെയാണ് ഈ സീൻ വരുന്നതെന്ന്. എന്നിട്ട്  ആ സീൻ വരുമ്പോൾ പെട്ടെന്ന് ആ സീൻ ഓടിച്ച് വിടുമായിരുന്നു. അമ്മൂമ്മയൊക്കെ ചോദിക്കുമ്പോൾ ആ സീൻ കാണെണ്ട എന്നൊക്കെ പറയുമായിരുന്നു. ആങ്ങളയുടെ അന്നത്തെ ടെൻഷൻ ഒക്കെ കുറേ കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് മനസിലായത്.  പ്രേമം എന്നൊരു വാക്ക് കൽപനചേച്ചി പറഞ്ഞതിന് അച്ഛൻ ഒരു അടികൊടുത്തിട്ട് വായിൽ നിന്നും ചോര വന്നതൊക്കെ ഇപ്പോഴും ഒാർക്കുന്നു. അന്ന് ചേച്ചിക്ക് ഒരു 12 വയസ് പ്രായം കാണും. കൽപന ചേച്ചി സിനിമയുടെ കഥ പറയുകയാണ്, ശിവാജിഗണേശൻ അവരെ പ്രേമിക്കും എന്നൊക്കെ പറഞ്ഞു, ഉടനെ പ്രേമം എന്നു പറഞ്ഞാൻ എന്താണ് എന്ന് അച്ഛൻ ചോദിച്ചു. അപ്പോൾ അച്ഛാ രണ്ടുപേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിക്കും അതാണ് പ്രേമം എന്നു ചേച്ചി പറഞ്ഞു. അതു പറഞ്ഞപ്പോൾ അച്ഛൻ അടിവച്ചു കൊടുത്തു. ആ തലമുറയാണ് ഞങ്ങളുടേത്. അവിടെ നിന്ന് ഞങ്ങളൊക്കെ മുന്നോട്ട് വരട്ടെ ടൊവീ...

തമാശകൾ പങ്കു വച്ച് ഇരുവരുടെയും സംസാരം ഇങ്ങനെ നീണ്ടു പോയി. വിഷയങ്ങൾ പലതും വന്നു. എല്ലാം ഉമ്മാന്റെ പേരിൽ വന്ന് അവസാനിച്ചു. ഉമ്മയെയും ഹമീദിനെയും എല്ലാവർക്കും ഇഷ്ടമാകുമെന്ന ഉറപ്പോടെ കൈ കൊടുത്തു ഇരുവരും പിരിഞ്ഞപ്പോൾ അവസാനിച്ചത് ചിരിയുടെ ഏതാനം മണിക്കൂറുകൾ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA