sections
MORE

ലാലിനെക്കുറിച്ച് പറയാറില്ലേ, അതുപോലൊരു വിസ്മയമാണ് ഫഹദും

satyan-fahadh
SHARE

സത്യൻ അന്തിക്കാടിന്റെ നായകന്മാർ എന്നും എപ്പോഴും നമ്മളിൽ ഒരാളായി മാത്രമേ പ്രേക്ഷകൻ അനുഭവപ്പെടാറുള്ളൂ. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഞാൻ പ്രകാശനും വിഭിന്നമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തനി മലയാളിയായി ഫഹദ് ഫാസിൽ എത്തുമ്പോൾ പ്രേക്ഷകന് അവനവനോട് തന്നെ പറഞ്ഞു, ഈ പ്രകാശൻ നമുക്ക് അപരിചിതനല്ല. 16 വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഞാൻ പ്രകാശനെത്തുമ്പോൾ മലയാളിക്ക് തിരികെ കിട്ടുന്നത് ഗൃഹാതുരത്വമുണർത്തുന്ന നല്ല ഓർമകൾ കൂടിയാണ്. ചിത്രത്തെ കുടുംബപ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സിനിമയെക്കുറിച്ചും പ്രകാശനെക്കുറിച്ചും സത്യൻഅന്തിക്കാട് സംസാരിക്കുന്നു.

പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ എത്തിയ ചിത്രമാണ് ഞാൻ പ്രകാശൻ. ബോധപൂർവമുള്ള ഒരു സമീപനമായിരുന്നോ ഇത്?

ഞാനും ശ്രീനിയും 16 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് നമ്മുടെ പ്രതീക്ഷകൾ പങ്കുവെച്ചിട്ട് അത് പ്രേക്ഷകർക്ക് ഇഷ്ടമായില്ലെങ്കിൽ സിനിമയോടും പ്രേക്ഷകനോടും കാണിക്കുന്ന നീതികേടായിപ്പോകും. എന്നും സംവിധായകനെക്കാളും തിരക്കഥാകൃത്തിനേക്കാളും മുകളിലാണ് പ്രേക്ഷകന്റെ സ്ഥാനം. അവർക്ക് ഇഷ്ടമായിക്കോളും എന്ന് കരുതി, എന്തെങ്കിലും കൊടുക്കാൻ പറ്റില്ല. ഹിറ്റായ കൂട്ടുകെട്ട് എപ്പോഴും കൂടിചേർന്നാൽ അടുത്തത് ഹിറ്റാകണമെന്ന് നിർബന്ധമില്ല. സിനിമ പ്രേക്ഷകൻ കണ്ടിട്ട് അവരാണ് വിധിയെഴുതേണ്ടത്. ഞാൻ പ്രകാശനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷമുണ്ട്.

16 വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനുമായി ചേർന്നുള്ള സിനിമ അനുഭവത്തെക്കുറിച്ച്?

സിനിമയിൽ അല്ലാത്ത നേരങ്ങളിൽ ഞാനും ശ്രീനിയും സാധാരണ പ്രേക്ഷകരാണ്. സിനിമയിലെയും സമൂഹത്തിലെയും ഓരോ പുതുമകളെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകനുമായി ചേർന്നു നിൽക്കുന്ന ചിത്രം ചെയ്യണം എന്ന നിർബന്ധമുണ്ടായിരുന്നു. ഒരു വർഷമായി ഞാൻ പ്രകാശന്റെ ജോലികളിലായിരുന്നു. സമൂഹത്തെ കൃത്യമായി നിരീക്ഷിക്കുന്ന തിരക്കഥാകൃത്താണ് ശ്രീനി. പ്രകാശനെക്കാണുമ്പോൾ ഇയാൾ അപരിചിതനല്ല എന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കിൽ അത് ശ്രീനിയുടെ മിടുക്കാണ്. ഞങ്ങൾ തമ്മിലുള്ള കൂട്ടുകെട്ട് പരസ്പരം ആശ്വാസം കൂടിയാണ്.

satyan-fahadh-1

സിദ്ധാർഥനിൽ നിന്നും പ്രകാശനിൽ എത്തുമ്പോൾ ഫഹദിൽ വന്ന മാറ്റം?

ഇന്ത്യൻ പ്രണയകഥയിലെ സിദ്ധാർഥൻ, ഫഹദ് അത്രയും നാൾ ചെയ്യാത്ത കഥാപാത്രമായിരുന്നു. ഖദർ ഷർട്ടും മുണ്ടും ഉടുത്ത ഫഹദ് മലയാളി പ്രേക്ഷകർക്ക് പുതുമയായിരുന്നു. പ്രകാശനെക്കുറിച്ച് ഞാൻ ഫഹദിനോട് പറഞ്ഞത് അയ്മനം സിദ്ധാർഥന്റെ ഒരു അകന്ന ബന്ധു എന്നാണ്. കാമറയുടെ പിന്നിൽ പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണപയ്യനാണ് ഫഹദ്. പക്ഷെ കാമറയുടെ മുന്നിലെത്തിക്കഴിയുമ്പോൾ നമ്മുടെ കൺമുമ്പിൽ ഒരു വിസ്മയമായി ഫഹദ് മാറും. വരവേൽപ്പിലെയും ടി.പി. ബാലഗോപാലനിലെയുമൊക്കെ മോഹൻലാലിനെക്കുറിച്ച് പറയാറില്ലേ, അതുപോലെയൊരു വിസ്മയമാണ് ഫഹദും. 

ഞാൻ പ്രകാശന് തൊട്ടുമുമ്പ് ഇറങ്ങിയ വരത്തനിൽ കാണുന്ന ഫഹദിനെ അല്ല ഇതിൽ കാണുന്നത്. ഫഹദിന്റെ ജീവിതപശ്ചാത്തലം കൂടി കണക്കാക്കുമ്പോൾ പ്രകാശനാകാനായി ഫഹദ് ഒരുപാട് നീരീക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. എനിക്കും ശ്രീനിയ്ക്കുമൊക്കെ സദ്യയിൽ ഇടിച്ചുതള്ളിപ്പോയിരുന്ന് കഴിച്ച ഒരുപാട് അനുഭവങ്ങളുണ്ട്. ഫഹദിന്റെ ജീവിതത്തിൽ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നിട്ടും എന്ത് തന്മയത്വത്തോടെയാണ് ഫഹദ് അഭിനയിച്ചിരിക്കുന്നത്. 

njan-prakashan-review-5

വിഡിയോ വരുമ്പോൾ വളരെ മാന്യരായി സാവകാശം കഴിച്ച് വിഡിയോ നീങ്ങിക്കഴിയുമ്പോൾ ഒന്നും നോക്കാതെ നമ്മളുമൊക്കെ കഴിച്ചിട്ടില്ലേ? ഉണ്ട് കഴിഞ്ഞ് കുറ്റം പറയുന്നത് മിക്കവരുടെയും സ്ഥിരം പരിപാടിയാണ്. അതൊക്കെ അനായാസത്തോടെയാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ അലമ്പനായ പ്രകാശനെയാണ് കാണുന്നതെങ്കിൽ രണ്ടാംപകുതിയിൽ അയാളുടെ ഒരു പരിണാമം ഫഹദിലൂടെ കാണാൻ സാധിക്കും.

മുതിർന്ന സംവിധായകരിൽ പുതിയ തലമുറയിലുള്ളവരോട് ഒട്ടും അകൽച്ചയില്ലാത്തയാളാണ് താങ്കൾ. മനപൂർവ്വം അകലം കുറയ്ക്കാൻ ശ്രദ്ധിക്കുന്നതാണോ?

എന്റെ സിനിമയിൽ പുതിയ തലമുറ പഴയ തലമുറ അങ്ങനെയൊന്ന് ഇല്ല. കഥാപാത്രത്തിന് ആരാണോ അനുയോജ്യം അവരെയാണ് തിരഞ്ഞെടുക്കുന്നത്. പഴയ ആളുകളെ കാസ്റ്റ് ചെയ്യുന്നതിലും അധ്വാനം ചിലനേരം പുതിയ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടിവരും. ഈ സിനിമയിൽ ദേവിക സഞ്ജയ് എന്നൊരു കുട്ടിയുണ്ട്. ഇടവേളയ്ക്ക് ശേഷം കഥാഗതി മുന്നോട്ട് കൊണ്ടുപോകുന്നത് ഈ കുട്ടിയാണ്. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഈ കുട്ടിയെ കണ്ടെത്തുന്നത്. സിനിമയിൽ ഇപ്പോൾ നിൽക്കുന്ന ഏത് ബാലതാരത്തിനേക്കാളും നല്ലത് ഒരു പുതിയ കുട്ടിയെ കൊണ്ടുവരുന്നതായിരിക്കുമെന്ന് തോന്നിയതുകൊണ്ടാണ് കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ കുട്ടിയെ കണ്ടെത്തിയത്.

അതുപോലെ തന്നെ ചില അഭിനേതാക്കൾ രണ്ടോ മൂന്നോ സിനിമകളിൽ ഒന്നുരണ്ട് സിനിമകളിൽ മുഖം കാണിച്ചവരായിരിക്കും. അത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ അവരെ ഓർത്തുവെച്ച് എന്റെ സിനിമയിലേക്ക് വരുമ്പോൾ കുറച്ചുകൂടി പ്രാധാന്യമുള്ള റോളുകൾ നൽകാൻ ശ്രദ്ധിക്കാറുണ്ട്. നമ്മൾ കഷ്ടപ്പെട്ട് തിരഞ്ഞെടുക്കുന്നവർ നന്നായി അഭിനയിക്കുമ്പോൾ അത് തരുന്ന ഊർജം വലുതാണ്. സിനിമയിലെ മാറുന്ന സാങ്കേതികതയ്ക്കനുസരിച്ചും മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കാറുണ്ട്. 

njan-prakashan-review-4

ഞാൻ പ്രകാശനിൽ ലൈവ് ഡബ്ബിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ തൊണ്ടിമുതലും ദൃക്സാക്ഷിയിൽ ഈ രീതി പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമായിട്ടാണ് ഡയലോഗിന് പ്രാധാന്യമുള്ള സിനിമയിൽ ലൈവ് ഡബ്ബിങ്ങ് ചെയ്യുന്നത്. ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങൾ ചെയ്യുമ്പോഴും അതിന്റെയുള്ളിൽ പുതുമകൾ കൊണ്ടുവരാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA