sections
MORE

ഡീഗ്രേഡിങ് പേടിയില്ല, പക്ഷേ ? ജയസൂര്യ പറയുന്നു

SHARE

ഇൗ ക്രിസ്മസും പുതുവൽസരവും മലയാളത്തിൽ ഏറ്റവും സ്പെഷ്യലായ നടൻ ഒരുപക്ഷേ ജയസൂര്യയാകും. തുടർച്ചയായി അഞ്ച് ഹിറ്റുകളുമായി പുതിയ വർഷത്തിലേക്കു പോകുകയാണ് ജയസൂര്യ.  അതും സംവിധായകർ കൈ വയ്ക്കാൻ മടിക്കുന്ന രണ്ടാം ഭാഗങ്ങളാണു മൂന്നെണ്ണം. ആട് 2, പുണ്യാളൻ 2, ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി.... എല്ലാ സിനിമകളും ഹിറ്റ് ചാർട്ടിൽ . മലയാള സിനിമയുടെ പ്രിയപ്പെട്ട ഇടമായ വരിക്കാശ്ശേരി മനയിൽ ചിത്രീകരിച്ച പ്രേതം സിനിമയുടെ രണ്ടാം ഭാഗവും തീയറ്ററുകളിൽ നിറയുമ്പോൾ ജയസൂര്യ സംസാരിക്കുന്നു ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് കഥാപാത്രത്തേയും സിനിമകളേയും കുറിച്ച്

അവർ പറയുന്നു ഇതാണ് കൂടുതൽ നല്ലതെന്ന്!

ദൈവാനുഗ്രഹം കൊണ്ട് എല്ലായിടത്തു നിന്നും നല്ല റിപ്പോർട്ടുകളാണ് കിട്ടുന്നത്. സന്തോഷം അതിൽ. എല്ലാവരും പറയുന്ന കാര്യം, ആദ്യ ഭാഗത്തേക്കാൾ രണ്ടാമത്തേത് കുറച്ചുകൂടി അടുത്തിടപഴകുന്നു, ബന്ധപ്പെട്ടു നിൽക്കുന്നു എന്നാണ്. ഹ്യൂമറും ഇതിലാണത്രേ കൂടുതലും. എനിക്കു തോന്നുന്നു ഇങ്ങനെയൊരു തീമിൽ എങ്ങനെ കോമഡി വരും എന്നൊരു കൗതുകം അവർക്കുണ്ടായിരുന്നിരിക്കണം. പിന്നെ എല്ലാവരും പുതിയ കുട്ടികളാണ് സിനിമയിലുള്ളത്. അവർ അവരുടെ വേഷങ്ങൾ വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തു. ഫാമിലിയായി വന്ന് കണ്ട് ചിരിച്ച് പോകാൻ കഴിയുന്നൊരു സിനിമയായതു കൊണ്ടാകണം ശ്രദ്ധിക്കപ്പെടുന്നത്. എന്റെ വീട്ടിലും എല്ലാവർക്കും ഇഷ്ടമായി.

പിന്നെ ജോൺ ജോൺ ഡോൺ ബോസ്കോ ആണെങ്കിലും ആളാകെ മാറി. അയാൾ കുറേ യാത്ര ചെയ്തിരിക്കണം, പുസ്തകങ്ങൾ വായിച്ചിരിക്കണം...അങ്ങനെ അയാളിൽ കുറേ മാറ്റങ്ങൾ വന്നിരിക്കണം. അതാകും കൂടുതൽ ഇന്ററസ്റ്റിങ് ആക്കിയത്. അതുപോലെ ചിത്രമാണെങ്കിലും മൂന്നു തരം വികാരങ്ങളിലൂടെയാണു കടന്നു പോകുന്നത്. ഹ്യൂമറും ഹൊററും ത്രില്ലറും. ചിരിപ്പിക്കുന്ന ഒരു ഹൊറർ പടം എന്നതാകും ആളുകളിലേക്ക് കൂടുതൽ ചേർത്തു നിർത്തിയത്. അങ്ങനെയൊരു കോമ്പിനേഷൻ അധികമില്ലല്ലോ.

punyalan-2

ഞാനാണെങ്കിൽ പ്രേതത്തെ പേടിയുള്ള ആളാണ്. ഞാൻ പ്രേത സിനിമകൾ കാണാറേയില്ല. കാരണം ഫുൾ ടൈം പ്രേതം തന്നെയായിരിക്കുമല്ലോ. ഞാൻ ആകെ കണ്ടിട്ടുള്ളൊരു പ്രേത സിനിമ ഇൻ ഗോസ്റ്റ് ഹൗസ് ആണ്. അതാകുമ്പോൾ ചിരിക്കാനും ഏറെയുണ്ട്. 

ലുക്കിലും സ്റ്റൈലിഷ്

അതെ ജെഡിബി നല്ല സ്റ്റൈലിഷ് ആയി. ഇത്തവണയും അണിയിച്ചൊരുക്കിയത് എന്റെ ലൈഫ് ഡിസൈനറായ ഭാര്യ തന്നെയാണ്. അതുപോലെ ദുർഗ ചെയ്ത കഥാപാത്രത്തിന് ഒരു എതിനിക് ലുക്ക് വേണമെന്നു പറഞ്ഞപ്പോൾ അതും അവൾ തന്നെ ചെയ്യുകയായിരുന്നു. ആ ടൈപ്പിനോട് ആളിനൊരു ഇഷ്ടമുണ്ട്. പിന്നെ ജെഡിബിയുടെ ഉദ്ദേശം കായകൽപ ചികിത്സയാണ്. പാമ്പ് പടം പൊഴിക്കും പോലെ ശരീരത്തെ  പുതിയൊരു തലത്തിലേക്ക് നയിക്കുന്നതാണല്ലോ ആ ചികിത്സ.  അതൊരു ആത്മീയമായ കാര്യമാണ്. 

പുതിയ പിള്ളേര് പൊളിയാണ്

ചിത്രത്തിൽ അധികവും പുതിയ കുട്ടികളായിരുന്നു. ശരിക്കും ഞാൻ അതിശയിച്ചു പോയി അവരുടെ കോൺഫിഡൻസ് കണ്ടിട്ട്. ഞാൻ സിനിമ ചെയ്തു തുടങ്ങുന്ന സമയത്ത് എനിക്കിത്രയൊന്നും ആവേശമോ സീരിയസ്നെസോ ഉണ്ടായിരുന്നില്ല. പക്ഷേ അവർക്ക് അതേയുള്ളൂ. എന്താണു ചെയ്യേണ്ടത്, അതെങ്ങനെ ചെയ്യണം എന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ട്. അവർക്ക് ഒാരോരുത്തർക്കും ചിത്രത്തിൽ നല്ല സ്പേസും ഉണ്ടെന്നതു വേറെ കാര്യം. സാനിയക്ക് നല്ലൊരു മൈലേജ് ആയിരിക്കും ഇൗ ചിത്രം. വിമാനത്തിനു ശേഷം ദുർഗ അഭിനിയിക്കുന്ന ചിത്രമാണ്. ആ കുട്ടിക്കു നല്ലൊരു അവസരമായിരുന്നു ഇത്. ഡെയ്ൻ ഡേവിഡിന് ഒരുപാട് ആരാധകരുണ്ട്. പക്ഷേ ഇങ്ങനെയൊരു ഹീറോ മുഖം കൂടിയുണ്ടെന്ന് അധികം അറിയില്ലായിരിക്കും. അതുപോലെ സിദ്ധാർഥിന് നന്നായി ഹ്യൂമർ ചെയ്യാനാകും എന്നതും മുൻപെങ്ങും വന്നിട്ടില്ലല്ലോ. 

വരിക്കാശ്ശേരി മന

പൂർണമായും വരിക്കാശേരി മനയിലാണു ചിത്രീകരണം പൂർത്തിയാക്കിയത്. ആ മന മലയാള സിനിമയുമായി എത്രമാത്രം ചേർന്നു നിൽക്കുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഒരിടയ്ക്ക് എല്ലാ ചിത്രങ്ങളും ആ മനയുടെ വിവിധ ലൊക്കേഷനുകളിലായിരുന്നു. പിന്നെ അതിലൊരു ഇടവേള വന്നു. ഇപ്പോഴിതാ പ്രേതവുമായി ഞങ്ങൾ അവിടെ ചെന്നു. ഇൗ ചിത്രം കാണുന്നവർക്ക് അറിയാം ഇൗ പ്രമേയം അവിടെയല്ലാതെ വേറൊരിടത്തും ഫിറ്റ് ആകില്ല എന്ന്.

എല്ലാ സിനിമാ ഭ്രാന്തൻമാരുടെയും ഭ്രാന്തികളുടെയും പ്രിയപ്പെട്ട ഇടമാണല്ലോ. നൊസ്റ്റാൾജിക് ആയ സ്ഥലം. സിനിമയിലെ ഒരു കൂട്ടം കഥാപാത്രങ്ങൾക്കും അങ്ങനെ തന്നെ. അവിടെ വന്നു താമസിച്ച് ഷോർട് ഫിലിം ചെയ്താലേ ശരിയാകൂ എന്ന് അറിഞ്ഞിട്ടാണ് അവർ അവിടെ എത്തുന്നത്. അവിടെ നേരത്തെ തന്നെ ഉള്ള ആളാണ് ജോൺ ഡോൺ ബോസ്കോ. അവിടെ ഇൗ കുട്ടികളെ ഒരു പ്രത്യേക സിഗ്നൽ തേടി വരുന്നതും അത് എന്തിന് ഇവരെ തേടിവരുന്നു എന്നുള്ളതുമൊക്കെയാണു ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. 

പിന്നെ ചിത്രത്തിൽ വളരെ കാലിക പ്രസക്തിയുള്ളൊരു വിഷയം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. അത് ചെറുപ്പക്കാരുമായി ചേർന്നു നിൽക്കുന്ന ഒന്നാണ്. ഒരുപക്ഷേ അതുകൊണ്ടു കൂടിയാണ് ഇതു കുറേകൂടി എൻഗേജ്ഡ് ആക്കുന്നത് എന്നാണ് ആളുകളുടെ അഭിപ്രായത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. പിന്നെ ക്ലൈമാക്സും നല്ല രസകരമായ ട്വിസ്റ്റാണ് എന്നാണ് അവർ പറയുന്നതും.

കാലം മാറുമ്പോൾ പ്രായം കടന്നുപോകുമ്പോൾ നമ്മൾ ഒാരോ കാഴ്ചകളും കാണുന്ന രീതിയും ആസ്വദിക്കുന്ന രീതിയുമൊക്കെ മാറുമല്ലോ. ചതിക്കാത്ത ചന്തു ചെയ്യുന്ന സമയത്ത് ഇൗ മനയിൽ വന്നിരുന്നു. അന്നെനിക്ക് ഒരു ആത്മബന്ധവും തോന്നിയില്ല ഇൗ മനയോട്. ഞാൻ ഒരിടത്ത് ഒതുങ്ങി കൂടി നിന്നു. പക്ഷേ ഇപ്പോൾ ചെന്നപ്പോൾ ആ മനയുടെ ഒാരോ ഇടങ്ങളും ഞാൻ ആസ്വദിക്കുകയായിരുന്നു. അവിടെയൊരു കുളക്കടവും അമ്പലവും മാവും ഒക്കെയുണ്ട്. ഞാൻ എന്നും ആ അമ്പലത്തിൽ പോയിരിക്കുമായിരുന്നു. ഞാനും ഞാനും മാത്രമായ ചില നേരങ്ങൾ, ഞാനും പ്രകൃതിയും മാത്രമായൊരിടം അങ്ങനെയുള്ള നിമിഷങ്ങൾ ഒക്കെ അറിയുകയായിരുന്നു.

aadu-2

മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരെ കുറിച്ചു പറയും പോലെയാണ് വരിക്കാശ്ശേരി മനയെ കുറിച്ചും സംസാരിക്കുന്നത്. അതും ഒരു കഥാപാത്രം പോലെയാണ്. അപ്പോൾ ആ കഥാപാത്രത്തെ അറിയണമെങ്കിൽ നമ്മൾ അതിലേക്ക് ഇറങ്ങി ചെല്ലണമല്ലോ. ഞാനും അതാണ് ചെയ്തത്. എനിക്കു തോന്നുന്നു കുറേ കാലങ്ങൾക്കു ശേഷമാണ് ഒരു സിനിമ പൂർണമായും ആ മനയിൽ ചിത്രീകരിക്കുന്നതെന്ന്. ഒരു നിർമാതാവെന്ന നിലയിൽ എനിക്കൊരുപാടു സന്തോഷമുണ്ട് അതിൽ.

പിന്നെ അഞ്ചാറു കൊല്ലം മുൻപേ രഞ്ജിത് ശങ്കറിന്റെ മനസിൽ വന്നൊരു ആശയമാണു കൂട്ടുകാരുടെ ഒന്നുചേരൽ ആസ്പദമാക്കിയുള്ളൊരു സിനിമ. അതെപ്പോഴും പ്രിയപ്പെട്ടൊരു തീം ആണല്ലോ. അതിലേക്ക് ജോൺ ഡോൺ ബോസ്്കോ വന്നു ചേരുകയായിരുന്നു. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. അല്ലാതെ ഇങ്ങനെയൊരു ചിത്രം ചെയ്യണം, അതിന്റെ രണ്ടാം ഭാഗം വേണം എന്നൊന്നും ഒരിക്കലും ആലോചിച്ചുറപ്പിച്ചു ചെയ്തതല്ല. 

njan-merikkutty

രണ്ടാം ഭാഗങ്ങളുടെ ഘോഷയാത്ര!

അത് റിസ്കുള്ള കാര്യം തന്നെയാണ്. പക്ഷേ, ഇൗ ചിത്രങ്ങളൊന്നും ആദ്യം ചെയ്യുമ്പോൾ അതിന്റെ രണ്ടാം ഭാഗം കൂടി ചെയ്യണം എന്നൊരു ആലോചനയൊന്നും ഇല്ലായിരുന്നു. ചിത്രം തീയറ്ററുകളിലെത്തിയ ശേഷം കിട്ടിയ പ്രതികരണത്തിൽ നിന്നാണ് അങ്ങനെയൊരു തീരുമാനത്തിലേക്കു പലപ്പോഴും എത്തിയിരുന്നത്. പുണ്യാളനോടും ആട് ടുവിനോടും ജനങ്ങൾ കാണിച്ച വിശ്വാസവും പ്രേതത്തിലെ കഥാപാത്രത്തിന്റെ ആഴവുമാണ് എല്ലാത്തിലേക്കും എത്തിച്ചത്. അത് അവർക്ക് ഇഷ്ടമായി എന്നറിയുമ്പോൾ ഒരുപാട് സന്തോഷം. അത്രേയുള്ളൂ. ഒന്നും മുൻധാരണയോടെ ചെയതതല്ല.

സാനിയയ്ക്കു കൊടുത്ത പണി!

ജോൺ ഡോൺ ബോസ്കോ ചെയ്യുന്ന പല കാര്യങ്ങളും, സൂക്ഷ്മ നിരീക്ഷണവും മറ്റും ഒരു നടൻ എന്ന നിലയിൽ എനിക്ക് ആവശ്യമുള്ളതാണ്. പിന്നെ കുറച്ചു കൊല്ലം ആയില്ലേ ജെഡിബിയെ പരിചയപ്പെട്ടിട്ട്. അതിന്റെ ഒരു ഇഫക്ട് ഇപ്പോഴും മനസ്സിലുണ്ട്. സെറ്റിൽ വച്ച് ജെഡിബിയുടെ മെന്റലിസം ഞാൻ പയറ്റിയിട്ടുണ്ട്. സാനിയ അയ്യപ്പനായിരുന്നു എന്റെ കഥാപാത്രം. സാനിയയുടെ അച്ഛനും അമ്മയ്ക്കും അറിയാതിരുന്ന പല കാര്യങ്ങളും ഞാൻ പറഞ്ഞു. സാനിയ ഞെട്ടിപ്പോയി. അങ്ങനെ ചില നുറുങ്ങു കാര്യങ്ങൾ. 

ഡീഗ്രേഡിങ് പേടിയില്ല പക്ഷേ...

പേടിയില്ല. പക്ഷേ ചെയ്യാതിരിക്കുന്നതല്ലേ നല്ലത്. ഒാരോരുത്തരുടേയും ആസ്വാദന ശൈലി വ്യത്യസ്തമായിരിക്കും. എന്റെതാകില്ല മറ്റൊരാളുടേത്. നമുക്ക് ഇഷ്ടപ്പെടുന്നത് അവർക്ക് ഇഷ്ടപ്പെടില്ലായിരിക്കും തിരിച്ചും വരാം. അപ്പോൾ നമുക്ക് ഇഷ്ടപ്പെട്ടില്ലെന്നു കരുതി സിനിമ കണ്ടിറങ്ങിയ ഉടനേ അതിനെ താഴേയ്ക്കു വലിക്കുന്ന രീതിയിൽ എഴുതാതിരിക്കുന്നതല്ലേ നല്ലത്. അതല്ലേ സന്തോഷം. എല്ലാ സിനിമകളും കളിക്കട്ടെന്നേ.

പുതിയ ചിത്രങ്ങൾ പുതിയ വർഷം

ഒരു ചിത്രവും എന്റെ മുന്നിലില്ല. അതാണ് സത്യം. പിന്നെ ഞാൻ എന്തെങ്കിലും ചെയ്യാൻ ജനുവരി ഒന്നു വരെ കാത്തിരിക്കാത്തതു കൊണ്ട് ന്യൂ ഇയർ പ്ലാനും ഇല്ല. എന്തെങ്കിലും പ്ലാൻ ചെയ്താൽ എനിക്ക് തൊട്ടടുത്ത ദിവസമാണ് ജനുവരി ഒന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA