sections
MORE

‘മാരി കണ്ട് രജനികാന്ത് വിളിച്ചെന്ന് പറയണമെന്ന‌ുണ്ട്, പക്ഷേ ?’

SHARE

‘ഉയരെ’ എന്ന സിനിമയിലാണ് ടോവിനോ തോമസ്  ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം കൊണ്ടു കരിയറിൽ ഒരുപാടു ഉയരെ പോകുകയും ചെയ്തു ടോവിനോ. കൈ നിറയെ സിനിമകൾ, വ്യത്യസ്ത കഥാപാത്രങ്ങൾ, സൂപ്പർ ഹിറ്റുകൾ അങ്ങനെ ഒരു യുവനായകന് ലഭിക്കാവുന്ന ഏറ്റവും മികച്ച കാലം. നായകനും വില്ലനുമായി രണ്ടു ഭാഷകളിൽ അഭിനയിച്ച രണ്ടു സിനിമകളും ക്രിസ്മസ് കാലത്തു നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശിക്കപ്പെടുമ്പോൾ ടോവിനോയ്ക്കു പറയാനുള്ളത് ഇതാണ്. 

നായകനും വില്ലനുമായി ഒരേ ദിവസം പ്രേക്ഷകർക്കു മുന്നിൽ?  അപൂർവ ഭാഗ്യമല്ലേ? 

തീർച്ചയായും. പ്ലാൻ ചെയ്തു ചെയ്തതല്ലെങ്കിലും വളരെ വലിയ ഭാഗ്യമായി ഇതിനെ കാണുന്നു.  രണ്ടു സിനിമകളും നന്നായി പോകുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഉമ്മാന്റെ പേരും മാരിയും ഏറ്റെടുത്തതിനു നന്ദി. 

വില്ലനും നായകനുമായി അഭിനയിച്ചു. ടോവിനോയ്ക്ക് ആരാവാനാണ് കൂടുതൽ  ഇഷ്ടം ?

ഏറ്റവും നല്ല കഥാപാത്രത്തിനോടാണ് എനിക്ക് ഇഷ്ടം. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ ചിലപ്പോൾ  നായകനെക്കാൾ വില്ലൻ നമ്മളെ ആകർഷിക്കും. പക്ഷെ നായകൻ എന്നും എപ്പോഴും നായകൻ തന്നെ ആണ്. ഏറ്റവും പ്രാധാന്യമുള്ള നല്ല കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. 

മാരി 2 വിൽ വില്ലനാകുന്നത് എങ്ങനെയാണ് ?

മാരിയുടെ ആദ്യ ഭാഗം ഒരുപാടു ഇഷ്ടമാണ് എനിക്ക്. ആ കഥാപാത്രവും ആ സിനിമയും ഇറങ്ങിയ കാലത്തു തന്നെ മനസ്സിൽ കയറിയതുമാണ്. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാറിലെ വിനോദ് എന്നയാളാണ് ഈ വേഷത്തെ കുറിച്ച് എന്നോട് പറയുന്നത്. അങ്ങനെ സംവിധായകൻ കഥ പറഞ്ഞു. എന്റെ കഥാപാത്രം പ്രാധാന്യമുള്ളതാണെന്നു അപ്പോഴാണ്  മനസ്സിലായതു. പിന്നെ ധനുഷ് എന്ന നായകന്റെ വില്ലൻ. അങ്ങനെ എല്ലാം ഒത്തു വന്നപ്പോൾ സമ്മതം മൂളി. 

വില്ലൻ വേഷം ചെയ്താൽ ഇമേജ് പോകുമെന്ന പേടി ഇല്ലേ? 

ഒരു  നല്ല നടനെ സംബന്ധിച്ച് ഇമേജിൽ തളയ്ക്കപ്പെടാതെ ഇരിക്കുന്നതല്ലേ നല്ലത്.  കഥാപാത്രം പ്രവചനാതീതം ആകുമ്പോഴാണല്ലോ കാണാൻ വരുന്നവർക്കും ഒരു സുഖം ഉണ്ടാകുക.  ഇവൻ ഇത്രയൊക്കെ ചെയ്യൂ എന്നൊരു ധാരണ കൊടുക്കാതിരിക്കുമ്പോഴല്ലേ ആളുകൾക്ക് കുറച്ചു കൂടി നന്നായി സിനിമയെയും കഥാപാത്രങ്ങളെയും ആസ്വദിക്കാനാകുക.  

മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ പദവിയിലേക്കാണ് ടോവിനോയുടെ യാത്ര.  ഈ ഘട്ടത്തിൽ ഇനിയും മലയാളത്തിൽ ഒരു വില്ലൻ വേഷം വന്നാൽ ചെയ്യുമോ? 

തീർച്ചയായും ചെയ്യും. പക്ഷെ എന്നെ ആവശ്യപ്പെടുന്ന ഒരു കഥാപാത്രം ആയിരിക്കണം അത്. ചുമ്മാ ഒരു വില്ലനാവാൻ ഇല്ല. വളരെ പ്രധാനം എന്ന് തോന്നുന്ന കഥാപത്രം ആണെങ്കിൽ ഉറപ്പായും ചെയ്യും. 

ഇടി കൊള്ളുന്നതാണോ ഇടി കൊടുക്കുന്നതാണോ ഇഷ്ടം? 

ഇടി കൊള്ളാതെ കൊടുത്താലും രസമില്ല ഇടി കൊടുക്കാതെ കൊണ്ടാലും രസമില്ല. നായകനാണെകിൽ രണ്ടു ഇടി കൊണ്ടതിനു ശേഷം കൊടുക്കുമ്പോഴല്ലേ  കാണുന്നവർക്കു ഒരു സുഖം ഉണ്ടാവു. അതു പോലെ വില്ലൻ ആണെങ്കിൽ രണ്ടു ഇടി കൊടുത്തു കഴിഞ്ഞു ബാക്കി കൊള്ളുമ്പോൾ അല്ലെ രസം ഉണ്ടാവു. ചുരുക്കത്തിൽ കൊള്ളുകയും വേണം കൊടുക്കുകയും വേണം. 

നായകനാകുമ്പോൾ കിട്ടുന്ന പ്രേക്ഷകരുടെ  സ്നേഹം വില്ലൻ ആകുമ്പോൾ പോകും എന്ന് തോന്നുണ്ടോ? 

ഒരിക്കലുമില്ല. സ്നേഹം ഒക്കെ വന്നും പോയും ഇരിക്കുമല്ലോ. ഒരു പടത്തിൽ വില്ലനായാൽ ഉണ്ടാകുന്ന വെറുപ്പ്‌ അടുത്ത പടത്തിലെ പോസിറ്റീവ് കാരക്ടർ കൊണ്ടു മാറ്റാവുന്നതേ ഉള്ളു.

കരിയറിൽ ഒരുപാടു മാറ്റങ്ങൾ അടുത്തിടെ ഉണ്ടായി. ടോവിനോ എന്ന വ്യക്തി മാറിയോ? 

മാറ്റം ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ മാറ്റം. ജീവിതത്തിൽ നമുക്കു എല്ലാവർക്കും മാറ്റങ്ങൾ ഉണ്ടാവും. പക്ഷെ വ്യക്തി എന്ന നിലയ്ക്ക് നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള അടിസ്ഥാനപരമായ സ്വഭാവങ്ങൾ മാറില്ല എന്നാണ് എന്റെ വിശ്വാസം. ചുറ്റും നിൽക്കുന്നവർ എന്നെ കാണുന്ന രീതി മാറിയിട്ടുണ്ടാകും. പക്ഷെ എനിക്കോ എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്നവർക്കോ അങ്ങനെ തോന്നിയിട്ടില്ല എന്നാണ് വിശ്വാസം. 

ഒരു ബോളിവുഡ് നായകന് വേണ്ട ലുക്ക്‌ ഒക്കെ ഉണ്ട്. മാരി 2 അങ്ങോട്ടുള്ള ചവിട്ടുപടി ആണോ? 

ഇവടെ മോളിവുഡിൽ തന്നെ കഷ്ടപ്പെട്ടാണ് പിടിച്ചു നില്കുന്നത്. അപ്പൊ ഇനി ബോളിവുഡിലേക്ക് ഒക്കെ പോണോ? 

മാരി 2 കണ്ടിട്ടു തമിഴ് താരങ്ങൾ ആരൊക്കെ വിളിച്ച് അഭിനന്ദിച്ചു? 

രജനികാന്ത് വിളിച്ചു കമലഹാസൻ വിളിച്ചു എന്നൊക്കെ പറയണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ അവരാരും വിളിച്ചിട്ടില്ല. പടം ഇറങ്ങി കുറച്ചു ദിവസങ്ങൾ അല്ലെ ആയുള്ളൂ. ഒരുപാടു സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളും ഒക്കെ വിളിച്ചിരുന്നു. അതു തന്നെ ധാരാളം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA