sections
MORE

മഞ്ജുവെന്ന വീട്ടമ്മ നാലു പേരറിയുന്ന നടിയായ കഥ ! വിഡിയോ

SHARE

മഴവിൽ മനോരമയിലെ ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയുടെ ആദ്യ സീസൺ നടക്കുമ്പോൾ അടുക്കളയിൽനിന്നു ടിവിയിലേക്ക് എത്തി നോക്കി സങ്കടപ്പെട്ടിരുന്ന ഒരു വീട്ടമ്മയുണ്ടായിരുന്നു. രണ്ടാം സീസൺ ആയപ്പോഴേക്കും കഥ മാറി. ടിവിയിലെ മത്സരാർഥികളെ ആരാധനയോടെ നോക്കി നിന്ന മഞ്ജു പത്രോസ് എന്ന വീട്ടമ്മ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി. ഒരിക്കലെങ്കിലും ടെലിവിഷനിൽ പേരു വായിച്ചു കേൾക്കാൻ വേണ്ടി ദൂരദർശനിലേക്കു കത്തെഴുതിയിരുന്ന മഞ്ജു ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിലെ താരമായി. മറിമായം ശ്യാമളയെയും തങ്കത്തെയുമൊക്കെ മലയാളി പ്രേക്ഷകർ ഹൃദയം കൊണ്ടു സ്നേഹിച്ചു. അങ്ങനെ കാലം കാത്തുവച്ച അദ്ഭുതങ്ങൾ നിരവധിയുണ്ട് മഞ്ജു പത്രോസ് എന്ന വീട്ടമ്മയുടെ ജീവിതത്തിൽ!

മിനി സ്ക്രീനിലെ ചിരിക്കൂട്ടിൽ ഒഴിവാക്കാനാവാത്ത മുഖമാണ് മഞ്ജു പത്രോസിന്റേത്. ഈ നർമമൊക്കെ എവിടെനിന്നു വരുന്നു എന്ന ചോദ്യത്തിന് ഉത്തരം മഞ്ജുവുമായി ഒരൽപനേരം സംസാരിച്ചിരുന്നാൽ ലഭിക്കും. ജീവിതത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഒട്ടും നാട്യങ്ങളില്ലാതെ മഞ്ജു സംസാരിച്ചു തുടങ്ങും. ആ വർത്തമാനത്തിൽ കണ്ണീരും പുഞ്ചിരിയും രാഷ്ട്രീയവും നിലപാടുകളുമുണ്ട്.

പൃഥ്വിരാജിനും മീരാ ജാസ്മിനും ഒപ്പം അരങ്ങേറ്റം

മറിമായം ശ്യാമളയായി അറിയപ്പെടുന്നതിനു മുൻപേ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട് മഞ്ജു. ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം ആയിരുന്നു മഞ്ജുവിന്റെ ആദ്യ സിനിമ. വെറുതെ മുഖം കാണിച്ചു പോകുകയായിരുന്നില്ല. പൃഥ്വിരാജിനും മീരാ ജാസ്മിനും ഒപ്പം കോമ്പിനേഷൻ രംഗങ്ങളിലും മഞ്ജു അഭിനയിച്ചു. 

ആദ്യ സിനിമയിലേക്കു വഴി തെളിഞ്ഞതിനെപ്പറ്റി മഞ്ജു പറയുന്നതിങ്ങനെ: "ചെറുപ്പം മുതൽ നൃത്തത്തിൽ വലിയ താൽപര്യമായിരുന്നു എനിക്ക്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ട്. തൊടുപുഴയിൽ ഒരു പരിപാടി ചെയ്തപ്പോൾ എടുത്ത ചിത്രം ഒരു സ്റ്റുഡിയോയിൽ വച്ചു യാദൃച്ഛികമായി സംവിധായകൻ ലോഹിതദാസിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ കാണാനിടയായി. അങ്ങനെയാണ് ചക്രം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

സിനിമ എന്നു പറഞ്ഞാൽ എനിക്ക് വിദൂരതയിലുള്ള എന്തോ ഒരു സംഗതിയായിരുന്നു. ലോഹിതദാസ് എന്ന പേരു കേട്ടിട്ടുണ്ട്. അത്രമാത്രമേ എനിക്ക് അറിയുള്ളൂ. ഞാൻ പോയി അഭിനയിച്ചു, തിരിച്ചു പോന്നു. ലോഹി സാറിനെയും പൃഥ്വിരാജിനെയും മീരജാസ്മിനെയും കണ്ടു എന്നല്ലാതെ വേറൊന്നും എനിക്കോർമയില്ല. അന്നു ക്യാമറ ചെയ്തത് രാജീവ് രവി സാറാണെന്നും മെയ്ക്കപ് ചെയ്തത് പട്ടണം റഷീദ് സാറാണെന്നുമൊക്കെ തിരിച്ചറിയുന്നത് പിന്നീടാണ്’ - ആദ്യ സിനിമയെക്കുറിച്ച് മഞ്ജു ഓർത്തെടുത്തു. 

വിവാഹത്തിനു ശേഷം ട്വിസ്റ്റ്

അഭിനയവും സിനിമയുമൊക്കെ ആ ഒരു സിനിമയോടെ അവസാനിച്ചു. മറ്റേതു പെൺകുട്ടിയെയും പോലെ മഞ്ജുവും വിവാഹിതയായി. സുനിച്ചനൊപ്പം കോട്ടയത്തേക്കു താമസം മാറി. മകനുണ്ടായി. ബിഎഡ് പൂർത്തീകരിച്ചിരുന്നതിനാൽ ചില സ്കൂളുകളിൽ അധ്യാപികയായി ജോലി നോക്കി. അങ്ങനെ ഒരു വീട്ടമ്മയുടെ റോളിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മഴവിൽ മനോരമയിലെ ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥി ആകുന്നത്. വിവാഹത്തോടെ മറന്നു കളഞ്ഞ നൃത്തവും പാട്ടും അഭിനയവും എല്ലാം പൊടിതട്ടിയെടുത്ത് മഞ്ജു റിയാലിറ്റി ഷോയിൽ ഉത്സാഹത്തോടെ പങ്കെടുത്തു. എല്ലാ കാര്യങ്ങൾക്കും കട്ട സപ്പോർട്ടുമായി സുനിച്ചനും മകൻ ബർണാച്ചനും. മഞ്ജുവിന്റെ കുടുംബത്തെ പ്രേക്ഷകർക്കും ഇഷ്ടമായി. അങ്ങനെ മഞ്ജുവും സുനിച്ചനും ബർണാച്ചനും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ കുടുംബമായി. 

manjupathrosenew

‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോ മഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ചു. മഴവിൽ മനോരമയുടെ ആക്ഷേപഹാസ്യപരമ്പരയായ മറിമായത്തിലെ ശ്യാമളയായി മഞ്ജു ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിലെത്തി. രണ്ടാമതും ക്യാമറയുടെ മുന്നിലെത്തിയപ്പോൾ പക്ഷേ, മഞ്ജു അൽപമൊന്നു ഭയന്നു. "മറിമായത്തിൽ സാധാരണ പെരുമാറുന്ന പോലെ ചെയ്താൽ മതിയെന്നു പറഞ്ഞപ്പോൾ ആശ്വാസമായി. പക്ഷേ, അതിനു ശേഷം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ആയിരുന്നു ടെൻഷൻ. ഞാനിത് എങ്ങനെ ചെയ്യും എന്ന ആധി. ഞാനൊരു വീട്ടമ്മയല്ലേ, അഭിനയിക്കാനൊന്നും എനിക്കറിയില്ലല്ലോ എന്നൊക്കെയായിരുന്നു ചിന്ത. പക്ഷേ, പതിയെ അതും മാറി. ഇപ്പോൾ എനിക്കറിയാം, ഞാനൊരു ആർടിസ്റ്റ് കൂടിയാണെന്ന്. അതിന്റെ ഉത്തരവാദിത്തം കാണിക്കണം. ആ തിരിച്ചറിവ് തീർച്ചയായും ഇപ്പോഴുണ്ട്,’ - മഞ്ജു പറയുന്നു 

ശ്യാമളയിൽ ഞാനുണ്ട്, അമ്മച്ചിയും

"ശ്യാമള എന്ന കഥാപാത്രത്തിൽ ഞാനുമുണ്ട്, എന്റെ അമ്മച്ചിയുമുണ്ട്. സംസാര രീതികളൊക്കെ കുറെയേറെ എന്റെ അമ്മച്ചിയുടേതാണ്. ഒരു സാധാരണ വീട്ടമ്മയെ അവതരിപ്പിക്കേണ്ടി വരുമ്പോഴൊക്കെ ഞാനും എന്റെ അമ്മച്ചിയുമൊക്കെ മനസ്സിൽ വരും. അതു കുറച്ചുകൂടി എളുപ്പമാണ്," - മറിമായത്തിലെ ശ്യാമളയെക്കുറിച്ച് മഞ്ജു പറഞ്ഞു. 

മീ ടൂവിന് പുറകെയല്ല, പക്ഷേ...

സിനിമാ–സീരിയൽ രംഗത്തെ മീ ടൂ വെളിപ്പെടുത്തലുകളെക്കുറിച്ചും മഞ്ജുവിന് ചിലതു പറയാനുണ്ട്. "എന്നോട് ഒരാൾ അപമര്യാദയായി പെരുമാറിയാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കു കൃത്യമായി അറിയാം. എന്റെ പ്രായം കൊണ്ട് ഞാൻ നേടിയ ധൈര്യം ആയിരിക്കാം അത്. എന്നാൽ, പത്തുപതിനെട്ടു വയസ്സിലൊക്കെ അഭിനയരംഗത്തേക്കു വരുന്നവർക്ക് ഈ ധൈര്യം ഉണ്ടാകണമെന്നില്ല. മറ്റൊരാളുടെ മര്യാദയില്ലാത്ത പെരുമാറ്റം മൂലം എന്തിന് അവർ അവരുടെ തൊഴിൽ എടുക്കാതിരിക്കണം? ജോലിയെ ജോലിയായി കണ്ടാൽ പോരേ... എന്തിനാണ് ചൂഷണം ചെയ്യുന്നത്? അഭിനയിക്കാൻ അറിയുന്ന ഒരാളോട് അവസരം ലഭിക്കണമെങ്കിൽ വേറെ കാര്യങ്ങൾ കൂടി ചെയ്തു തരണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല," മഞ്ജു പറയുന്നു. 

സിനിമാക്കാർ എല്ലാവരും മോശക്കാരല്ല

"മീ ടൂ ക്യാംപെയ്ൻ വന്നപ്പോൾ പലരും എന്നെയൊക്കെ കാണുമ്പോൾ ചോദിക്കും, ഇത്രയൊക്കെ കഷ്ടപ്പെട്ട് എന്തിന് സിനിമയിൽ അഭിനയിക്കണം എന്ന്. സത്യത്തിൽ എല്ലാ സിനിമക്കാരും മോശക്കാരല്ല. സിനിമയെ ജീവനെപ്പോലെ സ്നേഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. മറ്റേതു തൊഴിലിടങ്ങളിളും എന്ന പോലെ ഇതിലുമുണ്ട് പ്രശ്നക്കാർ. ഇപ്പോൾ ആരോപണ വിധേയരായ പലരും ഈ തൊഴിലല്ല, വേറെ ഏതു തൊഴിൽ ചെയ്താലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കും. അത് അത്തരം മനുഷ്യരുടെ പ്രശ്നമാണ്. സിനിമയുടേതല്ല," മഞ്ജു വ്യക്തമാക്കുന്നു. 

തുറിച്ചു നോക്കേണ്ട കാര്യമില്ല

സമൂഹമാധ്യമങ്ങളിൽനിന്ന് എല്ലായ്പ്പോഴും മഞ്ജുവിന് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. തന്റെ പേരിൽ അശ്ലീല വിഡിയോകൾ പ്രചരിക്കുമ്പോൾ അറിയിക്കുന്നതു പോലും തന്നെ സ്നേഹിക്കുന്ന ആരാധകരാണെന്നു മഞ്ജു പറയുന്നു. ചിലപ്പോൾ അത്തരക്കാർക്ക് ഉചിതമായ മറുപടി അതേയിടത്തിൽ തന്നെ കൊടുക്കാനും ഈ ആരാധകർ ഉണ്ടാകും. "ഞാൻ കൂടുതലായും അഭിനയിക്കുന്നത് സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറിമായം പോലുള്ള ആക്ഷേപഹാസ്യ പരമ്പരകളിലാണ്. അതിൽ നിന്നൊക്കെയുള്ള ക്ലിപ് എടുത്ത് അശ്ലീല കമന്റുകൾ ചേർത്തു വിഡിയോ ഉണ്ടാക്കുന്നവരുണ്ട്. ഡാൻസ് കളിച്ചപ്പോൾ ഒരു നടിയുടെ പൊക്കിൾ കണ്ടെന്നു പറഞ്ഞ്, അത് വലുതാക്കി കാണിക്കുക, അല്ലെങ്കിൽ അതുപോലുള്ള ദൃശ്യങ്ങൾ ആവർത്തിച്ച് കാണിക്കുക. ഇതെക്കെ ചെയ്യുന്നത് എന്തിനാണ്? ഇതെല്ലാം ശരീരഭാഗങ്ങളല്ലേ? ഇതു കണ്ട് ഞാൻ വിഷമിക്കില്ല. യഥാർഥത്തിൽ വിഷമിക്കേണ്ടത് ഇതൊക്കെ ചെയ്യുന്നവരാണ്. അവർക്ക് കഴിവുണ്ടെന്ന് വിഡിയോ ഉണ്ടാക്കുന്നതിലൂടെ അവർ തെളിയിച്ചു. എന്നാൽ, അതു കുറച്ചൂകൂടി പ്രയോജനപ്പെടുത്തി അശ്ലീലമല്ലാത്ത പരിപാടികൾ നിർമിച്ചു കൂടെ? മഞ്ജു ചോദിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INTERVIEW
SHOW MORE
FROM ONMANORAMA