Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പോരാട്ടം’ നടത്തി ചാക്കോച്ചന്‍ സിനിമയുടെ സംവിധായകനായ ബിലഹരി: അഭിമുഖം

bilahari

പോരാട്ടം എന്ന ലോ ബജറ്റ് സിനിമയുടെ സംവിധായകൻ എന്ന പേരിൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ബിലഹരി. സിനിമയെ പ്രണയിക്കുന്ന ഒട്ടേറെ കലാകാരൻമാരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു ‘പോരാട്ടം’ എന്ന സിനിമ. പരീക്ഷണ സ്വഭാവമുള്ള ‘പോരാട്ട'മാണ് ബിലഹരി ആദ്യം പൂർത്തിയാക്കിയതെങ്കിലും പുതുവർഷത്തിൽ അദ്ദേഹം പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനുമായിട്ടാണ്. ചാക്കോച്ചന്റെ കരിയറിലെ ചുവടുമാറ്റമായി കണക്കാക്കപ്പെടുന്ന ചിത്രത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളും സംവിധായകൻ പങ്കുവെക്കുന്നു. 

പോരാട്ടത്തിൽ നിന്ന് അള്ള് രാമേന്ദ്രനിലേക്കുള്ള പോരാട്ടം 

പോരാട്ടം എന്ന സിനിമ സംഭവിക്കുന്നത് വല്ലാത്തൊരു ആശങ്കയിൽ നിന്നാണ്. എനിക്കൊന്നും ഒരിക്കലും സിനിമ ചെയ്യാൻ കഴിയില്ല എന്നൊരു പേടിയിൽ നിന്നാണ് അത് സംഭവിക്കുന്നത്. കുറേക്കാലമായി കഷ്ടപ്പെടുന്നു. ഇനിയും കാത്തിരിക്കുന്നതുകൊണ്ട് അർഥമില്ലെന്നു തോന്നി. ഒരു സിനിമ ചെയ്യാമെന്നു തീരുമാനിക്കുന്നത് അങ്ങനെയാണ്. അത് ഏറ്റവും ഭംഗിയായി ആളുകളിലേക്ക് എങ്ങനെ എത്തിക്കാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ്, ഇതിന്റെ വാർത്ത സാധ്യതയെക്കുറിച്ച് ആദ്യമേ ആലോചിക്കുന്നത്. ഏറ്റവും കുറഞ്ഞ ബജറ്റിൽ ഏറ്റവും മികച്ചൊരു സൃഷ്ടി എന്നതായിരുന്നു പോരാട്ടത്തിനു പിന്നിലെ ആലോചന. 

bilahari-2

പോരാട്ടം പൂർത്തിയാകുമ്പോൾത്തന്നെ എന്റെ അടുത്ത സുഹൃത്തായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്ന സിനിമക്കൊപ്പം ചേർന്നു. ലില്ലിയിൽ ചീഫ് അസോസിയേറ്റായിരുന്നു. ആ പ്രോജക്ടിന്റെ സമയത്താണ് അതിൽ അഭിനയിച്ച സജിനുമായി ഞാൻ അള്ള് രാമേന്ദ്രന്റെ ആദ്യത്തെ ചിന്ത പങ്കുവെക്കുന്നത്. പിന്നീട് അതു ഞങ്ങളുടെ മറ്റു സുഹൃത്തുകളുമായി പങ്കുവെച്ചു. ഈ സിനിമയുടെ എഴുത്തുകാരായ സജിൻ, വിനീത്, ഗിരിഷ് എന്നിവരും ഞാനും ചേർന്നുള്ള നിരന്തരമായ ചർച്ചകൾക്കും സംഭാഷണങ്ങൾക്കും ശേഷമാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് അള്ള് രാമേന്ദ്രൻ എത്തുന്നത്.

Allu Ramendran Trailer

ഇൻഡസ്ട്രിയിൽ നല്ല അടുപ്പമുള്ള വ്യക്തിയാണ് ഇ ഫോർ എന്റർടെയ്ൻമെന്റിലെ സി.വി.സാരഥി. അദ്ദേഹവുമായി ഈ ആശയം പങ്കുവെച്ചു. അദ്ദേഹമാണ് ആഷിഖ് ഉസ്മാനെ എനിക്ക് പരിചയപ്പെടുത്തുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ടു തുടക്കത്തിൽ ഉണ്ടായിരുന്ന എല്ലാ പ്രതിസന്ധികളിലും അദ്ദേഹം കൂടെയുണ്ടായിരുന്നു. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും എനിക്കൊപ്പം ഈ സിനിമ പൂർത്തിയാക്കുമെന്ന് അദ്ദേഹം വാക്കു നൽകിയിരുന്നു. അതിനു ശേഷമാണ് ചാക്കോച്ചനെ കാണുന്നത്. അദ്ദേഹം ആദ്യ കേൾവിയിൽത്തന്നെ ഈ പ്രൊജക്ടിന്റെ ഭാഗമാകാൻ തയാറായി. 

അള്ള് രാമേന്ദ്രൻ ചാക്കോച്ചന്റെ ഇമേജിനെ ബ്രേക്ക് ചെയ്യുന്ന കഥാപാത്രം

ചാക്കോച്ചൻ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലുള്ള ചിത്രം ഒരു റൊമാന്റിക് ഹീറോയുടേതാണ്. അങ്ങനെയുള്ളൊരു അഭിനേതാവിനെ മറ്റൊരു തരത്തിൽ അവതരിപ്പിക്കുക എന്നത് ഒരേസമയം വെല്ലുവിളി നിറഞ്ഞതും ത്രില്ലിങ്ങുമാണ്. അതു പ്രേക്ഷകരിൽ ഉണ്ടാക്കാൻ പോകുന്ന പ്രതികരണം എന്താകുമെന്ന് വളരെ കൗതുകത്തോടെ കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. സ്വാഭാവികമായി ചാക്കോച്ചൻ ഈ വേഷം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ചാക്കോച്ചനിൽനിന്ന് എന്താണോ പ്രതീക്ഷിച്ചത് അതിന്റെ മൂന്നിരട്ടി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്.

bilahari-1

‘കൊളോഡിയോൺ’ എന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് ഇതിലെ ചാക്കോച്ചന്റെ നെറ്റിയിലെ മുറിവ് ചെയ്തിരിക്കുന്നത്. ആ മുറിവ് പല തവണ മാറ്റി മാറ്റി സെറ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ ശരിക്കും മുറിവുണ്ടായി. തട്ടിൻപുറത്ത് അച്ചുതന്റെ സെറ്റിൽ നിന്നാണ് അദ്ദേഹം അള്ളിന്റെ സെറ്റിലെത്തുന്നത്. ആ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് അദ്ദേഹത്തിന്റെ കൈ പൊള്ളുകയും കൈയിലും കാലിലുമൊക്കെ ചെറിയ പരുക്കുകൾ സംഭവിക്കുകയും ചെയ്തു. അങ്ങനെ ഒരുപാടു വേദനകളൊക്കെ കടിച്ചമർത്തിയാണ് അദ്ദേഹം ഈ സിനിമയിൽ സഹകരിച്ചത്.

അള്ളു രാമേന്ദ്രൻ ഒരിക്കലും പ്രേക്ഷകരുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു കഥാപാത്രമായിരിക്കില്ല. കഥാപാത്രത്തിന് ചില പ്രത്യേക സ്വാഭാവങ്ങളുണ്ട്. അതിന് കൃത്യമായൊരു വികാസം സിനിമയുടെ ഓരോ ഘട്ടത്തിലുമുണ്ട്. അള്ള് രാമേന്ദ്രൻ എന്ന കഥാപാത്രത്തിന് ഉണ്ടാകുന്ന രൂപാന്തരത്തിലാണ് ഈ സിനിമയുടെ ഘടന. ആ രൂപാന്തരത്തെ കുഞ്ചാക്കോ ബോബൻ എന്ന നടൻ എങ്ങനെ ഏറ്റെടുക്കുന്നു എന്നതിലാണ് ഈ സിനിമയുടെ കൗതുകം ഒളിച്ചിരിക്കുന്നത്. ഒന്നിലേറെ അടരുകളുള്ള ഒരു കഥാപാത്രമാണ് രാമേന്ദ്രന്റേത്. 

The Trailer Of Kunchacko Boban Starrer 'Allu Ramendran' released

അള്ള് മാസ് അല്ല, ഇത് രാമേന്ദ്രന്റെ കോമഡി ത്രില്ലർ

ടീസർ മാത്രം പുറത്തു വന്ന സമയത്ത് സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും പ്രതികരണവുമൊക്കെ മറ്റൊരു തരത്തിലായിരുന്നു. എന്നാൽ സിനിമയിലെ പ്രണയഗാനവും ട്രെയിലറും പുറത്തു വന്നതോടെ പ്രേക്ഷകർക്ക് സിനിമയെക്കുറിച്ച് ഏകദേശം ധാരണ ലഭിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അള്ള് രാമേന്ദ്രൻ ആദ്യാവസാനം ഒരു മാസ് കഥാപാത്രമല്ലെന്നും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണെന്നും പ്രേക്ഷകർക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കോമഡി ത്രില്ലർ എന്നൊക്കെ പറയാവുന്ന ഒരു ഗണത്തിലാണ് അള്ള് രാമേന്ദ്രൻ ഉൾപ്പെടുന്നത്. 

allu-ramendran

ജിംഷിയുടെ ക്യാമറ കാഴ്ചകൾ

അള്ളു രാമേന്ദ്രൻ എന്ന സിനിമയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത പേരാണ് ജിംഷി ഖാലിദിന്റേത്. അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം അദ്ദേഹം ഒരു നല്ല പ്രോജക്ടിനായി കാത്തിരിക്കുകയായിരുന്നു. യാദൃച്ഛികമായിട്ടാണ് അദ്ദേഹം ഈ പ്രോജക്ടിന്റെ ഭാഗമാകുന്നത്. സിനിമയുടെ കൃത്യമായ മൂഡിന് അനുസരിച്ചാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. 

allu-ramendran-trailer

പോരാട്ടവും വൈകാതെ പ്രേക്ഷകരിലേക്ക്..

പോരാട്ടമാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരു മികച്ച ഫ്ലാറ്റ്ഫോം ഒരുക്കി നൽകിയത്. സ്മാർട്ട് പിക് മീഡിയയ്ക്കാണ് പോരാട്ടത്തിന്റെ ഉടമസ്ഥാവകാശം നൽകിയിരിക്കുന്നത്. അവരുമായി ആലോചിച്ച് പോരാട്ടം പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കാം എന്ന് ആലോചിക്കുന്നു. തിയറ്റർ റിലീസിന്റെ സാധ്യതകളെക്കുറിച്ചും ഓൺലൈൻ പ്ലാറ്റ്ഫോമിലെ റിലീസിനെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നുണ്ട്. എന്തായാലും അടുത്ത മാസം തന്നെ ഒരു പ്രീമിയർ ഷോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.