ആ ‘മാസ് ഡയലോഗ്’ അറിയാതെ വന്നതാണ്: ഷമ്മിയെ വിറപ്പിച്ച സിമി പറയുന്നു

grace-antony-simy-actress
SHARE

സിനിമകളിലെ ചില കഥാപാത്രങ്ങള്‍ വീടിന്റെ അരമതിലിനപ്പുറമുള്ള ചില സൗഹൃദങ്ങളെ, മനുഷ്യരെ ഓര്‍മിപ്പിക്കും. ഒരു മതിലിനിപ്പുറം നിന്ന് പറഞ്ഞു വച്ച അനേകം കഥകള്‍, സങ്കടങ്ങള്‍, പ്രതിഷേധങ്ങള്‍ ഒക്കെ ഓര്‍മിപ്പിച്ചു കൊണ്ട് മനസ്സിലേക്ക് കൂടേറും അവര്‍. അങ്ങനെയൊരു കഥാപാത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ സിമി. അവളായി മാറിയത് ഗ്രേസ് ആന്റണിയും. 

Kumbalangi Nights | Official Trailer | Fahadh Faasil | Soubin Shahir

ആദ്യ ചിത്രത്തിലെ കുഞ്ഞന്‍ വേഷത്തിനു ശേഷം, ഫഹദിന്റെ നായികയായി സത്യസന്ധതയുള്ളൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ഗ്രേസ്. തീയറ്ററിലുള്ളവരെ മുഴുവന്‍ ആദ്യമൊന്നു അതിശയിപ്പിക്കുകയും പിന്നെ മനസ്സുകൊണ്ട് നിറഞ്ഞു കയ്യടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ‘ഒറ്റയാന്‍ ഡയലോഗ്’ ഉള്‍പ്പെടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച സിനിമയെ കുറിച്ച് ഗ്രേസ് സംസാരിക്കുന്നു. 

ആ കോള്‍

ശ്യാം പുഷ്‌കരന്‍ ചേട്ടനായിരുന്നു സിനിമയിലേക്കു വിളിച്ചത്. ഒരു കഥാപാത്രം ചെയ്യാനുണ്ട് വന്നൊന്ന് കേള്‍ക്കൂ എന്നുപറഞ്ഞു. എന്തു കഥാപാത്രം ആയാലും ചെയ്യാന്‍ എനിക്കിഷ്ടമായിരുന്നു. കാരണം അത് അവരുടെ സിനിമയായതു കൊണ്ടു തന്നെ. ആ ടീമിന്റെ സിനിമകളില്‍ എത്ര ചെറിയ കഥാപാത്രമായിക്കൊള്ളട്ടെ തീര്‍ച്ചയായും ആ കഥാപാത്രത്തിനു നല്ല പ്രാധാന്യം ഉണ്ടാകും. ആളുകള്‍ എന്നും ഓര്‍ത്തിരിക്കുന്ന എന്തെങ്കിലുമൊരു ഘടകം അതിൽ ഉണ്ടാകും. പിന്നെ സിമിയെ കുറിച്ച് കേട്ടപ്പോഴേ എനിക്കിഷ്ടമായി.

grace-antony-simy-actress-5

സിമിയെ മറക്കില്ല‍!

സിമി എന്റെ കരിയറിലെ ആദ്യത്തെ ഏറ്റവും മികച്ച കഥാപാത്രമാണ്. ഇത്രയും ഇമോഷന്‍ ഉള്ള ഒരു കഥാപാത്രത്തെ മുന്‍പൊരിക്കലും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടു മാത്രമല്ല സിമി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത്. സിനിമയുടെ ആദ്യ ഷോ കണ്ടതിനു ശേഷം കുറേ മെസ്സേജുകളും കോളുകളുമൊക്കെ വന്നിരുന്നു. അതിലൊരാള്‍ പറഞ്ഞത്, ചേച്ചി സിമിയെ കണ്ടപ്പോള്‍ എനിക്കെന്റെ അമ്മയെ ഓര്‍മ വന്നു, എവിടെയൊക്കെയോ അമ്മയെ കണ്ടു. അമ്മ  അച്ഛനോട് സംസാരിക്കുന്ന പോലുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. ജീവിച്ചിരിക്കുന്ന ഒരാളെ, അതും അത്രയും പ്രിയപ്പെട്ടൊരാളെ ഒരു കഥാപാത്രം കണ്ടിട്ട് ഓര്‍ക്കുക എന്നാല്‍ അതൊരു കലാകാരിയെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമാണ്. 

കിളി പോയി അത് കേട്ടപ്പോള്‍

ഫഹദ് ഫാസില്‍ എന്ന നടന്റെ ഒരു കടുത്ത ആരാധികയാണ് ഞാന്‍. അപ്പോ അങ്ങനെയൊരാളിന്റെ ജോടിയായി അഭിനയിക്കണം എന്നറിയുമ്പോഴുള്ള മാനസികാവസ്ഥ പറയേണ്ടല്ലോ. കിളിപോയി എന്നു പറഞ്ഞാല്‍ മതി. പക്ഷേ ശ്യാം ചേട്ടനും സംവിധായകന്‍ മധു ചേട്ടനും കോണ്‍ഫിഡന്‍സ് തന്നു. നിനക്ക് സിമിയെ അവതരിപ്പിക്കാനാകും എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. അതോടെ ഫഹദിനൊപ്പം പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ ഞാനും തുടങ്ങി. അദ്ദേഹം ഒരോ സീനിലും നൂറ് മാര്‍ക്ക് വാങ്ങുമ്പോള്‍ എനിക്കൊരു 20 എങ്കിലും വേണ്ടേ. എതിരെ നിന്ന് അഭിനയിക്കുന്ന ആളിനെ ശരിക്കും അതിശയിപ്പിക്കുന്ന അഭിനയമാണ് ഫഹദിന്റേത്. അത് സിനിമ കണ്ടാല്‍ അറിയാനാകും. ആ നടനൊപ്പം പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളാണ് ഞാന്‍ സിനിമയില്‍ നടത്തിയത്. 

grace-antony-simy-actress-1

അതൊരു സ്വപ്‌നം ആയിരുന്നു

ദിലീഷ്-ശ്യാം പുഷ്‌കരന്‍ സിനിമകളെല്ലാം കണ്ടിരുന്നു. പൊതുവെ എല്ലാ സിനിമകളും കാണുന്ന കൂട്ടത്തിലാണ്. പക്ഷേ ഈ കൂട്ടുകെട്ടിന്റെ സിനിമ ഞാന്‍ സ്വപ്‌നം കണ്ടിരുന്നതാണ്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു കോള്‍ ഈ നേരത്ത് പ്രതീക്ഷിച്ചിരുന്നുമില്ല. സിമിക്കു വേണ്ടി വലിയ കാര്യങ്ങളൊന്നും ചെയ്യേണ്ടി വന്നില്ല. സിമി എന്നേക്കാള്‍ കുറച്ച് മുതിര്‍ന്ന ആളാണ്. ഫിസിക്കല്‍ ആയി കുറച്ച് മാറ്റം വേണ്ടിയിരുന്നു. 

grace-antony-simy-actress-4

പിന്നെ പറഞ്ഞത്, അമ്മയും അടുത്തുള്ള ചേച്ചിമാരുമൊക്കെ എങ്ങനെയാണ് വീട്ടില്‍ പെരുമാറുന്നത് എന്ന് നോക്കി പഠിക്കണം എന്ന്. സിമി ഒരു സാധാരണ കുമ്പളങ്ങിക്കാരിയാണ്. ആ സാധാരണത്വം അവരില്‍ നിന്ന് പഠിക്കാനാകും എന്നു പറഞ്ഞിരുന്നു. എല്ലാത്തിനും ഉപരിയായി പറഞ്ഞത്, ഗ്രേസ് ഇങ്ങു പോര് സിമിയെ നമുക്ക് ചെയ്യാം എന്നാണ്. ആ വാക്ക് വലിയ ധൈര്യമായിരുന്നു. ഫഹദിനൊപ്പം അഭിനയിക്കണം എന്നതൊഴിച്ചാല്‍ വേറെ പേടിയൊന്നും ഇല്ലായിരുന്നു. 

ആ ഡയലോഗുകള്‍!

അത് ആ കഥാപാത്രത്തിന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ്. അറിയാതെ പറഞ്ഞു പോകുന്നത്. അതുപോലെ തന്നെയായിരുന്നു ഞാന്‍ അവതരിപ്പിച്ചപ്പോഴും. അന്നേരത്തെ അന്തരീക്ഷത്തില്‍ അറിയാതെ ഉള്ളില്‍ നിന്ന് തന്നെയാണ് വന്നത്. അനായാസമായി വന്നതാണ്. അതിനു കാരണം തിരക്കഥാകൃത്തും സംവിധായകനുമാണ്. ഓരോ സീനിനു മുന്‍പും എന്താണ് ഇമോഷന്‍, എങ്ങനെയായിരിക്കണം നില്‍ക്കേണ്ടത്, എന്താണ് മനസ്സില്‍ വയ്‌ക്കേണ്ടത് എന്ന് കൃത്യമായി ശ്യാം ചേട്ടനും മധു ചേട്ടനും പറഞ്ഞു തരുമായിരുന്നു. സിമി എങ്ങനെയായിരിക്കും എന്തായിരിക്കും മനസ്സില്‍ എന്ന് പറഞ്ഞുതരും. എനിക്ക് തോന്നുന്നില്ല, ഇത്രയും വ്യക്തമായി വേറെ ഏതെങ്കിലും സംവിധായകനോ തിരക്കഥാകൃത്തോ ഒരു അഭിനേതാക്കള്‍ക്ക്് സീനുകളെ കുറിച്ച് പറഞ്ഞു കൊടുക്കുമെന്ന്. അത്രയ്ക്കു പിന്തുണയാണ് രണ്ടാളും തരുന്നത്.  

grace-antony-simy-actress-2

എല്ലാ രാത്രികളും!

സെറ്റിലെ എല്ലാ ദിവസങ്ങളും എന്നു പറയുന്നതിനേക്കാള്‍, രാത്രികളെ കുറിച്ചാണ് പറയേണ്ടത്. അത്രയ്ക്ക് രസകരമായിരുന്നു ഓരോ രാത്രികളും. സെറ്റ് മൊത്തത്തില്‍ എപ്പോഴും ഓണ്‍ ആയിരുന്നു. ടീം മൊത്തത്തില്‍ നല്ല കമ്പനി. അതില്‍ നിന്ന് കുറച്ച് വ്യത്യസ്തം ആയിരുന്നത് ഫഹദ് ഇക്ക മാത്രമാണ്. അദ്ദേഹം ഇടയ്ക്കിടയ്ക്ക് മാറിയിരുന്ന് കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും അതിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുമായിരുന്നു. ഒത്തിരി മുന്നൊരുക്കം നടത്തുന്നൊരാളാണ് ഫഹദ് ഫാസില്‍.

നമ്മളുമായി റിലേറ്റ് ചെയ്യാനാകുന്ന സിനിമകളോടാണ് കൂടുതല്‍ ഇഷ്ടം. എല്ലാത്തിനുമപരി ആളുകള്‍ ഓര്‍ത്തിരിക്കുന്ന, സിമിയെ പോലുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നേ ആഗ്രഹമുള്ളൂ. ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷം വെറുതെയിരുന്നു. നല്ല സിനിമകളൊന്നും വരാത്തതു കൊണ്ടാണ് ഇടവേള വന്നത്. അങ്ങനെയിരിക്കുമ്പോഴാണ് സിമി വരുന്നത്. അവളെ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ആ കഥാപാത്രത്തിലൂടെ ആളുകള്‍ എന്നെ ഓര്‍ക്കണം എന്നാണ് ആഗ്രഹം. എന്നിലൂടെ കഥാപാത്രത്തെ ഓര്‍ക്കണം എന്ന ചിന്തയില്ല. അതുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. 

ആ രഹസ്യം

സത്യത്തില്‍ ശ്യാം പുഷ്‌കരന്‍ എന്ന തിരക്കഥാകൃത്തും മധു എന്ന സംവിധായകനും ആയിരുന്നില്ലെങ്കില്‍ ഈ കഥാപാത്രം ഇത്ര അനായാസമായി ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഓരോ സീന്‍ പ്ലാന്‍ ചെയ്യുമ്പോഴും നമ്മളെ ഒപ്പം കൂട്ടും. അതേപ്പറ്റി വളരെ വിശദമായി പറഞ്ഞും തരും. ഒരിക്കലും ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നു പറയുകയേയില്ല. ഇങ്ങനെ ചെയ്താലോ ...അങ്ങനെയുള്ള ചോദ്യങ്ങളേ ഉണ്ടാകുള്ളൂ. ഒരുതരത്തിലും നമ്മളെ ഫോഴ്‌സ് ചെയ്യില്ല. ആ രീതിയിലാണ് അവര്‍ കഥാപാത്രങ്ങളാക്കി നമ്മളെ മാറ്റുക. മനസ്സിനൊരു ഭാരവും തരില്ല. അവര്‍ക്ക് ആ കഥാപാത്രത്തെ ഒരുപാടിഷ്ടമാണ്. അതുപോലെ തന്നെയാണ്, ആ സ്‌നേഹത്തോടെയാണ് നമ്മളോടും പെരുമാറുന്നത്. അതുവഴി അറിയാതെ നമ്മളും അവരുടെ കഥാപാത്രങ്ങളെ ആത്മാര്‍ഥമായി സ്‌നേഹിച്ചു പോകും. അതാണ് അവിടെ നടക്കുന്നത്.

Happy Wedding 2016 Malayalam Movie Song

ഇവരാണ് പ്രിയപ്പെട്ടവര്‍!

സിനിമകളെല്ലാം കാണും. എല്ലാ അഭിനേതാക്കളോടും ബഹുമാനവും സ്‌നേഹവും മാത്രം. സിനിമ വേറൊരു ലോകമല്ലേ. സിനിമ കണ്ട് വളര്‍ന്നവര്‍ സ്‌നേഹിച്ചു പോയത് മമ്മൂക്കയേയും ലാലേട്ടനേയുമാണ്. ഇപ്പോള്‍ അവരുടെ കൂട്ടത്തിലേക്കാണ് ഫഹദിക്കയും. വലിയ ആരാധനയാണ്. ഏറ്റവും വലിയ ക്രഷും ആരാധനയും സ്‌നേഹവും ആ മനുഷ്യനോടാണ്. അഭിനയം നേരിട്ട് കാണുക കൂടി ചെയ്തപ്പോള്‍ അത് ഇരട്ടിയായി. 

View this post on Instagram

Sunkiss💫🌞🌟

A post shared by Gracuuu (@grace_antonyy) on

ഞാന്‍ സിമിയല്ല, ഷമ്മിയെ അറിയില്ല

ഇതില്‍ ഷമ്മി ഒഴികെ ബാക്കിയെല്ലാവരേയും ഞാന്‍ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്. ഷമ്മിയുടെ രഹസ്യം ശ്യാം ചേട്ടനു മാത്രമേ അറിയൂ. ഒരുപാട് സിമിമാരെ എനിക്കറിയാം. ഞാന്‍ സിമിയല്ല. സിമി നല്ല പക്വതയുള്ള ഒരു കുടുംബത്തിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്ന പെണ്‍കുട്ടിയാണ്. പിന്നെ എല്ലാം മനസ്സിലൊതുക്കുന്നവളും. ഞാന്‍ ഒരിക്കലുംഅങ്ങനെയല്ല. പിന്നെ പ്രധാന വ്യത്യാസം സിമി കല്യാണം കഴിച്ചിട്ടുണ്ട്, ഞാന്‍ കല്യാണം കഴിച്ചിട്ടില്ല എന്നതാണ്. 

സിനിമയ്ക്കപ്പുറം

കല തന്നെയാണ് ലോകം. പാട്ട്, ഡാന്‍സ്, എഴുത്ത്. അതിനപ്പുറം മറ്റൊന്നില്ല. സിനിമയോടാണ് ഏറ്റവും പ്രിയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA