കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ: പ്രിയ വാരിയർ

priya-p-varrier-london
SHARE

കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് 'ഒരു അഡാർ ലവ്' എന്ന ചിത്രീകരണത്തിൽ ഇരുന്ന സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്യുന്നത്. പ്രതീക്ഷകൾക്കുമപ്പുറം പ്രാദേശിക ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു ആ ഗാനം ഒഴുകി. ചിത്രത്തിലെ കുസൃതി നിറഞ്ഞ കണ്ണിറുക്കൽ കാഴ്ചക്കാരുടെ മനംകവർന്നു. ഒരൊറ്റ രാത്രി കൊണ്ട്‌ അതിലെ അഭിനേതാക്കൾ ഇന്റർനെറ്റ് സെൻസേഷൻ ആയി മാറി. അതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വളർന്നു. 'അഡാർ' എന്ന പദപ്രയോഗം സമൂഹമാധ്യമങ്ങളിൽ പുതിയ ശൈലിയായി. കാത്തിരിപ്പിനൊടുവിൽ ഒരു അഡാർ ലവ് , വാലന്റൈൻസ് ദിനത്തിൽ റിലീസ് ചെയ്യുമ്പോൾ എല്ലാ കണ്ണുകളും പ്രിയ പ്രകാശ് വാരിയരിലാണ്. പ്രിയ സംസാരിക്കുന്നു...

ഒന്നു കണ്ണടച്ച് തുറന്നപ്പോൾ... 

'മാണിക്യമലരായ പൂവി' ഗാനം റിലീസ് ചെയ്യുമ്പോൾ പതിവിൽ കവിഞ്ഞുള്ള പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. സ്‌കൂൾ ഫെസ്റ്റിവലിൽ പരസ്പരം വായ്നോക്കുന്നതൊക്കെ പതിവാണല്ലോ.. എന്റെ സ്‌കൂൾ ലൈഫിലും കണ്ടിട്ടുള്ള കാര്യങ്ങളാണ് അതൊക്കെ. അതു രസകരമായി ചെയ്യുക മാത്രമാണ് ചെയ്തത്.. പക്ഷേ  ഒറ്റ രാത്രി കൊണ്ട് ആ ഗാനം വൈറലായി. മലയാളം അറിയാത്ത നോർത്ത് ഇന്ത്യക്കാർ പോലും ഗാനവും കണ്ണിറുക്കലും ഇഷ്ടപ്പെട്ടു. 

പാട്ടിനെ ഇത്രയും ഹിറ്റാക്കിയത് സമൂഹമാധ്യമം തന്നെയാണ്. ഞാൻ ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്നു. ഗാനം ഇറങ്ങിയ ശേഷം അതിൽ ഫോളോവേഴ്സ് ഇടിച്ചുകയറി. അങ്ങനെയാണ് ബ്രാൻഡുകൾ പരസ്യം ചെയ്യാൻ സമീപിക്കുന്നത്. ആദ്യമൊക്കെ പെട്ടെന്നുണ്ടായ പ്രശസ്തിയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. 

priya-p-varrier-brand

ലൈക്കിനു പിന്നാലെ ഡിസ്‌ലൈക്ക്...

സിനിമയ്ക്കുശേഷം ഞാൻ അഭിനയിച്ച പരസ്യങ്ങളായിരിക്കാം എനിക്കു കേരളത്തിൽ വിമർശകരെ ഉണ്ടാക്കിയത്. ഒരു തുടക്കക്കാരി എന്ന നിലയിലുള്ള പോരായ്മകൾ ഉണ്ടായിട്ടുണ്ടാകാം. എന്നാലും ലക്ഷ്യം വച്ച പ്രേക്ഷകരിലേക്ക് ആ രണ്ടു പരസ്യങ്ങളും എത്തുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ മലയാളികൾ അതിനു ട്രോളുകൾ ഉണ്ടാക്കാൻ തുടങ്ങി...അതിലൂടെ ആ പരസ്യങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു എന്നത് മറ്റൊരു കാര്യം...

Oru Adaar Love | Manikya Malaraya Poovi Song Video

പ്രശംസ പെട്ടെന്നു വിമർശനങ്ങൾക്ക് വഴിമാറിയപ്പോൾ വീട്ടുകാർക്ക്‌ ചെറിയ സങ്കടമായി. പക്ഷേ ട്രോളുകൾ, കാര്യങ്ങളെ കുറച്ചുകൂടി യാഥാർഥ്യബോധത്തോടെ കാണാൻ എന്നെ പ്രാപ്തയാക്കി. ഈ മേഖലയിൽ നിൽക്കുമ്പോൾ അഭിനന്ദനങ്ങൾ മാത്രമല്ല വിമർശനങ്ങളെയും നേരിടേണ്ടി വരുമെന്ന് ബോധ്യമായി.

എന്താണ് അഡാർ ലവ്...

അഡാർ ലവ് എല്ലാവർക്കും, വിശേഷിച്ച് പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്നൊരു ചിത്രമാകും എന്നാണ് എന്റെ വിശ്വാസം. സ്‌കൂൾ ജീവിതത്തിലെ സൗഹൃദങ്ങളും വഴക്കുകളും പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. ഒരു സ്‌കൂൾ വിദ്യാർഥിനിയായാണ് അഡാർ ലവിൽ അഭിനയിക്കുന്നത്. വ്യക്തിപരമായി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രമാണ്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. തിയറ്ററിൽ പോയി കണ്ടു വിലയിരുത്തൂ എന്നാണ് പറയാനുള്ളത്. 

priya-varrier-family

കുടുംബം...

ഞാനൊരു തൃശൂരുകാരിയാണ്. അച്ഛൻ പ്രകാശ് വാര്യർ. സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനാണ്. അമ്മ പ്രീത വീട്ടമ്മയും. എനിക്കൊരു അനിയൻ പ്രസിദ്ധ്. ഏഴാം ക്‌ളാസിൽ പഠിക്കുന്നു. ഞാൻ തൃശൂർ വിമല കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ്. പിന്നെ മുത്തച്ഛനും മുത്തശ്ശിയും. ഇതാണ് എന്റെ കുടുംബം. 

ഞാൻ ലണ്ടനിൽ...

അഡാർ ലവ് റിലീസ് ചെയ്യുമ്പോൾ ഞാൻ നാട്ടിലില്ല എന്നതാണ് ഒരു വിഷമം. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ലണ്ടനിലാണ് ഞാനിപ്പോൾ ഉള്ളത്. സിനിമ റിലീസ് ചെയ്യുമ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ ഉണ്ടാകണം എന്നായിരുന്നു പ്ലാൻ. പക്ഷേ ഇവിടുത്തെ കാലാവസ്ഥ മോശമായതുകാരണം ചിത്രീകരണം നീണ്ടുപോയി. ലണ്ടനിൽ അഡാർ ലവ് റിലീസ് ചെയ്യുന്നുണ്ടെങ്കിലും നാട്ടിൽ എത്തിയിട്ടേ പടം കാണുന്നുള്ളൂ എന്നാണ് തീരുമാനം. നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം പുറത്തിറങ്ങുന്നതിന്റെ സന്തോഷവും ടെൻഷനുമുണ്ട്. എല്ലാം ഭംഗിയായി വരാൻ പ്രാർഥിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA