ADVERTISEMENT

ഒരു വർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ 'മാണിക്യ മലരായ പൂവി' എന്ന ഗാനം പുറത്തിറക്കുമ്പോൾ 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അതു ചിത്രത്തിന്റെ തലവര മാറ്റിവരയ്ക്കുമെന്ന്..ഒറ്റ രാത്രി കൊണ്ടു ആ ഗാനം സൃഷ്ടിച്ചത് രണ്ടു ഇന്റർനെറ്റ് താരങ്ങളെയാണ്. റോഷനും പ്രിയയും. നൃത്തമാടുന്ന പുരികം കൊണ്ടു പ്രേക്ഷകരുടെ ഇഷ്ടം നേടിയ റോഷൻ ചിത്രത്തിന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...

 

സിനിമാപ്രവേശനം...

 

മഴവിൽമനോരമയിലെ D4ഡാൻസ് സീസൺ ത്രീയിൽ ഞാൻ നാലാം സ്ഥാനത്ത് എത്തിയിരുന്നു. അതുകഴിഞ്ഞാണ് അഡാർ ലവിന്റെ ഒഡിഷനിൽ പങ്കെടുക്കുന്നത്. ഡാൻസിനോടുള്ള പാഷനും ചെറുവിഡിയോകൾ ചെയ്തുള്ള പരിചയവും മുതൽക്കൂട്ടായി. അങ്ങനെ ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.

 

പുരികവും ലിപ്‌ലോക്കും ട്രോളുകളും...

 

ഞാൻ സിനിമയിൽ എത്തുന്നതിനു മുൻപ് ഡബ്‌സ്മാഷ് വിഡിയോകൾ ചെയ്യുമായിരുന്നു. അതിൽ പുരികം നൃത്തം ചെയ്യിക്കുന്ന വിഡിയോ ഒമറിക്ക ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ഗാനത്തിനിടയിൽ അതുപോലെ ചെയ്യാൻ പറയുന്നത്. മറുപടിയായി പ്രിയയുടെ കണ്ണിറുക്കൽ കൂടിയായപ്പോൾ സംഭവം വൈറലായി. അടുത്തിടെ ഞാനും പ്രിയയും തമ്മിൽ സിനിമയിലുള്ള ലിപ്‌ലോക്കിനെ കുറിച്ചും ട്രോളുകൾ ഇറങ്ങിയിരുന്നു. ടൊവിനോയെ കണ്ടു പഠിക്ക് എന്നൊക്കെയായിരുന്നു കൂടുതൽ ട്രോളുകളും...അതൊക്കെ ഞാൻ ഫോളോ ചെയ്യാറുണ്ട്.

 

 

നീണ്ട കാത്തിരിപ്പ്...

 

ഒന്നര വർഷത്തോളം നീണ്ട കാത്തിരിപ്പിനാണ് അവസാനമാകുന്നത്. അതിന്റെ ത്രില്ലും ടെൻഷനുമുണ്ട്. ഒരു വർഷം മുൻപാണ് മാണിക്യ മലരായ പാട്ടു റിലീസ് ചെയ്യുന്നത്. അതു വൈറലായതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഒരുപാട് വർധിച്ചു. പിന്നീട് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. അങ്ങനെ ചിത്രീകരണം നീണ്ടുപോയി. കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ഡബ് ചെയ്യുന്നതിന്റെ താമസവുമുണ്ടായി. ഏതായാലും ചിത്രം റിലീസ് ചെയ്യാൻ വാലന്റൈൻസ് ഡേയിലും നല്ലൊരു ദിവസമില്ല എന്നാണ് എന്റെ വിശ്വാസം.

 

എന്താണ് അഡാർ ലവ്...

 

അഡാർ ലവ് സ്‌കൂൾ ജീവിതത്തിലെ സൗഹൃദങ്ങളും വഴക്കുകളും പ്രണയവുമൊക്കെ പറയുന്ന ഒരു കൊച്ചുചിത്രമാണ്. ഒരു പ്ലസ്‌ടു വിദ്യാർഥി ആയിട്ടാണ് അഡാർ ലവ്വിൽ അഭിനയിക്കുന്നത്. വ്യക്തിപരമായി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രമാണ്. കാരണം ഞാനും പ്ലസ്‌ടു കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേ ഉള്ളൂ.. ചിത്രം തിയറ്ററിൽ പോയി കണ്ടു വിലയിരുത്തൂ എന്നാണ് പറയാനുള്ളത്.    

 

കുടുംബം...

 

തൃശൂർ ജില്ലയിലെ ചാവക്കാട് ആണ് സ്വദേശം. ഉപ്പ അബ്ദുൽ റാവൂഫ് ഖത്തറിൽ ജോലി ചെയ്യുന്നു. ഉമ്മ ഹഫ്സത്ത് വീട്ടമ്മയാണ്. ഞങ്ങൾ നാലു മക്കളാണ്. ഒരു പെണ്ണും മൂന്നാണും. ഞാൻ കോളജിലേക്ക് കയറിയതേയുള്ളായിരുന്നു. പക്ഷേ അപ്പോഴേക്കും സിനിമയുടെ തിരക്ക് കാരണം അറ്റൻഡൻസ് പ്രശ്നമായി, അങ്ങനെ കോഴ്സ് മുടങ്ങി. ഇപ്പോൾ ഡിസ്റ്റന്റ് ആയിട്ട് ബിബിഎ ചെയ്യുകയാണ്.

 

ഭാവി പ്ലാൻ...

 

പഠനം പൂർത്തിയാക്കണം. ഒന്നുരണ്ടു ഓഫറുകൾ വന്നിട്ടുണ്ട്. എങ്കിലും അഡാർ ലവ്വിന്റെ പ്രേക്ഷക അഭിപ്രായങ്ങൾ അറിഞ്ഞിട്ടേ തുടർന്ന് അഭിനയിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. അഭിനയത്തേക്കാൾ നൃത്തമാണ് എന്റെ പാഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com