ADVERTISEMENT

സൺഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് എന്ന സംവിധായകനെയും വ്യക്തിയെയും മലയാളി അടുത്തറിയുന്നത്. പക്ഷേ അതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ ജിസ് സിനിമയിൽ സജീവമാണ്. സീരിയൽ താരങ്ങൾക്ക് ശബ്ദം കൊടുത്ത് സിനിമയിലെത്തിയ ജിസ് ജോയ് അല്ലു അർജുന് ശബ്ദം കൊടുത്തതോടെയാണ് കൂടുതൽ അറിയപ്പെട്ടു തുടങ്ങിയത്. ഡബ്ബിങ്ങിൽ നിന്ന് പരസ്യസംവിധാനത്തിലേക്ക് ചുവടു മാറ്റിയ ജിസ് പിന്നീട് സിനിമ സംവിധാനത്തിലേക്കും കടന്നു. വിജയ് സൂപ്പറും പൗർണമിയും എന്ന പുതിയ ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും മറ്റു വിശേഷങ്ങളെക്കുറിച്ചും അദ്ദേഹം മനോരമ ഒാൺലൈനിനോട് മനസ്സു തുറന്നപ്പോൾ. 

 

ജിസ് ജോയ് ഫീൽ ഗുഡ് സിനിമകളുടെ മാത്രം സംവിധായകനാണോ ?

 

ഒരു സംവിധായകന്റെ മുഖം അദ്ദേഹത്തിന്റെ സിനിമയിലുണ്ടാവും. ഫാസിൽ സാറിന്റെ സിനിമകളിലൊക്കെ നോക്കൂ. ഫാസിൽ സാർ ഒരു കോർപ്പറേറ്റ് സ്വഭാവത്തിൽ ഡ്രസ്സ് ചെയ്ത് നടക്കുന്ന ഒരാളാണ്. നമ്മളൊരിക്കലും ഫാസിൽ സാർ ഒരു ജീൻസും ടീഷർട്ടും ഇട്ട് കണ്ടിട്ടില്ല. അദ്ദേഹം എപ്പോഴും ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥൻ പോകുന്നതു പോലെയാണ് സെറ്റിൽ ഷൂട്ടിങ്ങിന് പോകുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലും അത് കാണാൻ പറ്റും. സത്യൻ അന്തിക്കാട് സാർ പാടവരമ്പത്തുകൂടി ഒരു കൈലിമുണ്ടൊക്കെ ഉടുത്ത് നടക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമയിലും അത് കാണാവുന്നതാണ്. ലാൽ ജോസ് സാറിന്റെ മുഖമാണ് അദ്ദേഹത്തിന്റെ സിനിമകളിൽ നമ്മൾ കാണുന്നത്. അമൽ നീരദിന്റെ മുഖമാണ് അമൽ നീരദിന്റെ സിനിമ. സംവിധായകന്റെ മുഖം എപ്പോഴും അദ്ദേഹത്തിന്റെ സിനിമയിൽ റിഫ്ളക്റ്റ് ചെയ്യും. എന്നോട് നാളെ ഒരു ഹൊറർ പടം എടുക്കാൻ പറഞ്ഞാൽ എനിക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല. കാരണം എങ്ങനെയാണ് അതിന്റെ ട്രീറ്റ്മെന്റ് എന്നൊന്നും എനിക്കറിയില്ല. ഞാൻ ഒരിക്കലും ഒരു ഹൊറർ പടം കാണുന്ന ആളല്ല. ഒരു തരത്തിലും ഉള്ള പേടിപ്പിക്കുന്ന സിനിമകളൊന്നും ഞാൻ കാണാറില്ല. എനിക്കത് ആസ്വദിക്കാൻ പറ്റാറുമില്ല. എനിക്ക് എടുക്കാൻ പറ്റുന്നത് ഞാൻ അനുഭവിച്ചിട്ടുള്ള കാര്യങ്ങൾ ഉൾപ്പെടുന്ന സിനിമയാണ്. 

 

ഒരേ രീതിയിലുള്ള സിനിമകൾ ചെയ്യുന്നത് നല്ലതല്ലല്ലോ ?

 

നമ്മൾ സിനിമ ചെയ്യുന്ന കാലത്തോളം ഒരു പാറ്റേണിൽ തന്നെ ചെയ്യണം എന്നല്ല ഞാൻ പറഞ്ഞത്. നമ്മുടെ ഷർട്ട് സൈസല്ലേ നമുക്ക് ഏറ്റവും നന്നായി ഫിറ്റാവുന്നത് എന്റെ ഷർട്ട് സൈസ് 42 ആണ്. നാളെ ഞാൻ 40 സൈസുള്ള ഷർട്ടിട്ടാൽ അതിന്റേതായ വൃത്തികേട് ഉണ്ടാവും. ഒരിക്കലും ആ 42 സൈസിന്റെ കംഫർട്ട്നസ് എനിക്കും ഉണ്ടാവില്ല. കാണുന്നവർക്കും ഉണ്ടാവില്ല. പരീക്ഷണങ്ങൾ നടത്തുന്നതിന് കുഴപ്പമില്ല. ചില സമയത്ത് ചക്കവീണ് മുയൽ ചാവും പക്ഷേ എപ്പോഴും അങ്ങനെ മുയൽ ചാവണമെന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ചെയ്യുന്ന പടങ്ങൾ ഫീൽ ഗുഡ് ആകണം എന്നൊന്നുമില്ല. എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു കൊമേഴ്സ്യൽ പ്രൊഡക്ട് ആണ്. എന്റെ സിനിമ ഓസ്കർ അവാർഡിന് പോകണം എന്നു ഞാൻ ആഗ്രഹിക്കുന്നില്ല തിയേറ്ററിലേക്ക് വരുന്ന ആളുകൾക്ക് എന്റെ സിനിമ ആസ്വദിക്കാൻ പറ്റണം. സൺഡേ ഹോളിഡേ എന്ന എന്റെ സിനിമയിൽ ലാൽ ജോസ് സാറിന്റെ കഥാപാത്രത്തോട് ശ്രീനിവാസൻ സാർ പറയുന്നുണ്ട്. സാറിന്റെ സിനിമയിൽ കലയുണ്ട് കച്ചവടവും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് തന്നെയാണ് എന്റെ ലക്ഷ്യം. സിനിമ ഒരു നിർമാതാവിന് റിട്ടേൺ കൂടി കിട്ടാനുള്ള ഉൽപന്നമാണ്. സിനിമ എന്ന് പറയുന്നത് ഒരു വ്യവസായമാണ്. അല്ലാതെ അതിനെ കല മാത്രമായി ചുരുക്കി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‌

 

ഡബ്ബിങ് ആർട്ടിസ്റ്റായ താങ്കൾ സംവിധായകനായത് എങ്ങനെയാണ് ?

 

ഞാൻ എവിടെയും പോയി സിനിമ പഠിച്ചിട്ടില്ല. എവിടെയും അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടില്ല. ഒരു ഫിലിം സ്കൂളിലും പഠിച്ചിട്ടില്ല. നിങ്ങളെല്ലാവരും ചെയ്യുന്നതുപോലെ തന്നെ ലോകസിനിമകൾ കാണുന്നുണ്ട്. സിനിമയെപ്പറ്റിയുള്ള പുസ്തകങ്ങൾ വായിക്കാറുണ്ട്. ഡബ്ബിങ് തിയേറ്ററിൽ വച്ച് വലിയ വലിയ സംവിധായകരുമായിട്ടുള്ള അടുപ്പം, ചർച്ചകൾ ഇതിൽ നിന്നൊക്കെയാണ് ഞാൻ സിനിമയെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത്. എന്റെ സിനിമയുടെ എഡിറ്റിങ്ങ് എല്ലാം കഴിഞ്ഞ്  മ്യൂസിക് ഡയറക്ടറും ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നവരും എല്ലാവരുമായി കണ്ട് കഴിഞ്ഞ് അവരെല്ലാം പറയുന്ന അഭിപ്രായങ്ങൾ കേട്ടതിനു ശേഷം അതിൽ വളരെയധികം ശരി എന്നു എനിക്ക് തോന്നുന്ന അഭിപ്രായങ്ങൾ സ്വീകരിക്കുകയും പറഞ്ഞയാളെ അഭിനന്ദിക്കുകയും കൃത്യമായിട്ട് അത് കറക്ട് ചെയ്യുകയും ചെയ്യും. ഇതെല്ലാം കഴിഞ്ഞ് ഞാൻ മാത്രമായി വിശ്വസിക്കാൻ പറ്റുന്ന ഒരു തിയേറ്റർ വാടകയ്ക്ക് എടുത്തിട്ട് ഈ സിനിമ തിയേറ്ററിൽ കണ്ടു നോക്കും. ഒരു എഡിറ്ററുടെ കൂടെ ഒരു നാൽപ്പതോ നാൽപ്പത്തഞ്ചോ ദിവസംഒരു ചെറിയ മുറിയിൽ ഇരുന്ന് എഡിറ്റ് ചെയ്തു കാണുമ്പോൾ നമ്മുടെ ജ‍ഡ്ജ്മെന്റ് പോവും രണ്ടാമത്തെ പ്രാവശ്യവും മൂന്നാമത്തെ പ്രാവശ്യവും സിനിമ കണ്ട് കഴിഞ്ഞാൽ നമുക്ക് ചിരി ഏതാണ് ഏതാണ് ഇമോഷൻ എന്നൊന്നും മനസ്സിലാവുകയില്ല. എഡിറ്റിങ് എല്ലാം കഴിഞ്ഞ് ലോക്ക് ചെയ്തതിനുശേഷം ചെറിയ ബ്രേക്ക് എടുത്ത് അതിനെ വേറെ ഒരു സ്ക്രീനിൽ കാണുമ്പോൾ എവിടെയാണ് ഈ സിനിമ വലിയുന്നത് എവിടെയാണ്  ഈ സിനിമയുടെ വിജയം വരാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. 

 

സിനിമയിൽ 15 സെക്കന്റ് ലാഗ് നമുക്കൊരു മൂന്ന് മിനിറ്റ് ലാഗുപോലൊക്കെ ഫീൽ ചെയ്യും. ആസ്വാദനത്തിന്റെ രസച്ചരട് ഒരിക്കൽ പൊട്ടിക്കഴിഞ്ഞാൽ തിരിച്ച് സിനിമയിലേക്ക് കൊണ്ടു വരിക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരും. രണ്ടരമണിക്കൂർ  ഇരുട്ടത്തിരുത്തി വെളിച്ചത്തിലേക്ക് നോക്കിപ്പിക്കുന്ന പരിപാടിയാണ് സിനിമ. അതിനിടയ്ക്ക് എവിടെയങ്കിലുമൊക്കെ പ്രേക്ഷകന് വലിഞ്ഞു തുടങ്ങിയാൽ അവൻ നേരെ മൊബൈൽ ഫോൺ എടുക്കും അതിൽ കളിക്കും കുറച്ചു നേരം കഴിഞ്ഞ് കാണുമ്പോൾ അവന് ഒന്നും മനസ്സിലാവില്ല. സിനിമ കഴിയുമ്പോൾ അവൻ പറയും ഭയങ്കര ദുരന്തം ആയിരുന്നുവെന്ന്. അങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. 

 

സിനിമ മോശമാണെന്ന് ആരെങ്കിലും പറഞ്ഞാൽ ? 

 

വിചാരങ്ങളും വികാരങ്ങളും ഉള്ള സാധാരണ മനുഷ്യനെന്ന രീതിയിൽ എനിക്ക് ഭയങ്കരമായി വിഷമം തോന്നും. കാരണം ഞാനുണ്ടാക്കിയ ശരികളാണ് എന്റെ സിനിമ എന്ന് ഞാൻ വിശ്വസിച്ച് തിയേറ്ററിലേക്ക് ഒരു സിനിമ വിടുന്നത്. ഇത്രയും പ്രോസസ് കടന്നിട്ടാണ് ഒരു സിനിമ തിയേറ്ററിലേക്ക് വിടുന്നത്. എന്നിട്ടും അതിൽ പ്രശ്നമു ണ്ടെന്ന് ഒരാൾ വന്നു പറഞ്ഞാൽ ഉറപ്പായിട്ടും നമ്മൾ പറയുമാ യിരിക്കും ഞാനത് തുറന്ന മനസ്സോടെ സ്വീകരിക്കുന്നു എന്ന് പക്ഷേ ഞാൻ ക്യാമറയുടെ മുന്നിലിരുന്ന് നുണപറയാൻ പറ്റില്ല എനിക്ക് ഭയങ്കരമായിട്ട് വിഷമം തോന്നും. എനിക്ക് കുറ്റബോധം തോന്നും എന്തുകൊണ്ട് അയാൾക്ക് മനസ്സിലായ കാര്യം എനിക്ക് മനസ്സിലായില്ല ദൈവമേ എന്ന് ഞാൻ ആലോചിക്കും. അപ്പോൾ ഉറപ്പായിട്ടും ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിലും അങ്ങനെയുള്ള അഭിപ്രായങ്ങൾ ആൾക്കാർ പറഞ്ഞിട്ടുണ്ട് സൺഡേ ഹോളിഡേയിലും പറഞ്ഞ ആൾക്കാരുണ്ട്. വിജയ് സൂപ്പറിലും അത് കറക്റ്റ് ചെയ്യാമായിരുന്നു എന്ന് പറഞ്ഞ ആൾക്കാരുണ്ട്. പിന്നെ ഒരു കാര്യമുണ്ട് എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് ഒരിക്കലും ഒരു സിനിമ ഉണ്ടാക്കാൻ സാധിക്കില്ല. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും. കാഴ്ചക്കാരന്റെ മൂഡ് പോലും പ്രധാനമാണ്. ചിലപ്പോൾ വീട്ടിലോ ഓഫീസിലോ എന്തെങ്കിലും പ്രശ്നമുള്ള ഒരാളുടെ മൂഡാവില്ല വളരെ റിലാക്സ്ഡ് ആയി ഇന്നൊരു സിനിമ കണ്ടുകളയാം എന്നു വിചാരിച്ച് കാണാൻ വരുന്നയാളുടെ ഫീൽ അതാണ് ഞാൻ പറഞ്ഞത് ലോകത്തിലെ ഏറ്റവും നല്ലൊരു സിനിമ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ വിചാരിക്കുമ്പോഴാണ് 30 ദിവസം കൊണ്ട് എടുക്കാൻ പ്ലാൻ ചെയ്തത് 90 ദിവസം പോവുകയും പ്രൊഡ്യൂസർ കടത്തിണ്ണയിലാവുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം ദ ക്യാപ്റ്റൻ ഓഫ് ദ ഷിപ് ഈസ് പ്രൊഡ്യൂസർ. ഒരു നിർമ്മാതാവാണ് എനിക്ക് ക്യാപ്റ്റൻ ഓഫ് ദ ഷിപ്. അങ്ങനെയൊരാളുണ്ടെങ്കിലേ ഈ പറയുന്ന മുഴുവൻ പരിപാടികളും നടക്കുകയുള്ളൂ. സെറ്റിൽ ഫിലിം വാങ്ങിക്കുന്നത് മുതൽ  ചായ കൊടുക്കുന്നതു വരെയുള്ള കാര്യങ്ങൾ പ്രോപ്പർ ആയി നടക്കണമെന്നുണ്ടെ ങ്കിൽ വളരെ സൗണ്ടഡായിട്ടുള്ള ഒരു പ്രൊഡ്യൂസർ വേണം അയാൾ മുടക്കുന്ന പൈസയ്ക്ക് അഞ്ചു രൂപ മുടക്കുന്ന ഒരാൾക്ക് അഞ്ചു രൂപ അമ്പതു പൈസ തിരിച്ച് കിട്ടണമെന്ന് എനിക്ക് വളരെയധികം നിർബന്ധമുണ്ട്. അതിനെനിക്ക് സാധിക്കുന്നില്ലെങ്കിൽ അതെന്റെ പരാജയമാണ്. 

 

 

ഡബ്ബിങ്ങിലേക്ക് വരുന്നതെങ്ങനെ ?

 

സിനിമയിലേക്കുള്ള എന്റെ ആദ്യത്തെ എൻട്രി സീരിയലുകൾ ഡബ്ബ് ചെയ്തുകൊണ്ടാണ്. എനിക്ക് ആ അവസരം തന്നത് നടൻ ജയസൂര്യ ആണ്. ജയസൂര്യ എന്റെ സുഹൃത്താണ്. അദ്ദേഹം അന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. ജയസൂര്യ ഡബ്ബിങ്ങിൽ നിന്ന് സിനിമയിലേക്ക് മാറിയ സമയത്ത് ആ ഗ്യാപ്പിലേക്കാണ് എന്നെ കൊണ്ടുവന്നത്. ദൈവകൃപകൊണ്ട് ആ സമയത്ത് ഒരുപാട് മെഗാസീരിയലുകൾ ഉള്ള സമയമായിരുന്നു. രണ്ടു മാസം കൊണ്ട് തന്നെ ഞാൻ അഞ്ചും ആറും ഏഴും സീരിയലു കളിലെ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തു. അങ്ങനെയിരിക്കെയാണ് ജയസൂര്യ നായകനായിട്ട് അഭിനയിച്ച ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമ വരുന്നത്. അതിൽ ജയസൂര്യയുടെ കഥാപാത്രം ഊമ ആയതുകൊണ്ട് അദ്ദേഹത്തിന് ശബ്ദമില്ല. തിരുവനന്തപുരത്തെ നവോദയ സ്റ്റുഡിയോയിൽ ഡബ്ബിങ്ങിനു വേണ്ടി ജയസൂര്യ പോയപ്പോൾ സുഹൃത്തെന്നുള്ള രീതിയിൽ ഞാനും ഒപ്പം ചെന്നു. നായകന്റെ ഡബ്ബിങ് ആയതുകൊണ്ട് മുഴുവൻ ദീവസം അവർ സ്റ്റുഡിയോ ബ്ലോക്ക് ചെയ്തിട്ടിന്നു. ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ജയസൂര്യയുടെ ഡബ്ബിങ് കഴിഞ്ഞു. കഥാപാത്രം ഉൗമയായതു കൊണ്ട് ഡയലോഗുകളൊന്നും ഇല്ലല്ലോ. ഡബ്ബിങ് കഴിഞ്ഞില്ലേ ഇനി വൈകുന്നേരം വരെ സ്റ്റുഡിയോ ഫ്രീ ആണ് നിങ്ങൾ വേറെ ആർക്കെങ്കിലും വേണ്ടി ഡബ്ബ് ചെയ്യുന്നോ എന്ന് വിനയൻ സാർ ചോദിച്ചു. ഞങ്ങൾക്ക് വളരെ സന്തോഷം ആയി. അങ്ങനെ ഞങ്ങൾ ചെയ്യാം സാർ എന്നുപറഞ്ഞ് ഞാനും ജയസൂര്യയും കൂടി എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ സിനിമയിലെ 23 പേർക്കു ഡബ്ബ് ചെയ്തു. അന്ന് ജയസൂര്യയുടെയും എന്റെയും ശബ്ദം ആർക്കും അറിയില്ല. പക്ഷേ ഇപ്പോൾ ആ സിനിമ കാണുന്നവർക്ക് കൃത്യമായി ഞങ്ങളുടെ ശബ്ദം തിരിച്ചറിയാനാകും. വരുന്നവർക്കും പോകുന്നവർക്കും ഇടി കൊള്ളുന്നവനും കൊടുക്കുന്നവനുമൊക്കെ ഞങ്ങളാണ് ഡബ്ബ് ചെയ്തത്. പിന്നീടാണ് അല്ലു അർജുനു വേണ്ടി ഡബ്ബ് ചെയ്തത്. അന്നു മുതലാണ് എന്റെ ശബ്ദം ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. അങ്ങനെ സിനിമ ഓരോരുത്തർക്കും ഓരോ രീതിയിലാണ് എൻട്രി തരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഡബ്ബിങ്ങിലൂടെയായിരുന്നു. പിന്നീട് പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങി. 

 

 

സംവിധായകനാകുന്നത് ?

 

പരസ്യ ചിത്രം ചെയ്യുന്ന സമയത്തൊക്കെ മനസ്സിൽ സിനിമ എന്ന ആഗ്രഹം ഉണ്ട്. ഒരു ദിവസം സുഹൃത്തായ അജിത്ത് പിള്ള (മോസയിലെ കുതിര മീനുകൾ എന്ന സിനിമയുടെ സംവിധായകൻ) എനിക്ക് നാലു വരിയിൽ ഒരു കഥ എഴുതി മെയിൽ അയച്ചു തന്നു. ഞാൻ അത് വായിച്ചപ്പോൾ എനിക്കിഷ്ടപ്പെട്ടു. നാലേ നാല് വരിയേയുള്ളൂ. ഞാൻ ഇതെന്താ സംഭവം എന്നു ചോദിച്ചപ്പോൾ ഇതിലൊരു സിനിമ ഇല്ലേ എന്ന് അജിത് ചോദിച്ചു. ഉറപ്പായിട്ടും ഉണ്ട് എന്നു ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ അത് ചർച്ച ചെയ്ത് അതിനൊരു വൺ ലൈൻ ഉണ്ടാക്കി. ഞാനതിന്റെ തിരക്കഥയും സംഭാഷണവും എഴുതി. അങ്ങനെ ചെയ്ത സിനിമയാണ് ബൈസൈക്കിൾ തീവ്സ്. ജയസൂര്യ എനിക്ക് ഡബ്ബിങ്ങിലേക്ക് എൻട്രി തന്ന എന്റെ സുഹൃത്താണ്. എനിക്ക് ഒരു വഴി വെട്ടിത്തന്ന ആളാണ്. അതുപോലെയാണ് അജിത്തും ഞാൻ പറയാതെ തന്നെ എനിക്ക് ഒരു കഥ അയച്ചു തരികയും അത് ബിൽഡ് അപ് െചയ്ത് ഒരു നല്ല സിനിമയുണ്ടാക്കി അതിലൂടെ ഞാൻ സിനിമയിലേക്ക് വരികയും ചെയ്തു. ഒരു പക്ഷേ അദ്ദേഹത്തിന് അങ്ങനെയൊരു മെയിൽ അയയ്ക്കാൻ തോന്നിയില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഞാൻ സിനിമയിലേക്ക് വന്നിട്ടുണ്ടാവില്ല.  ചില ആളുകളോടുള്ള നന്ദി പറഞ്ഞാൽ തീരില്ല.

 

 

ആദ്യ സിനിമ ഹിറ്റാകാഞ്ഞപ്പോൾ നിരാശ തോന്നിയോ ?

 

ബൈസൈക്കിൾ തീവ്സ് വലിയൊരു കൊമേഴ്സ്യൽ ഹിറ്റല്ല. കാരണം ഒരു ഇമേജുകളുമില്ലാത്ത ആളുകളാണ് അതിലുണ്ടായിരുന്നത്. പുതിയ സംവിധായകൻ പുതിയ നിർമ്മാതാവ് പുതിയ ക്യാമറാമാൻ. ആസിഫ് അലി, സിദ്ധിക്ക, ലളിത ചേച്ചി എന്നിവരെയാണ് മലയാളികൾക്ക് ആകെ അറിയാമായിരുന്നത്. ഞങ്ങൾ ഇറക്കിയ സീസണിന്റെ കുഴപ്പം കൊണ്ടാണോ എന്തോ ആ സിനിമയ്ക്ക് വലിയൊരു സ്വീകാര്യത ഉണ്ടായില്ല. എന്നാലും സാമ്പത്തികായി ഞങ്ങൾക്കൊരു നഷ്ടം വരുത്താത്ത സിനിമയായിരുന്നു അത്. ഒരു രീതിയിലുള്ള ബാധ്യതകളും ആ സിനിമ ഉണ്ടാക്കിയിട്ടില്ല. ബൈസൈക്കിള്‍ തീവ്സിന് ഒരു ക്വാളിറ്റി ഉണ്ടായിരുന്നു ആ സിനിമ ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ പുതിയൊരു പരീക്ഷണമായിരുന്നു. ദിലീപേട്ടന് ആ സിനിമ വലിയ ഇഷ്ടമാണ്. കാണുമ്പോഴൊക്കെ അതിനെപ്പറ്റി പറയാറുണ്ട്. സണ്‍ഡേ ഹോളി‍‍ഡേയെപ്പറ്റിയൊന്നും അദ്ദേഹം പറയാറില്ല. സിദ്ധിക്ക് ആ സിനിമയില്‍ ആസിഫിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘വല്ലപ്പോഴുമൊക്കെ നമ്മളെയും കൂടി ഒന്ന് വിളിക്ക് ഭായ് നമുക്കൊരുമിച്ച് ഓപ്പറേറ്റ് ചെയ്യാം’ എന്ന്. ദിലീപേട്ടൻ സിദ്ദിക്കയെ വിളിക്കുമ്പോഴൊക്കെ ഈ ഡയലോഗ് പറയാറുണ്ടെന്ന് സിദ്ദിക്ക് പറയും. 

 

ഒരു സംവിധായകന് ഏറ്റവുമധികം വേണ്ട കഴിവ് എന്താണ് ?

 

അവതാർ പോലെയൊരു സിനിമ ചെയ്യുന്നൊരാൾക്ക് ടെക്നിക്കലി നല്ല അറിവ് വേണം. നമുക്ക് സിനിമയിൽ മികച്ച മേക്ക്പ്പ് ആർട്ടിസ്റ്റിനെയും കോറിയോഗ്രാഫറെയും സ്റ്റണ്ട് മാസ്റ്ററെയും ഛായാഗ്രഹകനെയും കിട്ടും. സംവിധായകന് ഇതെല്ലാം അറിഞ്ഞിരിക്കണമെന്നില്ല. അവരുടെയൊക്കെ അഭിപ്രായങ്ങൾ നമ്മൾ സ്വീകരിക്കുക അല്ലെങ്കിൽ ഇതെല്ലാം നമ്മൾ തന്നെ ചെയ്താൽ പോരെ ? ഞാൻ ഈ പറയുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് അഭിപ്രായവ്യത്യാസം ഉണ്ട് എന്ന മുൻകൂർ ജാമ്യം എടുത്തു കൊണ്ട് ഞാൻ പറയുകയാണ് എന്നെ സംബന്ധിച്ചിടത്തോളം  ഒരു സംവിധായകൻ ആദ്യം അറിഞ്ഞിരിക്കേണ്ടത് ഇമോഷനാണ്. ഒരു സീനിന്റെ മുഹൂർത്തം പ്രേക്ഷകനിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ടോ ആ ഇമോഷൻ അഭിനേതാവിനെക്കൊണ്ട് അഭിനയിപ്പിക്കാൻ പറ്റുന്നുണ്ടോ എന്നതാണ് പ്രധാനം. ബാക്കിയൊന്നും പ്രശ്നമല്ല. ഷട്ടർ എന്ന സിനിമ നോക്കൂ. ഭയങ്കര സെറ്റ് വർക്കുകളോ ഇടിയോ ഒന്നുമില്ല. ആ സംവിധായകൻ അതിമനോഹരമായിട്ട് അതിലെ മുഹൂർത്തങ്ങൾ എടുത്തിരിക്കുന്നു. കണ്ടിറങ്ങുമ്പോൾ നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്ന സിനിമയാണത്.  സിദ്ധാർത്ഥ് ശിവ എന്ന സംവിധായകൻ ചെയ്തിട്ടുള്ള 101 ചോദ്യങ്ങൾ എന്ന സിനിമയുണ്ട്. ഒരാഴ്ചത്തെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ സിനിമായണത്. പത്തോ ഇരുപതോ വർഷം കഴിഞ്ഞാലും നമ്മൾ ഇന്ന് കിരീടം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നതുപോലെ ആസ്വാദകർ സംസാരിക്കുന്ന സിനിമയായിരിക്കും മഹേഷിന്റെ പ്രതികാരം. ഇത്തരം മികച്ച സിനിമൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടാകുന്നുണ്ട് എന്നതില്‍ ഒരു മലയാളി സംവിധായകൻ എന്ന നിലയിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.

 

പുതിയ സിനിമകൾ ?

 

നിലവിൽ രണ്ടു മൂന്ന് സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായി ഒരു സിനിമ ചെയ്യുന്നുണ്ട്. ബോബി സഞ്ജയ് ആണ്  ആ സിനിമയുടെ തിരക്കഥ രചിക്കുന്നത്. അതുകഴിഞ്ഞ് ആസിഫ് അലിയെ നായകനാക്കി മറ്റൊരു ചിത്രവും മനസ്സിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com