ADVERTISEMENT

ത്രില്ലറുകളുടെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ കേസിന്റെയും വഴക്കിന്റെയും നെരിപ്പോടില്ലാതെ, പതിവ് രീതിയില്‍ നിന്ന് മാറി അവിടേക്ക് ഹാസ്യവുമായി എത്തിയിരിക്കുകയാണ്. ഇത്തിരി വിക്കും ഒത്തിരി രസികത്വവുമുള്ള ബാലന്‍ വക്കീലിന്റെ കഥയുമായി.  ട്രെയിലർ കണ്ടപ്പോഴേ ബാലൻ വക്കീൽ പ്രേക്ഷകരിലേയ്ക്കെത്തി കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള, പ്രേക്ഷക ശ്രദ്ധ നേടിയ കമ്മാരസംഭവത്തിനു ശേഷം വീണ്ടും തന്റെ തട്ടകമായ കോമഡിയുമായി ദിലീപ് എത്തുമ്പോള്‍ സംവിധായകന് പറയാനുള്ളത്... 

 

അക്കഥ ഇങ്ങനെ

 

ഏതൊരു പ്രഫഷനും ആവശ്യപ്പെടുന്ന ചില സവിശേഷതകളുണ്ട്. അത് അത്യാവശ്യവുമാണ്. ഒരു വക്കീലിനെ സംബന്ധിച്ചാണെങ്കില്‍ കൃത്യമായ ആശയവിനിമയവും സംസാര സ്ഫുടതയും. അപ്പോള്‍ അതില്ലാതെ വന്നാലോ. അങ്ങനെയുള്ളൊരു വക്കീലിന്റെ ജീവിതം എങ്ങനെയായിരിക്കും. അത് എങ്ങനെയാകും അദ്ദേഹം അതിജീവിക്കുക എന്നൊക്കെയുള്ള ചിന്തയില്‍ നിന്നാണ് ഈ സിനിമ വരുന്നത്. തീര്‍ത്തും സാധാരണമായൊരു പ്രമേയം. രണ്ടര മണിക്കൂര്‍ തീയറ്ററില്‍ പോയി നല്ലൊരു എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് അറിഞ്ഞു വരാം. അതാണ് എന്റെ ചിത്രം.

b-unnikrishnan-dileep-2

 

വിക്ക് അനുഭവിക്കുന്നൊരു വക്കീലിനെ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ 

 

b-unnikrishnan-dileep-2

ശാരീരികമായ ന്യൂനതകളെ മറികടന്ന് ജീവിത വിജയം നേടിയ ഒരുപാട് പേരെ എനിക്കു നേരിട്ടറിയാം. അതിന് അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞതാണ്. ശരിക്കും അവരില്‍ നിന്നാണ് ഈ സിനിമ വരുന്നത്. അവര്‍ക്ക് വേണ്ടിയുള്ളതാണിത്. അത്തരത്തിലുള്ളവര്‍ക്ക് ചെറിയ രീതിയില്‍ പോലും ഒരു മാനസിക വിഷമം എന്റെ സിനിമ കാരണം ഉണ്ടാകരുതെന്നും, അവര്‍്ക്ക് പ്രചോദനം മാത്രം നല്‍കുന്നതാകണം എന്നുമുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയിട്ടുണ്ട്. 

 

ദിലീപുമൊത്തുള്ള സിനിമ. വിമര്‍ശനങ്ങളെ ഭയക്കുന്നുവോ?

 

ദിലീപിനു മാത്രം ചെയ്യാനാകുന്ന ചില കഥാപാത്രങ്ങളുണ്ട്. ഈ വക്കീല്‍ വേഷം അങ്ങനെയുള്ളതാണ്. സിനിമ കാണുമ്പോള്‍ അതു നിങ്ങള്‍ക്കു മനസ്സിലാകും. ഹാസ്യ രംഗങ്ങള്‍ ചെയ്യുന്നതില്‍ തന്റേതായ രീതിയുള്ള ആളാണ് ദിലീപ്. ആ രീതി എന്നോ തന്നെ മലയാളികളുടെ മനസ്സും കീഴടക്കിയതാണ്. 

 

വ്യക്തിയും പ്രൊഫഷനും രണ്ടാണ്. തീര്‍ത്തും പ്രഫഷനല്‍ ആയ സമീപനമാണ് ദിലീപിന്റെ കാര്യത്തില്‍ എനിക്കുള്ളത്. എന്റെ മനസ്സിലേക്ക് ഒരു ആശയം വന്നു. അത് സിനിമയാക്കുമ്പോള്‍ അതിനു ഏറ്റവും ചേരുന്ന നടന്‍ എന്ന് എനിക്കു തോന്നിയ ആളെ ഞാന്‍ അഭിനയിപ്പിച്ചു. അത്രയേയുള്ളൂ. മറ്റു കാര്യങ്ങളൊന്നും എന്നെ ബാധിച്ചിരുന്നില്ല. അങ്ങനെ കരുതേണ്ട കാര്യമില്ലല്ലോ. 

 

പിന്നെ 2013-14 സമയത്ത് ഞാന്‍ ദിലീപുമായി ആലോചിച്ച് ഉറപ്പിച്ചതാണ് സിനിമ. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അത് നീണ്ടുപോയി. അതാണുണ്ടായത്. അല്ലാതെ ഈ അടുത്തൊന്നും മനസ്സില്‍ വന്ന കാര്യമല്ല. 

 

വക്കീലാകുമ്പോള്‍

 

ഏത് കഥാപാത്രം ചെയ്യുമ്പോളും, അഭിനേതാക്കള്‍ അവരായി മാറുവാന്‍ സമയമെടുക്കും. ഇത്തരം കഥാപാത്രങ്ങളാകുമ്പോള്‍ ആ ട്രാക്കിലേക്കു വരാന്‍ കുറച്ചധികം നേരം വേണം. ദിലീപ് മൂന്നു-നാല് ദിവസമെടുത്തു ബാലന്‍ വക്കീലായി മാറാന്‍. അതിനുമപ്പുറം സ്വതസിദ്ധമായ ശൈലിയുള്ള നടന്റെ അനായാസതയോടെ അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചു. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ചിരിക്കാന്‍ ഏറെയുള്ള സിനിമയാണിത്. സെറ്റും അതുപോലെ തന്നെയായിരുന്നു.

 

ദിലീപിനെ കൂടാതെ മംമ്ത, പ്രിയ ആനന്ദ്, സിദ്ധിഖ്, രണ്‍ജി പണിക്കര്‍ തുടങ്ങി വിശ്വസ്തതയോടെ ഏത് കഥാപാത്രത്തേയും നല്‍കാവുന്ന അഭിനേതാക്കളുടെ നല്ല നിരയുണ്ട് ചിത്രത്തില്‍. സിദ്ധിഖ് അടുത്തിടെയൊന്നും ഇത്തരത്തിലൊരു വേഷം ചെയ്തിട്ടില്ല.

 

സിനിമാ മാർക്കറ്റിങ്

 

വലിയ അവകാശ വാദങ്ങളൊന്നും സിനിമയെ കുറിച്ച് എനിക്ക് പറയാനില്ല. കാരണം സിനിമ ഉടലെടുത്തതിനു പിന്നില്‍ എനിക്കു പറയാന്‍ വലിയ കഥകളൊന്നും തന്നെയില്ല. ചിത്രത്തിലും അസാധാരണമായി ഒന്നും തന്നെയില്ല. ലളിതമായ രസകരമായ പ്രമേയമാണിത്. സാധാരണക്കാരനായ പ്രേക്ഷകനെ തേടിയെത്തുന്ന ചിത്രം. അതുകൊണ്ടാണ് ഞാന്‍ ചിത്രത്തെ കുറിച്ച് അധികം പറയാത്തത്. അങ്ങനെ പറയാന്‍ ഒന്നും തന്നെയില്ല. പ്രേക്ഷകര്‍ കാണട്ടെ.

 

മാര്‍ക്കറ്റിങ് എന്നു പറയുന്നത് വളരെ സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ നല്ല സിനിമകളെ പോലും തകര്‍ത്തു കളയുന്ന സംഗതിയാണ്. സ്വന്തം സിനിമയെ കുറിച്ച് സത്യസന്ധമായി സംസാരിച്ചാല്‍ മാത്രം മതിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 

ഡീഗ്രേഡിങും ആരാധകരുടെ ആക്രമണവും

 

അതിനെയൊന്നും ഭയപ്പെടുന്നില്ല. അതുപോലെ എങ്ങനെ നേരിടണം എന്നും അറിയില്ല. നേരിടാന്‍ ശ്രമിച്ചിട്ടുമില്ല. അത് നമ്മുടെ കൈയില്‍ നില്‍ക്കുന്ന കാര്യവുമല്ല. അതിനെ അതിന്റെ വഴിക്ക് വിടാനാണ് എനിക്കിഷ്ടം. സിനിമകള്‍ നല്ലതാണെങ്കില്‍ അത് പ്രേക്ഷകര്‍ ഏറ്റെടുത്തുകൊള്ളും. ഞാന്‍ അത്രയേ കരുതുന്നുള്ളൂ. 

 

കോമഡിയിലേക്ക് വീണ്ടും

 

എല്ലാത്തരം സിനിമകളും ചെയ്യാന്‍ ആഗ്രഹിക്കാത്ത ഏത് സംവിധായകനാണുള്ളത്. കാലത്തിനനുസരിച്ച് പ്രേക്ഷകരുടെ ആസ്വാദനത്തില്‍ വരുന്ന മാറ്റം പോലെ തന്നെയാണ് സംവിധായകരുടെ കാര്യത്തിലും. ആകാംക്ഷയും ആവേശവും ഒരുപോലെയുള്ള ചിത്രങ്ങളാണ് അധികം ചെയ്തിട്ടുള്ളതെങ്കിലും എന്നും പ്രിയപ്പെട്ട വിഷയം തന്നെയാണ് ഹാസ്യം. അതുകൊണ്ട് ഇതൊരു ചുവടുമാറ്റമായി കാണേണ്ടതില്ല. എല്ലായ്‌പ്പോഴും സ്വയം, നല്ല സിനിമകള്‍ക്കായുള്ള തിരച്ചിലില്‍ തന്നെയാണ്. അതിനിടയില്‍ കയറി വന്ന ഒരു വിഷയം മാത്രമാണ് ബാലന്‍ വക്കീലിന്റേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com