ADVERTISEMENT

ജോസഫ് എന്ന സിനിമയുടെ ഡിവിഡി ഇറങ്ങിയപ്പോൾ മുതൽ സിനിമാപ്രേമികൾ ചർച്ച ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രണയത്തെപ്പറ്റിയാണ്. ജോസഫിന്റെ മകൾ ഡയാനയും സൈബർ സെല്ലിലെ ഉദ്യോഗസ്ഥനും ജോസഫിന്റെ സന്തതസഹചാരിയുമായ സുധിയും തമ്മിൽ പ്രണയമായിരുന്നില്ലേ? ജോസഫിലെ സംഭാഷണങ്ങളും സുധിയുടെ ശരീരഭാഷയും നോട്ടവുമെല്ലാം ആവർത്തിച്ചു കാണുമ്പോൾ പറയാതെ പോയ ഒരു പ്രണയം അവർക്കിടയിൽ ഉണ്ടായിരുന്നില്ലേ എന്നു സംശയം തോന്നും. 

 

ക്ലൈമാക്സിൽ എല്ലാവരും ജോസഫിന്റെ കല്ലറയിൽ വന്നു പ്രാർത്ഥിച്ചു പോകുന്ന രംഗത്ത് സുധിയുടെ കണ്ണുകൾ ഉടക്കി നിന്നത് ഡയാനയുടെ കല്ലറയിൽ... അത്രയും തീവ്രവും മനോഹരവുമായ പ്രണയം കൂടി ജോസഫ് എന്ന ചിത്രം പങ്കുവയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ, ആ നോട്ടമൊന്നും നേരത്തെ പ്ലാൻ ചെയ്ത് ചെയ്തതല്ലെന്നു തുറന്നു പറയുകയാണ് സുധി കോപ്പ. ക്ലൈമാക്സിൽ അപ്രധാനമെന്നു കരുതിയ തന്റെ നോട്ടം പോലും ചർച്ചയാക്കിയത്, ജോസഫ് എന്ന ചിത്രത്തിന്റെ വിജയമാണെന്ന് സുധി പറയുന്നു. ആ കഥാപാത്രത്തെക്കുറിച്ചും അതിലേക്ക് ക്ഷണിച്ച ജോജുവുമായുള്ള സൗഹൃദത്തെക്കുറിച്ചും സുധി കോപ്പ മനോരമ ഓൺലൈനിനോട് മനസ്സു തുറന്നു. 

 

sudhi-koppa-amen-4

എന്നെ വിളിച്ചത് ജോജു

 

ഞാനൊരു ഡബ്ബിങ് സ്റ്റുഡിയോയിൽ നിൽക്കുമ്പോഴായിരുന്നു ജോസഫിൽ ഒരു റോളുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള കോൾ വന്നത്. ജോജുവാണ് എന്നെ വിളിച്ചത്. സൈബർ സെൽ പൊലീസുകാരന്റെ വേഷമുണ്ട്, ചെയ്യണമെന്നു പറഞ്ഞു. പൊലീസുകാരൻ എന്നൊക്കെ കേട്ടപ്പോൾ ഞാൻ ഞെട്ടി. എന്റെ ഈ ശരീരം വച്ച് അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നൊരു ആശങ്ക തോന്നി. ഞാനതു പറയുകയും ചെയ്തു. 

 

എന്നാൽ, തൊടുപുഴയിലെ സെറ്റിലെത്തി ഷേവ് ചെയ്ത്, മുടി വെട്ടി ആ ഗെറ്റപ്പിൽ നിന്നപ്പോൾ തനി പൊലീസ് ലുക്ക് ആയെന്ന് എല്ലാവരും പറഞ്ഞു. അതു ആത്മവിശ്വാസം നൽകി. ഇതുപോലെ വൃത്തിയായ വേഷത്തിൽ ഞാനൊരു കഥാപാത്രം ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. വല്ല ഗുണ്ടയോ, റൗഡിയോ അല്ലെങ്കിൽ വഷളത്തരമുള്ള കഥാപാത്രമോ ഒക്കെയാണ് ഞാൻ ചെയ്തിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസമുള്ള, ജെന്റിൽമാനായ ഒരു കഥാപാത്രത്തെ എനിക്കാദ്യമായി ലഭിച്ചത് ജോസഫിലാണ്. 

sudhi-koppa-amen-2
‘ഇടി’ സിനിമയിൽ നിന്നും

 

വീട് പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ

 

sudhi-koppa-amen
ആമേൻ സിനിമയിൽ നന്ദൻ ഉണ്ണിക്കൊപ്പം

എനിക്ക് പൊലീസുകാരന്റെ ലുക്ക് ഒക്കെ ഉണ്ടെന്ന് സിനിമ കണ്ടിട്ട് നിരവധി പേർ വിളിച്ചു പറഞ്ഞു. എന്റെ വീട് പള്ളുരുത്തി പൊലീസ് സ്റ്റേഷനു മുന്നിലാണ്. എല്ലാ ദിവസവും പൊലീസുകാരെ കാണുന്നതാണ്. പക്ഷേ, ഈ സിനിമയ്ക്കു മുൻപ് അങ്ങനെയൊരു ലുക്കിനെ കുറിച്ച് ആലോചിച്ചിട്ടു കൂടിയില്ല. ജോസഫിനു ശേഷം എനിക്കിപ്പോൾ അങ്ങനെയുള്ള വേഷങ്ങളൊക്കെ വരുന്നുണ്ട്. ആ സിനിമ എന്റെ ജീവിതത്തിൽ ഇത്രയും മാറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. 

 

ശരിക്കും ഡയാനയോട് പ്രണയമായിരുന്നോ?

 

സുധി എന്ന എന്റെ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ അയാൾക്കൊരു പ്രണയമുണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. ഡയാനയുമായി സൗഹൃദമുണ്ടായിരുന്ന ഒരാൾ. ആ കഥാപാത്രവും ഡയാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില സൂചനകൾ സിനിമയിലുണ്ട്. എന്നാൽ അതു കൃത്യമായി സ്ഥാപിച്ചെടുക്കുന്നില്ല. പ്രേക്ഷകരുടെ ചിന്തകൾക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. അതിലാണ് സുധിയും ഡയാനയും തമ്മിലുള്ള ബന്ധത്തിന്റെ സൗന്ദര്യം. 

 

പക്ഷേ, ഷൂട്ടിങ് സമയത്ത് ഇത്രയും അടരുകളുള്ള കഥാപാത്രമാണെന്ന് മനസിലായിരുന്നില്ല. ക്ലൈമാക്സിൽ എല്ലാവരും ജോസഫിന്റെ ശവകുടീരത്തിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ ഡയാനയുടെ ശവകുടീരത്തിലാണ്. അതൊന്നും പ്ലാൻ ചെയ്ത് ചെയ്തതല്ല. സുധി ജോസഫിനെ അറിയുന്നത് ഡയാനയിലൂടെയല്ലേ... സുധിക്ക് കൂടുതൽ പരിചയമുള്ളത് ഡയാനയെയാണ്. അങ്ങനെ ആലോചിച്ചപ്പോൾ അറിയാതെ ചെയ്തു പോയതാണ്. അത്രയും സൂക്ഷ്മമായി പ്രേക്ഷകർ ഈ ചിത്രം കാണുന്നു എന്നതിലാണ് സന്തോഷം. 

 

ജോജുവും ചെമ്പനുമൊക്കെയാണ് എന്റെ റോൾ മോഡൽസ്

 

ഞാനും ജോജുവുമായുള്ള സൗഹൃദം തുടങ്ങുന്നത് പുള്ളിപ്പുലിയും ആട്ടിൻകുട്ടികളുമെന്ന ചിത്രത്തിനു ശേഷമാണ്. ജോജുവിന് മികച്ച വേഷങ്ങൾ കിട്ടിത്തുടങ്ങിയ സമയം. മംഗ്ലീഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വച്ചാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അതിനു മുൻപെ അറിയാം. പക്ഷേ, സംസാരിച്ചിട്ടില്ല. ആമേൻ എന്ന ചിത്രത്തിനു ശേഷമാണ് ഞാൻ മംഗ്ലീഷിൽ എത്തുന്നത്. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു, ഞങ്ങൾ സംസാരിച്ചു. ആ സൗഹൃദം ഇപ്പോഴുമുണ്ട്. 

 

എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ധൈര്യമായി വിളിച്ചു സംസാരിക്കാം. ഞാനൊക്കെ സിനിമയിൽ വരുമ്പോൾ ഓഡിഷൻ എങ്കിലും ഉണ്ട്. ജോജു അതിനും മുൻപത്തെ കാലത്താണ് സിനിമയിൽ വരുന്നത്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിൽ വന്ന മാറ്റം അദ്ഭുതപ്പെടുത്തും. അതിനുവേണ്ടി ജോജു അധ്വാനിച്ചിട്ടുണ്ട്. സിനിമയിൽ എനിക്ക് റോൾ മോഡലായി തോന്നിയിട്ടുള്ളത് ജോജുവും ചെമ്പൻ വിനോദുമൊക്കെയാണ്. 

 

പ്രണയവർണങ്ങളിലെ ഞാൻ

 

പ്രണയവർണങ്ങൾ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ അതിലഭിനയിക്കാൻ ഞാൻ പോയിട്ടുണ്ട്. ക്യാംപസിൽ നടക്കുന്ന കുറെ പേരില്ലേ... അതിലൊരാളായി. ചുവപ്പു ഷർട്ടൊക്കെയിട്ട് അതിലൂടെയും ഇതിലൂടെയും നടക്കും. ഞാൻ ആദ്യമായി മുഖം കാണിച്ച സിനിമ എന്നൊന്നും പക്ഷേ, പറയാൻ പറ്റില്ല. കാരണം, ആ സിനിമയിൽ എന്റെ മുഖം കണ്ടുപിടിക്കാൻ എനിക്കു പോലും കഴിഞ്ഞിട്ടില്ല. പശ്ചാത്തലത്തിൽ 'ബ്ലർ' ആയി നിൽക്കുന്ന കഥാപാത്രങ്ങളിലൊന്നായിരുന്നു ഞാൻ. ഇപ്പോൾ ആലോചിക്കുമ്പോൾ തമാശയായി തോന്നും. അവിടെ വച്ചാണ് ഇർഷാദ് ഇക്കയെ പരിചയപ്പെടുന്നത്. 

 

അന്നു ഞാൻ ജോജുവിനോട് പറഞ്ഞു, ഈ പടം ഓടും!

 

ജോസഫിന്റെ ചിത്രീകരണസമയത്ത് ഇതൊരു ഗംഭീരൻ പടമായിരിക്കും എന്നെനിക്ക് തോന്നിയിരുന്നു. ജോജു എന്ന നടനെ പ്രേക്ഷകർ തിരിച്ചറിയുന്ന സിനിമയാകും ജോസഫ് എന്ന് മനസിൽ ഒരു ഫീൽ ഉണ്ടായിരുന്നു. അക്കാര്യം ഞാൻ ജോജുവിനോട് പറഞ്ഞിട്ടുമുണ്ട്. ആളുകൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കഥ. തിയറ്ററുകളിൽ ആളുകളെ കാണിക്കാൻ സാധിച്ചാൽ ഈ ചിത്രം ഓടുമെന്ന ഉറപ്പ് തോന്നിയിരുന്നു. ഭാഗ്യത്തിന്, ചിത്രത്തിന്റെ വിതരണം മികച്ച രീതിയിൽ നടന്നു. 

 

ആളുകൾക്ക് തിയറ്ററിൽ തന്നെ ചിത്രം കാണാൻ കഴിഞ്ഞു. പക്ഷേ, എന്റെ കഥാപാത്രം ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഞാൻ അഭിനയിക്കുന്നു, ഡയലോഗ് പറയുന്നു, പോരുന്നു. എന്നാൽ, എന്റെ കഥാപാത്രത്തെ ഇത്രയും പ്രധാന്യത്തോടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അഭിനയിച്ചപ്പോൾ തോന്നിയില്ല. 

 

മികച്ച നടനാകും!

 

ജോസഫിലെ കഥാപാത്രത്തിനു വേണ്ടി ജോജു നല്ലപോലെ അധ്വാനിച്ചിട്ടുണ്ട്. ഏതൊക്കെ തരത്തിലാണെന്ന് പറയാൻ എനിക്കറിയില്ല. പക്ഷേ, അത് ഞാനടക്കമുള്ള അഭിനേതാക്കൾ കണ്ടു പഠിക്കേണ്ട കാര്യങ്ങളാണ് അതെല്ലാം. അതുകൊണ്ടുതന്നെ, ഇത്തവണത്തെ സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഞാൻ കാത്തിരിക്കുന്നത്. ജോജുവിന്റെ കഥാപാത്രത്തിൽ എനിക്ക് പ്രതീക്ഷയുണ്ട്. ജോസഫ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം അത് അർഹിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com