ADVERTISEMENT

തീയറ്ററിലും ടിവിയിലും എന്തിന് ട്രോളുകളിലൂടെ പോലും മലയാളിയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രം ഏതെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ. പഞ്ചാബിഹൗസിലെ രമണൻ. രമണൻ മാത്രമല്ല ഹരിശ്രീ അശോകൻ എന്ന നടൻ അവതരിപ്പിച്ച ഒരുപാട് ചിരിപ്പിക്കും കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഇത്രയും കാലം അഭിനയിച്ചു ചിരിപ്പിച്ച അശോകൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലിലാണ്. ആൻ ഇന്റെർനാഷനൽ ലോക്കൽ സ്റ്റോറി എന്ന തന്റെ കന്നി സംവിധാന സംരംഭം തീയറ്ററുകളിലെത്തുമ്പോൾ അശോകൻ മനസ്സു തുറക്കുന്നു.

I ME MYSELF ft. Harisree Ashokan

എന്തു കൊണ്ടാണ് സംവിധായകനാകാൻ ഇത്ര വൈകിയത് ?

സിനിമ സംവിധാനം ചെയ്യാനും സ്ക്രിപ്റ്റ് എഴുതാനും അഭിനയിക്കാനും പ്രത്യേകം ഒരു സമയം എന്നൊന്നില്ല. എന്തു കാര്യവും ചെയ്യാൻ നമ്മൾ പ്രാപ്തരാണ് എന്നു തോന്നുമ്പോൾ ചെയ്യുക. അതിപ്പം ഒരു വീട് വയ്ക്കുന്ന കാര്യമായാലും അങ്ങനെ തന്നെയാണ്. കയ്യിൽ കാശ് വേണം, പ്ലാനുണ്ടാവണം അങ്ങനെ എല്ലാകാര്യവും ഒത്തു വരുമ്പോൾ ചെയ്യും. ഞാൻ സിനിമയിൽ അഭിനയിച്ചു. സംവിധാനം ചെയ്യണമെന്നത് എട്ടൊമ്പത് വർഷം മുമ്പ് തന്നെ ഉണ്ടായിരുന്ന ഒരാഗ്രഹമാണ്.

പക്ഷേ അന്ന് മാനസികമായൊരു ധൈര്യം ഉണ്ടായിരുന്നില്ല. അഭിനയിക്കുമ്പോൾ തന്നെ ഞാൻ സിനിമയെക്കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു. എഡിറ്റിങ്, ഡബ്ബിങ്, തിരക്കഥ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു. ഉള്ളിൽ ഒരു പേടി ഉള്ളതുകൊണ്ടാണ് സംവിധാനം ഇത്രയും വൈകിയത്. ഇപ്പോഴും ആ പേടി മാറിയിട്ടില്ല. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാലേ മനസ്സിന് ഒരു സമാധാനം ഉണ്ടാവൂ. എല്ലാക്കാര്യങ്ങളും ഒത്തു വരികയും ഒപ്പം ഒരു ധൈര്യം തോന്നുകയും ചെയ്തപ്പോൾ സംവിധായകനാകാൻ തീരുമാനിച്ചു.

ആദ്യ സിനിമയിൽ വലിയ താരങ്ങളെ നായകരാക്കാതിരുന്നത് എന്തു കൊണ്ടാണ് ?

ഹീറോ എന്നു പറയുന്നത് നമ്മുടെ സബ്ജക്ടാണ്. എനിക്ക് എന്റേതായ ഒരു കപ്പാസിറ്റിയുണ്ട്. എനിക്ക് ഷാജി കൈലാസോ ജോഷിസാറോ ചെയ്യുന്നതു പോലൊരു സബ്ജക്റ്റ് ചെയ്യാനുള്ള ആരോഗ്യമില്ല. അതിനൊക്കെ ഭയങ്കര കഴിവ് വേണം. ‌നന്നായി പഠിക്കണം. എനിക്ക് പറ്റിയ സിംപിളായ ഒരു സബ്ജക്റ്റ് കിട്ടിയപ്പോൾ ചെയ്തു എന്നല്ലാതെ ഒരു ഹീറോയ്ക്കു പറ്റിയ സബ്ജക്റ്റ് ഉണ്ടാക്കി ചെയ്തതല്ല ഇൗ ചിത്രം. ഒമ്പത് വർഷം മുന്നേയുള്ള ആഗ്രഹവും ഇതു തന്നെയായിരുന്നു. ആദ്യം ഷൂ ഉണ്ടാക്കുക, പിന്നീട് അതിനുപറ്റിയ കാൽ അന്വേഷിക്കുക എന്നതായിരുന്നു എന്റെ മനസ്സിൽ. സബ്ജക്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു. അതിനുപറ്റിയ ആളുകളെ ചിത്രത്തിൽ അഭിനയിപ്പിച്ചു.

സംവിധായകനായപ്പോൾ സുഹൃത്തുക്കൾ പറഞ്ഞത് ?

അവരൊക്കെ ഭയങ്കര സന്തോഷത്തിലാണ്. എപ്പോഴും അവരൊക്കെ ചോദിക്കാറുണ്ടായിരുന്നു. എന്താണ് സംവിധാനം ചെയ്യാത്തത് എന്ന്. സബ്ജക്ട് റെഡിയാകാത്തതിനാലും ഒരു പേടി ഉള്ളിലുള്ളതുകൊണ്ടുമാണ് ഇത്രയും നീണ്ടു പോയത്. ആ ഭയം ഇപ്പോഴുമുണ്ട്. ഒരുപാട് പേർ എന്നെ പിന്തുണച്ചു. സിദ്ധിഖ് ലാ‍ൽ, പ്രിയൻസാർ, രഞ്ജിയേട്ടൻ, ജോണി ആന്റണി ഇവരുടെയെല്ലാം മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയാണ് ഞാനീ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.

കഥയും തിരക്കഥയും വേറെ ആൾക്കാരാണെങ്കിലും അവരുടെ കൂടെ അഹോരാത്രം പണിയെടുത്തിട്ടുണ്ട്. സ്ക്രിപ്റ്റിങ്ങിലും മറ്റും ഉറക്കമില്ലാതെ എന്റെ കൂട്ടുകാരും കൂടെയുണ്ടായിരുന്നു. ഇതെന്റെ മാത്രമല്ല ഒരു കൂട്ടായ്മയുടെ സിനിമയാണ്. തുടർച്ചയായി സിനിമകൾ ചെയ്തു പോകാം എന്ന് ഉദ്ദേശിക്കുന്നില്ല. എനിക്ക് ഇനിയും അഭിനയിക്കണം. ഈ സിനിമ വിജയമായാലും ഇല്ലെങ്കിലും ഞാൻ അടുത്ത സിനിമ ചെയ്യും. സിനിമ വിജയിക്കും എന്നു തന്നെയാണ് പ്രതീക്ഷ. ബാക്കിയൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ.

അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ലാത്തതിന്റെ കാരണം ?

ഈ സിനിമയ്ക്കു വേണ്ടി ഒന്നരവർഷത്തോളം നടന്നു. ആ സമയത്ത് ഒരുപാട് ചിത്രങ്ങൾ ഞാൻ ഒഴിവാക്കി. അഭിനയിക്കേണ്ട എന്നു കരുതിയല്ല. ഈ സിനിമയ്ക്കു വേണ്ടിയും അല്ല. വന്നതൊക്കെ അത്ര നല്ല സിനിമകളായിരുന്നില്ല. കാശിനുവേണ്ടിയാണെങ്കിൽ എനിക്കതു ചെയ്യാമായിരുന്നു. ആദ്യ കാലങ്ങളിൽ സെലക്ടീവായിരുന്നില്ല. ‌കിട്ടുന്ന എല്ലാം വേഷങ്ങളും അഭിനയിക്കാനുള്ള ഒരു കൊതി കൊണ്ട് ചെയ്തു. കാരണം ആദ്യകാലങ്ങളിൽ നമുക്ക് സിനിമകൾ വേണം, നമ്മൾ തിരക്കായിരിക്കണം, ജനങ്ങളുടെ മനസ്സിൽ പതിയണം. പിന്നീട് നല്ലവേഷങ്ങൾ തിരഞ്ഞെടുക്കും. അതുകഴിഞ്ഞ് പുതിയ ആളുകൾ വരുമ്പോൾ സിനിമകളുടെ എണ്ണം കുറയും.

ഒരാളെ വേറൊരാൾക്കും ഔട്ടാക്കാൻ പറ്റില്ല അതു സിനിമയിലായാലും ജീവിതത്തിലായാലും. എനിക്ക് നല്ലതാണെന്ന് തോന്നുന്ന സിനിമകളാണ് ഞാനിപ്പോൾ ചെയ്യുന്നത്. നല്ല വേഷങ്ങൾ ചെയ്ത സിനിമകളും ഓടാതിരുന്നിട്ടുണ്ട്. ഇടയ്ക്ക് ചില ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള റോളുകളാണ് ഇനി ചെയ്യാൻ ആഗ്രഹിക്കുന്നതും. അങ്ങനെയുള്ള ഒരു വേഷമായിരുന്നു ബാവൂട്ടിയുടെ നാമത്തിൽ എന്ന രഞ്ജിയേട്ടന്റെ സിനിമയിൽ ചെയ്തത്.

ലൊക്കേഷനിൽ ചെല്ലുമ്പോഴാണ് ആ കഥാപാത്രത്തെക്കുറിച്ച് അറിയുന്നത്. ഞാൻ അന്തംവിട്ടുപോയി. ഞാനിതു ചെയ്യുമോ എന്ന് രഞ്ജിയോട്ടനോട് ചോദിച്ചപ്പോൾ നീയേ ചെയ്യുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വലിയൊരു ഉൗർജമാണ് എനിക്ക് തന്നത്. ഞാൻ മേക്കപ്പ് ചെയ്തു കഴിഞ്ഞ് വന്നപ്പോൾ മമ്മൂക്കയ്ക്കു പോലും എന്നെ മനസ്സിലായില്ല. പക്ഷേ പിന്നീട് അത്തരം ക്യാരക്ടറൊന്നും വന്നിട്ടില്ല.

രഞ്ജിത്തുമായുള്ള അടുപ്പം ?

റോക്ക് ആൻഡ് റോൾ ആണെന്നു തോന്നുന്നു ഞാൻ ആദ്യം അഭിനയിച്ച രഞ്ജിയേട്ടന്റെ സിനിമ. സിനിമയിൽ എന്നെ അശോക് എന്ന് വിളിക്കുന്നത് രഞ്ജിയേട്ടനാണ്. അതു പോലെ എന്നെ ചേട്ടായിയേ എന്നു വളിക്കുന്ന ഒരാളുണ്ടായിരുന്നു, മണി. ഇതൊക്കെ ഒരു പ്രത്യേകതയുള്ള വിളികളാണ്. ആരെന്നെ അശോക് എന്നു വിളിച്ചാലും അത് രഞ്ജിയേട്ടനാണോ എന്ന് വിചാരിച്ചുകൊണ്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്. ആ വിളിയിൽ തന്നെ ഒരു സ്നേഹം ഉണ്ട്. ഉള്ളിലൊരു കള്ളം ഇല്ലാത്ത ആൾക്കാരാണിവരൊക്കെ, മറ്റുള്ളവർ കള്ളന്മാരാണെന്നല്ല പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞതു വലിയ ഭാഗ്യമാണ്. വളരെ ആഴത്തിലുള്ള കഥ പറയുന്ന സിനിമകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സുഹൃത്താണ് എന്ന് പറയുന്നതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്.

ജഗതി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ... ഇവരുടെ കുറവ് മലയാള സിനിമയിൽ അനുഭവപ്പെടുന്നുണ്ടോ ?

ജഗതിച്ചേട്ടനെപ്പറ്റി പറയാൻ വാക്കുകളില്ല. മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്താൻ പറ്റാത്ത ഒരു ഘടകമാണ് അദ്ദേഹം. അദ്ദേഹം മാറി നിൽക്കുന്നു എന്നു പയുന്നത് വലിയവേദനയാണ്. മണിയും ചെറുപ്പത്തിലെ നമ്മളെ വിട്ടു പിരിഞ്ഞു. ഹനീഫിക്കയെപ്പോലെ ഇത്രയും ഇന്നസെന്റായി പെരുമാറുന്നൊരാളെ ഞാൻ കണ്ടിട്ടില്ല. ഭയങ്കര സ്നേഹം ഉള്ള മനുഷ്യനാണ്. അദ്ദേഹത്തെ പോലെ തമാശ ഇത്രയും ആസ്വദിക്കുന്നൊരു നടനെ ഞാൻ കണ്ടിട്ടില്ല. വളരെ ശുദ്ധമായ മനസ്സുള്ളവർക്കേ തമാശ അങ്ങനെ ആസ്വദിക്കാൻ കഴിയൂ. അവരൊക്കെ പകരം വയ്ക്കാൻ പറ്റാത്ത നടന്മാരാണ്.

അശോകനേറ്റവും ഇഷ്ടപ്പെട്ട സ്വന്തം സിനിമ ഏതാണ് ?

ഒരോരുത്തരുടെയും ഇഷ്ടം വ്യത്യസ്തമാണ്. ഏത് ചെറിയ പടമായാലും ഓടിയതാവട്ടെ ഓടാത്തതാവട്ടെ ഞാൻ ഏത് റോളും ആസ്വദിച്ച് തന്നെയാണ് ചെയ്തി രിക്കുന്നത്. ഒരു വേഷവും പൂർണ്ണതയിലെത്തിക്കാൻ പറ്റിയിട്ടില്ല എന്നതാണ് എന്റെ അഭിപ്രായം. പഞ്ചാബി ഹൗസ് കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു എന്ന്. ഒരു വേഷവും പൂർണ്ണതയിലെത്തിക്കാൻ ഒരു നടനും പറ്റില്ല. നമ്മൾ ചെയ്ത വേഷങ്ങൾ ഏതെടുത്താലും അതിൽ കുറച്ചു കുറവുകൾ ഉണ്ടാകും. ജനങ്ങളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നത് പഞ്ചാബി ഹൗസ് തന്നെയാണ്. പഞ്ചാബി ഹൗസ് ജനങ്ങളുടെ മനസ്സിലുള്ളിടത്തോളം ഞാൻ 10 വർഷം സിനിമയിൽ നിന്ന് മാറി നിന്നാലും സിനിമയിൽ നിന്ന് ഞാൻ ഔട്ടാവില്ല. അതാണ് പഞ്ചാബി ഹൗസിന്റെ ഗുണം.

ദിലീപിനൊപ്പം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ ?

ദിലീപും ഞാനും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഹരിശ്രീയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഒരു കൗണ്ടർ പറഞ്ഞാൽ തിരിച്ച് എന്തായിരിക്കും പറയുന്നതെന്ന് ‍ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ പറ്റും അങ്ങനെയുള്ളൊരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ തമ്മിലുള്ള സീനുകൾ ഇത്രയും രസകരമായി തോന്നുന്നത്. ഓരോരുത്തർക്കും ഒരു താളമുണ്ട്. ഒരു സീൻ ചെയ്യുമ്പോൾ ഇപ്പോൾ പ്രേംകുമാറിനെ ശ്രദ്ധിച്ചാലറിയാം അദ്ദേഹം ഒരു പ്രത്യേക താളത്തിലാണ് അദ്ദേഹം പറയുന്നത്. എനിക്ക് കുറച്ച് സ്പീഡാണ്. അത് ദിലീപിനറിയാം. ദിലീപും ഞാനുമായുള്ള പുതിയ സിനിമ അധികം വൈകാതെ വരുന്നുണ്ട്.

സിനിമയിലെത്തിയപ്പോൾ മകനു കൊടുത്ത ഉപദേശം ?

സിനിമയിൽ കയറിപ്പറ്റാൻ ബുദ്ധിമുട്ടാണ്. കയറിപ്പറ്റിയാൽ പിടിച്ചു നിൽക്കാൻ അതിനേക്കാൾ ബുദ്ധിമുട്ടാണ്. പിടിച്ചു നിൽക്കാൻ വേണ്ടി നീ സിനിമ ചെയ്യരുത്. നീ ചെയ്യുന്ന വേഷങ്ങൾ നല്ലതായിരിക്കണം. വേറൊന്നും പ്രതീക്ഷിക്കരുത്. സിനിമ ചെയ്യുമ്പോൾ നൂറുശതമാനം അതിനോട് നീതി പുലർത്തുക. ആരുടെയും വിരോധത്തിന് പാത്രമാകരുത്. എല്ലാ കാര്യത്തിനും സമയത്ത് ചെല്ലുക. സിനിമ ഇൻഡസ്ട്രി എന്നു പറഞ്ഞാൽ ഒരു നിർമാതാവിന്റെയാണ്. ആ നിർമാതാവ് അധ്വാനിച്ചുണ്ടാക്കിയ കാശു മുടക്കി ചെയ്യുന്നതാണ് സിനിമ എന്ന ഒരു ബോധം എപ്പോഴും ഉണ്ടാവണം.

നമ്മളായിട്ട് ഒരു ദിവസമോ പത്തു ദിവസമോ കൂടുതൽ‌ വർക്ക് ചെയ്താൽ അതിനായി ഒരു പത്തു പൈസ കൂടുതൽ ചോദിക്കരുത്. നിനക്കൊരു പ്രതിഫലം പറ‍ഞ്ഞിട്ടുണ്ടെങ്കിൽ അതിൽകൂടുതൽ ചോദിക്കരുത്. നീയായിട്ട് ആ സെറ്റിൽ‌ ഒരു പ്രശ്നം ഉണ്ടാക്കരുത്. ഇപ്പോൾ പലരും ഒരു ദിവസം കൂടുതൽ ചെയ്താൽ ഒരു ലക്ഷം വേണമെന്ന് പറയുന്ന കാലമാണ്. അങ്ങനെയൊന്നും ചെയ്യരുത്. നമ്മൾ ഒന്നുമില്ലായ്മയിൽ നിന്ന് വന്നവരാണ്. നല്ല രീതിയിൽ എല്ലാവരോടും പെരുമാറുക. നല്ല രീതിയിൽ അഭിനയിക്കാൻ നോക്കുക. നല്ല രീതിയിൽ പടം തീർത്ത് ബൈ പറഞ്ഞ് പോരുക. ഇതാണ് ഞാൻ അവനോട് പറഞ്ഞത്.

അഭിനയമാണോ സംവിധാനമാണോ ഇനിയുള്ള വഴി ?

ഞാൻ അഭിനയിക്കുന്നുണ്ട്. അഭിനയിക്കാനുള്ള താൽപര്യം ഇപ്പോഴുമുണ്ട്. സിനിമ സംവിധാനം ചെയ്യുകയും ചെയ്യും. ചിലപ്പോൾ രണ്ടു വർഷം കൂടുമ്പോഴായിരിക്കും ഒരു സിനിമ ചെയ്യുന്നത്. എനിക്ക് നല്ലതെന്ന് തോന്നുന്ന സിനിമകളിൽ അഭിനയിക്കുകയും ചെയ്യും. ചിലപ്പോൾ ഓടും ഓടാതിരിക്കും. ഇപ്പോൾ പുതിയ സിനിമ മാത്രമാണ് മനസ്സിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com