ADVERTISEMENT

സൗബിൻ ഷാഹിർ നായകനാകുന്ന അമ്പിളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സാധാരണ ചിത്രങ്ങളുടെ ടീസറും ട്രെയിലറും പാട്ടുമൊക്കെയാണ് വൈറലാകുന്നതെങ്കിൽ അമ്പിളിയുടെ ആദ്യ പോസ്റ്റർ തന്നെ വൈറലായി. മഞ്ഞിന്റെയും മഴയുടെയും പശ്ചാത്തലമുള്ള നിറങ്ങൾ മനോഹരമാക്കിയ ആ പോസ്റ്റർ ഡിസൈൻ ചെയ്തത് മരുഭൂമികളുടെ നാട്ടിൽ ജോലി ചെയ്യുന്ന മലയാളിയാണ്. കോട്ടയം സ്വദേശിയായ അഭിലാഷ് ചാക്കോയാണ് തന്റെ സുഹൃത്തും സംവിധായകനുമായ ജോൺ പോളിനു വേണ്ടി ‘അമ്പിളി’യുടെ പോസ്റ്റർ ഡിസൈൻ ചെയ്തത്. അമ്പിളിയെക്കുറിച്ചും വൈറലായ പോസ്റ്ററിനെക്കുറിച്ചും അഭിലാഷ് പറയുന്നത് ഇതാണ്. 

 

‘ഞാനൊരു ഓൺലൈൻ സ്പോർട്സ് മാഗസിനിൽ ആണ് ജോലി ചെയ്യുന്നത്. സിനിമാ പോസ്റ്ററുകൾ ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും സാങ്കേതിക വിദ്യകളുമൊക്കെ ഈ മാഗസിന്റെ ഡിസൈനിങിലും ഉപയോഗിക്കുന്നുണ്ട്. ഓരോരുത്തരും ഓരോ രീതിയിലായിരിക്കും ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. അമ്പിളി എന്ന സിനിമയുടെ പോസ്റ്ററിൽ ടെക്നോളജിയുടെ അനന്തസാധ്യതകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. വളരെ ലളിതമായ രീതിയിൽ എഡിറ്റിങ് നടത്തി കാഴ്ചയിൽ ഒരുവിധത്തിലുമൊരു ആയാസം അനുഭവപ്പെടാത്ത രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.’–അഭിലാഷ് പറ​‍ഞ്ഞു. 

 

‘സ്കൂൾ കലോത്സവങ്ങളിലൊക്കെ വരയ്ക്കുമായിരുന്നു. സിഎംഎസ് കോളജിലെ കലാലയ ജീവിതകാലത്ത് കവിതകളൊക്കെ വായിച്ച് അതൊക്കെ പോസ്റ്ററാക്കി എഴുതി ക്യാംപസിലെ മരങ്ങളിലൊക്കെ ഒട്ടിച്ചു വയ്ക്കുമായിരുന്നു. സമരങ്ങളുടെ ഭാഗമായിട്ടും മറ്റുള്ള ആഘോഷങ്ങളുടെ ഭാഗമായും ഒക്കെയാണ് അത് ചെയ്തിരുന്നത്. അന്ന് സോഷ്യൽ മീഡിയയൊന്നും ഇല്ലായിരുന്നല്ലോ. കവിതകളൊക്കെയാണ് പ്രധാനമായും എഴുതിയിരുന്നത്. രാഷ്ട്രീയപരമായുള്ള പ്രതിഷേധങ്ങൾ അറിയിച്ചിരുന്നതും ഇങ്ങനെയാണ്. അഭിലാഷ് ഒാർമിക്കുന്നു. 

 

‘ഞാൻ ഒരു സിനിമാഭ്രാന്തനൊന്നുമല്ല. പക്ഷേ സിനിമകൾ ഇഷ്ടമാണ്. ‍സിനിമയുടെ ഡിസൈനുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനും ചെയ്യാനും ശ്രമിക്കാറുണ്ട്. പണ്ടു കാലത്ത് മലയാള സിനിമയിൽ ഗായത്രി അശോക് എന്നൊരാളായിരുന്നു ഡിസൈനർ. അദ്ദേഹത്തിന്റെ വർക്കുകൾ വ്യത്യസ്തങ്ങളായിട്ടുള്ളവയായിരുന്നു. അതൊക്കെ ശ്രദ്ധിക്കുമായിരുന്നു. കിരീടത്തിൽ ഉപയോഗിച്ച ഫോണ്ടൊക്കെ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നുണ്ട്. അങ്ങനെയാണ് സിനിമയുടെ ഡിസൈനിങിൽ താൽപര്യം തോന്നിയത്. ജോലിക്കിടയിലും ഇത് ചെയ്യാനാകുന്നത് ആ താൽപര്യം മനസ്സിലുള്ളതു കൊണ്ടാണ്. അഭിലാഷ് കൂട്ടിച്ചേർത്തു. 

 

‘എന്റെ വീട് കോട്ടയത്തിനടുത്ത് ചിങ്ങവനത്താണ്. ഇൗ ചിത്രത്തിന്റെ സംവിധായകൻ ജോൺ പോളിന്റെ വീടും അതിനടുത്താണ്. ഞങ്ങൾ രണ്ടു പേരുടെയും പള്ളി ഒന്നാണ്. ചെറുപ്പം മുതലേ എനിക്ക് ജോണിനെ അറിയാം. ജോൺ സംവിധായകനാകും മുന്‍പേ തന്നെ ഞാൻ ഖത്തറിലേക്ക് പോയിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ കാണാറുണ്ടായിരുന്നു. വീട്ടിൽ വരുമ്പോൾ പുതിയ സിനിമയുടെ കഥകളൊക്കെ പറയാറുണ്ടായിരുന്നു. സുഹൃത്തെന്നതിനേക്കാൾ ഒരനിയനോടുള്ള അടുപ്പമാണ് ഞങ്ങൾ തമ്മിൽ. അമ്പിളി എന്ന ചിത്രത്തിന്റെ കഥയും കഥാപശ്ചാത്തലും ജോൺ എനിക്ക് പറഞ്ഞു തന്നിരുന്നു. ഇൗ സിനിമയിൽ സൈക്കിളിനും പച്ചപ്പിനും മഴയ്ക്കും മഞ്ഞിനുമൊക്കെയുള്ള പ്രാധാന്യം ജോൺ എനിക്ക് പറഞ്ഞു തന്നിരുന്നു. അതെല്ലം അടിസ്ഥാനമാക്കിയാണ് ഞാൻ പോസ്റ്റർ ഡിസൈൻ ചെയ്തതും.’– അഭിലാഷ് പറഞ്ഞു. 

 

അമ്പിളിയുടെ പോസ്റ്റർ വൈറലായതോടെ ഡിസൈനർക്കും വലിയ പേരായി. നേരത്തെയും പല മികച്ച ഡിസൈനുകളും ചെയ്തിട്ടുണ്ടെങ്കിലും അമ്പിളി ‘വെളിച്ചത്തിൽ’ തിളങ്ങി നിൽക്കുകയാണ് അഭിലാഷ് ഇപ്പോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com