ADVERTISEMENT

കുടുംബം പോറ്റുന്നതിനു പതിനെട്ടാം വയസ്സിൽ പാറ പൊട്ടിക്കാൻ  ഇറങ്ങിയവനാണു നാദിർഷാ. എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കോളജിലെത്തുംവരെ പാട്ടു പോയിട്ടു കത്തുപോലും എഴുതിയിരുന്നില്ല. 

ആ നാദിർഷ ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ്. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി  പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ. എന്തും എപ്പോൾ വേണമെങ്കിലും എഴുതാൻ റെഡി.

കാലം മനുഷ്യനെ മാറ്റുന്നതെങ്ങനെയെന്ന് അറിയണമെങ്കിൽ നാദിർഷായുടെ ജീവിതകഥ  കേൾക്കണം.

 

സംഭവബഹുലം ജീവിതം

‘‘പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണു പിതാവിന്റെ മരണം. മൂന്ന് അനിയൻമാരും സഹോദരിയും മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം  എന്റെ തോളിലായി. കഴിക്കാൻ ആഹാരമോ ധരിക്കാൻ വസ്ത്രമോ ഇല്ലാത്ത അവസ്ഥ. ബന്ധുക്കളുടെ  പഴയ വസ്ത്രങ്ങൾ വാങ്ങിയാണു ധരിച്ചിരുന്നത്. പിതാവ് മരിച്ചപ്പോൾ കാർബൊറാണ്ടം യൂണിവേഴ്സലിൽ അദ്ദേഹത്തിന്റെ ജോലി എനിക്കു ലഭിച്ചു. പതിനെട്ടാം വയസ്സിൽ എട്ടു കിലോയുള്ള ചുറ്റികകൊണ്ടു പാറ പൊട്ടിക്കുന്നതായിരുന്നു പണി. പകൽ കോളജിലും രാത്രിയിൽ ജോലിക്കും പോകും. പൊട്ടിച്ച പാറക്കഷണങ്ങൾ കോരിയിടുമ്പോൾ നേരംപോക്കിനു കൂട്ടുകാരെ കളിയാക്കാനാണ് ആദ്യമായി പാരഡി ഗാനങ്ങൾ സൃഷ്ടിച്ചത്. അതുവരെ ഒരുവരിപോലും കുറിക്കാത്ത ഞാൻ എഴുത്തു തുടങ്ങി.’’

 

ഗാനമേള, മിമിക്രി

 

‘‘അപ്പോഴേക്കും അദ്ഭുതമെന്നപോലെ എന്റെ വിക്ക് അപ്രത്യക്ഷമായി. ജീവിതത്തിൽ കഷ്ടപ്പെടുന്ന ഇവൻ മിമിക്രി കാട്ടിയെങ്കിലും ജീവിച്ചു പോട്ടെയെന്നു ദൈവത്തിനു തോന്നിക്കാണും. കുറെക്കാലം കഴിഞ്ഞപ്പോൾ പാറ പൊട്ടിക്കലിൽ നിന്നു പ്രമോഷൻ കിട്ടി, മെഷീൻ ജോലിയായി. രണ്ടു ഷിഫ്റ്റ് ജോലിക്കുശേഷം പിറ്റേന്നു ഗാനമേളയ്ക്കും മിമിക്രിക്കും പോകുമായിരുന്നു. അക്കാലത്ത് ഉറക്കം സ്വപ്നം മാത്രമായിരുന്നു. 25 വയസ്സുവരെ ദിവസം ഒന്നോ രണ്ടോ മണിക്കൂറാണ് ഉറങ്ങിയിരുന്നത്.’’

‘‘തുടക്കത്തിൽ ഞാൻ ഗായകൻ മാത്രമായിരുന്നു. മിമിക്രി താരങ്ങളായ രമേശ് കുറുമശേരിക്കും ഏലൂർ ജോർജിനുമൊപ്പം ഒരാൾ വേണമെന്ന് അറിഞ്ഞതോടെ ഞാൻ അവരുടെ റിഹേഴ്സൽ കാണാൻ പോയി. റിഹേഴ്സലിനിടെ എന്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ അവർക്കു ദേഷ്യം വന്നു. എങ്കിൽ നീ കാണിക്കാൻ അവർ ആവശ്യപ്പെട്ടു. 

എന്റെ മിമിക്രി കണ്ടതോടെ അവർക്കൊപ്പം ഷോയ്ക്കു ചെല്ലണമെന്നായി. ഗാനമേളയ്ക്കു  30 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് മിമിക്രിക്ക് 50 രൂപ തരാമെന്നും പറഞ്ഞു. അങ്ങനെയാണു മിമിക്രി തുടങ്ങുന്നത്. പിൽക്കാലത്തു കൊച്ചിൻ ഓസ്ക്കറിലെ സ്ഥിരം മിമിക്രി താരമായി. പാരഡിയെഴുത്തും കസറ്റ് ഇറക്കലുമെല്ലാം അക്കാലത്തായിരുന്നു. സിനിമയും മിമിക്രിയുമായി നടക്കുന്നവനു പെണ്ണുകിട്ടില്ലെന്നതിനാൽ വിവാഹം വരെ കാർബൊറാണ്ടത്തിൽ തുടർന്നു.’’

 

ദിലീപുമായി ആദ്യ കൂടിക്കാഴ്ച

 

‘‘ഒരിക്കൽ എറണാകുളം നോർത്തിലെ ടെലിഫോൺ ബൂത്തിൽനിന്നു പുറത്തിറങ്ങുമ്പോൾ ഒരു ചെറുപ്പക്കാരൻ കാത്തു നിൽപ്പുണ്ടായിരുന്നു.‘‘ഞാൻ ഗോപാലകൃഷ്ണൻ. മഹാരാജാസിൽ പഠിക്കുന്നു. മിമിക്രി ആർട്ടിസ്റ്റാണ്. ഒന്നു പരിചയപ്പെടാൻ വന്നതാണ്.’’എന്നു  പറഞ്ഞു. ഞാൻ അയാളെ ലോഹ്യം പറഞ്ഞു യാത്രയാക്കി. അതായിരുന്നു ഞാനും ദിലീപുമായുള്ള ആദ്യ കൂടിക്കാഴ്ച. അക്കാലത്തു ഞാൻ കളമശേരി സെന്റ് പോൾസിൽ പഠിക്കുകയായിരുന്നുവെങ്കിലും അറിയപ്പെടുന്ന മിമിക്രി താരമായിരുന്നു. അങ്ങനെയിരിക്കെ മഹാരാജാസിൽ മിമിക്രി മത്സരത്തിനു ജഡ്ജ് ആയി എന്നെ വിളിച്ചു. അന്ന് ഒന്നാം സമ്മാനം  ദിലീപിനായിരുന്നു. അന്നു തുടങ്ങിയ സൗഹൃദം ഇപ്പോൾ ‘ദേ പുട്ട്’ എന്ന സംരംഭത്തിൽ എത്തി നിൽക്കുന്നു.’’

 

ദിലീപിനു പകരം മണിയും ടിനിയും

 

‘‘കലാഭവൻ മണിയെക്കൊണ്ട് ആദ്യമായി നാടൻ പാട്ട് പാടിച്ചതും ഞാനാണ്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കസറ്റിലായിരുന്നു മണിയുടെ അരങ്ങേറ്റം. പിൽക്കാലത്തു മണി നാടൻപാട്ടിന്റെ ആശാനായി. മണിയെ ആദ്യമായി ഗൾഫിൽ കൊണ്ടുപോയതും ഞാനാണ്. നടൻ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ടീമിൽ രണ്ടു മിമിക്രി താരങ്ങൾ വേണമായിരുന്നു. അവരെ ഇന്റർവ്യൂ ചെയ്യാൻ എന്നെയാണു ചുമതലപ്പെടുത്തിയത്. 

ടിനി ടോമും കലാഭവൻ മണിയുമായിരുന്നു കക്ഷികൾ. ഇതിനിടെ എങ്ങനെയെങ്കിലും തന്നെക്കൂടി ഗൾഫിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് എന്റെ പിന്നാലെ നടക്കുകയാണ്. ഇവന്മാരിൽ ഒരുത്തനെ തട്ടിയ ശേഷം ദിലീപിനെ കൊണ്ടു പോകാമെന്നു ഞാൻ ഏറ്റു.’’

‘‘ടിനിയും മണിയും തകർത്തു മിമിക്രി കാണിച്ചപ്പോൾ ടിനിയെ ആദ്യം സെലക്ട് ചെയ്തു. ഇനി മണിയാണുള്ളത്. എന്തെങ്കിലും പറഞ്ഞ് അവനെ തട്ടിയാലേ ദിലീപിനെ കൊണ്ടുപോകാൻ പറ്റൂ. പക്ഷേ, അപാര പ്രകടനവുമായി അവൻ  മുന്നേറുകയാണ്. ആന നടക്കുന്നതിന്റെ പിന്നിൽ നിന്നുള്ള ദൃശ്യമാണെന്നു പറഞ്ഞ് മണി അടുത്ത ഐറ്റത്തിലേക്കു കടന്നു. അതു ഭംഗിയാകണമെങ്കിൽ കറുത്ത പാന്റ്സ് ധരിക്കണമെന്നും താൻ വെള്ള മുണ്ടാണ് ഉടുത്തിരിക്കുന്നതെന്നും മണി പറഞ്ഞതോടെ ഞാൻ അതിൽ കയറി പിടിച്ചു.‘നീ മുണ്ടുടുത്തു വന്നതെന്തിനാണ്. നീ ശരിയാവില്ല.’എന്നായി ഞാൻ.’’

‘‘എനിക്ക് ഒരു പാന്റ്സേയുള്ളൂ. ഇന്നു പ്രോഗ്രാമില്ലാത്തതിനാൽ അതു കലാഭവനിൽ അലക്കിയിട്ടിരിക്കുകയാണ്’’ എന്നായിരുന്നു മണിയുടെ മറുപടി. അതോടെ ഞാൻ തകർന്നു പോയി. അവനെ കൊണ്ടുപോയില്ലെങ്കിൽ ദൈവം പൊറുക്കില്ലെന്നും നിന്നെ പിന്നൊരിക്കൽ കൊണ്ടുപോകാമെന്നും ഞാൻ ദിലീപിനോടു പറഞ്ഞു. അങ്ങനെയാണ് മണി ആദ്യമായി ഗൾഫിലേക്കു പറക്കുന്നത്.’’

 

സംവിധാനം, സംഗീതം, അഭിനയം

 

‘‘ഞാൻ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ ഉടൻ തിയറ്ററുകളിലെത്തും. മുഴുനീള കോമഡി ത്രില്ലറാണിത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷ’ന്റെ തമിഴ് പതിപ്പായ ‘അജിത് ഫ്രം അറുപ്പുകോട്ടൈ’ തിരഞ്ഞെടുപ്പു കഴിഞ്ഞു റീലിസ് ചെയ്യും. പുതിയ രണ്ടു സിനിമകൾ കൂടി സംവിധാനം ചെയ്യുന്നുണ്ട്. 

മമ്മൂട്ടി നായകനാകുന്ന ‘അയാം എ ഡിസ്കോ ഡാൻസർ’ കോമഡി ത്രില്ലറാണ്. ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ആണു രണ്ടാമത്തെ ചിത്രം. ഇതിനിടെ  സംഗീത സംവിധാനവും ഏറ്റെടുത്തിട്ടുണ്ട്. ദുൽക്കർ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’, ദിലീപിന്റെ ‘ഡിങ്കൻ’, ഹരിശ്രീ അശോകനും കലാഭവൻ ഷാജോണും സംവിധാനം ചെയ്യുന്ന സിനിമകൾ തുടങ്ങിയവയിലെല്ലാം ഞാൻ ഈണമിട്ട പാട്ടുകളുണ്ട്. ‘ബെൻ ജോൺസനി’ലാണ് ഞാൻ അവസാനം അഭിനയിച്ചത്. വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു മടങ്ങി വരികയാണ്. അഭിനയത്തെക്കാൾ  ക്യാമറയ്ക്കു പുറത്താണു തിളങ്ങുകയെന്ന തിരിച്ചറിവ് എനിക്കുണ്ട്.’’–നാദിർഷാ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com