ADVERTISEMENT

ലൂസിഫർ! പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു, ആന്റണി പെരുമ്പാവൂർ നിർമാതാവാകുന്നു, അതിൽ സൂപ്പർതാരം മോഹൻലാൽ നായകനാകുന്നു. എല്ലാംകൊണ്ടും വലിയ സിനിമ. അതിന്റെ ക്യാമറയ്ക്കു പിന്നിലും മലയാളിക്കു വളരെ പരിചിതമായൊരു പേരാണ്: സുജിത് വാസുദേവ്. പൃഥ്വിരാജുമായി ഏറെ മാനസിക അടുപ്പമുള്ള ഛായാഗ്രാഹകൻ കൂടിയാണ് സുജിത്ത്. എസ്രാ, അമർ അക്ബർ അന്തോണി, അനാർക്കലി, മെമ്മറീസ് എന്നീ പൃഥ്വി ചിത്രങ്ങളുടെ ക്യാമറ സുജിത്തായിരുന്നു. സുജിത് വാസുദേവ് ആദ്യമായി സംവിധായകനായ ചിത്രത്തിലെ നായകൻ പൃഥ്വി ആണെന്നതും കൗതുകം.

 

ഇതെന്റെ ഭാഗ്യം

 

ഒരു സിനിമ ചെയ്യണം എന്നത് പൃഥ്വിയുടെ ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു. അതിനുവേണ്ടി ദീർഘനാളത്തെ പ്രയത്‌നവുമുണ്ട്. ഏതൊരു സംവിധായകനും പുതിയ സിനിമ ചെയ്യുമ്പോള്‍, അതും ആദ്യമായി ചെയ്യുമ്പോള്‍ എന്തൊക്കെ പറയുമോ അതുതന്നെയേ പൃഥ്വിയും പറഞ്ഞുള്ളു. അദ്ദേഹത്തെ ഒരുപാടു  കാലമായി അറിയാം. അങ്ങനെയൊരാള്‍ സിനിമ ചെയ്തപ്പോള്‍ എന്നെത്തന്നെ ക്യാമറ ഏല്‍പ്പിച്ചു എന്നത് ആദ്യ സന്തോഷം. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ പ്രവർത്തിക്കാനായി എന്നത് രണ്ടാം സന്തോഷം. അതുകൊണ്ട് ഈ സിനിമയെ ഞാന്‍ എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളില്‍ ഒന്നായി കരുതുന്നു.

mohanlal-prithvi-lucifer

 

പൃഥ്വിയും ലാലേട്ടനും

sujith-vasudev-lucifer-5

 

രണ്ടാള്‍ക്കൊപ്പവും മുന്‍പു സിനിമകളെടുത്തിട്ടുണ്ട്. പക്ഷേ ഒരുമിച്ചെത്തുന്നത് ആദ്യമായാണ്. ലാല്‍ സാര്‍ ഏതൊരു വ്യക്തിയോടും, അയാള്‍ ഏതു നിലവാരത്തിലുള്ളതും ആയിക്കോട്ടെ, കൃത്യമായി ഇടപെടാന്‍ അറിയുന്ന ആളാണ്. സിംപിളായി പെരുമാറുന്ന വ്യക്തി. അങ്ങനെ പെരുമാറണമെങ്കില്‍ അത്രമാത്രം ആഴമുള്ളൊരു വ്യക്തിത്വം ആയിരിക്കണമല്ലോ. അദ്ദേഹത്തിനോടൊപ്പമുള്ള ഓരോ സിനിമയും അത്രമാത്രം കംഫര്‍ട്ടബിള്‍ ആണ്. അതേസമയം, മുന്നില്‍ നില്‍ക്കുന്നത് അതുല്യ പ്രതിഭയാണെന്ന തോന്നലും മനസ്സിലുണ്ടാകും. സ്‌നേഹവും ആദരവുമാണ് ഒരേസമയം അദ്ദേഹത്തോടു തോന്നുന്നത്.

 

sujith-vasudev-lucifer-3

രാജുവുമായി അടുപ്പം തുടങ്ങിട്ട് വര്‍ഷങ്ങളായി. നിരവധി പ്രോജക്ടുകള്‍ ഒരുമിച്ചു ചെയ്തു. ഞാന്‍ ആദ്യമായി സംവിധായകന്‍ ആയപ്പോള്‍ അതില്‍ അദ്ദേഹം നായകനും അദ്ദേഹം സംവിധായകനായപ്പോള്‍ ഞാന്‍ ഛായാഗ്രാഹകനുമായി. സിനിമ ഒരു കമ്യൂണിക്കേഷന്‍ ഉപാധിയാണല്ലോ. എപ്പോഴും പരസ്പരം ആശയങ്ങളും അഭിപ്രായങ്ങളും സിനിമാക്കാര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടും. അങ്ങനെയാണ് ഏതൊരു സിനിമാ കൂട്ടുകെട്ടും പോലെ ഞങ്ങളുടെ ബന്ധവും വളര്‍ന്നത്.

 

sujith-vasudev-lucifer-4

എന്താണു ചെയ്യേണ്ടത്, വേണ്ടത് എന്ന് ഞങ്ങള്‍ക്കു രണ്ടാള്‍ക്കും പരസ്പരം വ്യക്തമായി അറിയാനാകും. ചിലപ്പോള്‍ സംസാരിച്ചു പൂര്‍ത്തിയാക്കേണ്ടിപ്പോലും വരില്ല. അതുകൊണ്ട് ഒരുതരത്തിലുള്ള ആശയക്കുഴപ്പവും സിനിമയ്ക്കിടയില്‍ വന്നതുമില്ല. പിന്നെ എല്ലാത്തിനും ഉപരിയായി, ഒരു സുഹൃത്ത് ആയതുകൊണ്ടു മാത്രമല്ല ഞങ്ങൾ ഒരുമിച്ച സിനിമകള്‍ തുടര്‍ച്ചയായി സംഭവിച്ചത്. സുഹൃത്തായതു കൊണ്ടു മാത്രം അടുത്ത സിനിമ ചെയ്‌തേക്കാം, അല്ലെങ്കില്‍ കൊടുത്തേക്കാം എന്നു ചിന്തിക്കുന്ന ആളല്ല പൃഥ്വി. അതുകൊണ്ട് അദ്ദേഹത്തിനു വേണ്ടി ചെയ്യുന്ന ക്യാമറാവര്‍ക്കുകള്‍ ഇഷ്ടമാകുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതാണ് ഏറ്റവും വലിയ സന്തോഷവും.

 

sujith-vasudev-lucifer-1

സിനിമയ്ക്കു വേണ്ടി ഏതറ്റംവരെയും പോകാന്‍ തയാറുള്ളവരാണ് ഞങ്ങൾ രണ്ടാളും. ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാടു ചര്‍ച്ചകളൊക്കെ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. അതിലൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ക്ഷമയോടെയും പൃഥ്വി ഇരിക്കും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചില അഭിനേതാക്കള്‍ക്ക് രണ്ടു ദിവസം അടുപ്പിച്ച് നൈറ്റ് ഷൂട്ടിങ് വരുന്നതു തന്നെ ബുദ്ധിമുട്ടാണ്. ലൂസിഫറില്‍ നിരവധി ദിവസങ്ങള്‍ അടുപ്പിച്ച് നൈറ്റ് ഷൂട്ടിങ് വേണ്ടി വന്നു. ഒരു മുഷിച്ചിലും കാണിക്കാതെയാണ് രാജു വരാറ്. അത്രയും സഹകരണ മനോഭാവമുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. 

 

നല്ല ടെന്‍ഷനുണ്ട്

 

തീര്‍ച്ചയായും മുന്‍പ് ചെയ്ത സിനിമകൾ കാത്തിരിക്കുന്നതിനേക്കാള്‍ ടെന്‍ഷനുണ്ട് ലൂസിഫർ വരുമ്പോൾ‍. രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നു എന്നതിനപ്പുറം, പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം എങ്ങനെയായിരിക്കും എന്നറിയാന്‍ പ്രേക്ഷക ലോകത്തിന് വലിയ ആകാംക്ഷ കാണും. ട്രെയിലറിനോടുള്ള പ്രതികരണം കണ്ടപ്പോഴേ മനസ്സിലായതാണ്. അതുകൊണ്ട് ടെന്‍ഷനുണ്ട്. ആളുകള്‍ എന്താണ് ചിന്തിക്കുന്നത്, എന്താണ് അവരുടെ പ്രതീക്ഷ എന്നൊന്നും അനുമാനിക്കാനാകില്ല. സിനിമ ചെയ്യുമ്പോള്‍ അതൊന്നും ചിന്തിക്കാനാകില്ലല്ലോ. തിയറ്ററില്‍ എത്താന്‍ പോകുന്നുവെന്ന് അറിയുമ്പോള്‍ ടെന്‍ഷന്‍ വരും. പക്ഷേ മുന്‍പത്തേക്കാള്‍ ഞാന്‍ സമ്മര്‍ദ്ദത്തിലാണ്.

 

ലൂസിഫറിന്റെ ഷോട്ടുകള്‍

 

സാങ്കേതികമായി ഏറെ മുന്നിട്ടു നില്‍ക്കുന്ന ചിത്രം തന്നെയാണ് ലൂസിഫര്‍. അലെക്‌സാ മിനിയും റെഡ് ഹീലിയം ക്യാമറകളുമാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. വൈഡ് ആയിട്ടാണ് ചെയ്തിരിക്കുന്നത്. ഞാന്‍ മറ്റ് ഇന്ത്യന്‍ സിനിമകളിലൊന്നും കാണാത്തൊരു ഫോര്‍മാറ്റ് ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനുമൊക്കെ അതേ നിലവാരത്തിലുള്ളത് തന്നെയാണ്. തിയറ്ററുകളും അതേ തരത്തിലുള്ളതാണെങ്കില്‍ ആ സാങ്കേതിക വിദ്യയുടെ എല്ലാ ഭംഗിയോടും അത് ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്കാകും. പലപ്പോഴും മലയാള സിനിമ പോകുന്നത്രയും സാങ്കേതിക നിലവാരം പല തിയറ്ററുകളിലും വരാറില്ല.  അതൊരു പ്രശ്‌നമാണ്. 

 

വെല്ലുവിളിയായി ആ വെള്ള...

 

പുതിയ ഡിജിറ്റല്‍ ക്യാമറകള്‍ക്ക് വെള്ള നിറത്തോട് എന്തോ അലര്‍ജി പോലെയാണ്. ലൂസിഫറില്‍ വെളുപ്പ് അണിഞ്ഞ് കഥാപാത്രങ്ങള്‍ മാസ് ആയി വരുന്ന ഒരുപാട് സീനുകളുണ്ട്. ക്യാമറകളുടെ ആ പ്രശ്‌നം എങ്ങനെ മറികടക്കാം എന്നതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇതുവരെയും ഇത്രയും മാസ് ആളുകളെ വച്ച് ഞാനിങ്ങനെയൊരു ചിത്രം ചെയ്തിട്ടില്ല. 3000 ആളുകള്‍ വരെയുള്ള ഷോട്ടുകള്‍ ചിത്രീകരിക്കേണ്ടി വന്നിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ വലിയ സംഘങ്ങളെ വച്ച് നിരവധി ഷോട്ടുകളാണ് എടുത്തത്. അത്രയും വലിയൊരു ജനക്കൂട്ടത്തെ ഒരുമിച്ചു നിര്‍ത്തുക, അത് കൃത്യമായി പകര്‍ത്തുക എന്നതായിരുന്നു ഏറെ ബുദ്ധിമുട്ടേറിയത്. ജീവിതത്തിലെ ഏറ്റവും വേറിട്ട അനുഭവമായി അത് മാറുകയും ചെയ്തു. 

 

സ്വപ്നം, സംവിധാനം

 

ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ എല്ലാത്തരം സിനിമകളും ചെയ്യണം എന്നാണ് ആഗ്രഹം. സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്. പക്ഷേ അടുത്ത ചിത്രം ഉടനില്ല. ഛായാഗ്രാഹകനായി ചെയ്തു തീര്‍ക്കാന്‍ കുറേയധികം ചിത്രങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com