sections
MORE

ഒരുകാലത്ത് പലർക്കും ഞാനൊരു ശല്യമായിരുന്നു: പൃഥ്വിരാജ്

HIGHLIGHTS
  • സാധാരണക്കാരനിൽ സാധാരണക്കാരനായവർക്കുള്ള സിനിമ
  • ലാലേട്ടൻ ഒരു വാചകമേ പറഞ്ഞുള്ളു. ‘നമുക്കിത് ഉടൻ ചെയ്യാം മോനെ’
prithviraj-director-lucifer
SHARE

മലയാളി ആവശ്യത്തിൽ കൂടുതൽ പരിഹസിക്കുകയും കളിയാക്കുകയും കുടുംബത്തെയടക്കം ട്രോളുകയും ചെയ്തപ്പോൾ മാനസികമായി തകർത്തൊരു  ചെറുപ്പക്കാരന്റെ പേര് 3 വർഷത്തിനു ശേഷം വലിയ സ്ക്രീനിൽ തെളിയുമ്പോൾ ജനം ഒന്നടങ്കം എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു. അയാളെക്കുറിച്ച് ആരാധനയോടെ സംസാരിക്കുന്നു. അയാൾ സംവിധാനം ചെയ്ത സിനിമ തിയറ്ററുകളെ ഞെട്ടിച്ചു പണം വാരുന്നു. പൃഥ്വിരാജ് എന്ന നടൻ സിനിമയുടെ മറ്റൊരു മാജിക്കാണു കാണിച്ചുതരുന്നത്. 

ലൂസിഫർ എന്ന സിനിമ ശരിക്കും മസാലയാണ്. കാഴ്ചക്കാരൻ മനസ്സിൽ എന്തുകണ്ടുവോ അതു മരത്തിൽ കണ്ട ഒരാളുണ്ടാക്കിയ മാസ് സിനിമ. ഇതു പണം വാരാൻ മാത്രമുണ്ടാക്കിയ സിനിമയാണ്. അതു പറഞ്ഞുകൊണ്ടുതന്നെ പൃഥ്വി ചിരിക്കുകയാണ്. അപ്രതീക്ഷിത സമ്മാനം കയ്യിൽ വാങ്ങി സ്റ്റേജിൽ നിൽക്കുന്നൊരു കുട്ടിയെപ്പോലെ. 

പൃഥ്വിയെപ്പോലെ  വേട്ടയാടപ്പെട്ടവർ കുറവാണ്. ഇപ്പോൾ എന്തു തോന്നുന്നു?

അത്തരം വേട്ടകളൊന്നും ബാധിക്കാത്ത അവസ്ഥയിലാണു കുറെക്കാലമായി ഞാൻ. എന്റെ മനസ്സിലെ കല സത്യസന്ധമായിരുന്നു എന്നു ജനം തിരിച്ചറിയുന്ന നിമിഷമാണിത്. എന്തെല്ലാം പരാതിയുണ്ടെങ്കിലും കല എന്ന സാധനത്തിനൊരു മാജിക്കുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം മറക്കും. സാധാരണക്കാരനിൽ സാധാരണക്കാരനായവർക്കുള്ള സിനിമയാണിത്. സമാന്തര സിനിമയോ പരീക്ഷണ സിനിമയോ അല്ല. 

prithviraj-director-lucifer-2

ലൂസിഫർ പരാജയപ്പെട്ടിരുന്നുവെങ്കിൽ തകർന്നു പോകുമായിരുന്നില്ലേ ?

അങ്ങനെ സംഭവിച്ചേക്കാമായിരുന്നു. എന്നാൽ കുട്ടിക്കാലം മുതൽ മനസ്സിലുള്ള വളരെ തീവ്രമായൊരു ആഗ്രഹത്തിനു വഴി തെളിയുമ്പോൾ അതിൽനിന്നും മാറി നിൽക്കേണ്ടെന്നു തീരുമാനിച്ചു. എന്നെ സ്നേഹിക്കുന്ന പലരും പറഞ്ഞു, ഇതുവേണ്ട, വലിയ റിസ്കാണെന്ന്. അഭിനയിക്കുമ്പോൾ നല്ല പ്രതിഫലം കിട്ടും. റിസ്കും കുറവാണ്. എന്നാൽ ഈ സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കുമായിരുന്നു. എന്നാൽ ഭാര്യ സുപ്രിയ എന്നോട് ഒരിക്കൽപ്പോലും ഇതു റിസ്കല്ലേ എന്നു ചോദിച്ചില്ല. എന്റെ മനസ്സിലെ തീവ്രമായ ആഗ്രഹം അവർക്കറിയാമായിരുന്നു. 

prithviraj-director-lucifer-1

മോഹൻലാൽ എടുത്തതും റിസ്കല്ലേ?

ഈ തിരക്കഥ വായിക്കുകയും അത് എങ്ങനെ ചെയ്യുമെന്നു പറയുകയും ചെയ്തപ്പോൾ ലാലേട്ടൻ എഴുന്നേറ്റ് ഒരു വാചകമേ പറഞ്ഞുള്ളു. ‘നമുക്കിത് ഉടൻ ചെയ്യാം മോനെ’ എന്ന്. ലാലേട്ടന് ഒരു പുതിയ സംവിധായകനിൽ ഇത്രയേറെ വലിയ സിനിമ ചെയ്തു റിസ്ക് എടുക്കേണ്ട കാര്യമില്ല. പക്ഷേ, എന്നെയും മുരളി ഗോപിയെയും മോഹൻലാൽ എന്ന നടൻ വിശ്വസിച്ചു എന്നതാണു വലിയ കാര്യം. അതോടൊപ്പംതന്നെ കഥ കേട്ടു തൊട്ടടുത്ത ദിവസം ഹൈദരാബാദിലെത്തിയ ആന്റണി പെരുമ്പാവൂർ കൈ തന്ന ശേഷം പറഞ്ഞു, ‘ഇനി ഇതാണു നമ്മുടെ സിനിമ’യെന്ന്. നിർമാതാവെന്ന നിലയിൽ ആന്റണിയെപ്പോലെ ഒരാളില്ലെങ്കിൽ ഈ സിനിമ ഉണ്ടാകില്ല. 

prithviraj-director-lucifer-4

പൃഥ്വി അഭിനയിക്കുന്ന മിക്ക സിനിമയുടെയും ക്യാമറയ്ക്കു പുറകിലിരുന്നു സംവിധാനം പഠിക്കുമായിരുന്നെന്നു കേട്ടിട്ടുണ്ട്?

സന്തോഷ് ശിവൻ, എസ്.കുമാർ, അഴകപ്പൻ തുടങ്ങിയ എത്രയോ വലിയ ക്യാമറാമാന്മാരോടു തുടർച്ചയായി സംശയങ്ങൾ ചോദിച്ചു ഞാൻ അവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എത്രയോ വലിയ സംവിധായകരെ വിഷമിപ്പിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ ഗുരുസ്ഥാനത്താണ്. ഐ.വി.ശശി സാറിന്റെയൊരു സിനിമയിൽ അഭിനയിക്കാനായി ദിവസങ്ങളോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം ചെയ്ത സിനിമകളുടെ ഷോട്ടിനെക്കുറിച്ചു ചോദിച്ചപ്പോൾ ട്യൂഷൻ ക്ളാസിലെന്നപോലെയാണ് പഠിപ്പിച്ചത്. പലർക്കും ഞാനൊരു ശല്യമായിരുന്നിരിക്കാം. 

prithviraj-director-lucifer-5

അച്ഛൻ സുകുമാരനും സംവിധാനം വലിയ മോഹമായിരുന്നില്ലേ?

സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയ സമയത്താണ് അച്ഛൻ മരിക്കുന്നത്. ആ സിനിമയ്ക്കായി പാട്ടുകൾ റെക്കോർഡു ചെയ്തിരുന്നു. ലൊക്കേഷൻ കാണാൻവേണ്ടിയുള്ള യാത്രയിലായിരുന്നു അച്ഛൻ. ആ സ്വപ്നം ബാക്കിവച്ചാണു അച്ഛൻ പോയത്. 

prithviraj-director-lucifer-6

പൃഥ്വിയെ ജനം പലതരം കണ്ണടകളിലൂടെയാണു കണ്ടിരുന്നത്. ‘അവനീ പണിയൊന്നും പറ്റില്ല’  എന്നു പറയുന്നവരായിരുന്നു ഭൂരിഭാഗവും. എന്നിട്ടും സിനിമ ഹിറ്റായി. അത് ....?

മോഹൻലാലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം ജനത്തോടു പറയുന്നത്. ഓരോ തവണയും അദ്ദേഹം എന്നെക്കുറിച്ചും പറഞ്ഞു. ലാലേട്ടനെപ്പോലെ ഒരാൾ പറയുമ്പോൾ ഉണ്ടാകുന്ന വിശ്വാസമാണ് എന്നോടുള്ള വിശ്വാസമായി മാറിയത്. അങ്ങനെ പറയാൻ ഒരാളുണ്ടായി എന്നതാണു വലിയ കാര്യം. 

അടുത്ത കാലത്തു പൃഥ്വി അഭിനയിച്ചതിൽ പലതും ന്യൂജെൻ സിനിമകളാണ്. പക്ഷേ, സംവിധാനം ചെയ്തതു വൻ മാസ് ചിത്രവും. ഇതിൽനിന്നും എന്താണു മനസ്സിലാക്കേണ്ടത്?

ഞാൻ എല്ലാ സിനിമയും ഇഷ്ടപ്പെടുന്നു. ചെറിയ നല്ല സിനിമകളിലും വലിയ സിനിമകളിലും  അഭിനയിക്കണം. സിറ്റി ഓഫ് ഗോഡ്സ് എന്ന സിനിമ ഞാൻ സംവിധാനം ചെയ്യാൻ ആലോചിച്ചതാണ്. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരിയാണ് അതു സംവിധാനം ചെയ്തത്. ആ സിനിമ കണ്ടപ്പോൾ തോന്നി എന്റെ മനസ്സിലെ സിനിമയെക്കാൾ എത്രയോ മനോഹരമാണ് ലിജോയുടെ മനസ്സിലെ സിനിമയെന്ന്. ചെറിയ ബജറ്റിൽ എടുക്കാവുന്ന സിനിമ സംവിധാനം ചെയ്യാനും മോഹമുണ്ട്. 

പൃഥ്വിരാജ് പറയുന്നതു ശരിയാണെന്നു സംസാരിച്ച മുഴുവൻ സമയവും തോന്നി. കടുത്ത വാക്കുകളോ നീരസങ്ങളോ ഇല്ല. വളരെ ഒതുക്കം വന്ന സംസാരം. കൂടെ ജോലി ചെയ്ത ഓരോരുത്തരെക്കുറിച്ചും സംസാരിക്കുന്നത് അതീവ ബഹുമാനത്തോടെ. 

 

ഒരു മാസ് ഹിറ്റുണ്ടാക്കുമ്പോൾ സ്വാഭാവികമായും പൃഥ്വിയിൽനിന്നും പലരും പ്രതീക്ഷിച്ച വലിയ വാക്കുകളും പ്രസംഗവുമില്ല. പൃഥ്വി മാറിയിരിക്കുന്നു, സത്യമായും ശരിക്കും മാറിയിരിക്കുന്നു !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA