ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ സബ് ഇൻസ്പെക്ടർ ആകാനായിരുന്നു ബൈജുവിന്റെ മോഹം. പ്രീഡിഗ്രി വരെ പഠിച്ചെങ്കിലും ആ മോഹം നടന്നില്ല. മീശ മുളയ്ക്കാത്ത, മെലിഞ്ഞുണങ്ങിയ ചെറിയ പയ്യനായി വന്ന് മൂന്നു തലമുറയിലെ താരങ്ങൾക്കൊപ്പം അഭിനയിച്ച അനുഭവസമ്പത്തുമായി നിൽക്കുമ്പോൾ, അന്നൊന്നും സ്വപ്നം കാണാത്ത അവസരങ്ങളാണ് ഇപ്പോൾ ബൈജുവിനെ തേടിയെത്തുന്നത്. 

 

ഒടുവിൽ ലൂസിഫറിലെ രാഷ്ട്രീയക്കാരനായ മുരുകനിൽനിന്നു ഷാജിയിലേക്ക്. ‘ഇതെന്റെ മൂന്നാം ഇന്നിങ്സ് ആണ്. സിനിമയിലേക്കുള്ള മൂന്നാം വരവ്. ഇനി ഒരു വരവ് ഉണ്ടായിരിക്കുന്നതല്ല. ശരിയാകുകയാണെങ്കിൽ ഈ മൂന്നാം വരവിൽ ശരിയാകും. ഇല്ലെങ്കിൽ ശരിയാകില്ല.’- ബൈജു പറയുന്നു.  

  

കൂട്ടക്കളികളിൽനിന്ന് നായകനിലേക്ക് 

baiju-shaji

 

സിനിമയിൽ എത്തിയിട്ട് 38 വർഷമായി. എല്ലാവരുടെയും കൂടെ അഭിനയിക്കാൻ സാധിച്ചു. നല്ല വേഷങ്ങൾ ചെയ്തു. നായകനാകുന്നത് ഇപ്പോഴാണ്- മേരാ നാം ഷാജിയിൽ. ഇതൊരു മുഴുനീള കോമഡി സിനിമയാണ്. ത്രില്ലടിപ്പിക്കുന്ന തമാശകളാണ് സിനിമയിലുള്ളത്. പുതുമയുള്ള ഒരുപാടു തമാശകൾ സിനിമയിലുണ്ട്. ഞാൻ കോമഡി വേഷങ്ങൾ ചെയ്യുന്ന, കോമഡി പറയുന്ന ആളാണ്. എന്നാൽ, കോമഡി കണ്ടു ചിരിക്കുന്നത് കുറവാണ്. പക്ഷേ മേരാ നാം ഷാജി എന്നെപ്പോലും ചിരിപ്പിച്ചു. നല്ല കഥയുണ്ട്. മൂന്നു ഷാജിമാർക്കും തുല്യവേഷമുണ്ട്. ഇതിനു മുൻപ് കൂട്ടക്കളികൾ കുറെ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും നായകനാകാൻ പറ്റിയില്ല. അതിൽ വലിയ ദുഃഖമൊന്നുമില്ല. ഇതൊക്കെ മതിയെന്നേ. ഇതൊക്കെ വച്ചു നമ്മൾ സന്തോഷമായി ജീവിക്കുന്നില്ലേ. അതു മതി. 

 

പ്രേമവും പാട്ടുമൊക്കെ ആസിഫിന്

baiju-shaji-1

 

ആസിഫ് യൂത്തിന്റെ ആളല്ലേ. അതുകൊണ്ട്, പ്രേമവും പാട്ടുമൊക്കെ ആസിഫിനാണ്. എനിക്കും ബിജുവിനുമൊക്കെ പ്രായം കുറച്ചായല്ലോ! ഞങ്ങൾക്ക് അതൊന്നുമില്ല. ഞങ്ങൾ കല്യാണമൊക്കെ കഴിച്ച്, കൊച്ചു പിള്ളേരുടെ അച്ഛനൊക്കെയായാണ് അഭിനയിക്കുന്നത്. ലവ് ട്രാക്ക് മൊത്തത്തിൽ ആസിഫിന് നൽകിയിരിക്കുകയാണ്. അതാണ് നല്ലതും! 

 

Left Right Left Clip

ലൂസിഫറിലെ മുരുകൻ

 

മലയാള സിനിമയിലെ ഒരു വമ്പൻ ഹിറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഒരു നടൻ എന്ന രീതിയിൽ പ്രശസ്തി ലഭിക്കുന്നത് ഹിറ്റ് സിനിമകളുടെ ഭാഗമാകുമ്പോഴാണ്. ഹിറ്റ് ആകാത്ത പത്തു സിനിമകളിൽ അഭിനയിക്കുന്നതും ഹിറ്റ് ആകുന്ന ഒരു സിനിമയിൽ അഭിനയിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ലൂസിഫർ എന്ന സിനിമ എങ്ങനെയായിരിക്കണമെന്നു പൃഥ്വിരാജ് മനസിൽ കണ്ടിട്ടുണ്ട്. ഓരോ കഥാപാത്രത്തിൽനിന്നും എന്തു വേണമെന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് ആരെക്കൊണ്ടും കൂടുതലായൊന്നും ചെയ്യിപ്പിച്ചില്ല. ഞാനൊക്കെ സാധാരണ സിനിമയിൽ അഭിനയിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കയ്യിൽ നിന്നിടും. അങ്ങനെയൊന്നും ലൂസിഫറിൽ ഇല്ല. എന്തായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ കണ്ടിട്ട് പ്രേക്ഷകരാരും എന്നെ കുറ്റം പറഞ്ഞിട്ടില്ല. ഒരു ഇഷ്ടം എന്നോട് അവർക്കുണ്ടായിരിക്കാം! 

 

നീ തീർന്നെടാ തീർന്ന്

 

പല ഡയലോഗുകളും സിനിമയിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഹിറ്റായത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ഡയലോഗാണ്. 'നീ തീർന്നെടാ... തീർന്ന്' എന്ന ഡയലോഗ്. ട്രോൾ ഗ്രൂപ്പുകളാണ് സത്യത്തിൽ അതു ഹിറ്റാക്കിയത്. അവരാണ് ഇപ്പോൾ ഡയലോഗ് ഹിറ്റാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. ഞാൻ സമൂഹമാധ്യമങ്ങളിൽ അത്രയ്ക്കു സജീവമല്ല.

 

ഇപ്പോൾ നാദിർഷ പറഞ്ഞിട്ടാണ് ഫെയ്സ്ബുക്കിൽ ഒരു പേജു തുടങ്ങിയത്. പല പോസ്റ്റുകൾക്കും ലൈക്കും കമന്റും ചില ഷെയറുകളും ചെയ്യുമെന്നല്ലാതെ ഞാനിതു വരെ ഒരു ലൈവിൽ പോലും വന്നിട്ടില്ല.

 

ബൈജു സന്തോഷ് കുമാർ

 

എന്റെ യഥാർഥ പേര് സന്തോഷ് കുമാർ എന്നാണ്. വീട്ടിലും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്ന പേരാണ് ബൈജു. ന്യൂമറോളജി അനുസരിച്ച് ബൈജു എന്ന പേരിന്റെ കൂടെ യഥാർഥ പേരായ സന്തോഷ് കുമാർ എന്നു കൂടി ചേർത്തിട്ടുണ്ട്. അങ്ങനെയാണ് ബൈജു സന്തോഷ് കുമാർ ആയത്. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ചെറിയ വിശ്വാസം എനിക്കുണ്ട്. 

 

ഇടവേളയിൽ ബിസിനസ്

 

സിനിമയിൽ ഒരു ഇടവേള സംഭവിച്ചിരുന്നു. കുറച്ചു റിയൽ എസ്റ്റേറ്റും മറ്റു ബിസിനസുകളുമൊക്കെയായിരുന്നു അപ്പോഴത്തെ പരിപാടികൾ. സിനിമ നമ്മൾ വേണ്ടെന്നു വയ്ക്കുന്നതല്ലല്ലോ, സിനിമ നമ്മളെ വേണ്ടെന്നു വയ്ക്കുന്നതല്ലേ! സിനിമ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? സിനിമയ്ക്ക് നമ്മെ വേണ്ടാതാകുന്നത് വളരെ മാനസികവിഷമം ഉണ്ടാക്കുന്ന സംഗതിയാണ്. അപ്പോൾ, നമ്മളായിട്ടു തന്നെ നിർത്താമെന്നു തീരുമാനിക്കും. എല്ലാത്തിലും ഒരു സത്യമുണ്ട്. 

 

പൊലീസാകാൻ മോഹിച്ച് സിനിമക്കാരനായി

 

സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി അഭിനയിച്ചത് ഒരു നാടകത്തിലാണ്. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യ സിനിമ ‘മണിയൻ പിള്ള അഥവാ മണിയൻ പിള്ള’യിൽ അഭിനയിക്കുന്നത്. ബാലചന്ദ്ര മേനോന്റെ സിനിമയായിരുന്നു അത്. അങ്ങനെ ആഗ്രഹിച്ചു സിനിമയിൽ വന്നതല്ല. സംഭവിച്ചു പോയതാണ്. ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് എന്നെ അച്ഛൻ പഠിപ്പിച്ചിരുന്നത്.

 

പഠനമൊക്കെ പ്രീഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തി. എങ്കിലും, ഇംഗ്ലിഷിലൊക്കെ അത്യാവശ്യം സംസാരിക്കാനുള്ള അറിവ് സ്കൂൾ വിദ്യാഭ്യാസത്തിലൂടെ ലഭിച്ചു. പഠിക്കുന്ന കാലത്ത് എനിക്ക് സബ് ഇൻസ്പെക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. അന്നു സബ് ഇൻസ്പെക്ടർ ആയി കേറിയിരുന്നെങ്കിൽ ഇന്ന് എസ്പി ആകുമായിരുന്നു. അങ്ങനെയുള്ള ആഗ്രഹങ്ങൾ സിനിമയിലൂടെ പൂർത്തീകരിച്ചു.

 

സിനിമ തന്നെ ജീവിതം

 

വീട്ടുകാരൊന്നും പറഞ്ഞാൽ അനുസരിക്കുന്ന ആളായിരുന്നില്ല ഞാൻ. എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യും. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. മകൾ എംബിബിഎസിനു പഠിക്കുന്നു. ഇതു മൂന്നാം വർഷം. മകൻ എട്ടാം ക്ലാസിൽ. അച്ഛൻ 1989 ൽ മരിച്ചു. അമ്മ ഇപ്പോഴുമുണ്ട്. ഞാൻ കോട്ടയം കുഞ്ഞച്ചനിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്.

 

സിനിമയിലെ എന്റെ നല്ല കാലം അച്ഛനു കാണാൻ കഴിഞ്ഞില്ല. ആ സിനിമയിൽ അഭിനയിച്ചതുകൊണ്ട് വേറൊരു കാര്യം സംഭവിച്ചു. ആ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട്. വിജയ് ബാബുവാണ് നിർമാണം. അതിൽ ഇപ്പോൾ തീരുമാനിക്കപ്പെട്ടിരിക്കുന്ന രണ്ടു കഥാപാത്രങ്ങൾ ഒന്നു മമ്മൂക്കയുടേതും മറ്റൊന്നു എന്റേതുമാണ്. 

 

കാലം കാത്തു വച്ച ടൈമിങ്

 

മേരാ നാം ഷാജിയാണ് ഇനി പുറത്തിറങ്ങുന്ന ചിത്രം. കെ. കെ രാജീവിന്റെ ‘എവിടെ’ എന്ന സിനിമ, ടി.കെ രാജീവ് കുമാർ സാറിന്റെ ‘കോളാമ്പി’, രണ്ടു പുതിയ സംവിധായകരുടെ ചിത്രങ്ങൾ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. പിടികിട്ടാപ്പുള്ളി, ജീ ബൂം ഭാ എന്നിവയാണ് ആ ചിത്രങ്ങൾ.

 

ലൂസിഫറിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു നിൽക്കുമ്പോൾത്തന്നെ മേരാ നാം ഷാജി വരുന്നത് തീർച്ചയായും നന്നാകുമെന്നാണ് വിശ്വാസം. നല്ല സമയത്താണ് ചിത്രം ഇറങ്ങുന്നതെന്നു പറയാറില്ലേ. അങ്ങനെയൊരു ടൈമിങ്. ഈ രണ്ടു ചിത്രങ്ങളിലും അഭിനയിക്കാൻ തീരുമാനിക്കുമ്പോൾ അതു രണ്ടും ഈയൊരു സമയത്ത് ഇറങ്ങുമെന്നു കരുതിയതല്ല. ഈ ടൈമിങ് നമ്മൾ ഉണ്ടാക്കിയെടുക്കുന്നതല്ല. സമയം ശരിയാകുമ്പോൾ താനേ വരുന്നതാണ്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com