മമ്മൂട്ടിയെ കണ്ട് വിറച്ചുപോയ സണ്ണി ലിയോൺ!

sunny-vysakh
ഉദയ്‌കൃഷ്ണ–വൈശാഖ്, സണ്ണി ലിയോൺ
SHARE

സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചലച്ചിത്രപ്രവർത്തകരാണ് സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും. സ്വപ്നം കാണുന്ന വേഗത്തിൽ ഒരു മലയാളസിനിമയെ 100 കോടി ക്ലബ്ബിൽ എത്തിച്ചു എന്ന തെറ്റാണ് ഇവർ ചെയ്തത്. 

എന്നാൽ, ഇവരെ വിമർശിച്ചവർ പോലും ഇന്ന് ‘മാസ് എന്റർടെയ്നറു’കളുടെ വക്താക്കളാണ്.  മമ്മൂട്ടിയുടെ ‘മധുരരാജ’ 12ന് തിയറ്ററുകളിൽ എത്തുമ്പോൾ അത് വിമർശകർക്കുവേണ്ടിയല്ല, പ്രേക്ഷകർക്കുവേണ്ടി മാത്രമുള്ളതാണെന്ന് വൈശാഖും ഉദയകൃഷ്ണയും പറയുന്നു. 

∙വിമർശനങ്ങളെ നിങ്ങൾ ശ്രദ്ധിക്കാറേയില്ലേ..?

വൈശാഖ്: ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഞങ്ങൾ ചെയ്യുന്നത് അക്കാദമിക് സിനിമകൾ അല്ല എന്ന് വ്യക്തമായ ബോധ്യം ഉള്ളതുകൊണ്ട് അതിനൊന്നും വലിയ പ്രാധാന്യം കൽപിക്കാറില്ല. ‍ ജനക്കൂട്ടത്തിനുവേണ്ടിയാണ് ഞങ്ങൾ പടമിറക്കുന്നത്.  പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക. അവരുടെ ആസ്വാദന നിലവാരം പല തട്ടിലായിരിക്കും. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത്. കൂടുതൽ ആളുകൾക്ക് ഇഷ്ടമാകുന്നതുകൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നത്. അതുതന്നെയാണ് വലിയ സന്തോഷം. കുറച്ചുപേരുടെ വിമർശനങ്ങൾക്കല്ല കൂടുതൽ ആളുകളുടെ കയ്യടികൾക്കാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത്. 

ഉദയകൃഷ്ണ:  തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളാണ് ഞങ്ങളുടെ ലക്ഷ്യം. അത്തരം സിനിമകൾക്കുമാത്രമേ പണം തിരിച്ചുപിടിക്കാൻ കഴിയൂ. കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ, ജീവനക്കാർ ഇവരുടെയൊക്കെ സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷം. അതുകഴിഞ്ഞേ വിമർശകരെ പരിഗണിക്കാറുള്ളു.  മാത്രമല്ല, ‘പേരൻപോ’ ‘വിധേയ’നോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത്. അതിന് അദ്ദേഹത്തിന് വേറെ ആളുകളുണ്ട്. 

∙പേരൻപിന്റെ പേരിൽ മമ്മൂട്ടിയെ ഇന്ത്യ മുഴുവൻ വാഴ്ത്തുമ്പോഴാണ് സണ്ണി ലിയോണിക്കൊപ്പം ഐറ്റം ഡാൻസ് ചെയ്യാനായി നിങ്ങൾ വിളിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചത്?

ഉദയകൃഷ്ണ:ചിത്രത്തിൽ ഒരു ഐറ്റം നമ്പർ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണ്. കഥാഗതിയിൽ വളരെ പ്രാധാന്യമുണ്ട് ഈ ഡാൻസിന്. ആരാകണം ഡാൻസർ എന്ന് ആലോചിച്ചപ്പോൾ സണ്ണി ലിയോണിയുടെ പേര് ഉയർന്നുവന്നു. ഉടൻതന്നെ വൈശാഖ് അവരുടെ വ്യൂവർഷിപ് നോക്കി. അവരാണ് ടോപ്പ്. മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാൽ, ‘‘അവരൊക്കെ മലയാളത്തിലേക്കു വരുമോ’’ എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കൂടെ അഭിനയിക്കുന്നവർ ആരായാലും അവരെ ബഹുമാനത്തോടെ കാണുന്ന നടനാണ് മമ്മൂട്ടി. 

∙അവർ ഒരുമിച്ചുള്ള കോംപിനേഷൻ എങ്ങനെയുണ്ട്?

ഉദയകൃഷ്ണ: സണ്ണി ലിയോണിയുടെ ഡാൻസ് രംഗത്ത് മമ്മൂട്ടി ഉണ്ട്. എന്നാൽ, അദ്ദേഹം സ്റ്റെപ്പ് വയ്ക്കുന്നില്ല. ഇവിടേക്കു വരുന്നതിനുമുൻപേ അവർ മമ്മൂട്ടിയെപ്പറ്റി പഠിച്ചിരുന്നു. ചൂടൻ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണെന്നുമൊക്കെയുള്ള കാര്യങ്ങൾ പലരിൽനിന്നായി അറിഞ്ഞിരുന്നു. മാത്രമല്ല മൂന്ന് നാഷനൽ അവാർഡ് വാങ്ങിയ മഹാനായ നടനുമാണദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു ഐറ്റം നമ്പറിന് എന്താണ് പ്രസക്തി എന്നൊരു സന്ദേഹവും അവർക്കുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്.

അതും 25 പവൻ തൂക്കം വരുന്ന സ്വർണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കിൽ. മമ്മൂട്ടിയെ കണ്ട മാത്രയിൽ അവരുടെ കാലുരണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോൾ, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകൾ വിറയ്ക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നതുകണ്ടപ്പോഴാണ് അവരുടെ പേടി പോയത്. എന്തായാലും മൂന്നുദിവസം കൊണ്ട് ലൊക്കേഷനിൽ എല്ലാവരെയും അവർ കയ്യിലെടുത്തു. ടിക് ടോക്കും ഡബ് സ്മാഷും മറ്റുമായി വലിയ ആഘോഷമായിരുന്നു അവിടെ. മമ്മുക്ക വരുമ്പോൾ മാത്രമേ അവിടം നിശബ്ദമായുള്ളു. 

∙എന്തുകൊണ്ട് ‘പോക്കിരിരാജ’യുടെ രണ്ടാംഭാഗം..?

വൈശാഖ്: ഇത് പോക്കിരി രാജയുടെ തുടർച്ചയാണെന്ന് പറയാൻ കഴിയില്ല. രാജ എന്ന കഥാപാത്രത്തെയും കഥാപരിസരത്തെയും നിലനിർത്തിക്കൊണ്ട് ഒരു പുതിയ സിനിമ. പ്രേക്ഷകനിൽ രസം ജനിക്കാൻ പുതിയ ചേരുവകളും ഘടകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഉദയകൃഷ്ണ: പോക്കിരി രാജയുടെ രണ്ടാം ഭാഗം ചെയ്യാനായി കുറച്ച് കഥകൾ ആലോചിച്ചു. പക്ഷേ, അതൊന്നും ശരിയായില്ല. അങ്ങനെയിരിക്കെ തികച്ചും വ്യത്യസ്തമായ ഒരു കഥ വന്നുവീണു. ആ കഥയിലേക്ക് പോക്കിരി രാജയെ ഇറക്കുകയായിരുന്നു. കാരണം ഈ കഥാപാത്രത്തിന് എന്തും ചെയ്യാനുള്ള ലൈസൻസുണ്ട്. ഒരു ഉത്സവകാലത്ത് ജനത്തെ ഇളക്കിമറിക്കാനുള്ള കാര്യങ്ങളൊക്കെ എളുപ്പം ഇതിൽ എഴുതിച്ചേർക്കാമെന്നു തോന്നി. വലിയ ബജറ്റായിരുന്നു ഏക പ്രശ്നം. നെൽസൺ ഐപ്പ് എന്ന നല്ലൊരു നിർമാതാവിനെ കിട്ടിയതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. 

∙പുലിമുരുകനിൽ പുലിയും പീറ്റർ ഹെയ്നും പുതുമയായിരുന്നു. അതുപോലെ കാട് എന്ന അനുഭവവും. ഇതിൽ എന്താണ് പുതുമ?

വൈശാഖ്: പുലിമുരുകനിലെ പുലിയും കാടുമൊക്കെ ശരിക്കും ഫ്ലേവറുകൾ മാത്രമാണ്. അത് പുതുമയായി തോന്നുന്നത് ജനങ്ങളെ എക്സൈറ്റ് ചെയ്യിക്കാൻ പറ്റിയ മുഹൂർത്തങ്ങൾ അതിൽ എഴുതിയുണ്ടാക്കിയതുകൊണ്ടാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗം ചെയ്യുമ്പോൾ ഒരു വലിയ വെല്ലുവിളിയുണ്ട്. ആദ്യസിനിമയിൽ വരാത്ത എന്തെങ്കിലും ഘടകങ്ങൾ രണ്ടാമത്തെ സിനിമയിൽ ഉണ്ടാവണം. പ്രേക്ഷകരെ രസിപ്പിക്കുന്ന അത്തരം ‘‘എന്റർടെയ്നിങ് പോയിന്റുകൾ’’ കണ്ടെത്തുകയും അത് തിരക്കഥയിൽ ഉദയകൃഷ്ണ ബ്രില്യന്റായി എക്സിക്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.  മമ്മൂട്ടിയെന്ന മെഗാസ്റ്റാറാണ് ഈ സിനിമയിലെ പുലി. കാടിനേക്കാൾ പുതുമയുള്ള ചില ലൊക്കേഷനുകൾ മധുരരാജയിലുണ്ട്. പുലിമുരുകനേക്കാൾ സാഹസികമായാണ് അത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അത് എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കാരണം, അതുതന്നെയാണ് ഈ സിനിമയുടെ സർപ്രൈസ്. 

∙മമ്മൂട്ടിയിൽനിന്ന് എന്തെങ്കിലും സർപ്രൈസുകൾ പ്രതീക്ഷിക്കാമോ?

വൈശാഖ്: ഓരോ സിനിമയിലും സർപ്രൈസുകൾ നൽകുന്ന നടനാണ് അദ്ദേഹം. തീർച്ചയായും മധുരരാജയിലും ഞങ്ങൾ ചില സർപ്രൈസുകൾ കരുതിവച്ചിട്ടുണ്ട്. ഓർമവച്ച കാലം മുതൽ ഞാൻ മമ്മൂട്ടിയെ കാണുന്നു. അദ്ദേഹത്തെക്കൊണ്ട് ഇതുവരെ ആരും ചെയ്യിച്ചിട്ടില്ലാത്ത എന്തെങ്കിലും ചെയ്യിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമം ഈ സിനിമയിൽ നടത്തിയിട്ടുണ്ട്. 

∙എന്താണ് വൈശാഖ്– ഉദയകൃഷ്ണ കോംപിനേഷന്റെ വിജയം?

വൈശാഖ്: തിരക്കഥയേയും സംവിധാനത്തേയും രണ്ടായി കാണുന്ന ആളല്ല ഞാൻ. നടത്തിപ്പിന്റെ സൗകര്യത്തിനുവേണ്ടി അങ്ങനെ പറയുന്നുവെന്നു മാത്രം. ഒരേ ലക്ഷ്യത്തിലേക്കു യാത്രനടത്തുന്ന രണ്ടുപേരാണ് സംവിധായകനും തിരക്കഥാകൃത്തും. എന്റെ ബെസ്റ്റ് കംപാനിയൻ ആണ് ഉദയേട്ടൻ. 

ഉദയകൃഷ്ണ: വൈശാഖിന്റെ അർപ്പണമനോഭാവം വലുതാണ്. ഒരുകാര്യം തീരുമാനിച്ചുകഴിഞ്ഞാൽ അത് പെർഫക്ടായി നടപ്പാക്കും. ടീം സ്പിരിറ്റുള്ള ക്യാപ്റ്റനാണ് അദ്ദേഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA