ADVERTISEMENT

പക്കത്തുവീട്ടു പൊണ്ണല്ല, സ്വന്തം വീട്ടിലെ കുട്ടിയാണ് സായ്‌ പല്ലവി മലയാളികൾക്ക്. അതുകൊണ്ടു തന്നെയാണ് പ്രേമവും കലിയും കഴിഞ്ഞ് മറ്റൊരു ചിത്രവുമായി സായ് പല്ലവി എത്താൻ 3 വർഷം വൈകിയിട്ടും മലയാളികൾക്ക് ആ താമസം അനുഭവപ്പെടാത്തത്. അതിനിടയ്ക്കും പല്ലവിയെ കാണാൻ തെലുങ്കരുടെ ഫിദയും തമിഴകത്തിന്റെ മാരിയും മലയാളികൾ കണ്ടു, അതിലെ പാട്ടുകൾ വീണ്ടും വീണ്ടും കാണുന്നു.

 

 വീണ്ടും മലയാളം?

എനിക്കാണ് കൂടുതൽ സന്തോഷം. വളരെ വ്യത്യസ്തമായ വേഷങ്ങളാണ് മലയാളം നൽകുന്നത്. പ്രേമം, കലി, ഇപ്പോൾ അതിരനിലെ നിത്യ. എന്റെയുള്ളിലെ നടിക്ക് വളരെയധികം സന്തോഷവും സംതൃപ്തിയുമുണ്ട്. ഇതുപോലെ നല്ല കഥാപാത്രങ്ങൾ കൂടുതൽ ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ വീണ്ടും ഇവിടെ വരാനും മലയാള സിനിമ ചെയ്യാനും എനിക്കാണ് കൂടുതൽ സന്തോഷം.

 

 ഭാഷ പഠിച്ചോ?

(ചിരിക്കുന്നു) എനിക്കു തോന്നുന്നു, ഇത്തവണ ഞാൻ മലയാളം കുറച്ചു കൂടുതൽ പഠിച്ചിട്ടുണ്ട്. ‘കലി’ ചെയ്യുമ്പോൾ എനിക്കു പേടിയായിരുന്നു. ഇത്തവണ പക്ഷേ എനിക്ക് പ്രഷർ കുറവായിരുന്നു. അതിരനിൽ വളരെക്കുറച്ചു ഡയലോഗുകൾ മാത്രമേയുള്ളു. ബാക്കി സമയം സെറ്റിൽ മലയാളം സംസാരിക്കാനും ശ്രമിച്ചു. 

 

 വെല്ലുവിളി 

ഒരേപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കു താൽപര്യമില്ല. മലർ പോലെ ഇനിയും അഞ്ച് റോൾ ചെയ്താൽ കാണുന്ന നിങ്ങൾക്കും ബോറടിക്കും. അതുകൊണ്ടു തന്നെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം. കൂടുതൽ സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടാകാനും വേറിട്ട റോളുകൾ കണ്ടെത്തണം. ആദ്യമായാണ് ഓട്ടിസ്റ്റിക് ആയ പെൺകുട്ടിയുടെ വേഷം എന്നെ തേടിയെത്തുന്നത്. അതുകൊണ്ടു തന്നെ താൽപര്യം തോന്നി. ഡയലോഗ് കുറവാണെന്നു കൂടി കേട്ടപ്പോൾ, എനിക്കു തോന്നി, വളരെ നല്ലത്, ശരീരംകൊണ്ട് എങ്ങനെ ഇമോഷൻ വരുത്താമെന്നു ശ്രദ്ധിക്കാമല്ലോ. അങ്ങനെ പലരീതിയിലും അതിരൻ ലേണിങ് പ്രോസസ് ആയിരുന്നു. ഞാൻ പ്രൂവ് ചെയ്യുകയാണ് അല്ലെങ്കിൽ എന്നെ തന്നെ സർപ്രൈസ് ചെയ്യുകയാണ്. ‘ഹായ് പല്ലവി, നോട്ട് ബാഡ്, യു കാൻ ഡു ദിസ്’. ഇതാണ് ഇപ്പോൾ എന്റെ ഫീലിങ്.

 

 ഒരുക്കങ്ങൾ?

ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്യണമെന്നാണ് ആഗ്രഹം.  ഉദാഹരണത്തിന് ഓട്ടിസ്റ്റിക് ആയ ഒരു റോൾ ചെയ്യുമ്പോൾ ആ രീതിയിലുള്ളവരെ കണ്ടും നിരീക്ഷിച്ചും ചെയ്യണം. ഒരു കെയർഹോമിൽ പോയി അവിടെയുള്ളവരെ കണ്ടിരുന്നു. ചില കുട്ടികൾക്ക് തീരെ ചെറിയ ശബ്ദം പോലും സഹിക്കാനാകില്ല, ഉറക്കെ സംസാരിച്ചാൽ അവർ തലയിൽ അടിച്ചുതുടങ്ങും. ചിലരുടെ കൈകൾ പ്രത്യേകരീതിയിലായിരിക്കും. ചിലർ നൂൽ കൈകളിൽ പിരിച്ചുകൊണ്ടേയിരിക്കും. ഇത്തരം പെരുമാറ്റ രീതികൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിരനിൽ ഞാൻ കളരിയും ചെയ്യുന്നുണ്ട്. അതിനുകൂടി അനുയോജ്യമായ രീതികൾ കണ്ടെത്തണമായിരുന്നു. ഓട്ടിസത്തിന്റെ എക്സ്ട്രീം മാനറിസങ്ങൾ ചെയ്യാൻ കഴിയില്ല. കാരണം അതു ചെയ്താൽ കളരി ചെയ്യുന്നത് വിശ്വസനീയമാവില്ല. അതുകൊണ്ട്  സൂക്ഷ്മമായി ചെയ്യേണ്ടിരുന്നു. 

 

 ഫൈറ്റ് സീനുകൾ 

കളരി സത്യത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാനായി. ഡാൻസർ ആയതുകൊണ്ടാണ് അതു സാധിച്ചത്. പടം കണ്ടവർക്ക് അതു വിശ്വസനീയമായി തോന്നി എന്നറിഞ്ഞപ്പോൾ മാത്രമാണ് സമാധാനമായത്.

 

 മേക്കപ്പില്ലാതെ?

എനിക്കു തോന്നുന്നു, സിനിമയിൽ ഓരോരുത്തർക്കും ഓരോ അനുഭവമാണ്. എന്നെ സമീപിച്ചിട്ടുള്ള സംവിധായകർ അല്ലെങ്കിൽ ഞാൻ പടത്തിൽ വേണമെന്ന് ആഗ്രഹിച്ചവരാരും തന്നെ ഞാൻ കൂടുതൽ മേക്കപ് ധരിക്കണമെന്നു പ്രതീക്ഷിച്ചിട്ടില്ല. എന്റെ അഭിനയത്തെ അസ്വസ്ഥമാക്കിയേക്കുമെന്ന് അവർക്കു തോന്നിയിട്ടുള്ള മറ്റുപലകാര്യങ്ങളും എന്നോട് ചെയ്യാനാവശ്യപ്പെട്ടിട്ടില്ല. ആ രീതിയിൽ വളരെ ബോധ്യത്തോടെയാണ് അവർ എന്നെ സമീപിച്ചിട്ടുള്ളത്. മുഖക്കുരു മറക്കാതെ നടക്കാൻ സാധിക്കുന്നു എന്നു മറ്റു പെൺകുട്ടികൾ പറയുമ്പോൾ എനിക്കും സന്തോഷമുണ്ട്.  മേക്കപ്പില്ലാതെ പുറത്തുപോകാനും എനിക്കു മടിയില്ല, ‘നിങ്ങൾക്കു പല്ലവിയെ ഇഷ്ടമാണല്ലോ, അതുപോലെ ഞങ്ങൾക്കും മേക്കപ്പില്ലാതെ നടക്കാമെന്ന് അവർക്ക് ആത്മവിശ്വാസം നൽകാനാകുന്നിടത്തോളം അത് എന്റെയും സന്തോഷമാണ്. 

 

 ‘റൗഡി ബേബി’ നൃത്തരംഗം

സത്യത്തിൽ അതു വളരെ കഠിനമായിരുന്നു. എനിക്കു പ്രഭുദേവ സാറിനെ പേടിയാണ്. എങ്കിലും ഈസി സ്റ്റെപ്സ് ആകുമെന്നു കരുതിയാണ് ചെന്നത്. പക്ഷേ അദ്ദേഹം ഏറ്റവും ടഫ് ചുവടുകൾ തന്നെ തന്നു. രണ്ടുമൂന്നു ദിവസത്തെ പ്രാക്ടീസ് തന്നെയുണ്ടായി. ഒടുവിൽ ടേക്കിനു പോയപ്പോൾ എന്റെ മുഴുവൻ ഊർജവുമെടുത്താണ് ഞാൻ നൃത്തം െചയ്തത്. കാരണം ധനുഷ് സാർ എനർജി ലെവൽ കൂടിയയയാളാണ്. അദ്ദേഹം ഡാൻസ് ചെയ്യുമ്പോൾ മറ്റാരെയും പ്രേക്ഷകർ ശ്രദ്ധിക്കില്ല. ഞാൻ കൂടി ആ സീനിലുണ്ടെന്ന് ആരെങ്കിലുമൊക്കെ കാണണം എന്നാഗ്രഹിച്ചാണ് കഷ്ടപ്പെട്ടു ചെയ്തത്. പക്ഷേ സിനിമയിറങ്ങിയപ്പോൾ എനിക്കും നല്ലപേരു കിട്ടി. അതിന്റെ ക്രെഡിറ്റ് എനിക്കെടുക്കാനാകില്ല. കാരണം ധനുഷ് സാറാണ് എന്നെ എടുത്ത് ഉയർത്തിയും തിരിച്ചുംമറിച്ചുമെല്ലാമുള്ള സ്റ്റെപ്പുകൾ ചെയ്യുന്നത്, കോറിയോഗ്രഫി പ്രഭുദേവ സാർ. ഞാനതെല്ലാം എൻജോയ് ചെയ്തു നൃത്തം ചെയ്തുവെന്നുമാത്രം.

 

 ഡോ.സായ് പല്ലവി 

ഐ മിസ് പ്രാക്ടീസിങ്. മറ്റു നേട്ടങ്ങളുണ്ടാകുമ്പോൾ ചെറിയ നഷ്ടങ്ങളും ഉണ്ടാകുമല്ലോ. പക്ഷേ വീട്ടിൽ എല്ലാവർക്കും മരുന്നെഴുതുന്നത് ഞാനാണ്. അവരിലാണ് എന്റെ പരീക്ഷണം.

 

 റിഫ്രഷ്‌മെന്റ്

പൊതുവെ സ്ട്രെസ് കുറഞ്ഞയാളാണ് ഞാൻ. ദിവസവും മെഡിറ്റേറ്റ് ചെയ്യാറുണ്ട്. പിന്നെ എന്റെ ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ വീട്ടിലുണ്ട്, അനിയത്തി. ഞങ്ങൾ ഒരുമിച്ചുള്ള യാത്രകളാണുള്ളത്. ഇപ്പോഴവൾക്കു പരീക്ഷയാണ്. അതുകൊണ്ട് ഉടനെ യാത്രകളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com